എന്റെ മകന് പരിശീലനം നൽകുന്ന പിതാവ് എന്ന നിലയിൽ പറയട്ടെ ആ പിതാവിനെ കേസെടുക്കുന്നതിനു പകരം അഭിനന്ദിക്കണം കുറിപ്പ്

EDITOR

പാലക്കാട്, 6 വയസ്സുകാരന് മോട്ടോർബൈക്ക് ട്രെയിനിംഗ് കൊടുത്ത പിതാവിനെതിരെ പോലീസ് കേസെടുത്തു എന്നൊരു വാർത്ത ഇപ്പോൾ ആഘോഷിക്കപ്പെടുകയാണല്ലോ. അതിനെക്കുറിച്ച് രണ്ട് വാക്ക് സംസാരിച്ചില്ലെങ്കിൽ, മകന് മോട്ടോക്രോസ്സ് ട്രെയിനിംഗ് നൽകുന്ന ഒരു പിതാവെന്ന നിലയിൽ എനിക്ക് സമാധാനമുണ്ടാകില്ല. അത് കൊണ്ട് മാത്രം ഈ കുറിപ്പെഴുതുന്നു.റോഡിൽ ഹെൽമെറ്റില്ലാതെ റേസിംഗ് നടത്തുന്ന അനേകം യുവാക്കളുള്ള ഒരു നാടാണ് കേരളം. ഞാൻ ഓർക്കുന്നുണ്ട്, പണ്ട് സുസുക്കി, ഷോഗൺ എന്നൊരു ബൈക്ക് ഇറക്കിയപ്പോൾ, അത് നിരോധിക്കണം എന്ന് പറഞ്ഞ് ബഹളം കൂട്ടിയ ആളുകളെ. ഒരുപാട് യുവാക്കൾ അതോടിച്ച് അപകടത്തിൽപെട്ട് മരിച്ചു. നിയന്ത്രിക്കാൻ സാധിക്കാത്ത പവറാണ് ഷോഗണ് എന്നായിരുന്നു മുഖ്യ ആരോപണം. ഒന്നാലോചിച്ച് നോക്കൂ, സത്യത്തിൽ ബൈക്ക് ആണോ, ഓടിക്കുന്ന ആളാണോ ഇതിൽ കുറ്റക്കാരൻ? പണ്ടേ തല തിരിഞ്ഞ ആശയങ്ങളാണ് നമ്മുടെ സമൂഹം കൂടുതലും പൊക്കിക്കൊണ്ട് വരാറ്. ഇന്ന് ഒരു ചാനലിൽ അവതാരക പരിശീലനത്തിനെതിരെ ഘോര ഘോരം പ്രസംഗിക്കുന്നത് കേട്ടു. ഇവരൊക്കെ അല്പം കൂടി വിഷയം പഠിച്ചതിന് ശേഷം സംസാരിക്കണം എന്നൊരു അപേക്ഷയുണ്ട്.

ഇനി അല്പം യുക്തിപൂർവം ചിന്തിച്ചു നോക്കാം. മുൻപ് പറഞ്ഞ അപകടങ്ങൾ നടക്കാനുള്ള പ്രധാനപ്പെട്ട കാരണം, ശക്തിയേറിയ മോട്ടോർബൈക്ക് ഓടിക്കാൻ പരിശീലനം നേടാത്ത യുവാക്കൾ പൊതുനിരത്തിലൂടെ യാതൊരു സുരക്ഷാസംവിധാനങ്ങളും ധരിക്കാതെ പായുന്നതല്ലേ? യുവാക്കൾക്ക് വേഗത ഒരു ഹരമാണ് എന്നറിയാത്ത ആരാണുള്ളത്? ചെറുപ്പം മുതൽ നമ്മുടെ കുട്ടികൾ (കേരളത്തിൽ പ്രത്യേകിച്ച് ) അടക്കിപിടിച്ചിരിക്കുന്ന അനേകം ആഗ്രഹങ്ങൾ, ഒറ്റയടിക്ക് നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് പലപ്പോഴും അപകടങ്ങളിലേക്ക് എത്തിക്കുന്നത്. മുകളിൽ പറഞ്ഞ തരത്തിലുള്ള അപകടങ്ങളുണ്ടാകാൻ കൃത്യമായ ചില കാരണങ്ങളുണ്ട്.1 ഏറ്റവും ഉർജ്ജസ്വലമായ പ്രായത്തിൽ, നമ്മുടെ കുട്ടികളെ കൃത്യമായ പരിശീലനം കൊടുക്കാതെ, അവരുടെ പ്രായത്തിന്റെ പേരിൽ തളച്ചിടുന്നു. പുറം രാജ്യങ്ങളിലൊക്കെ 3-4 വയസ്സ് മുതൽ ലോകചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ പരിശീലിപ്പിച്ച് തുടങ്ങും. മാതാപിതാക്കൾ അവരുടെ താല്പര്യങ്ങളാണ് മിക്കവാറും കുട്ടികളിലേക്ക് പകർന്നു കൊടുക്കാറ്. ചിലർ ഫുട്ബോൾ പരിശീലനം കൊടുക്കും, മറ്റുചിലർ ഡാൻസ് പഠിപ്പിക്കാൻ വിടും. മോട്ടോർ സ്പോർട്സും അതുപോലെ മാത്രം കണ്ടാൽ മതി. ഇൻസ്റ്റഗ്രാമിലൊക്കെ ഒരുപാട് കൊച്ചുകുട്ടികളുടെ പേജുകൾ കാണാം. ചെറുപ്പത്തിലേ പഠിച്ചെടുത്താൽ, ഏതൊരു കാര്യത്തിലും ഏറ്റവും മികച്ചവരാകാൻ കഴിയും എന്നത് ആർക്കാണ് അറിയാത്തത്? പിന്നെ, പ്രായം കൂടും തോറും, പഠിക്കാനുള്ള ശ്രദ്ധ കുറഞ്ഞു കുറഞ്ഞു വരും എന്നുള്ളതും ഒരു വസ്തുതയാണ്.

2 മോട്ടോർബൈക്ക് ഓടിച്ചു പഠിക്കാൻ പറ്റിയ ട്രാക്കുകൾ ഇല്ലാത്തത് കാരണം, ഇപ്പോൾ പരിശീലനം ( റേസിംഗ് ) നടക്കുന്നത് കൂടുതലും പൊതു നിരത്തിലാണ്. സ്വാഭാവികമായും അപകടങ്ങളുണ്ടാകും. ചിലവുകുറഞ്ഞ ട്രാക്കുകൾ ഉണ്ടാക്കി അവിടെ നല്ല പരിശീലകരുടെ കീഴിൽ ഓടിച്ചു പഠിച്ചാൽ, റോഡിലൂടെ ചീറിപ്പായുന്ന യുവാക്കളുടെ എണ്ണം കുറയും, അപകടങ്ങളും. അവർക്ക് ശക്തിയുള്ള ബൈക്കുകൾ ഓടിക്കണ്ടത് എങ്ങനെയെന്ന് മനസ്സിലാകും. മത്സരിക്കാൻ അവസരങ്ങൾ ഉണ്ടായാൽ, റോഡിൽ ഓടിച്ചു കരുത്ത് തെളിയിക്കേണ്ട ആവശ്യം പോലുമില്ല. ഇപ്പൊൾ മിക്ക റേസുകളും, വിജയികൾക്ക് സമ്മാനമായി പണം കൊടുക്കും. അതല്ലേ, കൂടുതൽ നല്ലത്?3 ) പാലക്കാട് നടന്ന പരിശീലനത്തിന്റെ വീഡിയോ കാണുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ആ കുട്ടി ധരിച്ചിരിക്കുന്ന സുരക്ഷാസംവിധാനങ്ങളാണ്. മികച്ച ഹെൽമെറ്റ്, കൈകാൽ മുട്ടുകൾ, തോളുകൾ എന്നിവ സംരക്ഷിക്കുന്ന ഗാർഡുകൾ, ചെസ്ററ് പ്രൊട്ടക്ടർ, ബൈക്ക് നേരെ വന്നു വീണാൽ പോലും സംരക്ഷിക്കുന്ന മോട്ടോക്രോസ്സ് ബൂട്ട്, കഴുത്തിന് സംരക്ഷണം നൽകുന്ന നെക്ക് ബ്രേസ്, ഗ്ലൗസുകൾ.

ഇതെല്ലാം കൂടാതെ ആ കുട്ടിയുടെ കൂടെ തന്നെ ഒരു പരിശീലകനുമുണ്ട്. ഇത്രയും സുരക്ഷിതമായി തന്റെ കുട്ടിക്ക് പരിശീലനം നൽകാൻ ശ്രമിക്കുന്ന പിതാവിനെ അഭിനന്ദിക്കുന്നതിന് പകരം, കേസെടുക്കുന്ന തല തിരിവ് നമ്മുടെ നാട്ടിലേ കാണൂ. ആ ബൈക്കിനും, ധരിച്ചിരിക്കുന്ന ഗിയറുകൾക്കും ലക്ഷക്കണക്കിന് രൂപയാണ് ചിലവ്. നാളെ ഈ കുട്ടി, ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ച് നാടിന് അഭിമാനമാകുമ്പോൾ, അത് നമ്മുടെ എല്ലാവരുടെയും വിജയമായി മാറും. വിജയങ്ങൾ ഉണ്ടാകാൻ, ഇതുപോലുള്ള പരിശീലനങ്ങൾ കൂടി വേണം എന്ന് നമുക്ക് പണ്ടേ അറിയാം.ഇന്റർനാഷണൽ ചാംപ്യൻഷിപ്പുകളിൽ ഇൻഡ്യാക്കാർ വിദേശികളുടെ ഏഴയലത്തു പോലും വരാത്തതിന് ഒരു കാരണം, മികച്ച താരങ്ങളുമായി പരിശീലനം നടത്തി, അവരോട് മത്സരിച്ചു വളരാൻ സാധിക്കാത്തതാണ്. ഇവിടെ, ഈ കുട്ടി, മുതിർന്നവരുടെ കൂടെ മത്സരിച്ചു തുടങ്ങുമ്പോൾ, അവന്റെ നിലവാരം ഒരുപാട് ഉയരും. അവൻ മികച്ച ഒരു റൈഡറായി വളരും. സുരക്ഷിതമായി എങ്ങനെ ബൈക്ക് ഓടിക്കണം എന്ന് ചെറുപ്പത്തിലേ പഠിക്കുന്ന ഒരു കുട്ടിയും റോഡിലൂടെ അപകടകരമായി ബൈക്ക് ഓടിക്കില്ല. ഹെൽമെറ്റ് വെയ്ക്കാൻ മടി കാണിക്കില്ല. കേരള പോലീസ് കുട്ടിയുടെ പിതാവിനെതിരെയുള്ള കേസ് പിൻവലിച്ച്, ഇവരെ പ്രോത്സാഹപ്പിക്കുമെന്ന് കരുതുന്നു. അങ്ങനെ ചെയ്‌താൽ, കേരളത്തിലെ ലക്ഷകണക്കിന് വരുന്ന യുവാക്കളുടെ ഹീറോയായി മാറും നിങ്ങൾ. അതിനൊപ്പം, റോഡിലൂടെ അപകടകരമായി, ഹെൽമെറ്റ് വയ്ക്കാതെ നിയമം തെറ്റിച്ചു പായുന്ന എല്ലാത്തിനെയും പിടിച്ച് ജയിലിൽ ഇടുകയും വേണം.

എഴുതിയത് : സാബു ജോർജ്