18 വർഷം മാതാപിതാക്കളുടെ സ്നേഹം കിട്ടിയിട്ടും അവരെ തള്ളിപ്പറഞ്ഞു കേവലം മിസ്സ്കോൾ പരിചയമുള്ള ഒരാളുടെ കൂടെ പോകുന്നത് പഠന വിധേയമാക്കേണ്ടതുണ്ട് കുറിപ്പ്

EDITOR

ഇപ്പോൾ ഉള്ള ആളുകളെ മനസിലാക്കാൻ ചില പ്രത്യേക കഴിവ് വേണം എന്ന് പറയുന്നത് വളരെ ശരിയാണ് അത് സ്ത്രീ ആയാലും പുരുഷൻ ആയാലും.ദിവസവും അഞ്ചിൽ കുറയാതെ ഇത് പോലെ ഉള്ള പത്ര വാർത്തകൾ നാം കാണാറുണ്ട് തന്റെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റു സ്ത്രീകളുമായി ഒളിച്ചോടുന്ന പുരുഷന്മാരും ഭർത്താവിനെയും രണ്ടു വയസ്സായ കുഞ്ഞിനെ പോലും ഉപേക്ഷിച്ചു മറ്റു പുരുഷന്മാരുടെ കൂടെ പോകുന്ന സ്ത്രീകളും കുറവല്ല.ഇത് പോലെ തന്നെ കണ്ടു വരുന്നത് ആണ് പതിനെട്ടു വയസ്സോളം പ്രായമുള്ള കുട്ടികളുടെ കാര്യവും.ശ്രീ വിനോദ് പണിക്കർ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ.

പെൺകുട്ടികളുടെ ഒളിച്ചോട്ടം ഇപ്പോൾ ഒരു സാധാരണ സംഭവമായിട്ടുണ്ട്, എന്നും കേൾക്കാം അഞ്ചാറ് കേസുകൾ, ഒളിച്ചോട്ടം എന്നത് പുതിയതൊന്നുമല്ല. അത് കാലാന്തരങ്ങളില്‍ ഒരുപാട് പരിഷ്‌കരണത്തിന് വിധേയമായിട്ടുണ്ട് എന്നു മാത്രം. എന്നാൽ പതിനെട്ടും ഇരുപതും വർഷം മാതാപിതാക്കളുടെ പരിഗണനയും സ്നേഹവും കിട്ടി ജീവിച്ചിട്ടും അവസാനം അവരെ തള്ളിപ്പറഞ്ഞു കേവലം ഒന്നോ രണ്ടോ മാസം മാത്രം പരിചയമുള്ള കാമുകൻമാരോടൊപ്പം ഒളിച്ചോടുന്നു, ഒളിച്ചോടുന്ന പെൺകുട്ടി നഷ്ടപ്പെടുത്തുന്നത് സ്വന്തം ജീവിതം മാത്രമല്ല അച്ഛനമ്മമാരുടെ ജീവിതം കൂടിയാണ്, പത്തുമാസം ഗര്‍ഭം ധരിച്ച് നൊന്തുപെറ്റ അമ്മയും ജന്മം നല്‍കി രാപ്പകല്‍ അദ്ധ്വാനിച്ച് പോറ്റിവളര്‍ത്തിയ അച്ഛനും കോടതിവരാന്തയില്‍ നിന്ന് കണ്ണീര്‍ വാര്‍ക്കുമ്പോള്‍ ഇന്നലെ മിസ്സ്ഡ് കോളിലൂടെ പരിചയപ്പെട്ട ഒരു അന്യന്റെ കൈയും പിടിച്ച് ആനന്ദത്തോടെ നടന്നുപോകുന്ന പെണ്‍കുട്ടികളുടെ മനശ്ശാസ്ത്രം ഇനിയെങ്കിലും പഠന വിധേയമാക്കേണ്ടതുണ്ട്.

നാലുവട്ടം ചാറ്റു ചെയ്തും അഞ്ചുവട്ടം കാള്‍ ചെയ്തുമുള്ള പരിചയത്തിന്റെ ബലത്തില്‍ പ്രേമം മൂത്ത് കാമുകനോടൊപ്പം ആവേശത്തോടെ ഇറങ്ങിത്തിരിക്കുന്ന പെണ്‍കുട്ടികളില്‍ മിക്കവരും ചെന്നെത്തിയിട്ടുള്ളത് അപകടത്തിലേക്കാണെന്ന വസ്തുത നാം തിരിച്ചറിയണം.സാങ്കേതികവിദ്യയും ആശയവിനിമയ സൗകര്യങ്ങളും കൂടുതല്‍ ആധുനികമായതോടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ കൂടുതല്‍ സമയവും ഓൺലൈൻ ക്ലാസ്സുമായി ഇന്റര്‍നെറ്റില്‍ തന്നെ ചെലവിടുന്നു. വീട്ടുകാരുമായും പൊതുസമൂഹവുമായും ഇത്തരത്തിലുള്ള പെണ്‍കുട്ടികള്‍ അകലം പാലിക്കുകയാണ് പതിവ്. അടച്ചിട്ട പഠനമുറിയില്‍, ടോയ്‌ലറ്റില്‍, മൂടിപ്പുതച്ച് കിടന്നാല്‍ പുതപ്പിനുള്ളില്‍ അങ്ങനെ സദാസമയവും അവര്‍ ചാറ്റിലോ കോളിലോ ആയിരിക്കും. കുട്ടികള്‍ക്ക് അമിതസ്വാതന്ത്ര്യം നല്‍കുന്ന രക്ഷിതാക്കള്‍ ഇതൊട്ടും ശ്രദ്ധിക്കാറുമില്ല.

അവനോടൊപ്പം അവന്റെ വീട്ടിൽ ഒരാഴ്ച്ച ജീവിക്കുമ്പോൾ അവന്റെ വീട്ടുകാരുടെയും അവന്റെയും തനിനിറം മനസ്സിലായിതുടങ്ങും, ലോണിന് എടുത്ത ഒന്നര ലക്ഷം രൂപയുടെ ബൈക്കും ഫ്രീക്ക് ലുക്കും ഇതോടെ അവസാനിക്കും. ഒളിച്ചോടി വിവാഹം കഴിച്ചിട്ട് കുറെ നാൾ കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുന്ന പെൺകുട്ടിയാണ് ലോകത്ത് ഏറ്റവും നിർഭാഗ്യവതി. സ്വന്തം കുട്ടികളുടെ ഒരു ആത്മാർത്ഥ സുഹൃത്ത് ആവുക മാത്രമല്ല ഇപ്പോൾ വേണ്ടത് അവളുടെ കൂട്ടുകാരികളോടും ചങ്ങാത്തം കൂടി അവളുടെ സൗഹൃദം മനസ്സിലാക്കുകയാണ് വേണ്ടത്.

എഴുതിയത് : വിനോദ് പണിക്കർ