പതിനായിരം രൂപ ലോൺ എടുത്താൽ രണ്ടായിരം രൂപ കിഴിച്ച് 8000 ലഭിക്കും ശേഷം അവർ ചെയ്യുന്നത് കേട്ട് കേൾവി ഇല്ലാത്ത തട്ടിപ്പ്

EDITOR

കൊള്ളപ്പലിശ ഈടാക്കി അത്യാവശ്യക്കാരന് പണം വായ്പനൽകുന്ന നാടൻ ബ്ലേഡ് കമ്പനിക്കാരെപ്പോലും പിന്നിലാക്കുന്ന ഓൺലൈൻ പലിശ മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നു.പണത്തിന് ആവശ്യമുള്ള സമയത്ത്, ആരുടെ മുന്നിലും കൈനീട്ടാതെ, നമ്മുടെ ബാങ്ക് എക്കൌണ്ടിലേക്ക് പണമെത്തുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.എന്നാൽ പണം ആവശ്യക്കാരന്റെ ബാങ്ക് എക്കൌണ്ടിൽ എത്തുന്നതോടെ അവർ കുഴിച്ച ഏറ്റവും വലിയ ചതിക്കുഴിയിൽ അയാൾ വീണിരിക്കും പ്രവർത്തന രീതി:ഗൂഗിൾ പോലുള്ള ഓൺലൈൻ സെർച്ച് എഞ്ചിനുകൾ വഴിയോ ഫേസ്ബുക്ക് പോലുള്ള ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയോ ആണ് ഓൺലൈൻ ലോൺ ആപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾ അറിയുന്നത്.

ആകർഷകമായ പരസ്യങ്ങളിലും, വിശ്വസനീയമായ രീതിയിലുള്ള അവതരണത്തിലും ആകർഷിക്കപ്പെട്ട് പണം ആവശ്യമുള്ളവർ അതിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് ലോൺ ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ചെയ്യുന്നു.പണം അത്യാവശ്യമുള്ളയാളുകൾ എത്രപണമാണോ ആവശ്യപ്പെടുന്നത് അത് നൽകുവാൻ അവർ തയ്യാറാകുന്നു. അതോടൊപ്പം ഉപഭോക്താവിന്റെ രേഖകളായ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് എക്കൌണ്ട് വിവരങ്ങൾ, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, സെൽഫി ഫോട്ടോ എന്നിവ ആപ്പ് വഴി ശേഖരിക്കപ്പെടുന്നു.മാത്രവുമല്ല, മൊബൈൽ ഫോണിലെ ഗ്യാലറിയിൽ സേവ് ചെയ്തിരിക്കുന്ന ഫോട്ടോകളും മറ്റ് സ്വകാര്യ വിവരങ്ങളും, കോൺടാക്ട് ഫോൺ നമ്പറുകൾ, എന്നിവ മുഴുവൻ കരസ്ഥമാക്കുകയും, ഫോൺ കോൾ, എസ്.എം.എസ്, ക്യാമറ എന്നിവ പ്രവർത്തിപ്പിക്കുന്നതിനുള്ള അനുവാദം കരസ്ഥമാക്കുകയും ചെയ്യും.
വാങ്ങുന്നത് കൊള്ളപ്പലിശ.

പതിനായിരം രൂപയാണ് ആവശ്യക്കാരൻ ലോൺ വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ, ലോൺ തുകയിൽ രണ്ടായിരം രൂപ കിഴിച്ച് 8000 രൂപമാത്രമേ ബാങ്ക് എക്കൌണ്ടിൽ എത്തുകയുള്ളൂ.2000 രൂപ പലിശ ഇനത്തിൽ മുൻകൂർ ആയി പിടിക്കും. മാത്രവുമല്ല മുഴുവൻ ലോൺ തുകയായ 10000 രൂപ ഒരു മാസത്തിനുള്ളിൽ തിരിച്ചടക്കുകയും വേണം. ഇങ്ങനെ ഓരോരുത്തരുടേയും ക്രയശേഷി നോക്കിയാണ് ലോൺ തുക പാസ്സാക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിൽ പെടുന്ന അത്യാവശ്യക്കാർ ഏതു വിധേനയും ലോൺ തരപ്പെടുത്തുന്നതിന് അവർ ആവശ്യപ്പെടുന്നതെന്തും നൽകാൻ തയ്യാറാകും.തിരിച്ചടക്കാത്തവർക്ക് ഭീഷണിയും അപമാനവും.ലോൺ തിരിച്ചടവ് മുടങ്ങുന്നവർക്ക് കടുത്ത ഭീഷണിയാണ് നേരിടേണ്ടിവരിക.ഫോണിൽ വിളിച്ചുംവാട്സ്ആപ്പ് സന്ദേശമയച്ചും സോഷ്യൽ മീഡിയയിലൂടേയും നിരന്തരം ഭീഷണിപ്പെടുത്തും.

പണം വാങ്ങി തിരിച്ചു നൽകാത്തയാളാണെന്ന് സുഹൃത്തുക്കളേയും, ഉപഭോക്താവ് ജോലിചെയ്യുന്ന സ്ഥാപനമുടമയേയും വിളിച്ചറിയിക്കും. അവർക്ക് വാട്സ്ആപ്പ് സന്ദേശമയക്കും.സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കും. ഇത് ഭയന്ന് ഭൂരിഭാഗം ആളുകളും എങ്ങനെയെങ്കിലും പണം തിരിച്ചടക്കും. ഭീഷണികൾ വിലപ്പോകാതെ വരുമ്പോൾ, ഉപഭോക്താവിന്റെ ഫോണിലെ ഗ്യാലറിയിൽ നിന്നും മോഷ്ടിച്ചെടുക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുമെന്ന ഭീഷണി സന്ദേശങ്ങൾ അയക്കുകയും, പലിശയും പണവും തിരിച്ചടക്കാത്തവരുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും അവർ പ്രചരിപ്പിക്കുകയും ചെയ്യും.തിരിച്ചടക്കാൻ ശേഷിയില്ലാത്തവർക്ക് മറ്റൊരു ആപ്പ്.വായ്പയും പലിശയും കൂടിക്കൂടി തിരിച്ചടവുശേഷിയില്ലാത്തവരോട് മറ്റൊരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. അതുവഴി പുതിയ ലോൺ പാസ്സാക്കി നൽകും. പാസ്സാക്കി നൽകുന്ന വലിയ ലോൺ തുക മുഴുവൻ ആദ്യത്തെ ലോണിലേക്കും പലിശയിലേക്കും വരവു വെക്കും.

മുതലും പലിശയും നിത്യേനയെന്നോണം പെരുകി എത്രകണ്ട് തിരിച്ചടച്ചാലും തീരാത്ത ലോൺ മൂലം സ്വയം ഹത്യയുടെ വക്കിലേക്ക് ഉപഭോക്താവ് എത്തുന്നു.ശരിയായി തിരിച്ചടച്ചാലും പ്രശ്നം.ലോൺ തുകയും പലിശയും കൃത്യസമയത്ത് തിരിച്ചടച്ച ഉടൻ തന്നെ അവർ ആവശ്യപ്പെടാതെ തന്നെ വലിയൊരു തുക മറ്റൊരു ലോൺ ആയി ഉപഭോക്താവിന്റെ ബാങ്ക് എക്കൌണ്ടിലേക്ക് നിക്ഷേപിക്കും. അതോടെ അയാൾ വീണ്ടും ബാധ്യതക്കാരനാകുന്നു.പിന്നിൽ ചൈനീസ് ആപ്പുകൾ.ഓൺലൈൻ ലോൺ തട്ടിപ്പിനെക്കുറിച്ച് വ്യാപക പരാതി ഉയർന്നപ്പോൾ ചൈനീസ് പശ്ചാത്തലമുള്ള ഏതാനും ആപ്പുകളെ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. അവയെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും വിലക്കുകയും ചെയ്തു.എന്നാൽ പുതിയ തരം ആപ്പുകൾ സോഷ്യൽ മീഡിയ ലിങ്ക് വഴിയാണ് കൂടുതലായി പ്രചരിക്കുന്നത്.ചില ആപ്പുകളുടെ പേരും ഐക്കണും മാറി പ്ലേസ്റ്റോറിൽ തന്നെ വീണ്ടും സ്ഥാനം പിടിച്ചിട്ടുണ്ട്.

ദിവസവും നിരവധി പരാതികൾ.ഓൺലൈൻ ലോൺ തട്ടിപ്പിനെക്കുറിച്ച് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ നിരവധി പരാതികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരും കുടുംബിനികളുമാണ് ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്.സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.അനധികൃത ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നും സ്വയം അകലം പാലിക്കുക.ഓൺലൈൻ ലോൺ ഇടപാടുകൾ നടത്തുന്ന ആപ്പുകൾ അവർ പ്രതിനിധാനം ചെയ്യുന്ന ബാങ്കുകൾ ബാങ്കിങ്ങ് ഇതര ധനകാര്യസ്ഥാപനങ്ങൾ എന്നിവയുടെ പേരുവിവരം വെളിപ്പെടുത്തുന്നതിന് ബാധ്യസ്ഥമാണ്. ഇത്തരം സ്ഥാപനങ്ങൾക്ക് റിസർവ്വ് ബാങ്ക് അംഗീകാരം ഉണ്ടോ എന്ന് ഉപഭോക്താക്കൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

സാമ്പത്തിക ഇടപാടുകൾക്ക് അംഗീകൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ റിസർവ്വ് ബാങ്കിന്റെ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ മാത്രം ആശ്രയിക്കുക.മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക. ആപ്പുകൾ ആവശ്യപ്പെടുന്നതിനനുസരിച്ച് അനാവശ്യമായ പെർമിഷനുകൾ നൽകാതിരിക്കുക.നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും പ്രധാനപ്പെട്ട രേഖകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പങ്കിടുമ്പോൾ പരമാവധി ജാഗ്രത പുലർത്തുക. അനധികൃതമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകുക. കൂടാതെ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ അറിയിപ്പ് നൽകുക.

കടപ്പാട് : തൃശൂർ സിറ്റി പോലീസ്