എന്റെ രാഷ്ട്രീയം എന്റെ ജോലി ഒന്നും തന്നെ അങ്ങ് എടുക്കുന്ന തീരുമാനത്തിനു കോട്ടം വരത്തരുത് മന്ത്രിക്ക് ഒരു തുറന്ന കത്ത്

EDITOR

ഏറ്റവും ബഹുമാനപെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പ്രിയപ്പെട്ട പി എ മുഹമ്മദ് റിയാസിനോടുള്ള ഒരു അപേക്ഷയാണിത്.ഇത് തികച്ചും യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹമുള്ള ഇപ്പോഴും യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ഒരു സഞ്ചരിയുടെ അതിയായ ആഗ്രഹമായി മാത്രമേ കാണാവൂ.എന്റെ രാഷ്ട്രീയം എന്റെ ജോലി ഒന്നും തന്നെ അങ്ങ് എടുക്കുന്ന തീരുമാനത്തിനു കോട്ടം വരത്തരുത്.ബഹുമാനപെട്ട മന്ത്രി കയ്യും കാലുമുള്ള നമ്മൾക്ക് എവിടെ വേണമെങ്കിലും യാത്രകൾ ചെയ്യാം അതിനു പര സഹായം ആവിശ്യമില്ല.ദൃഢനിശ്ചയമുള്ള ഒരു മനസ്സ് മാത്രം മതി. പക്ഷെ ജീവിതം മുഴുവൻ വീൽചെയറിയിൽ യാത്ര ചെയ്യാൻ വിധിക്കപ്പെട്ടവരുടെ വേദന വിങ്ങലുകൾ നമ്മൾ മനസ്സിലാക്കണം.

വോട്ടുബാങ്ക് നോക്കിയാൽ അവർ മൈനോറിറ്റി ആയിരിക്കും പക്ഷേ അവരുടെ ഒരാളുടെ മനസ്സ് നിറഞ്ഞാൽ അതിൽ കൂടുതൽ മറ്റെന്തു സന്തോഷം നമ്മൾക്ക് വേണം.ശരീരത്തിലുള്ള ഒട്ടുമിക്ക അവയവങ്ങളും ദൈവം നമ്മൾക്ക് തന്നിരിക്കുന്നത് രണ്ടെണ്ണം വീതമാണ്, ഒരെണ്ണം മറ്റുള്ളവന് വേണ്ടി ഉപയോഗിക്കുവാനാണ്. അവർക്കൊപ്പം സമയം കണ്ടെത്തുവാനാണ്.പക്ഷേ ജീവിത തിരക്കുകൾ ഓട്ടപ്പാച്ചലുകൾ നമ്മളെ ഇതിൽനിന്നെല്ലാം പിന്തിരിപ്പിക്കും.കേരളത്തിലുള്ള മനോഹരമായ ബീച്ചുകളിൽ നമ്മൾ പോയിട്ടുണ്ട് അവയിൽ ഇറങ്ങി കളിച്ചിട്ടുണ്ട്. ബീച്ച് കാണാൻ പോകുന്നവരിൽ ഭൂരിപക്ഷത്തിന്റെയും ആഗ്രഹം അരക്കൊപ്പം വെള്ളം എത്തുന്നവരെ കടലിലൂടെ നടന്നു നീങ്ങണം. നമ്മളെ സംബന്ധിച്ച് അത് ചെറിയൊരു ആഗ്രഹമാണ്.

പക്ഷെ ജീവിതം മുഴുവൻ വീൽചെയറിയിൽ ഉള്ളവരോ? അവരുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ ആർക്ക് കഴിയും. അകലത്ത് എവിടെയോ ഇരുന്നു അവർ കടൽ കാണേണ്ട, കടലിനോട് ചേർന്നിരുന്ന് അവർ കടൽ ആസ്വദിക്കട്ടെ സന്തോഷിക്കട്ടെ!
പ്രിയപ്പെട്ട മന്ത്രിയോടുള്ള അപേക്ഷ ഇതാണ് വിദേശരാജ്യങ്ങളിൽ പലയിടങ്ങളിലും ശാരീരിക വൈകല്യമുള്ളവർക്കായി കടൽ വെള്ളത്തിലേക്ക് വീൽചെയർ റാംപ് നിർമ്മിക്കാറുണ്ട്. അതെ മാതൃക നമ്മുടെ കേരളത്തിലും പിന്തുടർന്നാൽ കേരളം മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകും. ചിലരുടെയെങ്കിലും വലിയ സന്തോഷത്തിന് നമ്മൾ കാരണക്കാരുമാകും. അതിനായി വലിയ പണച്ചെലവ് വരികയുമില്ല. ഇതൊരു അപേക്ഷയായി കണക്കാക്കണം. നിലവിലുള്ളതിന് പിന്നെ പോകുന്നത് വികസനമല്ലാ വികസനമെന്നത് മാറ്റങ്ങളാണ് അത്തരമൊരു മാറ്റത്തിന് വഴിയൊരുക്കാൻ അങ്ങേക്ക് കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു.ചക്രങ്ങളിൽ ജീവിതം തിരിക്കുന്നവർക്ക് വേണ്ടി.സ്നേഹിതർക്ക് വേണ്ടി,
അഗസ്റ്റിൻ പുൽപ്പള്ളി