അസൈൻമെന്റ് എഴുതിയില്ല എന്ന ഒറ്റ കാരണം ജീവിതത്തിൽ മറക്കാത്ത ഒരു ശിക്ഷ ടീച്ചർ തന്നു കറുപ്പ്

EDITOR

ഒരിക്കൽ ഒരു ടീച്ചർ തന്ന ഒരു അസൈൻമെന്റ് ഞാനൊഴിച്ച് ക്ലാസിലെ മുഴുവൻ കുട്ടികളും പറഞ്ഞ ദിവസത്തിനകം ചെയ്ത് തീർത്തു. ടീച്ചർ എല്ലാവരോടും വെരി ഗുഡ് പറഞ്ഞു.എന്റേതായ കാരണങ്ങൾകൊണ്ട് അടുത്ത ദിവസവും അതിനടുത്ത ദിവസവും ഞാനത് ചെയ്തില്ല, എനിക്കത് ചെയ്യാൻ പറ്റിയില്ല.ടീച്ചർ എന്നെ തുറിച്ചു നോക്കി, എന്നിട്ട് അത്രയും പേരുടെ മുൻപിൽ വെച്ച് നല്ലോണം ചീത്ത പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല, ചീത്ത കേട്ട് കഴിഞ്ഞ് ബെഞ്ചിൽ പോയി ഇരിക്കാലോ എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.ടീച്ചർ പറഞ്ഞ അടുത്ത ഡയലോഗ് ഇങ്ങനെ ആണ്
“ഇന്ന് നീ നിലത്തിരുന്ന് പഠിച്ചാ മതി”ഇത് കേട്ടപ്പോ മുഴുവൻ കുട്ടികളും എന്നെ തുറിച്ച് നോക്കി, കൊറേ പേരുടെ മുഖത്ത് നിന്ന് ചിരി പൊട്ടി പുറത്ത് വന്നു. ഏതോ ഒരു മോമെന്റിൽ അവർക്കൊപ്പം ടീച്ചറും പുച്ഛത്തോടെ ചിരിച്ചു.

എല്ലാവരും ബെഞ്ചിലിരുന്ന് പഠിച്ച അന്ന് ഞാൻ പഠിച്ചത് നിലത്തിരുന്നാണ്. വിവേചനത്തിന്റെ രാഷ്ട്രീയം മനസ്സിലായതുകൊണ്ട് ഒന്നുമല്ല അന്ന് രാത്രി നല്ലോണം കരഞ്ഞത്, പിറ്റേ ദിവസവും അതിന്റെ പിറ്റേ ദിവസവും ക്ലാസ് കട്ട് ചെയ്ത് കടല് കാണാൻ പോയത്. ഇമോഷണൽ ആയി ഉണ്ടാക്കിയ മുറിവ് ചെറുതായിരുന്നില്ല, ഫ്രസ്ട്രേഷൻ ഒക്കെ ഇപ്പഴും അങ്ങനെ തന്നെ ണ്ട്.കുട്ടികൾ ചെയ്യുന്ന കുറ്റത്തിന് ഉള്ള ശിക്ഷ അവരെ താഴ്ത്തി കെട്ടി, അവരോട് വിവേചനം കാണിച്ച്, അഭിമാനത്തിന് മുറിവുണ്ടാക്കി, അവരെ പുച്ഛിച്ചും പരിഹസിച്ചും ഒക്കെ നടപ്പിലാക്കുന്ന സെറ്റ് അപ് അതി ഭീകരമാണ്, എന്റെ ടീച്ചേഴ്സിൽ ഒത്തിരി പേർ എന്നോടും എന്റെ കൂട്ടുകാരോടുമൊക്കെ അത് കാണിച്ചിട്ടുണ്ട്.

To be frank അവരോടൊക്കെ എനിക്ക് ഇപ്പഴും നല്ല ദേഷ്യം ഉണ്ട്, മനുഷ്യൻ അല്ലേ.
അവർക്കൊന്നും വല്യ മാറ്റം ഒന്നും വന്നിട്ടുണ്ടാകും എന്ന് ഞാൻ ഇപ്പഴും കരുതുന്നില്ല. എന്നെ നിലത്ത് ഇരുത്തി പഠിപ്പിച്ച ടീച്ചർക്ക് അന്ന് പത്ത് പതിനഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരുന്നു എന്നാണ് ഓർമ.അന്ന് തൊട്ട് അതിന് ശേഷം ഒരു സമയത്തും അവരോട് ചിരിച്ചുകൊണ്ട് സംസാരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല, മാത്രമല്ല അവര് ഉണ്ടാവുന്ന കോണ്ടെസ്റ്റുകളിൽ നിന്ന് മനപ്പൂർവം ഒഴിഞ്ഞു മാറിയിട്ടുണ്ട്. അവരെ ഒന്നും എനിക്കിനി കാണേ വേണ്ട.ഞാൻ നാല് കൊല്ലം കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്, ഇതുവരേം ഒരു കുട്ടിയോട് പോലും സെപ്പറേഷൻ കാണിച്ചിട്ടില്ല എന്ന് ഉറപ്പുണ്ട്. വ്യക്തിത്വത്തെ ഇതുവരെയും ചോദ്യം ചെയ്യുകയോ പേർസണൽ സ്‌പേസിലേക്ക് ഇടിച്ച് കയറി അധികാരം കാണിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും എന്നെ പേര് വിളിക്കുന്ന സ്റ്റുഡന്റ്സ് എനിക്ക് ഉണ്ട്. ഇതൊന്നും അത്ര വലിയ കാര്യമാണ് എന്നല്ല, ഇതൊക്കെ സ്വഭാവികം ആയ കാര്യമാണ് എന്നാണ്.
ആരും ആർക്കും മുകളിലോ താഴെയോ അല്ലല്ലോ.എല്ലാവർക്കും അധ്യാപക ദിനാശംസകൾ.

കടപ്പാട് :സിജിൻ വിജയൻ