ഞാനും പ്രേമിച്ചു കെട്ടിയതാണ് .വരുന്ന ജനുവരിയിൽ 57 വയസ്സാകും .ഇപ്പോഴും ഞാനും ഭാര്യയും ഓടിപ്പാഞ്ഞുനടന്ന് പണിയെടുത്തു ഞങ്ങളുടെ കൊച്ചു ജീവിതം ജീവിച്ചു തീർക്കുന്നു .
എനിക്ക് ആൺപിള്ളേരോട് പറയാനുള്ളത് നിങ്ങൾക്ക് BMW വേണമെന്നുണ്ടെങ്കിൽ നിങ്ങൾ പണിയെടുത്തു ഉണ്ടാക്കണമെന്നാണ് .അതിനല്ലേ അന്തസ്സ് ?അതല്ലേ ഹീറോയിസം ?അല്ലാതെ പെമ്പറന്നോത്തി വീട്ടീന്ന് BMW ഇരന്ന് വാങ്ങിയിട്ട് നിങ്ങൾ അതിൽ ഞെളിഞ്ഞിരുന്ന് പോകുന്നതിൽ എന്തെങ്കിലും അന്തസ്സുണ്ടോ ?
നിങ്ങൾ ആണുങ്ങളെപ്പോലെപണിയെടുത്തു അതിന്റെ വിയർപ്പിൽ നിന്ന് വാങ്ങിയ പഴയ അംബാസ്സഡർ ഓടിച്ചു നടക്കൂ .നിങ്ങളുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത ഏതോ ഒരു മനുഷ്യൻ ഒരായുസ്സ് മുഴുവൻ കഷ്ട്ടപ്പെട്ട് രക്തം വിയർപ്പാക്കി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ BMW ൽ ചക്കാത്തിലിരുന്ന് സുഖിക്കാമെന്ന് കരുതാതെ .
നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ഒരു പെണ്ണിനെ പോറ്റാനുള്ള കപ്പാസിറ്റി പോലുമില്ലാത്ത വെറും ഡൂക്കിലിയാണ് നിങ്ങളെങ്കിൽ നിങ്ങൾ കല്യാണമേ കഴിക്കാതിരിക്കുന്നതാണ് നല്ലത് .പെൺപിള്ളേരേ,പ്രണയത്തകർച്ച ഉണ്ടാകുമ്പോൾ ആത്മഹത്യ ചെയ്യണമെന്നൊക്കെ ആളുകൾക്ക് തോന്നും .സ്വാഭാവികമാണ് .പക്ഷേ ചാകുന്നത് അൽപ്പം അന്തസ്സുള്ള ഒരുവന് വേണ്ടിയായിരിക്കണം .അല്ലാതെ നിങ്ങളുടെ പണം മാത്രം ആഗ്രഹിച്ചു വരുന്ന വെറുമൊരു ദരിദ്രവാസിക്കുവേണ്ടിയാവരുത് .ഇനി മറ്റൊന്ന് .നിങ്ങളിനി ആരെ പ്രേമിച്ചു കെട്ടിയാലും നാലഞ്ച് കൊല്ലം കഴിയുമ്പോൾ ഈ പ്രണയമൊക്കെ പൂർണ്ണമായും കൊഴിഞ്ഞു പോകും .പിന്നീടവിടെയുള്ളത് വർഷങ്ങൾ ഒരുമിച്ചു താമസിക്കുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വാഭാവിക അടുപ്പം മാത്രമായിരിക്കും .ഗൾഫിലോക്കെ വർഷങ്ങളോളം ഒരു മുറിയിൽ ഒരുമിച്ചു ജീവിച്ച മനുഷ്യർ തമ്മിലും ഈ അടുപ്പം കാണാറുണ്ട് .ഇയാളെ കിട്ടിയില്ലെങ്കിൽ ഞാൻ ജീവിക്കുകയില്ല എന്നുപറഞ്ഞ പലരും ഇയാളെ കെട്ടിയതുകൊണ്ട് ഇനിയൊട്ടും ജീവിക്കാൻ കഴിയുന്നില്ല എന്ന് പിന്നീട് പരിതപിച്ചിട്ടുണ്ട് .
പ്രണയത്തിലെ നൈരന്തര്യം എന്നുമാഗ്രഹിക്കുന്നത് ലോക അബദ്ധമായിരിക്കും .കല്യാണം പ്രണയത്തെ കെടുത്തും .
ലോകത്തിലെ ഏറ്റവും പ്രശസ്തരായ പ്രണയിതാക്കൾ ഒരിക്കലും കല്യാണം കഴിക്കാത്തവരായിരുന്നു .
എനിക്കൊരു മകളുണ്ട് .അഞ്ചു നയാപ്പൈസ അവൾക്ക് ഞങ്ങൾ സ്ത്രീ ധനം കൊടുക്കുകയില്ല .ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട് .അവൾക്ക് ജോലിയുമുണ്ട് .സമയമാകുമ്പോൾ ഒരു പങ്കാളിയെ കണ്ടത്തി രണ്ടുപേരും ജോലിചെയ്ത് അവർക്ക് ഒരുമിച്ചു ജീവിക്കാം .വളരെ ചെറിയതാണീ ജീവിതം .ഒന്നും ശാശ്വതമല്ലാത്തതും .BMW ഉം പറമ്പുമൊന്നും ആരും ചാകുമ്പോൾ കൊണ്ടുപോകുകയുമില്ല .തല്ക്കാലം ഇവിടെ കുറച്ചു നാൾ ഉപയോഗിക്കാം .പക്ഷേ അത് സ്വന്തമാക്കുന്നത് സ്വന്തം അധ്വാനം കൊണ്ടായിരിക്കണം .അപ്പോഴേ അതിനൊരു ഭംഗിയുള്ളു .നിങ്ങൾക്കത് ഇല്ലാത്തതുകൊണ്ടാണ് നിങ്ങളത് ആഗ്രഹിക്കുന്നത് .BMW കയ്യിൽ കിട്ടിയാൽ ഉടൻ നിങ്ങളത് മറന്ന് മറ്റൊരു ആഗ്രഹത്തിന്റെ പിന്നാലെ പോകും .മരണം വരെ ഇത് തുടരും .ഇരന്ന് വാങ്ങുന്നത് അനുഭവിക്കുന്നവന്റെ മുഖത്തു എന്നുമൊരു ജാള്യതകാണും .സൂക്ഷിച്ചു നോക്കിയാൽ .ലോകത്തിൽ ഏറ്റവും ആളുകൾ മരണപ്പെടുന്നത് പങ്കാളി മൂലമാണോ എന്ന് തോന്നിപ്പോകും .ദിവസവും ചുറ്റിനുമുള്ള സംഭവങ്ങൾ കണ്ടാൽ .ആണുങ്ങൾ അന്തസ്സോടെ ഒരു പെണ്ണിനോട് BMW എന്ന് പറയാൻ കഴിയണം .അതിനർത്ഥം BMW Car വേണമെന്നല്ല .Be My Wife എന്നാണ് .സുഖത്തിലും ദുഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരുമിച്ചു ജീവിക്കാൻ ഒരു പങ്കാളി
എഴുതിയത് : സുനു