മലയാളികളെ കുറിച്ച് അന്യനാട്ടുകാർക്ക് ഉള്ള അഭിപ്രായം മലയാളി കഠിനാധ്വാനി ആണ് എന്നതാണ്. അത് സത്യവുമാണ്. കേരളം വിട്ടാൽ മലയാളി കഠിനമായി ജോലി ചെയ്യും.അതേസമയം മലയാളി കഠിനമായി ജോലി ചെയ്യുന്നത് മാത്രമേ ഉള്ളൂ, ജീവിതം ആസ്വദിക്കുന്നില്ല എന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്.
ജോലി കിട്ടിയാൽ പിന്നെ അതാണ് ജീവിതം. ജീവിക്കാൻ വേണ്ടി ജോലി ചെയ്യുക അല്ല, മറിച്ച് ജോലി ചെയ്യാൻ വേണ്ടി മാത്രം ജീവിക്കുന്നു.ദിവസവും പത്തും പന്ത്രണ്ടും മണിക്കൂർ ജോലി, അവധി ദിവസങ്ങളിലും ഓഫീസിൽ പോകും, ഓഫീസിൽ ബാക്കി വരുന്ന പണി വീട്ടിൽ വന്നിരുന്നു ചെയ്യുന്നു, ലീവ് പോലും എടുക്കില്ല, എന്തിനേറെ പറയുന്നു വർഷത്തിൽ ഒരു മെഡിക്കൽ ചെക്ക് അപ്പ് പോലും ചെയ്യില്ല, കാരണം സമയം ഇല്ല.ജോലിയോടുള്ള ആത്മാർത്ഥത, ശമ്പളം നൽകുന്ന കമ്പനിയോടുള്ള കൂറ് അങ്ങനെ നൂറു ന്യായീകരണങ്ങൾ കാണും. ഓഫീസ് – വീട്, വീട് – ഓഫീസ് എന്നല്ലാതെ വേറെ ഒന്നും അവരുടെ മനസ്സിൽ ഇല്ല. വീട്ടിൽ വരുന്നത് ഉറങ്ങാൻ വേണ്ടി മാത്രം.
കരിയർ ഉയർച്ചയാണ് എല്ലാവരുടെയും ലക്ഷ്യം എന്നൊക്കെ പറയും. എന്നിട്ട് സംഭവിക്കുന്നതോ, 75 ലക്ഷവും 1 കോടിയും ഒക്കെ ഭവന വായ്പ എടുത്ത് നാട്ടിൽ 2500 – 3000 സ്‌ക്വയർ വീടും വെച്ച് റിട്ടയേർമെന്റ് വരെ അതിന്റെ EMI അടക്കാൻ കഷ്ടപ്പെടുന്നു.ഇനി റിട്ടയർ ആയി നാട്ടിൽ വന്നാലോ, ആരെയും പരിചയം ഇല്ല, സുഹൃത്തുക്കൾ ഇല്ല, സമൂഹവുമായി ബന്ധമില്ല, എങ്ങും പോകാൻ ഇല്ല, ആകെ വട്ട് പിടിക്കും. ഇത്രയും കാലം ജോലി എന്ന് പറഞ്ഞ് നടന്നിട്ട് ബാക്കി ആയത് കുറച്ചു ബാങ്ക് ബാലൻസ് മാത്രമായിരിക്കും.
റിട്ടയർ ആയി കഴിഞ്ഞു വേണം ലോകം കാണാൻ എന്നൊക്കെ വിചാരിക്കുന്നവർക്ക് അപ്പോഴേക്കും അതിനുള്ള ആരോഗ്യം പോലും ഉണ്ടാകണം എന്നില്ല. പലരുടെയും ഭവന വായ്പ പോലും റിട്ടയർ ആകുമ്പോഴും തീർന്നിട്ടുണ്ടാകില്ല. അത് മാത്രമോ അപ്പോഴേക്കും മക്കളുടെ കല്യാണം, വീട് പുതുക്കൽ….അങ്ങനെ അനേകം ചെലവുകളും. സ്വപ്നം കണ്ടതെല്ലാം സ്വപ്നമായി തന്നെ അവശേഷിക്കും.
ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് ഇതേപോലെ ‘ജോലി ഭ്രാന്ത്’ ആയിരുന്നു. ഹെഡ് ഓഫീസിൽ പ്യൂൺ വരുന്നതിന് മുമ്പ് പുള്ളി എത്തും, ഏറ്റവും അവസാനമേ ഇദ്ദേഹം വീട്ടിൽ പോകൂ. റിട്ടയർ ആയി കഴിഞ്ഞ് പുള്ളിക്ക് വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ല, ആരും സുഹൃത്തുക്കൾ ഇല്ല, ആരുമായും സഹകരണം ഇല്ല, അവസാനം സഹികെട്ടു പുള്ളി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ബാങ്കിന്റെ ഓരോ ബ്രാഞ്ചിലും, ATM ലും ഒക്കെ പോയി ഓരോ കാര്യങ്ങൾ നോക്കി ഹെഡ് ഓഫീസിൽ വിളിച്ചു പറയും..
ആദ്യമാദ്യം പുള്ളി വിളിക്കുമ്പോൾ ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്നത് കൊണ്ട് എല്ലാവരും അത് കേൾക്കുമായിരുന്നു. പിന്നീട് അതൊരു ശല്യമായി മാറിയതോടെ, ‘ഇനി സർ ബാങ്കിന്റെ കാര്യത്തിൽ ഇടപെടേണ്ട, ഞങ്ങൾ നോക്കിക്കോളാം എന്ന് മറുപടി കൊടുത്തു’. അതോടെ ഷോക്ക് ആയി പോയി കക്ഷി. തൊട്ടടുത്ത ബാറിൽ കയറി രണ്ടെണ്ണം വീശി വണ്ടി ഓടിച്ചു വരികെ പൊലീസ് പിടിച്ചു, ‘ഞാൻ ഇന്ന ബാങ്കിന്റെ ഉന്നത പദവിയിൽ ഇരുന്ന ആളാണ്’ എന്ന് പറഞ്ഞ് പൊലീസിനെ വിരട്ടാൻ നോക്കി, ‘താൻ ആരാണെങ്കിൽ ഞങ്ങൾക്ക് എന്താ, കേറ് @%%@ വണ്ടിയിൽ എന്ന് പറഞ്ഞ് പൊലീസ് പിടിച്ചു കൊണ്ടുപോയി..!
കോർപ്പറേറ്റ് സെക്റട്ടറിൽ ആണെങ്കിലും, സർക്കാർ മേഖലയിൽ ആണെങ്കിലും നമ്മൾ ചത്ത് കിടന്ന് പണി എടുത്താൽ ആ സമയത്ത് ഒഫീഷ്യൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറെ കയ്യടിയും, പൂവിന്റെ ഇമോജിയും എല്ലാം കിട്ടും. അത്ര തന്നെ.
നമ്മൾ ജോലി രാജിവെക്കാൻ നോട്ടീസ് നൽകിയിട്ട്, നോട്ടീസ് പീരിഡിൽ ജോലി ചെയ്യുന്ന സമയം ഉണ്ടല്ലോ, അപ്പോൾ കാണാം കമ്പനിയുടെയൊക്കെ യഥാർത്ഥ മുഖം. നമ്മൾ ആ സ്ഥാപനത്തിന് വേണ്ടി എത്ര ആത്മാർഥമായി വര്ഷങ്ങളോളം പണി എടുത്തു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, കറിവേപ്പിലയുടെ വിലയായിരിക്കും പിന്നീട് നമുക്ക് നൽകുക. ശരിക്കും അത് അനുഭവിച്ചിട്ടുണ്ട്.മറ്റൊരു രസകരമായ കാര്യം, പലരും പറയും, ഞാൻ ഭയങ്കര ജോലി എടുക്കും, അതേസമയം എല്ലാവർഷവും കുടുംബവുമൊത്ത് ടൂർ പോകും എന്നൊക്കെ. നേരിട്ട് കാണുന്ന കാഴ്ചയായത് കൊണ്ട് പറയുകയാണ് ‘ ടൂർ വന്നാൽ ഓട്ട പ്രദക്ഷിണം ആണ്, ഒരു സ്ഥലത്ത് ചെല്ലുന്നു, ഓരോ സെൽഫി എടുക്കുന്നു, അടുത്ത സ്ഥലത്തേക്ക് പായുന്നു, ഇതിനിടയിൽ ലാപ്ടോപ്പിൽ ഓഫീസ് വർക്ക്, VC, ഒഫീഷ്യൽ ഫോൺ വിളികൾ..പലരും കരുതുന്നത്, ഞാൻ ഇല്ലെങ്കിൽ ആ സ്ഥാപനം മുന്നോട്ടു പോകില്ല, ഞാൻ ഉണ്ടെങ്കിലേ എല്ലാം നടക്കൂ എന്നൊക്കെയാണ്. അതൊക്കെ വെറുതെയാണ് എന്ന് മനസിലാക്കി വരുമ്പോഴേക്കും നമ്മുടെ നല്ല പ്രായം കഴിഞ്ഞിട്ടുണ്ടാകും.
ജോലി എന്നത് ജീവിക്കാൻ വേണ്ടിയുള്ള ഒന്ന് മാത്രമാണ്. ജോലി ചെയ്യാൻ വേണ്ടി ജീവിക്കരുത്. ഞാൻ ഇല്ലെങ്കിൽ ഈ ഭൂമിയിൽ ഒന്നും സംഭവിക്കില്ല എന്ന് കരുതിയവർ ഒക്കെ ഇന്ന് കല്ലറയിൽ കിടപ്പുണ്ട് എന്നോർക്കണം.
വിദേശ രാജ്യങ്ങളിലെ ചെറുപ്പക്കാർ ഒക്കെ ഇന്ത്യ കാണാൻ വരുന്നത് ഒരു മാസമൊക്കെയാണ്. അവരൊക്കെ സാധാരണ ജോലികൾ ചെയ്യുന്നവരൊക്കെയാണ്.നമ്മൾ ജീവിതകാലം മുഴുവൻ പട്ടി പണിയും എടുത്ത്, കിട്ടാവുന്ന ലോണുകളും എടുത്ത് കൂട്ടി അതിന്റ EMI അടച്ച് തീർക്കാൻ നെട്ടോട്ടം ഓടുന്നു.
ഒരു സമയം കഴിയുമ്പോൾ നമുക്ക് വിട്ടിട്ട് പോകണം എന്ന് കരുതിയാലും അതിന് കഴിയില്ല, കാരണം നമ്മുടെ സാമ്പത്തീക ബാധ്യതകൾ തന്നെ. മറ്റുള്ളവരെ കാണിക്കാൻ വായ്പകൾ എടുത്ത് കൂട്ടി, അവസാനം സ്വന്തം ജീവിതം ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയിലൂടെ കടന്നു പോകുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്.നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. പിന്നെയാകാം എന്ന് കരുതി ഇരുന്നാൽ ഒന്നും നടക്കില്ല. ജോലിയോട് ആത്മാർത്ഥത കാണിക്കരുതെന്നോ, കഠിനമായി അധ്വാനിക്കരുതോ എന്നല്ല പറഞ്ഞു വരുന്നത്, ജീവിതം എന്നത് ജോലി മാത്രമാകരുത്. സ്ഥാപനങ്ങളെ സംബന്ധിച്ച് നമ്മൾ പോയാൽ മറ്റൊരാൾ അത്രേയുള്ളൂ. ജോലി എന്നത് ഒരിക്കലും തീരില്ല, ഒന്ന് തീർന്നാൽ രണ്ടെണ്ണം പുതിയത് വരും..
ജീവിക്കാനായി മാത്രം ജോലി ചെയ്യുക, ജീവിതം ആസ്വദിക്കാൻ മറക്കാതിരിക്കുക..
എഴുതിയത് : ജിതിൻ കെ ജേക്കബ്