കൊല്‍ക്കത്തയിലെ ഒരു ചേരിപ്രദേശത്തെ ഒരു സ്കൂള്‍. അതിൽ പഠിച്ചിരുന്നത് വളരെ ദരിദ്രരായ കുട്ടികളും. ഒരിക്കല്‍ അവിടെ ഗവേഷണം നടത്തിയവര്‍ അത്ഭുതപ്പെട്ടുപോയി. അവിടെ പഠിച്ച വിദ്യാര്‍ത്ഥികളെല്ലാം വളരെ ഉന്നത നിലയില്‍ എത്തിയിരിക്കുന്നു. ഗവേഷകര്‍ അവരോട് അതിന്റെ കാരണം തിരക്കി. എല്ലാവരും പറഞ്ഞു: “ഇതിനു കാരണം, ഞങ്ങളുടെ പ്രധാന അദ്ധ്യാപികയാണ്.അദ്ധ്യാപികയെ തിരക്കി ചെന്നപ്പോള്‍ അവര്‍ പെന്‍ഷന്‍ പറ്റിയിരുന്നു. ഗവേഷകര്‍ അവരെ കണ്ടെത്തി ചോദിച്ചു, “ഈ സാധാരണ കുട്ടികളെ എങ്ങനെ അസാധാരണ നിലയിലെത്തിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞു? എങ്ങനെയാണ് നിങ്ങള്‍ അവരെ പഠിപ്പിച്ചത്?” വൃദ്ധയായ അധ്യാപിക നിറമിഴികളോടെ പറഞ്ഞു: “ഞാന്‍ അവരെ പഠിപ്പിച്ചതേയില്ല; സ്നേഹിക്കുകമാത്രമേ ചെയ്തിട്ടുള്ളു.
അധ്യാപകര്‍ അമ്മയെപ്പോലെയായിരിക്കണം . നിറഞ്ഞ ഹൃദയത്തോടെ സ്നേഹിക്കുമ്പോഴും ശിക്ഷിക്കേണ്ടിടത്ത് മക്കളെ ശിക്ഷിക്കാന്‍ അമ്മ മടിക്കാറില്ല. ഒരു കൈകൊണ്ട് തലോടാനും മറു കൈകൊണ്ട് അടിക്കാനും അമ്മയ്ക്ക് മടിയില്ല. അധ്യാപകരും അങ്ങനെയാകണം. (ഗൂഗിൾ). ഞാൻ കഴിഞ്ഞ ദിവസം ഗൾഫിലുള്ള ഒരു കുട്ടിയോട് സന്ദർഭവശാൽ പറഞ്ഞു: “ഇവിടെ നാട്ടിൽ വരൂ, നമുക്ക് ഇവിടെ പഠിക്കാം”. ആ കുട്ടി പറഞ്ഞു: “ഞാൻ വരുന്നില്ല അവിടെ ടീച്ചേഴ്സ് അടിക്കുന്നവരാണ്.” ആർക്കാണ് അടിക്കുന്ന ടീച്ചറെ ഇഷ്ടം? ശിക്ഷ കൊണ്ട് ആരും നന്നാവുന്നില്ല. എന്നാൽ സ്നേഹത്തിന്റെ ഫലമായ ശിക്ഷ വെറും ശിക്ഷയല്ല ശിക്ഷണമാണ്. ശിക്ഷണത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. അധ്യാപകർ മാത്രമല്ല, മാതാപിതാക്കളും മറ്റെല്ലാവരും അങ്ങനെയാവേണ്ടതാണ്. സ്നേഹത്തിന് മാത്രമേ മറ്റൊരു ഹൃദയത്തില്‍ രൂപാന്തരം ഉളവാക്കുവാൻ ശക്തിയുള്ളു. സ്നേഹത്തിന്റെ മാസ്മരശക്തി ആർക്കും പറഞ്ഞറിയിക്കാവതല്ല. സ്നേഹപൂർവ്വമുള്ള ഇടപെടൽ, നിരാശയും നിരാശ്രയത്വവും നീക്കി പ്രത്യാശയും പുതുജീവനും പ്രദാനം ചെയ്യുവാൻ ശക്തമാണ്. സ്നേഹിക്കുന്നതിന് ആരും പ്രതിഫലം പ്രതീക്ഷിക്കരുത്.
അങ്ങനെ പ്രതീക്ഷിക്കുമ്പോൾ സ്നേഹത്തിന്റെ മാറ്റ് നഷ്ടപ്പെട്ടുപോകും. സ്നേഹിക്കുക എന്നത് അതിൽ തന്നെ ദിവ്യമാണ്. അതിന് വേറെ യാതൊരു പ്രതിഫലവും ആവശ്യമില്ല. പ്രതിഫലം ഇച്ഛിക്കുന്നിടത്തൊക്കെയും സ്വാർത്ഥത കടന്നുകൂടുന്നു എന്നത് വിസ്മരിക്കരുത്. സ്നേഹത്തിന്റെ സ്വഭാവത്തിന് ഘടക വിരുദ്ധമാണ് സ്വാർത്ഥത. പ്രാരംഭ ഘട്ടത്തിൽ സ്നേഹവും സ്വാർത്ഥതയും തിരിച്ചറിയുവാൻ കഴിഞ്ഞെന്നു വരില്ല. അത് സ്വാർത്ഥതയുടെ കപട ഭാവം കാരണമാണ്. എന്നാൽ സ്നേഹം നിർവ്യാജമാണ്. ജീവനെ പോലും നൽകുവാൻ പ്രേരിപ്പിക്കുന്നതാണ്. അപരന്റെ നന്മയല്ലാതെ മറ്റൊരു ഇച്ഛ അതിനു പിൻപിൽ ഇല്ല. അപരർ നമ്മോട് ചെയ്യുന്ന ദ്രോഹം പോലും മറക്കുവാനും ക്ഷമിക്കുവാനും പ്രാപ്തമാക്കുന്നതാണ് സ്നേഹം. സ്നേഹം, സ്നേഹിക്കുന്നവർക്കും സ്നേഹിക്കപ്പെടുന്നവർക്കും സന്തോഷവും സമാധാനവും പ്രദാനം ചെയ്യുവാൻ ശക്തമാണ്. നമുക്ക് എല്ലാവരെയും സ്നേഹിക്കാം. അപരന്റെ നന്മയിൽ ആനന്ദിക്കാം. എല്ലാവരും അനുഗ്രഹീതരാവട്ടെ! അതിനായി നമുക്ക് പ്രാർത്ഥിക്കാം. പ്രാർത്ഥനയുടെ പ്രേരകശക്തിയും സ്നേഹം തന്നെയായിരിക്കട്ടെ