നിനക്ക് കാശ് വല്ലതും വേണോ?” നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി പോക്കറ്റിലേക്ക് വയ്ക്കുന്നതിനിടയിൽ മുഖം പോലും ഉയർത്തി നോക്കാതെ അജയ് ചോദിച്ചു. ഒരക്ഷരം മിണ്ടാതെ റൂമിലെ ഫാനിന്റെ കാറ്റിൽ ചുവരിൽ തൂക്കിയിട്ടിരുന്ന കലണ്ടർ ചലിക്കുന്നതും നോക്കി നിമ വാതിലിൽ പുറംചാരി നിന്നതേയുള്ളൂ. “അല്ലെങ്കിലും നിനക്കിപ്പോ കാശിന് അത്യാവശ്യമൊന്നും ഇല്ലല്ലോ..വെറുതേ അലമാരയിൽ വച്ചിട്ടും കാര്യമില്ല. എന്തെങ്കിലും വാങ്ങണമെങ്കിൽ പറഞ്ഞാൽ മതി, ഞാൻ വാങ്ങിക്കൊണ്ടു വരാം. അല്ലേൽ ഒരുമിച്ച് പോയി വാങ്ങാം.”നിസ്സാരമട്ടിൽ അയാൾ തുടർന്നു. “നിമേ, നിനക്കറിയോ നിന്റെ പണം എന്റെ പണം എന്നൊന്നും ഇല്ല. നമ്മുടേത് തന്നെയാണ്. നിന്റെ ശമ്പളം ഇവിടെ വീട്ടുകാര്യങ്ങൾ നടത്താൻ ചിലവാക്കിയാൽ എന്റെ ശമ്പളം മിച്ചം വച്ച് അതെന്റെ അകൗണ്ടിൽ നീക്കിയിരിപ്പായി ഇരിക്കേം ചെയ്യും. ഭാവിയിലേക്കൊരു കരുതൽ നല്ലതല്ലേ?” അത്രത്തോളമായപ്പോൾ നിമ മൗനം ഭഞ്ജിച്ചു.”ആദ്യത്തെ ശമ്പളമല്ലേ.. എനിക്ക് കുറച്ച് പ്ലാനൊക്കെ ഉണ്ടായിരുന്നു.
എന്ത് പ്ലാൻ? പണം അനാവശ്യമായി ചെലവാക്കാനുള്ളതല്ല. തന്നേയുമല്ല ഒരെക്കൗണ്ട് പോലുമില്ലാതെ തന്റെ കയ്യിലിരുന്നാൽ ആരെങ്കിലും വായ്പവാങ്ങിയും മറ്റുള്ളവരെ സന്തോഷിപ്പിച്ചും താനത് തീർക്കും. ഇവിടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മനുഷ്യൻ പെടുന്ന പെടാപ്പാട്..” കൂടുതലൊന്നും പറയാതെ അയാൾ മുറിവിട്ടിറങ്ങി. നിറഞ്ഞൊഴുകിയ കണ്ണുനീർ ഷാളിന്റെ തലപ്പിൽ തുടച്ച് അവൾ കട്ടിലിലേക്ക് ഇരുന്നു. ആദ്യമായിക്കിട്ടിയ ശമ്പളം കൊണ്ട് അവളൊത്തിരി സ്വപ്നങ്ങൾ നെയ്തു വച്ചിരുന്നു. തനിക്കായി കുറച്ച് അല്ലറചില്ലറ പർച്ചേയ്സ്. അച്ഛനുമമ്മയ്ക്കും അനിയനും ഓരോ ജോഡി ഡ്രസ്സ്, മുത്തശ്ശിക്ക് ഒരു ഭഗവാന്റെ വിഗ്രഹം പിന്നെ കുറച്ച് പണം ചിറ്റയ്ക്കും കൊടുക്കണമെന്ന് കണക്കുകൂട്ടിയിരുന്നതായിരുന്നു. താൻ കോളേജിൽ പോകുമ്പോഴെല്ലാം രാവിലത്തെ തിരക്കിനിടയിൽ ടിഫിൻ ഒരുക്കാനും എന്തിന് നേരം വൈകിയാൽ പ്രാതൽ കഴിക്കാതെ ഇറങ്ങാൻ ധൃതികൂട്ടുന്ന തന്റെ പിന്നാലെ നടന്ന് വാരികഴിപ്പിച്ചു തന്നിരുന്നത് പോലും ചിറ്റയാണ്. ഭർത്താവ് മരിച്ചതിൽപ്പിന്നെ മകളുമായി തന്റെ വീട്ടിലാണ് ചിറ്റയുടെ താമസം. ചുരുക്കിപ്പറഞ്ഞാൽ അജയ് നേരത്തെ അർത്ഥം വച്ച് പറഞ്ഞ വായ്പ്പക്കാരും സന്തോഷിപ്പിക്കപ്പെടുന്നവരും ഇവരാണ്.
വിവാഹം കഴിഞ്ഞിറങ്ങിയതിൽ പിന്നെ അവരാരും എന്റെ പരിഗണനയിലേ ആവശ്യമില്ലെന്ന തരത്തിലാണ് അജയുടെ സംസാരം. പഠിപ്പ് കഴിഞ്ഞ് ജോലി നോക്കിക്കൊണ്ടിരിക്കേ വന്ന വിവാഹാലോചന ആയിരുന്നു അജയുടേത്. നല്ല ആലോചനയെന്ന് പറഞ്ഞ് ധൃതികൂട്ടിയതും അച്ഛനും അമ്മയുമായിരുന്നു. പ്രൈവറ്റ് കമ്പനിയിലെ വെറുമൊരു സ്റ്റാഫ് മാത്രമായിരുന്ന അച്ഛൻ തന്റെ പഠനച്ചിലവും വിവാഹച്ചിലവും കഴിഞ്ഞപ്പോൾ സാമ്പത്തികമായി വളരേ തകർന്നിരുന്നു. ഇതെല്ലാം കണ്ട് നെഞ്ച് നോവുമായിരുന്നെങ്കിലും ഒരു ജോലികിട്ടി സ്ഥിരവരുമാനമായാൽ കുറച്ചു നാളെങ്കിലും ഒരുപങ്ക് നൽകി ഒരാശ്വാസമാകാൻ കഴിയുമെന്ന് വിചാരിച്ചു. വിവാഹം കഴിഞ്ഞ് തന്റെ വീട്ടിലേക്ക് വല്ലപ്പോഴുമുള്ള പോക്കുവരവുകളിൽപ്പോലും അവർക്കായി എന്തെങ്കിലും വാങ്ങുവാൻ അജയോട് പലപ്രാവശ്യം ഇരക്കണമായിരുന്നു. ഒരുമിച്ച് പോയേ എന്തും വാങ്ങാറുള്ളൂ. പണമടയ്ക്കുന്ന സമയം മുഖം വീർപ്പിച്ച് എന്തെങ്കിലുമൊക്കെ പിറുപിറുത്തു കൊണ്ടും ഇരിയ്ക്കും. വിവാഹശേഷം വന്ന പല നല്ല ജോബ് ഓഫറുകളും ദൂരത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കിച്ചു. ഇതിപ്പോൾ ശമ്പളം കുറച്ച് കുറവാണെങ്കിലും അധിക ദൂരം ഇല്ലാത്തത് കൊണ്ടാണ് ജോലിക്ക് പോകാൻ അനുവദിച്ചതും.
സ്വന്തമായൊരു അകൗണ്ട് തുടങ്ങിയില്ലായിരുന്നു എന്നതായിരുന്നു ശമ്പളം പണമായി വാങ്ങിയതിനു കാരണം. ഒരു അകൗണ്ട് തുടങ്ങണമെന്ന് കരുതിയതായിരുന്നു. ഓരോന്നോർത്തവൾ നെടുവീർപ്പോടെ കട്ടിലിൽ നിന്നും എഴുന്നേറ്റു. വാഷ്റൂമിൽ പോയി മുഖം കഴുകി മുറിയിലേക്ക് തിരിച്ച് കയറുമ്പോൾ അവൾ മനസ്സിൽ ചിലത് ഉറപ്പിച്ചിരുന്നു. പിറ്റേദിവസം പതിവിലും കുറച്ചധികം വൈകിയാണ് നിമ ജോലികഴിഞ്ഞ് എത്തിയത്.നീയെന്താ ഇത്ര വൈകിയത്? ടൗണിലേതോ സ്റ്റുഡിയോവിൽ നിന്നും നീ ഇറങ്ങിവരുന്നത് സുധി കണ്ടെന്നു പറഞ്ഞല്ലോ? കൂട്ടുകാരിയെയും കൂട്ടി ഊരുചുറ്റാനും തുടങ്ങിയല്ലേ?”ടി വി കണ്ടുകൊണ്ട് ഡൈനിംഗ് ഹാളിലിരുന്ന അജയ് ദേഷ്യത്തോടെ അവളോട് ചോദിച്ചു.സ്റ്റുഡിയോവിൽ പോയിരുന്നു. ഫോട്ടോ എടുക്കാൻ. ഉച്ചയ്ക്ക് ശേഷം ഞാനും അനിതയും ലീവെടുത്തു. അവളുടെ ശമ്പളത്തിൽനിന്നും കുറച്ച് വാങ്ങി ഞാൻ എന്റെ പേരിൽ ബാങ്കിൽ ഒരെക്കൗണ്ട് തുടങ്ങി. അടുത്ത മാസം ശമ്പളം കിട്ടുമ്പോൾ അവൾക്ക് തിരികെ കൊടുക്കാമല്ലോ.. എന്റെ ശമ്പളം ഇനിമുതൽ അതിൽ വരും. അത്യാവശ്യങ്ങൾക്ക് വീട്ടുചിലവിനായാലും എന്റെ സ്വന്തം ആവശ്യത്തിനായാലും ഏട്ടനോട് ഇരക്കാതെ എടിഎം ഉപയോഗിച്ച് എടുക്കാമല്ലോ? ബാക്കി തുക ഈ അകൗണ്ടിൽ കിടന്നാലും ഭാവിയിലേക്ക് ഒരു നീക്കിയിരിപ്പാവുകയും ചെയ്യും.ചിന്തിച്ചപ്പോൾ ഏട്ടനിന്നലെ പറഞ്ഞതിനേക്കാളും അതാണ് നല്ലതെന്ന് തോന്നി. അല്ല, അതുതന്നെയാണ് നല്ലത്” ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു. “അതുമല്ല ഏട്ടന് കാശു വല്ലതും വേണമെങ്കിൽ ചോദിക്കാനും മടിക്കണ്ട. ആവശ്യത്തിന് ഞാനെടുത്ത് തരാം.ചിലവുകൾ നമുക്കൊരുമിച്ച് നടത്താമെന്നേ..”മറുത്തൊന്നും പറയാനില്ലാതെ സോഫയിലിരുന്ന് അജയ് റിമോർട്ടെടുത്ത് ടി വി ചാനൽ മാറ്റിക്കൊണ്ടിരുന്നു.
ചില ഉറച്ച തീരുമാനങ്ങൾ എടുക്കുവാൻ ഒരിക്കലും വൈകേണ്ടതില്ല. അവൾ മനസ്സിൽ ഓർത്തു.
~ഫാബി നിസാർ