തന്റെ മകനെ കെട്ടാൻ ഇരുന്നൂറ് പവൻ വരെ തരാൻ ആളുണ്ടായിരുന്നുവെന്ന് അമ്മായിയമ്മയുടെ സംസാരത്തിനു എന്റെ മറുപിടി ഇനി ജീവിതത്തിൽ അവർ ഇത് ആരോടും പറയില്ല

EDITOR

നൂറുപവൻ കൊടുത്താണ് എന്നെ വിവാഹം കഴിപ്പിച്ച് ഭർതൃഗൃഹത്തിലേക്ക് അയച്ചത്. എന്നിട്ടും അമ്മായി അമ്മയെന്ന് പറയുന്ന ആ മൂദേവി എനിക്ക് പത്തുപൈസയുടെ വില തരുന്നില്ല.നിനക്കിവിടെ എന്തിന്റെ കുറവാണ്.അന്ന് എന്റെ പരാതികൾ കേട്ടപ്പോൾ ഭർത്താവ് എന്നോട് ചോദിച്ചു.നിങ്ങടെ അമ്മയെ ഞാൻ കൊല്ലും.പറഞ്ഞതേ ഓർമ്മയുണ്ടായിരുന്നുള്ളൂ ചവിട്ട് കൊണ്ടതും കട്ടിലിൽ നിന്ന് താഴെ വീണതും ഞൊടി ഇടയിലായിരുന്നു.. നിങ്ങളെന്നെ ചവിട്ടിയല്ലേയെന്ന് ചോദിച്ചുകൊണ്ട് കൈയ്യിൽ കിട്ടിയതെല്ലാം എടുത്ത് ഞാൻ എറിഞ്ഞു. ബെഡ്‌റൂമിലെ മേശമുകളിൽ വെച്ചിരുന്ന ചിലിട്ട വിവാഹഫോട്ടോ അങ്ങേരുടെ തലയിൽ കൊണ്ട് താഴെ വീണുപൊട്ടി. ഭർത്താവ് നെറ്റി പൊത്തി നിലവിളിച്ചപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടാകുന്നത്.എന്റെ മോനേ കൊല്ലുന്നേ.ബഹളം കേട്ടുകൊണ്ട് വന്ന അമ്മായിയമ്മ മുള കീറുന്ന ശബ്ദത്തിൽ കാറി. അയൽപക്കക്കാർ വന്നു. തുടർന്ന് പോലീസുകാരും എന്റെ അച്ഛനും വന്നു. രണ്ടുപേരിൽ നിന്നും പരാതി എഴുതിവാങ്ങി സ്റ്റേഷനിൽ നിന്ന് ഞാൻ അച്ഛന്റെ കൂടെ പോയി. വീട്ടിലെത്തിയ എന്നോട് എന്തുപറ്റിയെന്ന് അമ്മ ചോദിച്ചപ്പോൾ എനിക്ക് തന്നെ യാതൊരു പിടിയുമുണ്ടായിരുന്നില്ല എന്താണ് സംഭവിച്ചതെന്ന്.

തന്റെ മകനെ കെട്ടാൻ ഇരുന്നൂറ് പവൻ വരെ തരാൻ ആളുണ്ടായിരുന്നുവെന്ന് അമ്മായിയമ്മയുടെ ഇടയ്ക്കുള്ള സംസാരം എന്നെ വല്ലാതെ മുഷിപ്പിച്ചിരുന്നു.. ഏത് ബന്ധുക്കൾ വീട്ടിലേക്ക് വന്നാലും ഒരു അധികാരിയെ പോലെ എന്നെ അടുക്കളയിലേക്ക് പറഞ്ഞയക്കും.. വീട്ടുജോലിക്കാരി ഉണ്ടായാലും ചില പണികളൊക്കെ ഞാൻ തന്നെ ചെയ്യണം.. ചോദിച്ചാൽ.. വെറുതേ ഇരിക്കാനാണോ തന്റെ മോനേം കെട്ടിയിട്ട് വന്നതെന്ന് ചോദിക്കുംവിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമായി. ഒരുകുഞ്ഞുവേണമെന്ന് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ വേണ്ടെന്ന് ഭർത്താവ് പറയുകയായിരുന്നു. കാരണം അന്വേഷിച്ചപ്പോൾ ജനിക്കാൻ പോകുന്ന കുഞ്ഞിനുവേണ്ടി ഒരുകോടി രൂപ വകമാറ്റിയിട്ട് മതിയെന്ന് അമ്മ പറഞ്ഞുവെത്രേ….
പണത്തിന്റെ കനത്തിൽ ജീവിതം മുങ്ങിപ്പോകുന്നുവെന്ന് തോന്നിയ ഒരുനാൾ, നമുക്ക് എങ്ങോട്ടെങ്കിലും യാത്ര പോകാമെന്ന് ഞാൻ പറഞ്ഞു. ഒരുദിവസം മാറി നിന്നാൽ സംഭവിക്കുന്ന നഷ്ട്ടങ്ങൾ കേട്ട് അന്ന് എന്റെ രണ്ടുകാതുകളും പൊട്ടി.ജോലിക്ക് പോകാനുള്ള അനുമതിക്ക് വേണ്ടി അമ്മയുടേയും മകന്റേയും മുന്നിൽ ഞാൻ കെഞ്ചിയിട്ടുണ്ട്. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാനെന്നും പറഞ്ഞ് അവരെന്റെ നാക്കുമുറിച്ചു. ഇന്നലെ കയറിവന്ന നീ വീടും മകനേയും ഭരിക്കേണ്ടായെന്ന് അമ്മായിയമ്മ ഒരുനാൾ പറയുകയുണ്ടായി. എന്റെ അച്ഛൻ തന്ന സ്വർണ്ണവും കാറും തന്നാൽ ഞാൻ പോയിക്കൊള്ളാമെന്ന് പറഞ്ഞപ്പോൾ ഭർത്താവിന്റെ അമ്മക്ക് പേ പിടിച്ചു. വിവാഹത്തിന്റെ കടിച്ചാൽ പൊട്ടാത്ത ചിലവുകൾ പറഞ്ഞ് എന്നെ ആ സ്ത്രീ ചാടി കടിച്ചില്ലായെന്നേയുള്ളൂ.

നിങ്ങടെ മേൽ എനിക്കൊരു അവകാശവുമില്ലേ.സഹികെട്ട് ഞാൻ അന്ന് ഭർത്താവിനോട് ചോദിച്ചു. നീ അമ്മ പറയുന്നത് പോലെ കേട്ടാൽ മതിയെന്ന് മാത്രം മറുപടി നൽകി അയാൾ കുളിക്കാൻ കയറി. ഞാൻ അന്ന് കരഞ്ഞതിന് കണക്കില്ല. ഭർത്താവിന്റെ അച്ഛന് മാത്രമേ എന്നോടൊരു അനുകമ്പ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം എന്റെ അച്ഛനെ പോലെ പഞ്ച പാവമായിരുന്നുകോളേജ് പഠനകാലത്തിൽ എനിക്കൊരു പ്രണയമുണ്ടായിരുന്നു. യുപി സ്കൂളിലെ പീയൂണുമായിട്ട് ആയിരുന്നു എന്റെ ആ പരിശുദ്ധമായ ബന്ധം. എനിക്ക് ആലോചന വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ പിയൂൺ കുടുംബസമേതം പെണ്ണുചോദിക്കാൻ വീട്ടിലേക്ക് വന്നു. പൊന്നും പണവും ഒന്നും വേണ്ട മോളേ മാത്രം മതിയെന്നും പറഞ്ഞു. അച്ഛൻ സമ്മതിച്ചിട്ടും അമ്മ വഴങ്ങിയില്ല.നിനക്ക് പീയൂണിനെക്കാളും നല്ല ബന്ധം കിട്ടുമെന്നായിരുന്നു അമ്മയുടെ വാദം. ആലോചിച്ചപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി.. അങ്ങനെയാണ് മാസം രണ്ടുലക്ഷം വരുമാനുള്ള നിലവിലെ ബിസിനസുകാരനിലേക്ക് ദല്ലാൾ മുഖാന്തരം എനിക്ക് താലിയേറിയത്

കൊട്ടാരം പോലുള്ള വീടും, വിലകൂടിയ കാറും കണ്ടപ്പോൾ അമ്മ രണ്ടാമതൊന്ന് ചിന്തിച്ചില്ല. നിനക്ക് ഒന്നിനും ഒരു കുറവുമുണ്ടാകില്ലെന്ന് കൂടി അമ്മ പറഞ്ഞപ്പോൾ ഞാനും മറുത്ത് ആലോചിച്ചില്ല. എനിക്ക് യുപി സ്കൂളിലെ പീയൂണിനോട് ഉണ്ടായിരുന്ന പ്രണയം ഒരു ലോങ്ങ്‌ ബെല്ലടിച്ച് ഞാൻ നിർത്തി. ജീവിതം അമ്മയെ പോലെ വളരേ പ്രാക്റ്റിക്കലായി ചിന്തിക്കണം… ഇത്തിരി സമ്പത്തുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ അമ്മയെനിക്ക് ഇട്ട വിലയായിരുന്നു നൂറുപവൻ.എടീ ചോദിച്ചത് കേട്ടില്ലേ എന്തുപറ്റിയെന്ന്..ഒരുവിധം കാര്യങ്ങളൊക്കെ മനസിലാക്കിയ അച്ഛനാണ് അമ്മയ്ക്ക് മറുപടി കൊടുത്തത്. അതുകേട്ടപ്പോൾ അമ്മ മിണ്ടാതെ ആ സോഫയിൽ ഇരുന്നു. ഞാൻ എന്റെ മുറിയിലേക്ക് കയറി കതകടച്ചു.എല്ലാം നീ കാരണമാണെന്ന് അമ്മയോട് പറയുമ്പോൾ അച്ഛന്റെ കണ്ണുകൾ കലങ്ങിയിരുന്നു. അങ്ങനെയൊന്നും തറപ്പിച്ച് അച്ഛൻ അമ്മയോട് സംസാരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെ പറഞ്ഞാലും എന്നെ എനിക്ക് ന്യായീകരിക്കാൻ കഴിഞ്ഞില്ല. എന്റെ പീയൂണിന്റെ പ്രണയ ശാപമായിരിക്കും ഇങ്ങനെയൊക്കെ ആയതെന്ന് കരുതി ഞാൻ കണ്ണുകൾ അടച്ചു.

എത്രയോ ഇത്തരം വാർത്തകൾ ഞാൻ കണ്ടിരിക്കുന്നു.കറിവേപ്പില പോലെയാകുന്ന പെണ്ണുങ്ങളുടെ ജീവിതം നരകമാകുന്ന കാര്യമോർത്ത് സഹതപിക്കുകയും രോഷം കൊള്ളുകയും ചെയ്തിരിക്കുന്നു അതിലൊരു എണ്ണമായി ഞാനും ചേർന്നത് പോലെ.ഒരുകാര്യം ഇപ്പോൾ പാഠം പോലെ തിരിച്ചറിയുന്നു. ചത്തതിന് സമമെന്ന കണക്കിൽ പെണ്ണുങ്ങളെ കുരുക്കി പണിത ഒരു ചങ്ങലയുണ്ട് ഈ സമൂഹത്തിൽ. അതിന്റെ കണ്ണികളായി ഓരോ സ്ത്രീകളേയും കോർക്കുന്നതിൽ ചെറുതല്ലാത്തയൊരു പങ്ക് സ്ത്രീകൾക്ക് തന്നെയാണ്.. അങ്ങനെ ഓർത്തപ്പോൾ ശരിയാണ്.. അമ്മയോടൊപ്പം ഞാനും എന്റെ വർഗ്ഗത്തിന്റെ ശത്രു തന്നെയായിരുന്നു.

എഴുതിയത് : ശ്രീജിത്ത് ഇരവിൽ