കുറച്ചു ദിവസമായി എന്റെ വീട്ടിൽ പണി നടക്കുന്നു ഇലക്ട്രീഷ്യൻ പ്ലമ്പർ എല്ലാരും ഉണ്ട് ഇവർ ഒൻപതരയ്ക്ക് വരും കൃത്യം ഒന്നേകാൽ ആകുമ്പോ ഊണ് കഴിക്കും വൈകിട്ട് അഞ്ചേ എന്ന് അടിക്കുമ്പോ പോകും

EDITOR

ഒരാഴ്ച്ചയായി എന്റെ ഫ്‌ളാറ്റിൽ കുറച്ചു maintenance പണികൾ നടക്കുന്നു… ഇലെക്ട്രിഷ്യൻ, പെയിന്റടിക്കുന്നവർ, ടൈൽസ് പണി ചെയ്യുന്നവർ ഒക്കെയുണ്ട്..ദിവസക്കൂലിElectrician- 1200 ഹെൽപ്പർ – 1000
പെയിന്റർ – 1000 AC മെക്കാനിക് – 1/2 മണിക്കൂർ 1200 രൂപ ടൈൽസ് പണി ചെയ്യുന്നവർ – 1100 ഹെൽപ്പർ 900
എല്ലാവരും രാവിലെ 9.00 – 9.30 ആകുമ്പോൾ വരും. പ്രായമുളള പെയിന്റർമാർ 8.45 നു വരും.
ഉച്ചക്ക് കൃത്യം 1.15 നു ഊണ് കഴിക്കും… പിന്നെ നീണ്ടുനിവർന്നുകിടന്ന് ഒരുറക്കം… കൃത്യം ഒരു മണിക്കൂർ കഴിയുമ്പോൾ 2.15 നു പണി തുടങ്ങും.വൈകിട്ട് ചായ നമ്മൾ കൊടുക്കും.വൈകിട്ട് 5 മണിക്ക് പോകും… ഏൽപ്പിച്ച പണി തീർന്നാൽ നേരത്തെ പോകും.. ശമ്പളത്തിൽ കുറവൊന്നുമില്ല.കഷ്ടിച്ച് 6.5 മണിക്കൂർ ജോലി… വൈകിട്ട് പോകുമ്പോൾ അന്നന്നത്തെ ശമ്പളം.വൈകിട്ട് വീട്ടിൽച്ചെന്നു കുടുംബവും, കുഞ്ഞുങ്ങളുമായി ജീവീതം.ഞാൻ 15 കൊല്ലം കോർപ്പറേറ്റിൽ പണിയെടുത്തിട്ടുണ്ട്… ഒരിക്കൽപ്പോലും സമയത്ത് ഭക്ഷണം കഴിക്കാൻ പറ്റിയിട്ടില്ല… പറ്റിയാല്തന്നെ 10 മിനിറ്റിൽ കഴിച്ചെന്നു വരുത്തും… ഒരു ദിവസം കുറഞ്ഞത് 10-12 മണിക്കൂർ പണിയെടുക്കും.

ഇവിടുത്തെ സ്‌കിൽഡ് വർക്കേഴ്‌സിന്റെ ജോലി ക്ലേശകരമല്ല എന്നതാണ് ഉദേശിച്ചത്… 8 മണിക്കൂർ ജോലിയിൽ ഒരു മണിക്കൂർ ഉച്ചക്ക് വിശ്രമം നിയമപരമാണ്… അവരുടെ അവകാശം..)മേല്പറഞ്ഞവരിൽ കാർപെന്ററും, ഹെൽപ്പറും ബംഗാളി ac മെക്കാനിക്കിന്റെ അസിസ്റ്റന്റ് ബംഗാളി unskilled ആയിരുന്ന ഭായിമാരെല്ലാം ഇപ്പോൾ സ്‌കിൽഡ് തൊഴിലാളികളായി എന്നർത്ഥം.ഇന്നിത് എഴുതാൻ കാരണം, കോഴിക്കോട് സ്ത്രീധന പീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത 30 വയസ്സുകാരി ഷെബീനയുടെ അവസാനത്തെ വീഡിയോ ആണ് അവർക്ക് 10 വയസ്സുളള ഒരു കുട്ടിയുണ്ട്. അതിനർത്ഥം 20 വയസ്സുപോലും തികയുന്ന മുൻപേ അവരുടെ കല്യാണം നടത്തി വിട്ടതാണ് പഠിപ്പും ഉണ്ടാവാൻ സാധ്യത കുറവ്.കല്യാണം കഴിഞ്ഞത് മുതൽ ഭർത്താവ് ഗൾഫിൽ കല്യാണം കഴിഞ്ഞ്‌ 12 കൊല്ലത്തിനു ശേഷവും ഭർത്താവിന്റെ വീട്ടിൽ അയാളുടെ അച്ഛൻ, ‘അമ്മ, സഹോദരി എന്നിവരോട് പടവെട്ടി ജീവിക്കേണ്ടിവന്ന ഒരു പാവം സ്ത്രീയുടെ ഗതികേട് ഒന്നോർത്തു നോക്കൂ ഭർത്താവിന്റെ അമ്മാവൻ വരെ കയ്യോങ്ങി അടിക്കുക എന്നത് എത്രവലിയ തെമ്മാടിത്തമാണ് അത് കണ്ടപ്പോൾ മുതൽ എന്റെ ചോര തിളക്കുകയാണ്.

ആ കില്ലപ്പട്ടി അമ്മാവനിട്ടും അത് നോക്കിനിന്നവർക്കും ‌ ഒരു മടലെടുത്ത് രണ്ടെണ്ണം വീതം കൊടുത്തിട്ട് കൊച്ചിനേം കൂട്ടി എങ്ങോട്ടേലും പോകാമായിരുന്നില്ലേ എന്തിനാ മരിച്ചത് എന്നാണ് ആദ്യം ഓർത്തത്… പക്ഷെ ഒരു ജോലിയും, വരൂമാനവും, പഠിപ്പുമില്ലാത്തവൾ എങ്ങോട്ട് പോകാനാ ? ആ കുഞ്ഞ്‌ അനാഥയായി… ആ എരണംകെട്ട വീട്ടിൽത്തന്നെ അതിനിയും ജീവിക്കേണ്ടി വരില്ലേ ? സ്വന്തം ‘അമ്മ മരിക്കുമ്പോഴും അവന്റെ പേര്വിളിച്ചു കരയുന്നതു കേട്ട കുഞ്ഞിന് എത്രവലിയ മാനസിക ആഘാതമായിരിക്കാം അതേൽപ്പിച്ചത് ?
ഞാൻ “കണ്ണാടി” എന്ന യുട്യൂബ് ചാനൽ തുടങ്ങിയപ്പോൾ ഒരുപാട് സ്ത്രീകൾ എന്നെ വിളിക്കുമായിരുന്നു… കൂടുതലും കല്യാണം കഴിഞ്ഞയുടനെ ഭർത്താക്കന്മാർ വിദേശത്തേക്ക് പോയ സ്ത്രീകൾ… അവരുടെയൊക്കെ ജീവിതകഥ കേട്ടിട്ട് അവസാനം എനിക്ക്തന്നെ ഡിപ്രഷനായി… ഫോണിൽ ആയതുകൊണ്ട് അവർ നിർത്താതെ മണിക്കൂറുകൾ പറയും… എന്റെ എനർജിയെ വല്ലാതെ ബാധിച്ചുതുടങ്ങി പിറ്റേദിവസം രാവിലെ എനിക്ക് ക്ലാസ് എടുക്കേണ്ടതല്ലേ ? അതുകൊണ്ട് കുറച്ചുദിവസം ഫോൺ (കണ്ണാടിയുടെ) ഓഫ് ചെയ്‌തുവെക്കേണ്ടിവന്നു എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു അവരുടെ സങ്കടങ്ങൾ.ഭക്ഷണം കിട്ടാത്തവർ, വീട്ടിലുള്ള പുരുഷന്മാരാൽ എല്ലാവിധത്തിലും പീഡിപ്പിക്കപ്പെടുന്നവർ… ഒക്കെ അറിഞ്ഞിട്ടും അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ പറയുന്ന വീട്ടുകാരും, ഭർത്താവും… കൂടുതൽപ്പേരുടെയും പ്രശ്നം സാമ്പത്തിക ഭദ്രതയില്ല, ജോലിയില്ല… വിദ്യാഭ്യാസമില്ല, കുട്ടികളെ വളർത്താൻ മാർഗമില്ല എന്നതൊക്കെയാണ്..

ഇന്നലെ ആത്മഹത്യ ചെയ്ത കുട്ടിയുടെ കാര്യമെടുത്താൽ കല്യാണം കഴിഞ്ഞ്‌ 12 കൊല്ലം കഴിഞ്ഞിട്ടും സ്ഥിതി ഇതാണെങ്കിൽ ആദ്യകാലങ്ങളിലെ അവസ്ഥ എന്തായിരുന്നിരിക്കും ? അമ്മായിയമ്മ, അമ്മായിയപ്പൻ, നാത്തൂൻ, അമ്മാവൻ എന്നീ മൂന്നുപേരോട് ഏറ്റുമുട്ടി അവരുടെ വീട്ടിൽ ജീവിച്ചപ്പോൾ ഒരിക്കലെങ്കിലും സമാധാനമായി അവൾ ഉറങ്ങിയിട്ടുണ്ടാവുമോ ? വയർ നിറയെ ഭക്ഷണം കഴിച്ചു കാണുമോ ? എത്രമാത്രം ഭയന്നായിരിക്കും അവൾ ഓരോ ദിവസവും കഴിഞ്ഞുകൂട്ടിയിട്ടുണ്ടാവുക ? ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ലേ അവളുടെ ഭർത്താവ് ? കുട്ടിയെങ്കിലും പറയാതിരിക്കുമോ ? അറിഞ്ഞിരുന്നെങ്കിൽ അയാൾ എന്തൊരു മനുഷ്യനാണ് ? എത്ര നികൃഷ്ടനാണ്.. ??വിദ്യാഭ്യാസം പൂർത്തിയാവുന്ന മുൻപേ, ഒരു ജോലികിട്ടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയാവുന്ന മുൻപേ സ്വന്തം പെണ്മക്കളെ കെട്ടിച്ചുവിട്ടു ഭാരമൊഴിക്കുന്ന അപ്പനമ്മമാർ എത്ര നികൃഷ്ടരാണ് ? പത്തു വയസ്സുള്ള കുഞ്ഞിനേയും ഒറ്റക്കാക്കി ജീവനൊടുക്കുമ്പോഴും സ്വന്തം വീട്ടിലേക്ക് തിരികെ പോകാമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് ഇല്ലാതാവുന്നത് ? എന്തുകൊണ്ടാണ് സ്വന്തം വീടവൾക്ക് അന്യമാകുന്നത് ?
ഇനിയും പറയാനുള്ളത് കെട്ടിക്കൊണ്ടുവന്ന പെണ്ണിനേം, മക്കളേം സ്വന്തം കുടുംബത്തിൽ തള്ളിയിട്ട് വിദേശത്തുപോയി കിടക്കുന്ന ഭർത്താക്കന്മാരോടാണ്.

നിങ്ങളുടെ അപ്പനും, അമ്മയും ഒരിക്കലും നിങ്ങളുടെ ഭാര്യക്ക് അമ്മയും, അച്ഛനും അല്ല… അമ്മായിയപ്പനും, അമ്മായിയമ്മയും മാത്രമാണ്… നിങ്ങളുടെ സഹോദരി നിങ്ങളുടെ ഭാര്യക്ക് നാത്തൂനാണ്… സ്വന്തം നാട്, വീട്, മാതാപിതാക്കൾ, സഹോദരങ്ങൾ. സുഹൃത്തുക്കൾ, സ്വന്തം ഇഷ്ടങ്ങൾ അങ്ങനെ എല്ലാം ത്യജിച്ച്‌ ഒരു പെണ്ണ് വിവാഹിതയാവുന്നത് സ്വന്തം ഭർത്താവിന്റെയൊപ്പം ജീവിക്കാനാണ്… അല്ലാതെ അമ്മായിയപ്പന്റെയും, അമ്മായി അമ്മയുടെയും, നാത്തൂന്റെയുമൊപ്പം ജീവിക്കാനല്ല അതുകൊണ്ട് ഫാമിലി വിസയില്ലാത്തവർ ഭാര്യക്കും, മക്കൾക്കുമായി ഒരു വീട് വാങ്ങിക്കൊടൂത്ത് അല്ലെങ്കിൽ വാടകക്കെടുത്തുകൊടുത്ത് അവരെ വേറെ താമസിപ്പിക്കുക… അല്ലെങ്കിൽ നാട്ടിലൊരു ജോലി കണ്ടുപിടിക്കുക… വല്ല അറബിയുടെയും നാട്ടിൽ, 45 ഡിഗ്രി ചൂടിൽ രാവന്തിയോളം പണിയെടുത്ത്, കുബ്ബൂസും കഴിച്ച്, എണീറ്റുനിൽക്കാൻ പോലും പറ്റാത്ത ലേബർ ക്യാംപിലെ ഇത്തിരിപ്പോന്ന തട്ടിന്മേൽ കിടന്നു നരകിച്ചു ജീവിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഞാൻ മേൽപ്പറഞ്ഞ ഇവിടുത്തെ തൊഴിലാളികളുടെ ജീവിതം ?

ബ്ലൂകോളർ ജോലിക്കാർക്ക് ഗൾഫിൽ കിട്ടുന്ന ശമ്പളം, വെറും 20,000 – 30,000 രൂപയിലധികം വരില്ല.. സത്യമല്ലേ… ?? അതിൽ എത്ര രൂപ മാസം നിങ്ങൾ മിച്ചം പിടിക്കും? ഇവിടെ, സ്വന്തം നാട്ടിൽ കൂലിപ്പണിയെടുത്താൽ മാസം 30-35000 രൂപ ഉണ്ടാക്കാം.. ചിലപ്പോൾ അതിൽക്കൂടുതലും… രണ്ടു വര്ഷം കൂടുമ്പോൾ, വീട്ടിൽ വന്നുപോകുന്നതിന് പകരം എന്നും സ്വന്തം കുടുംബത്തിൽ പോയി പ്രിയപ്പെട്ടവരോടൊപ്പം അന്തിയുറങ്ങാം… കുബ്ബൂസിനു പകരം നല്ല ചോറും, മീനും കഴിക്കാം തട്ടിന്മേൽ കിടക്കേണ്ട കട്ടിലിലോ, ഒരു പായമേലോ നീണ്ടു നിവർന്നു കിടന്നുറങ്ങാം… നിങ്ങളുടെ ഭാര്യക്ക് അമ്മാവന്റെവരെ അടികൊള്ളേണ്ടി വരില്ല തൂങ്ങിമരിക്കേണ്ടി വരില്ല കുടുംബത്തെ വീട്ടിലാക്കി ഗൾഫിൽപ്പോയിക്കിടന്നു നരകിക്കുന്ന എല്ലാ ഭർത്താക്കന്മാരും ആലോചിക്കുക.ഇനിയും ഷെബിനമാർ ഉണ്ടാവാതിരിക്കട്ടെ.
എഴുതിയത് : പികെ ഷിബി.