ഇ പോലീസ് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം മുൻപ് ഉണ്ടായിട്ടില്ല മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിച്ച രണ്ട് തമിഴ് സ്ത്രീകളെ സ്റ്റേഷനില്‍ കൊണ്ട് വന്നു

EDITOR

പോലീസ് ജീവിതത്തില്‍ കയ്പും മധുരവും ഉളള ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടെങ്കിലും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം കഴിഞ്ഞ ദിവസം ഉണ്ടായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആലുവ-പറവൂര്‍ റൂട്ടില്‍ KSRTC ബസില്‍ മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് തമിഴ് സ്ത്രീകളെ സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിരുന്നു . തൊണ്ടി മുതലായ അവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ഒന്നര പവന്‍റെ മാല പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്ത സമയം കോടതിയിലേക്ക് മഹസ്സര്‍ പ്രകാരം കൊടുക്കുകയും ചെയ്തിരുന്നു .സംഭവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്‍റെ ഫോണിലേക്ക് ഒരു കോള്‍ വരുകയാണ്.കോളെടുത്ത് സംസാരിച്ച് തുടങ്ങിയപ്പോഴാണ് മനസ്സിലായത് മാലയുടെ ഉടമസ്ഥയായ ചേച്ചിയാണ് വിളിക്കുന്നത് . സാറേ എന്‍റെ മാല എങ്ങിനെയാണ് കിട്ടുന്നത് , സാറിനോട് വിളിച്ച് ചോദിക്കാനാണ് പറഞ്ഞത് . ഞാന്‍ കോടതി ഡ്യൂട്ടി ചെയ്യുന്നത് കൊണ്ടാകണം സ്റ്റേഷനില്‍ നിന്ന് ആരോ കൊടുത്തതാണ് ആ ചേച്ചിക്ക് എന്‍റെ ഫോണ്‍ നമ്പര്‍ . ഞാന്‍ ചേച്ചിയോട് ഉളള കാര്യം പറഞ്ഞു . ഒന്നുകില്‍ കേസ് അവസാനിക്കുമ്പോള്‍ കിട്ടും അല്ലെങ്കില്‍ നമ്മള്‍ claim petition കൊടുക്കണം .
സാറേ എനിക്കൊന്നും മനസ്സിലാകണില്ല.

സ്റ്റേഷനിലേക്ക് വന്നാല്‍ മതി…ഞാന്‍ പറഞ്ഞ് തരാന്ന് പറഞ്ഞപ്പോള്‍ ശരി സാറേന്ന് പറഞ്ഞ് ഫോണ്‍ വെച്ചു .
ഈ സംഭവം കഴിഞ്ഞ് രണ്ടാം ദിവസം ഞാന്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ രാവിലെ 7-30 മണി ആയപ്പോള്‍ ആരോ കാണാന്‍ വന്നേക്കുന്നു എന്ന് മോന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അകത്തൂന്ന് വന്ന് നോക്കിയപ്പോള്‍ ഒരു പ്രായമായ സ്ത്രീ വന്ന് നില്‍ക്കുന്നു . ആരാന്ന് ചോദിച്ചപ്പോഴാണ് ഞാന്‍ അറിയുന്നത് ഈ ചേച്ചിയാണ് എന്നെ മാലയുടെ കാര്യം പറഞ്ഞ് വിളിച്ചതെന്ന്… അവര് എന്‍റെ നാട്ടുകാരി തന്നെയാണ് . എന്‍റെ വീട് അന്വേഷിച്ച് കണ്ടെത്തി വന്നതാണ് . ഞാന്‍ ചേച്ചിയോട് മാല ഇനി എടുക്കാന്‍ ഏതെങ്കിലും ഒരു വക്കീലിനെ കൊണ്ട് claim petition ഇടണം എന്ന് പറഞ്ഞു അതിന് വക്കീലിന് ഫീസ് കൊടുക്കണം .ഞാന്‍ പറയുന്ന കോടതി നടപടികള്‍ ഒന്നും ആ പാവം സ്ത്രീക്ക് മനസ്സിലാകുന്നുണ്ടായില്ല… അവര് പറയണത് എന്‍റെ മാല എനിക്ക് കിട്ടാന്‍ ഞാനെന്തിന് വക്കീലിനെ വെക്കണം ..എന്‍റെ കൈയ്യില്‍ കാശൊന്നും അല്ല സാറേ… വീട്ടില്‍ ഞാനൊറ്റക്കാണ് , ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടുപോയി , മകന്‍ വേറെ മാറി താമസിക്കുകയാണ് . രണ്ട് പശുവിനെ വളര്‍ത്തിയാണ് സാറേ ഞാന്‍ ജീവിക്കുന്നത് അത് മാത്രമാണ് എന്‍റെ ഏക വരുമാനം…..വക്കീലിന് എത്ര ഫീസ് വരും സാറേ.

അവരോട് എങ്ങിനെ ഞാന്‍ മറുപടി പറയൂന്ന് കുറച്ച് നേരം ആലോചിച്ച് പിന്നെ ഞാന്‍ അന്വേഷിച്ചിട്ട് ചേച്ചീനെ വിളിക്കാം ചേച്ചീ ഇപ്പോ പൊയ്ക്കോളളൂന്ന് പറഞ്ഞു . എന്നാ ശരി സാറേ വിളിക്കണോട്ടാ എന്ന് പറഞ്ഞ് അവര് പോയി . അവരോട് ഏകദേശം ഒരു 5000/- രൂപയെങ്കിലും ചിലവ് വരും എന്ന് ഞാന്‍ പറഞ്ഞാല്‍ ഉറപ്പായിട്ടും ആ പാവത്തിന് തലകറങ്ങും അതെനിക്കറിയാമായിരുന്നു . അതോണ്ടാണ് ഞാന്‍ മനഃപൂര്‍വം മിണ്ടാതിരുന്നത് . നാട്ടില്‍ അസുഖം വന്നാലെ ഡോക്ടര്‍മാര്‍ക്ക് ജോലി ഉണ്ടാകൂ എന്ന പോലെ ക്രൈം നടന്നാലല്ലേ വക്കീലന്‍മാര്‍ക്കും ജോലി ഉണ്ടാകൂ ആ മാല കോടതിക്ക് കൊടുക്കുന്നതിന് മുമ്പായി Gold അപ്രൈസറെ കൊണ്ട് വന്നതിന് തന്നെ SI യുടെ കൈയ്യില്‍ നിന്ന് 1500/- രൂപയോളം ചിലവായിട്ടുണ്ട് . അതുകൊണ്ട് സാറിനോട് ഇനി എങ്ങിനെ ഇത് പറയാനാണ് . പിറ്റേന്ന് കോടതിയില്‍ ഇത് ആലോചിച്ച് നില്‍ക്കുമ്പോഴാണ് സുഹൃത്തായ Adv നീത ഒരു കേസിന്‍റെ കാര്യം ചോദിച്ച് വരുന്നത് . അത് സംസാരിച്ച് പോകാന്‍നേരം ഞാന്‍ നീതയോട് ചോദിച്ചു നീത വക്കീലേ ഒരു claim petition ന് ഏറ്റവും കുറഞ്ഞ പൈസ എത്ര വേണ്ടി വരും.ഒരാവശ്യമുണ്ട് നീ ആദ്യമായിട്ടാണല്ലോ ഇങ്ങനെ ഒരു കാര്യം ചോദിക്കുന്നത് … നീ ഉളള കാര്യം പറയൂ.ഞാന്‍ ഉളള കാര്യം പറഞ്ഞു .കേട്ട് കഴിഞ്ഞപ്പോള്‍ ഡാ…ഇത്രേയുളളു നീയെനിക്ക് ഒന്ന് തരേണ്ടെടാ ഞാന്‍ ഫ്രീയായി ചെയ്ത് കൊടുത്തേക്കാം…നീ അവര്‍ക്ക് എന്‍റെ നമ്പര്‍ കൊടുത്തോളളൂ.. ആ സ്റ്റാമ്പിന്‍റെ കാശ് മാത്രം അവര് കൊടുത്താല്‍ മതീന്ന് പറഞ്ഞ് നടന്ന് പോയ നീത തിരികെ വന്ന് എന്നോട് പറഞ്ഞു ഡാ അതും വേണ്ടെടാ…അതും ഞാന്‍ ഫ്രീയായി ചെയ്ത് കൊടുത്തോളാം…അതും പറഞ്ഞ് അവര് പോയി . ഒരു പൂ ചോദിച്ചപ്പോള്‍ പൂക്കാലം കിട്ടിയ അവസ്ഥയായി എനിക്ക് .

ഒടുവില്‍ കഴിഞ്ഞ വെളളിയാഴ്ച claim pstition ഓകെ ആയി മാല കൊടുക്കും മുമ്പ് ഫോട്ടോ എടുത്ത് CD ആക്കിയും ഫോട്ടോഗ്രാഫും കോടതിക്ക് കൊടുക്കാന്‍ വന്ന ഫോട്ടോഗ്രാഫര്‍ ടോമിയും ആ കാര്യത്തിന് പൈസ ഒന്നും വേണ്ടാന്ന് പറഞ്ഞതോടെ ഞാന്‍ ഡബിള്‍ ഹാപ്പി ആയി . എല്ലാം കഴിഞ്ഞ് മാല ചേച്ചീയുടെ കൈയ്യിലോട്ട് കിട്ടിയപ്പോള്‍ ചേച്ചീ വല്ലാത്ത സന്തോഷത്തീലായീ . അവര് കൈയ്യിലെ കൊച്ച് പേഴ്സില്‍ നിന്ന് ചുരുട്ടി വെച്ച കുറച്ച് പൈസ തപ്പി എടുക്കാന്‍ നേരം ഒന്നും വേണ്ടി വന്നില്ല ചേച്ചീ….എല്ലാം OK ആണ് ചേച്ചീ സന്തോഷത്തോടെ പൊയ്ക്കോളളൂ.അതോടെ പെട്ടെന്ന് തന്നെ ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു . കൈകൂപ്പി കൊണ്ട് മോനേ ഞാനെന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ലാന്ന് പറഞ്ഞു ആ മുഖഭാവവും സംസാരവും എല്ലാം കൂടി ആയപ്പോള്‍ ഞാനും അല്പം ഇമോഷണലായി , പിടിവിട്ടും പോകും എന്ന് തോന്നിയതോടെ ഞാന്‍ പറഞ്ഞു എന്നോട് വേണ്ട ദാ Adv നീതയോട് പറഞ്ഞോളളു അവരും അവരുടെ clerk ഷജീനയും ആണ് ഇതിന് വേണ്ടി നടന്നത് . രണ്ട് പേരോടും ചേച്ചി കൈകൂപ്പി കണ്ണീരോടെ ഒരിക്കലും മക്കളെ മറക്കില്ലാന്ന് പറഞ്ഞ് പോയ രംഗം ശരിക്കും ടച്ചിങ് ആയിരുന്നു വെളളിയാഴ്ചത്തെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ശനിയാഴ്ച ഞാന്‍ ഉച്ചക്ക് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയപ്പോള്‍ ഉമ്മ ആരോടൊ വര്‍ത്തമാനം പറഞ്ഞ് കോലായില്‍ നില്‍ക്കുന്നു . ആരാന്ന് നോക്കിയപ്പോള്‍ നമ്മുടെ ചേച്ചിയാണ് . ഡാ …നിനക്കീ ചേച്ചിയെ മനസ്സിലായോ…നമ്മള്‍ തറവാട്ടില്‍ താമസിക്കുന്ന കാലത്ത് മിക്കപ്പോഴും അവിടെ വരാറുണ്ടായിരുന്നു . ഒത്തീരി കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളെ പോലെ അവര്‍ സംസാരിക്കുന്നത് ഞാന്‍ നോക്കി നിന്നു .

ചേച്ചി ഉമ്മയോട് കഥകളൊക്കെ പറഞ്ഞു . ഈ മോനാണ് എനിക്ക് ആകെയുളള സമ്പാദ്യമായ ഈ മാല കോടതീന്ന് വാങ്ങി തന്നത് . സാറെന്ന് മാറ്റി മോനേ എന്ന് വിളിച്ച് അവരത് പറയുമ്പോള്‍ ശരിക്കും ഉളളില്‍ വല്ലാത്ത സന്തോഷം തോന്നി . ഒരു കൊച്ചു കുട്ടിക്ക് പുതിയ കളിപ്പാട്ടം കിട്ടിയ സന്തോഷം പോലെ ആയിരുന്നു ആ മാല അവരുടെ കഴുത്തില്‍ ഇട്ടപ്പോള്‍ അവരുടെ സന്തോഷം പോകാന്‍ നേരം മോന് ഞാന്‍ കൊണ്ടു വന്നതാണെന്ന് പറഞ്ഞ് ഒരു കവര്‍ എനിക്ക് തന്നു . അത്ഭുതത്തോടെ ഞാനത് തുറന്ന് നോക്കിയപ്പോള്‍ ഒരു ലിറ്റര്‍ പാല്‍ , ഒരു കുപ്പി തൈര് ചേച്ചീടെ വീട്ടിലുണ്ടായ ഒരു കുമ്പളങ്ങ .. അത് കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപോയി… ഇതൊക്കെ എന്തിനാ ചേച്ചി മാല വാങ്ങി തന്നതിന് കൈക്കൂലിയാണോ എന്ന് ചിരിച്ച് കൊണ്ട് ചോദിച്ചപ്പോള്‍ ഒന്ന് പോ മോനേ…മോന് എന്ത് തന്നാലും എനിക്ക് മതിയാകൂല്ലാ എന്ന് പറഞ്ഞ് എന്‍റെ താടിയില്‍ ഒന്ന് തട്ടി എനിക്ക് പാല്‍ഡയറിയില്‍ പോകാന്‍ നേരമായി എന്ന് പറഞ്ഞ് ചേച്ചി യാത്ര പറഞ്ഞ് പോയപ്പോള്‍ കോടതി വരാന്തയില്‍ വെച്ച് ഞാന്‍ അടക്കി പിടിച്ച എന്‍റെ കണ്ണുനീര്‍ അറിയാതെ പുറത്ത് ചാടീത് ആരും കാണാതെ ഞാന്‍ തുടച്ച് കളഞ്ഞു . പീയപ്പെട്ട നീത വക്കീല്‍… ആയിരങ്ങള്‍ ഫീസ് വാങ്ങി എത്ര കേസ് ജയിച്ചാലും കിട്ടാത്ത സന്തോഷവും അഭിമാനവും ഇങ്ങനെ ഒരു കേസ് ഇടക്ക് നടത്തി കൊടുത്താല്‍ കിട്ടും… അവരുടെ പ്രാര്‍ത്ഥനകള്‍ എപ്പോഴും നിങ്ങടെ കൂടെ ഉണ്ടാകും

എഴുതിയത് : ജെനീഷ്