അപ്പയ്ക്ക് കിട്ടുന്ന ശമ്പളമൊക്കെ എവിടെ ഒന്നിനും ഒരു കണക്കില്ലല്ലോ ചെറിയ മകന്റെ ചോദ്യമാണ്.
ഭാര്യയും ഇതുതന്നെയല്ലേ ചോദിക്കുന്നത്. അത് കേട്ടിട്ടിട്ടാവണം കുഞ്ഞിനും ഇങ്ങനെയൊരു ചോദ്യം.
അയാൾ മകനെയും കൂട്ടി തൊട്ടടുത്ത പള്ളിയിലെത്തി.മകന്റെ കൈയ്യിൽ ഒരു പേനയും നോട്ടുബുക്കും നൽകി പള്ളിയിലേക്ക് പോകുന്ന ആളുകളുടെയും തിരിച്ചുവരുന്ന ആളുകളുടെയും എണ്ണം എഴുതിവെക്കാൻ പറഞ്ഞു.പള്ളിയിലേക്ക് പോയ ആളുടെ എണ്ണം കൃത്യമായി കിട്ടി. 447.തിരിച്ചു വന്നവരുടെ എണ്ണം കൃത്യമായി എഴുതാനായില്ലെന്ന് മകൻ സങ്കടത്തോടെ പറഞ്ഞു.എന്തുപറ്റി?പള്ളിയിൽനിന്ന് എല്ലാവരും ഒന്നിച്ചിറങ്ങിയതിനാൽ എണ്ണാനായില്ല .” മകൻ പറഞ്ഞു.പിതാവ് മകനെ ചേർത്തു പിടിച്ചിട്ട് പറഞ്ഞു ഇതുപോലെയാണ് എനിക്ക് കിട്ടുന്ന ശമ്പളവും. കൈയ്യിൽ കാശ് കിട്ടുമ്പോൾ ഒത്തിരി ആവശ്യങ്ങൾ മുന്നിലുണ്ടാവും എല്ലാം ഒരോന്നായി കൈകാര്യം ചെയ്യുമ്പോൾ കിട്ടുന്നത് എങ്ങനെ എവിടെ ചെലവഴിച്ചതെന്ന് കൃത്യമായി പറയാനാവുന്നില്ല.
ജീവിതം ഇങ്ങനെയൊക്കെയാണ്.കണക്കുകൂട്ടലുകൾക്കുമപ്പുറത്ത് ഇത്ര കാലം ഞങ്ങൾക്കുവേണ്ടി നിങ്ങൾ ഒന്നും ചെയ്തില്ലെന്ന് പ്രിയപ്പെട്ടവർ കുറ്റപ്പെടുത്തുമ്പോൾ തെളിവുകൾ നിരത്താനാവാതെ നിസ്സഹായരായിപ്പോകുന്ന ചിലരുണ്ട്.അതുവരെയുള്ള ജീവിതം മുഴുക്കെയും വെറുതെയായെന്ന് ഒരു നിമിഷം തോന്നിപ്പോകും.നിസാരമായ തന്റെ ചെറു സന്തോഷങ്ങൾ പോലും മാറ്റി വെച്ചത് അവരുടെ സന്തോഷം കാണുവാൻ ആയിരിക്കും.ചിലവാക്കിയ കാശിന് കണക്കില്ല.നൽകിയ സ്നേഹത്തിന് കണക്കില്ല.എന്നിട്ടും ചിലർ പ്രിയപ്പെട്ടവർക്കായി വീണ്ടും ജീവിക്കും.