ഭാര്യയുടെ ചെയ്തികൾ അസഹ്യമായി അമ്മയെ വൃദ്ധസദനത്തിൽ എത്തിച്ചു ശേഷം ഭാര്യ ജീവിതത്തിൽ പ്രതീക്ഷിച്ചില്ല ഞാൻ ചെയ്തത്

EDITOR

വയസ്സു കാലത്ത് നിങ്ങളെ നോക്കേണ്ടത് നിങ്ങളുടെ മകളാണ്. ഞാൻ നിങ്ങളെ നോക്കേണ്ട കാര്യമില്ല. എനിക്കെന്റെ അമ്മയെ നോക്കണം. നിങ്ങൾ നിങ്ങളുടെ മകളോട് വന്ന് കൂട്ടിക്കൊണ്ടുപോകാൻ പറ
ഭാര്യയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ജയകൃഷ്ണൻ വീട്ടിനകത്തേക്ക് കയറിയത്. തീൻമുറിയിലെ ഭക്ഷണമേശയിൽ കറിപ്പാത്രം തട്ടി മറിഞ്ഞിരിക്കുന്നു. ചോറ് തിന്നുകൊണ്ടിരുന്ന അമ്മ, തന്റെ ശരീരത്തിൽ വീണ കറികൾ ഒരു കൈ കൊണ്ട് തുടച്ചു കളയുന്നു. കൈക്ക് സാമാന്യം നല്ല വിറയലുണ്ട്. പലപ്പോഴും ഭാര്യയോട് പറഞ്ഞിട്ടുള്ളതാണ്, അമ്മക്ക് ചോറിൽ കറി ഒഴിച്ചു കൊടുക്കണമെന്ന് . അതിനു പകരം കറി മുഴുവൻ ഒരു പാത്രത്തിലാക്കി മേശമേൽ കൊണ്ടു വച്ചിരിക്കുന്നു..വിറക്കുന്ന കൈ കൊണ്ട് അമ്മക്ക് കറി കോരിയെടുക്കാനാവില്ല. അറിയാതെ തട്ടിപ്പോയതാകും . വയസ്സ് എഴുപത്തിയഞ്ചായി. വയ്യായ്ക കൂടി വരികയാണ്. പെട്ടെന്ന് ഭർത്താവിനെ കണ്ടതും ,പറഞ്ഞത് കേട്ടു എന്ന ചിന്തയും ഒരു നിമിഷത്തേക്ക് ഭാര്യയെ സ്തബ്ധയാക്കി.പിന്നെ കരച്ചിൽ അഭിനയിച്ചുകൊണ്ട് പറഞ്ഞുകണ്ടോ ജയേട്ടാ… ഈ അമ്മയോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല. കറിവീണ സാരി ഞാനെങ്ങനെ വൃത്തിയാക്കാനാ

വീട്ടിലെ വാഷിങ്ങ് മെഷീനാണങ്ങനെ പറഞ്ഞതെങ്കിൽ കേൾക്കാനൊരു രസമുണ്ടാകുമായിരുന്നു. കാരണം വീട്ടിലെ സകല വസ്ത്രങ്ങളും അലക്കുന്നത് ആ വാഷിങ്ങ്മെഷീനാണ്.ഭക്ഷണം കഴിച്ചു തീർന്ന അമ്മയെ ജയകൃഷ്ണൻ പതുക്കെ എഴുന്നേൽപ്പിച്ചു. വെളുത്തു നരച്ച സാരിയിലൊക്കെ കറിയുടെ പാടുകൾ. കൈ പിടിച്ച് എഴുനേൽപ്പിച്ചപ്പോൾ ആ കണ്ണുകളിൽ നിന്ന് കണ്ണീരുറ്റിയോ എന്ന് സംശയം. ഭക്ഷണത്തിന്റെ കൂടെ കണ്ണീരിന്റുപ്പും അകത്തേക്ക് ചെന്നെന്ന് തോന്നുന്നു. കറിയെത്ര വീണാലും ചന്ദനത്തിന്റെ മണമാണ് അമ്മക്ക്. ചേർത്ത് പിടിച്ച് കൈ കഴുകിപ്പിച്ച് പതുക്കെ പറഞ്ഞു.അമ്മേ… സാരി മാറ്റിയുടുക്കൂ.. അവൾ പറയുന്നതൊന്നും സാരമാക്കണ്ടഅമ്മയെ തന്നിലേക്ക് ചേർത്തുപിടിച്ച് പതുക്കെ മുറിയിലേക്ക് കൊണ്ടുചെല്ലുമ്പോൾ “വിഷുക്കണി കാണിക്കാനായി പുലർച്ചെ വിളിച്ചെഴുന്നേൽപിച്ച് ,മുഖം കഴുകി, കണ്ണുപൊത്തിപ്പിടിച്ച് കണിവച്ചിടത്തേക്ക് തന്നെ കൊണ്ടുപോകുന്ന അമ്മയെയാണ് ജയകൃഷ്ണന് ഓർമ്മ വന്നത്. ഓർമ്മകൾക്കെന്നും ഗ്രാമീണതയുടെ നിഷ്കളങ്കമുഖമാണ് പച്ചപ്പ് മാത്രം ചുറ്റിലുമുള്ള നാട്ടിൻ പുറത്തായിരുന്നു കൃഷ്ണൻ മാഷുടെ തറവാട്. മാഷിന്റെ ഭാര്യ സാവിത്രിയമ്മയും മക്കളായ ജയകൃഷ്ണനും ആതിരകൃഷ്ണയുമായിരുന്നു ആ വീട്ടിൽ താമസിച്ചു കൊണ്ടിരുന്നത്. പലവിധ മാവുകളും പ്ളാവുകളും പലജാതിമരങ്ങളും തെങ്ങും കവുങ്ങും കൊണ്ട് നിബിഡമായ വലിയ പറമ്പിന് നടുവിലായിരുന്നു ആ പഴയ ഓടിട്ട വീട്.

കൊട്ടിലയും പടിഞ്ഞിറ്റയും പൂജാമുറിയുമുള്ള വീട്ടിൽ മരം കൊണ്ട് മച്ചിട്ട മുറിക്കകത്ത് എന്നും തണുപ്പായിരുന്നു. മരത്തിന്റെ എണിപ്പടി കയറി മച്ചിനു മുകളിലെത്തിയാൽ വിശാലമായ രണ്ട് റൂമുകൾ . മുകളിലുള്ള ഓട് കാണാത്ത വിധം മരപ്പലകയടിച്ച് മറച്ചിരുന്നു. ഏത് വേനലിലും ചൂടറിയാതെ ഫാനിടാതെ താമസിക്കാൻ പറ്റിയ വീട്. ഒരിക്കലും വറ്റാത്ത കിണർ വെള്ളത്തിന്റെ ലഭ്യത പറമ്പു മുഴുവൻ നിത്യകൃഷിയിടമാക്കി.ജയകൃഷ്ണൻ അഞ്ചാം ക്ലാസിലും ആതിര മൂന്നിലും പഠിക്കുമ്പോഴാണ് കൃഷ്ണൻ മാഷുടെ മരണം സംഭവിക്കുന്നത്. ചൂട്ടും കത്തിച്ച് ഇടവഴിയിലൂടെ വന്ന മാഷിനെ പാമ്പ് കടിച്ചപ്പോൾ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായില്ല. മരണമെന്തെന്ന് തിരിച്ചറിയാനാവാത്ത പ്രായത്തിലുള്ള മക്കളെ ചേർത്തുപിടിച്ച് അന്ധാളിച്ചു നിന്ന സാവിത്രിയമ്മ വിധിയോട് പൊരുതാൻ തന്നെ തീരുമാനിച്ചു.
മക്കളുടെ വിദ്യാഭ്യാസം തന്റെ ശിഷ്ടജീവിത ലക്ഷ്യമാക്കി. തുച്ഛമായ പെൻഷൻ ഉപയോഗിച്ച് മുമ്പോട്ടുള്ള യാത്ര പ്രയാസകരമായപ്പോൾ പറമ്പിലെ മരങ്ങളുടെ കടയ്ക്കൽ മഴു വീണു. എത്രയും പെട്ടെന്ന് മകനൊരു ജോലി എന്ന ലക്ഷ്യത്തിൽ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞയുടനെ അദ്ധ്യാപക പരിശീലന പഠനത്തിനു ചേർത്ത് പഠനം കഴിഞ്ഞയുടനെ തൊട്ടടുത്ത വില്ലേജിലെ സ്കൂളിൽ ചേർത്തു കഴിഞ്ഞപ്പോഴാണ് സാവിത്രിയമ്മക്ക് ആശ്വാസമായത്. പഠിക്കാൻ ബഹുമിടുക്കിയായ ആതിരയുടെ പഠനച്ചിലവ് ജയകൃഷ്ണൻ ഏറ്റെടുത്തു. തറവാട്ടിൽ സന്തോഷം തിരികെ വന്നു. അമ്മയും രണ്ടു മക്കളും സ്വപ്നങ്ങൾ കാണാൻ തുടങ്ങി.

എഞ്ചിനീയറിങ്ങിൽ മാസ്റ്റർ ബിരുദമെടുത്ത ആതിരക്ക് വിദേശ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചു. അതേ കമ്പനിയിലെ മാനേജരുമായി വിവാഹവും കഴിഞ്ഞ് വിദേശത്ത് സ്ഥിര താമസമാക്കി.
അനിയത്തിയുടെ വിവാഹ ശേഷമാണ് ജയകൃഷ്ണന്റെ വിവാഹം കഴിഞ്ഞത്. പെണ്ണന്വേഷിച്ച് നടക്കുമ്പോൾ ,ജോലി വേണമെന്ന് ആഗ്രഹമില്ലാത്തതും അമ്മയുടെ കൂടെ വീട്ടമ്മയായി കഴിയാൻ തയ്യാറുള്ളതുമായ ഒരാളെ കിട്ടണമെന്നാണ് അവൻ ആവശ്യപ്പെട്ടത്. ഒടുവിൽഎല്ലാം പറഞ്ഞുറപ്പിച്ച് , അകന്ന ബന്ധുവിനെ ജീവിത സഖിയാക്കിഉൾനാട്ടിൽ ,വീട്ടിലേക്ക് ഒരു റോഡു പോലുമില്ലാത്ത പഴയ തറവാട്ടിലെ താമസം പരിഷ്കാരിയായ പെണ്ണിന്റെ മനം മടുപ്പിച്ചു. ഓടിട്ട വീട്ടിലെ മാറാലകൾ ശത്രുക്കളായി. ചുമരിലെ പല്ലികൾ ഭീകരജീവികളായി. മുമ്പിലത്തെ വയലിലെ തവളകളുടെ കരച്ചിൽ ഉറക്കത്തെ ബാധിക്കുന്ന അലോസരങ്ങളായി. മുറ്റത്തു നിന്നും കാറിൽ കയറി ശീലിച്ചവൾക്ക് നടത്തമെന്നതും കാത്തിരുന്നുള്ള ബസ്സ് യാത്രയും അസഹനീയമായി.
റോഡരികിൽ ഒരു പുതിയ വീടെടുക്കാൻ ഒളിഞ്ഞും തെളിഞ്ഞും ആവശ്യങ്ങൾ ഉയർന്നു. ഭർത്താവ് മുഖം തിരിച്ചപ്പോൾ അമ്മയെ ശല്യപ്പെടുത്താൻ തുടങ്ങി.

ശല്യം സഹിക്കാതായപ്പോൾ ജോലി ചെയ്യുന്ന സ്കൂളിനടുത്ത് സ്ഥലം വാങ്ങി വീട് വക്കാൻ അമ്മ ആവശ്യപ്പെട്ടു. എന്നാൽ ഗ്രാമീണ നിഷ്കളങ്കതയെ നെഞ്ചേറ്റി ജീവിതശൈലി ചിട്ടപ്പെടുത്തിയ ജയകൃഷ്ണൻ , നാഗരീക ജീവിതത്തോടുള്ള വിയോജിപ്പ് അമ്മയോടും മറച്ചുവച്ചില്ല.തന്റെ വാശിയെ മുറുകെ പിടിച്ച ഭാര്യ അത് നടപ്പിലാക്കാനുള്ള മാർഗ്ഗമായി ഗർഭധാരണത്തെ മാറ്റി.ഗർഭിണിയായി ആദ്യമാസം തന്നെ, തന്റെ വീട്ടിലേക്കവൾ താമസം മാറ്റി. റോഡും വാഹനവുമില്ലാത്തിടത്ത് ഗർഭിണിയായ ഏകമകളെ അയക്കാൻ അവളുടെ മാതാപിതാക്കളും വിസമ്മതം പ്രകടിപ്പിച്ചത് സാവിത്രിയമ്മയെ വിഷമിപ്പിച്ചു. കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന് മനസ്സിലാക്കിയ ആ അമ്മ മകനെ നിർബന്ധിച്ചു കൊണ്ടെയിരുന്നു. ഒടുവിൽ സാഹചര്യങ്ങളുട സമ്മർദ്ദം അതിജീവിക്കാനാകാതെ ജയകൃഷ്ണൻ സ്കൂളിനടുത്ത് സ്ഥലം വാങ്ങി വീടു പണി പൂർത്തിയാക്കി.പുതിയ വീട്ടിലേക്ക് അമ്മയെ കൂടെ കൂട്ടാൻ ആവതു ശ്രമിച്ചുവെങ്കിലും തന്റെ ജീവിതത്തിന്റെ സുഖത്തിലും ദുഃഖത്തിലും താങ്ങും തണലുമായ, തന്റെ സ്വപ്നങ്ങൾക്ക് ജീവവായുവായ നാടിനെയും വീടിനെയും വിട്ടു പോകാൻ ആ അമ്മക്ക് കഴിയുമായിരുന്നില്ല.
എന്നാൽ തന്നെ ഒറ്റക്കാക്കി പോകാൻ മടി കാണിക്കുന്ന മകനെ സമാധാനിപ്പിക്കാൻ, അയൽപക്കത്ത് താമസിക്കുന്ന കൃഷ്ണൻമാഷിന്റെ പെങ്ങളുടെ മക്കളെ രാത്രി കൂട്ടിന് വിളിച്ചു. രണ്ട് മക്കളുണ്ടായിട്ടും ഏകാന്തതയുടെ വഴിയിൽ സഞ്ചരിക്കുന്നതിന്റെ തീരാദു:ഖം മകനിൽ നിന്നും മറച്ചു പിടിച്ച് മുഖത്ത് സന്തോഷം വരുത്തി.

കാലം കടന്നുപോയത് അതിവേഗതയിലായിരുന്നു. ജയകൃഷ്ണന്റെ മകൻ വളർന്ന് വലുതായി. എല്ലാ അവധി ദിവസങ്ങളിലും തറവാട്ടിൽ അമ്മയുടെ അടുത്തായിരുന്നു യദു .രണ്ടോ മൂന്നോ വർഷങൾ കൂടുമ്പോൾ മാത്രം വരുന്ന വിരുന്നുകാരിയായി വിദേശത്തുള്ള മകൾ ആതിരകൃഷ്ണ . കഷ്ടപ്പെട്ട് വരേണ്ടെന്ന് പല പ്രാവശ്യം പറയാനോങ്ങിയെങ്കിലും അമ്മ പറഞ്ഞില്ല.ഏക മകന് സർക്കാർ ജോലി കിട്ടിയപ്പോൾ തന്റെ ജോലി രാജിവച്ച് അമ്മയുടെ കൂടെ കൂടാൻ ജയകൃഷ്ണനാഗ്രഹിച്ചുവെങ്കിലും വീടിന്റെ പേരിലുള്ള കടം അയാളെ പിന്തിരിപ്പിച്ചു. ഒടുവിൽ ജോലിയിൽ നിന്നും റിട്ടയർ ചെയ്തശേഷമാണ് അമ്മയെ നിർബന്ധിച്ച് കൂടെ കൂട്ടിയത്. നാട്ടിൻപുറങ്ങളിലുള്ള, അടച്ചിട്ട പഴയകാല തറവാടുകളുടെ എണ്ണത്തിൽ ഒന്നുകൂടി വർദ്ധിച്ചു. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ അമ്മ തന്റെ നാടും വീടും വിട്ടിറങ്ങിയത്.നഗരത്തിലെ വീട്ടിലേക്ക് അമ്മയെ കൂട്ടുമ്പോൾ എതിർപ്പൊന്നും പ്രകടിപ്പിക്കാതിരുന്ന ഭാര്യ , തന്റെ അമ്മയെ സ്വന്തം അമ്മയെപ്പോലെ പരിചരിക്കുമെന്നാഗ്രഹിച്ച ജയകൃഷ്ണന് കുറച്ചു നാളുകൾ കൊണ്ടു തന്നെ പൊരുത്തമില്ലായ്മ ബോധ്യപ്പെട്ടു. വാർദ്ധക്യ കാലത്ത് സ്വസ്ഥതയും സമാധാനവുമാഗ്രഹിക്കുന്ന അമ്മയെ എങ്ങിനെ സന്തോഷിപ്പിക്കണമെന്നറിയാതെ ആ മകൻ വേവലാതിപൂണ്ട് നടക്കുമ്പോഴാണ് ഭാര്യയുടെ വാക്കുകൾ ഇടിത്തീ പോലെ അയാളിൽ പതിച്ചത്.ജയാ… മോനേ.. നീ ഈ വാർത്ത ഒന്ന് വായിച്ചു നോക്കിക്കേ.
രാവിലത്തെ പത്രവായന ഒരു ദിനചര്യയായി ഇപ്പോഴും തുടരുന്ന അമ്മയുടെ അടുത്തിരുന്ന് എന്തോ ആലോചിച്ചു കൊണ്ടിരുന്ന ജയകൃഷ്ണന്റെ നേർക്ക് അമ്മയാ പത്രം നീട്ടി.

തൊട്ടടുത്ത പഞ്ചായത്തിൽ പുതുതായി ആരംഭിച്ച “കാരുണ്യ” വൃദ്ധ സദനത്തിന്റെ വിശേഷങ്ങളായിരുന്നു അതിൽ. പ്രവാസി മലയാളി കൂട്ടായ്മ നടത്തുന്ന ആ കാരുണ്യ മന്ദിരത്തിന്റെ വാർത്ത വായിച്ച് അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കിയ ജയനോട് അമ്മ പറഞ്ഞു.മോൻ വിഷമിക്കുകയൊന്നും വേണ്ട .എന്റെ പ്രായത്തിലുള്ള ഒരുപാടു പേർ ഇത്തരം സ്ഥലങ്ങളിൽ സന്തോഷത്തോടെ കഴിയുന്നുണ്ട്. അവിടെ ചെന്നാൽ ആരെങ്കിലും അറിയുന്നവർ ഉണ്ടാകും. അഥവാ ഇല്ലെങ്കിലും സമപ്രായക്കാർ ഉണ്ടാവില്ലെ. അവരോടൊത്ത് ജീവിത കഥകൾ പങ്കുവച്ച് ഒരേ ദിശയിൽ സഞ്ചരിക്കുന്നത് ആശ്വാസകരമാകും. പിന്നെ മോനെപ്പോൾ വേണമെങ്കിലും അവിടെക്ക് വരാലോ .അതുകൊണ്ട് മോനൊന്ന് അന്വോഷിക്ക് .നിറഞ്ഞ കണ്ണുനീരുമായി വീണ്ടും പത്രത്തിലേക്ക് നോക്കിയപ്പോഴാണ് വാർത്തയുടെ താഴെ ചെറിയ കോളത്തിൽ ഒരു പരസ്യം കണ്ടത്….
ദൈന്യതയുടെ ഭാവം അയാളുടെ മുഖത്തു നിന്നും പെട്ടെനാണ് മാറിയത്. കണ്ണുകളിൽ അസാധാരണ തിളക്കത്തോടെ മറുപടി പറഞ്ഞു. അമ്മേ.. നാളത്തന്നെ അന്വേഷിക്കാം.പിറ്റെ ദിവസം വ്യദ്ധ സദനത്തിലെത്തി. നിരനിരയായി നിൽക്കുന്ന മുറികളിൽ ഓഫീസിനോട് ചേർന്നു നിൽക്കുന്ന മുറി മുൻകൂർ തുകയടച്ച് അമ്മക്ക് വേണ്ടി ഏർപ്പാടാക്കി.

തിരിച്ച് വീട്ടിൽ വന്ന് അമ്മയോട് കാര്യം പറഞ്ഞപ്പോൾ നാളെത്തന്നെ പോകാമെന്നായി . ഈ വീടും , വീട്ടിലെ അന്തരീക്ഷവും അമ്മ എത്രമാത്രം വെറുത്തുപോയെന്ന് അയാൾ ഒരു നിമിഷം ഓർത്തു. ഇടർച്ചയോടെ ആ മകൻ കെഞ്ചി. അമ്മേ.. അടുത്ത മാസം ഒന്നാം തീയതി പോകാം. ഒരു പത്ത് ദിവസം കൂടി.
മകന്റെ സങ്കടം അമ്മക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
അങ്ങനെ ആ ദിവസവും വന്നെത്തി. രാവിലെ കുളി കഴിഞ്ഞ് ഭക്ഷണവും കഴിച്ച് അമ്മ പോകാൻ തയാറായി. വൃദ്ധസദനത്തിലേക്കാണെന്നറിഞ്ഞിട്ടും , തറവാട്ടിലേക്ക് പോകുന്ന അമ്മയെ യാത്രയയക്കുന്നതു പോലെ മരുമകൾ അവരെ യാത്രയാക്കി.വ്യദ്ധ സദനത്തിലെ അപരിചമായ ചുറ്റുപാടിൽ എത്തിപ്പെട്ടപ്പോൾ അമ്മ മകന്റെ കൈവിരലുകൾ അമർത്തിപ്പിടിച്ചു. പിച്ചവച്ചു നടക്കാൻ പഠിപ്പിച്ച ആ കൈ വിരലുകൾക്ക് പതിവിലേറെ വിറയലുള്ളതായി അയാൾക്ക് തോന്നി.പുറത്ത് വരാന്തയിൽ ആരെയോ കാത്തിരിക്കുന്ന ഒരമ്മ ജയനെ നോക്കി വിറയലോടെ ചോദിച്ചുമോൻ ഈ അമ്മയെ ഇവിടെ കൊണ്ടു വിടാൻ വന്നതാണോ?
അതെ ജയന്റെ മറുപടി കേട്ടപ്പോൾ ആ അമ്മ സങ്കടത്തോടെ പറഞ്ഞു.മോൻ ഇടക്ക് കാണാൻ വരണേ ”
അതും പറഞ്ഞ് കണ്ണീരോടെ പോകുന്ന ആ അമ്മയെ ഒരു നിമിഷം നോക്കി നിന്നു പോയി.
ഓഫീസിനോട് ചേർന്നുള്ള മാനേജരുടെ മുറിക്ക് തൊട്ടടുത്തായിരുന്നു അമ്മയുടെ മുറി.വൃത്തിയായി പരിപാലിച്ചിരിക്കുന്ന മുറിയിൽ കട്ടില് കൂടാതെ ഒരലമാരയും മേശയും കസേരയുമുണ്ടായിരുന്നു.

കൊണ്ടുവന്ന വസ്ത്രങ്ങൾ അലമാരയിൽ വച്ചു. റൂമിനകത്തു തന്നെയായിരുന്നു. ടോയ്ലറ്റ് സൗകര്യങ്ങൾ .
റൂമിൽ കയറിയപ്പോൾതൊട്ട് ആരൊക്കെയോ പരിചയപ്പെടാൻ വന്നു. വന്നവരൊക്കെ തിരിച്ചു പോകുമ്പോൾ തന്റെ നേർക്കുളള നോട്ടം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതായി ജയന് തോന്നി.
യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മയുടെ കണ്ണിലെ അഗാധദുഖത്തിന്റെ അലയൊലികൾ മകൻ കണ്ടില്ലെന്ന് നടിച്ചു. അവൻ തിരികെ പോകുന്നത് ഹൃദയം പറിഞ്ഞു പോകുന്ന വേദനയോടെ അമ്മ നോക്കി നിന്നു .
പിറ്റെ ദിവസം ഞായറാഴ്ചയായിരുന്നു. രാവിലത്തെ ഇളം വെയിലിൽ പുറത്തെ മുറ്റത്ത് നിരനിരയായി നിർത്തി വ്യായാമങ്ങൾ പറഞ്ഞുതരുന്നത് ചെയ്തു കൊണ്ടിരുന്നപ്പോൾ , റിപ്പബ്ലിക്ക്ദിന പരേഡിന്റെ പരിശീലനത്തിന് ചേർന്ന ജയൻ അടുക്കളയിൽ വന്ന് കാണിച്ചുതന്ന വ്യായാമങ്ങളാണ് ഓർമ്മ വന്നത്. അറിയാതെ ഒരു ചിരി ചുണ്ടുകളിൽ തത്തിക്കളിച്ചു.തിങ്കളാഴ്ച രാവിലെ വ്യായാമം കഴിഞ്ഞ് രാവിലത്തെ ഭക്ഷണവും കഴിച്ച് മുറിയിൽ വിശ്രമിക്കുമ്പോൾ വാതിലിൽ ആരോ തട്ടുന്നു.അമ്മേ ….. വാതിൽ തുറന്നേ . പുതിയ മാനേജർ വന്നിട്ടുണ്ട്. എല്ലാവരെയും കാണണമെന്ന് പറഞ്ഞു. ഓഫീസിലോട്ട് ചെല്ലൂഓഫീസിലെ ജോലിക്കാരി ഓരോരുത്തരെയും വിളിച്ചു പറയുന്നു.. എല്ലാവരും ഒരുമിച്ച് ഓഫീസിലേക്ക് ചെന്നു. വിശാലമായ ഓഫിസിനകത്ത് കസേരകൾ നിരത്തിയിട്ടിരി ക്കുന്നുണ്ട്. ഒരാൾ കറങ്ങുന്ന കസേരയിൽ ചുമരരുകിലുള്ള കമ്പ്യൂട്ടറിൽ നോക്കി എന്തോ ചെയ്യുന്നു. ജോലിക്കാരി എല്ലാവരോടും കസേരയിലിരിക്കാൻ പറഞ്ഞു.
കമ്പ്യൂട്ടറിൽ നോക്കുന്നയാൾ തിരിഞ്ഞ് എല്ലാവരെയും നോക്കി മധുരമായി ചിരിച്ചു. ആ ചിരി എവിടെയോ കണ്ടതുപോലെ സാവിത്രിയമ്മക്ക് തോന്നി….. ഇത് തന്റെ മകനല്ലെ ? തന്റെ പൊന്നു മകൻ?

അമ്മ അധികം ചിന്തിച്ച് തലപുണ്ണാക്കണ്ട. ഇത് ഞാൻ തന്നെയാ . അയാൾ ചിരിച്ചുകൊണ്ട് തുടർന്നു
അന്ന് അമ്മ കാണിച്ചു തന്ന പത്രത്തിൽ ഒരു പരസ്യം ഉണ്ടായിരുന്നു. ഇവിടെ ഒരു മാനേജരെ ആവശ്യമുണ്ടെന്ന്. താമസവും ഭക്ഷണവും മാത്രം സ്വീകരിച്ച് സന്നദ്ധസേവനം നടത്താൻ തയ്യാറുള്ളവർ ബന്ധപ്പെടാൻ പറഞ്ഞു.. അമ്മയുടെ തൊട്ടടുത്ത റൂമിൽ താമസവും അമ്മയോടൊപ്പമുള്ള ജീവിതവുമാണെന്റെ കൂലി. ഇനി നിങ്ങൾക്കെല്ലാവർക്കും സ്വന്തം മകനായി എപ്പോഴും ഞാൻ കൂടെയുണ്ടാകും. ”
കുറച്ചുസമയത്തേക്ക് ആ മുറിയിലുണ്ടായിരുന്ന നിശബ്ദത ഭേദിച്ചത് സാവിത്രിയമ്മയുടെ തേങ്ങലാണ്. ആ കണ്ണിൽ നിന്നും താഴെക്കുറ്റിയ കണ്ണുനീർ ആനന്ദത്തിന്റെതായിരുന്നു. തന്റെ കസേരയിൽ നിന്നെഴുന്നേറ്റ് അമ്മയുടെ കസേര ചുവട്ടിൽ നിലത്തിരുന്ന് മടിയിൽ തലചായ്ച് കിടന്നപ്പോൾ അവന്റെ മുടിയിഴകളെ തലോടാൻ വിറക്കുന്ന കൈവിരലുകളുടെ മത്സരമായിരുന്നു.

എഴുതിയത് : രാജീവൻ എ പി