വെയിറ്റ് നോക്കുന്ന മെഷീനാണു അയാളുടെ ജീവിത മാർഗം ഒരാൾക്ക് 3 രൂപ ചാർജ് ദിവസം ആകെ കിട്ടുന്ന 150 രൂപയിൽ എങ്ങനെ ജീവിക്കും എന്ന് ചോദിച്ചപ്പോൾ ആളുടെ മറുപിടി ഞെട്ടിച്ചു

EDITOR

മുംബൈയിൽ ജോലി ചെയ്യുന്ന സമയം താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെയുള്ള റോഡ് സൈഡിൽ ഒരു അൻപത് വയസിനോട് അടുത്ത് പ്രായമുള്ള ഒരു മനുഷ്യൻ നിലത്ത് വെയിറ്റ് നോക്കുന്ന മെഷീനുമായി ഇരിക്കുന്നത് കാണാം… വെയിലും മഴയും കൊള്ളാതിരിക്കാൻ ഒരു പഴയ കാലൻ കുടയും പിന്നെ ആ മെഷീനും മാത്രമാണ് ആകെയുള്ളത്.ഞാൻ ഒരു ദിവസം അതിൽ കേറി നിന്ന് വെയിറ്റ് നോക്കി…3 രൂപ… ഞാൻ ചോദിച്ചു ഒരു ദിവസം എത്ര പേർ ഇങ്ങനെ നോക്കുമെന്ന്… അയാൾ പറഞ്ഞു കൂടി പോയാൽ ഒരു അൻപത് പേർ… ഞാൻ കണക്ക് കൂട്ടി.ഒരു ദിവസം അയാൾക്ക് കിട്ടുന്ന വരുമാനം കൂടി പോയാൽ നൂറ്റി അൻപത്… മാസം മുഴുവൻ പണിയെടുത്താലും അയാൾക്ക് കിട്ടുന്നത് ഏറിയാൽ 4500…ഞാൻ അയാളോട് ചോദിച്ചു ഇത് വളരെ കുറവല്ലേ, വേറെ എന്തേലും ജോലി നോക്കിക്കൂടെ എന്ന്… അയാൾ പറഞ്ഞു അയാളൊരു ഹാർട്ട്‌ പേഷ്യന്റ് ആണ്, അത് കൊണ്ട് തന്നെ അധ്വാനമുള്ള ജോലികൾ ചെയ്യാൻ പറ്റില്ല… പിന്നെ മകളടക്കമുള്ള കുടുംബത്തെ നോക്കാൻ ഇത് അല്ലാതെ വേറെ വഴി ഇല്ലാന്ന്… ഞാൻ പേഴ്സിൽ അപ്പോൾ ഉണ്ടായിരുന്ന ഒരു അൻപത് രൂപ നോട്ട് എടുത്ത് കൊടുത്തു അയാൾ കൈ കൂപ്പി കൊണ്ട് വേണ്ടാ എന്ന് പറഞ്ഞു… എനിക്ക് അതൊരു വല്ലാത്ത അതിശയം തോന്നി.പിന്നെ അവിടെ ജോലി ചെയ്ത കുറച്ച് ദിവസങ്ങളിൽ മിക്ക ദിവസവും ഞാൻ എന്റെ വെയിറ്റ് നോക്കും… എന്റെ വെയിറ്റിന് മാറ്റം ഒന്നും ഉണ്ടായിട്ടല്ല, അയാൾ എത്ര കഷ്ടപ്പാട് ആയാലും പണിയെടുത്ത പൈസയെ വാങ്ങു എന്നുള്ളത് കൊണ്ട് മാത്രം.ഇങ്ങനെ ചില മനുഷ്യരുണ്ട്…എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ള മനുഷ്യർ അവരാൽ കഴിയുന്ന ജോലികൾ ചെയ്ത് ജീവിതം നയിക്കുന്ന കാഴ്ചയോളം എനിക്ക് പ്രചോദനം നൽകുന്ന മറ്റൊന്നില്ല.

ജീവിതം എല്ലാവർക്കും ഒരേ പോലെയല്ല…” ഈ ടാഗ് ലൈന്റെ ഉള്ളടക്കത്തിൽ ജീവിക്കുന്ന അനേകം മനുഷ്യർ…നമ്മൾ നോക്കി കാണേണ്ടത് അവർ ആരും പത്ത് പൈസക്ക് വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്നില്ലലോ എന്നതാണ്… ജീവിതത്തെ ഒരു ചലഞ്ച് ആക്കി ഓരോ ദിവസവും ജീവിക്കുന്ന മനുഷ്യരാണവർ…നന്നായി പൊക്കൊണ്ടിരിക്കുന്ന ഒരു ജീവിതത്തിൽ പെട്ടെന്നൊരു പ്രതിസന്ധി വരുന്നത് കൊണ്ട് തളർന്നു പോയി ആത്മഹത്യ ചെയ്യുന്ന മനുഷ്യരുടെ വാർത്തകൾ കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് മേലെ പറഞ്ഞ മനുഷ്യരെ പറ്റിയാണ്… അവർക്ക് ഒരു പക്ഷേ ബാങ്ക് ബാലൻസ് ഉണ്ടാവില്ല… നാളേക്ക് സേവിങ്സ് ഉണ്ടാവില്ല… വലിയ പ്ലാനിങ്ങുകളും ഉണ്ടാവില്ല പക്ഷേ ഇന്നത്തെ ജീവിതം ജീവിക്കാൻ ആവശ്യമായത് അവർ പോരാടി നേടും… ട്രെയിനിൽ വന്ന് പാട്ട് പാടുന്നവർ, തെരുവിൽ സർക്കസ് നടത്തുന്നവർ, വഴിയോരങ്ങളിൽ ഉന്തു വണ്ടിയിൽ കച്ചവടം ചെയ്യുന്നവർ, ഉത്സവ പറമ്പുകളിൽ ബലൂൺ വിക്കുന്നവർ അങ്ങനെ ആരുമായിക്കൊള്ളട്ടെ ഇവരുടെയൊക്കെ സ്ട്രഗിൽ ഒരു വലിയ പാഠമാണ്… അവർ നമ്മളോട് ആവശ്യപ്പെടുന്നത് അവർ ചെയ്യുന്ന തൊഴിലിന്റെ കൂലി മാത്രമാണ്… അത് വില പേശാതെ മാന്യമായത് അവർക്ക് കൊടുക്കുക എന്നതാണ് നമ്മുക്ക് അവരോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം.
ഓർമയിൽ വന്ന ഒരു കാര്യം കൂടി പറഞ്ഞു നിർത്താം… വീടുകൾ തോറും കയറി ഇറങ്ങി സാധനങ്ങൾ വിൽക്കുന്ന ഒരു പെൺകുട്ടി വർഷങ്ങൾക്ക് മുന്നേ എന്റെ വീട്ടിൽ വന്നു… സാധാരണ ഇങ്ങനെ ഉള്ള ആളുകളെ ഗേറ്റിൽ വെച്ച് കണ്ടാൽ തന്നെ അമ്മ ഒഴിവാക്കും.

അതിന് അമ്മ പറയുന്ന ന്യായം ഒന്ന് അവരുടെ സാധങ്ങൾക്ക് ക്വാളിറ്റി ഉണ്ടാവില്ല, രണ്ട് അവരോട് സംസാരിച്ചു പോയാൽ വാങ്ങാതെ വിടുന്നതും വിഷമം ആണ് എന്നാണ്.അത് കൊണ്ട് തന്നെ അവർ കടന്ന് വരുമ്പോഴേ “ഒന്നും വേണ്ടാ” എന്ന് നോക്കാതെ പോലും പറഞ്ഞു കളയും എനിക്ക് ജോലി കിട്ടിയ ശേഷം ഞാൻ ഇത്തരക്കാർ വന്നാൽ എന്തേലും വാങ്ങാതെ വിടില്ല ആവശ്യം ഉണ്ടോ ഇല്ലിയോ എന്നൊന്നും ഞാൻ നോക്കാറില്ല… അത്തരത്തിൽ വന്ന ആ പെൺകുട്ടിയുടെ കയ്യിൽ നിന്ന് സ്റ്റീൽ ചിരട്ട പുട്ടിന്റെ പ്ളേറ്റ് വാങ്ങിയതിനു ഞാൻ അന്ന് കുറെ ചീത്ത വിളി കേട്ടിരുന്നു.കാരണം വീട്ടിൽ വേറെ രണ്ട് പുട്ട് കുറ്റി ഉള്ളപ്പോൾ എന്തിനാണ് ചിരട്ട പുട്ട് എന്നായിരുന്നു ചോദ്യം ന്യായമായ ചോദ്യം ഉത്തരമില്ല… എന്നെങ്കിലും ഉപകാരപ്പെടുമെന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാൻ അത് വാങ്ങിവെച്ചു.പിന്നീട് ജോലി സംബന്ധിച്ച് പല സ്ഥലങ്ങളിലും പോയപ്പോൾ സ്വന്തമായി കുക്കിംഗ്‌ ചെയ്യേണ്ട അവസരങ്ങളിൽ പുട്ട് കഴിക്കണം എന്ന എന്റെ മോഹം തീർത്ത് തന്നത് അന്ന് വാങ്ങിയ ആ ചിരട്ട പുട്ട് ആയിരുന്നു… അന്ന് അതിന് ഉപകാരമില്ലായിരുന്നു, പക്ഷേ പിന്നീട് അതിന് ഗുണം ഉണ്ടായി എന്നതാണ് സത്യം.അത് വാങ്ങുന്നത് അവരോടുള്ള സഹതാപം കൊണ്ടല്ല… മറിച്ച് അവർ മാന്യമായി ചെയ്യുന്ന തൊഴിലിനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ്… നമ്മൾ ചെയ്യുന്ന ഒരു ചെറിയ സഹായം അവർക്ക് അത്രയും ഊർജമാകും.ഒന്ന് ഓർത്ത് നോക്കൂ പകലന്തിയോളം പല വീടുകൾ കയറിയിട്ടും ഒരാള് പോലും ഒന്നും വാങ്ങാതെ അവരെ പറഞ്ഞയിക്കുന്ന അവസ്ഥ.
മുന്നേ പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു ഇത്തരം മനുഷ്യരുടെ സ്ട്രഗിൾ നിറഞ്ഞ ജീവിതം ഒരു വലിയ ടെക്സ്റ്റ്‌ ബുക്കാണ്… ജീവിതത്തിൽ തിരിച്ചടികൾ വരുന്ന സമയത്ത് അവരെ പറ്റി കൂടി ആലോചിക്കുക… ചുറ്റും വെറുതെ കണ്ണോടിച്ചു നോക്കുക വലിയ വലിയ മോട്ടിവേഷൻ ക്ലാസുകളെക്കാൾ ഇത്തരം മനുഷ്യരുടെ ചെറിയ ജീവിതങ്ങൾ നമ്മുക്ക് ഗുണം ചെയ്യും.

എഴുതിയത് : പ്രവീൺ പ്രഭാകർ