നിപ്പ ആയി കൊണ്ടുവന്ന മൂന്നു രോഗികളിൽ രണ്ടുപേരെ ചികിത്സയ്ക്കുവാനുള്ള അവസരം ലഭിച്ചു ഈ രണ്ടു രോഗികളും രണ്ടാമത്തെ പിസിആർ ടെസ്റ്റ് ഇന്ന് നെഗറ്റീവ് ആയി കുറിപ്പ്

EDITOR

അതീവ ജാഗ്രത പുലർത്തേണ്ട രോഗങ്ങളുടെ പട്ടികയിലും ,ബ്ലു പ്രിന്റ് ഡിസീസസ് ലിസ്റ്റിലും ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്ന രോഗമാണ് നിപ്പ. കേരളത്തിൽ 2018 ലാണ് ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത്. അതിതീവ്ര രോഗാവസ്ഥയുണ്ടാക്കുന്ന നിപ്പാ രോഗത്തിന്റെ മരണ സാധ്യത 60 മുതൽ 90% വരെയാണ്. വാക്സിനോ ,കൃത്യമായ ആന്റിവൈറൽ മരുന്നുകളോ ഇല്ലാത്ത രോഗമാണ് ഇത്‌. അന്ന് ഞങ്ങൾ ചികിത്സിച്ച അഞ്ചു രോഗികളെയും മരണം കീഴ്പെടുത്തി. രോഗത്തിന്റെ ശാസ്ത്രീയ വശങ്ങളും മുൻപുള്ള കൂടിയ മരണനിരക്കും മനസ്സിലാക്കിയിട്ടും ഈ പരാജയം ഒരു ഡോക്ടർ എന്ന നിലയിൽ മനസ്സിനെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഇതൊക്കെ മെഡിക്കൽ സയൻസിന്റെ പരിമിതികളും രോഗത്തിന്റെ തീവ്രതയും മൂലമാണെന്ന് തിരിച്ചറിഞ്ഞ് ഒപ്പം നിന്ന ഒരു സമൂഹവും പൊതുജനാരോഗ്യ സംവിധാനവും നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. ദീർഘകാല ഗവേഷണങ്ങളും രാഷ്ട്രീയ പൊതുജന പങ്കാളിത്തത്തോടെയുള്ള ബോധവൽക്കരണവും ആവശ്യമായ മഹാവ്യാധിയുടെ കടന്നുപോക്ക് എന്റെ ഔദ്യോഗിക ജീവിതത്തിൽ നൽകിയ സംഭാവനകളും ചെറുതല്ല. ഐസിയുവിന്റെ നാല് ചുമലുകൾക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിന് അപ്പുറം മാനവികതയും, സാമൂഹിക ഉത്തരവാദിത്വവും ചേർത്തുപിടിക്കേണ്ടത് ആരോഗ്യ രംഗത്ത് അനിവാര്യമാണെന്ന് ഈ കാലഘട്ടം എനിക്ക് നൽകിയ തിരിച്ചറിവായിരുന്നു.

ജീവിതനിഷേധത്തിന്റെ അധികഠിനമായ അസ്വാതന്ത്ര്യത്തിൻ്റെ നിബന്ധനകൾ സാമൂഹിക സാമൂഹ്യ ക്രമമായി മാറിയ കോവിഡ് കാലത്ത് ഒരു വലിയ വിഭാഗം രോഗികളെ ചികിത്സിക്കുവാൻ കഴിഞ്ഞതും വലിയ ഒരു അനുഭവമായിരുന്നു .ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും നിപ്പാരോഗം 2023 സെപ്റ്റംബറിൽ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയായിരുന്നു. ഇത്തവണയും ആസ്റ്റർ മിംസിൽ കൊണ്ടുവന്ന മൂന്നു രോഗികളിൽ രണ്ടുപേരെ ചികിത്സയ്ക്കുവാനുള്ള അവസരം ലഭിച്ചു. ഇവിടുത്തെ ആദ്യ രോഗി ആസ്റ്റർ മിംസിൽ എത്തിയ ഉടനെ തന്നെ മരണപ്പെട്ടു.മറ്റു രണ്ടു പേരെ ഞാനും സഹപ്രവർത്തകൻ ഡോക്ടർ സതീഷ് കുമാറും (പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ ഫിസിഷൻ ) ആണ് പിന്നീട് ചികിത്സിച്ചത്. സാധാരണയായി നിപ്പാരോഗം ബാധിച്ച രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് രോഗലക്ഷണങ്ങൾ മാറിയ ശേഷമുള്ള ഒരു പിസിആർ ടെസ്റ്റും അതിന് അഞ്ച് ദിവസം കഴിഞ്ഞിട്ടുള്ള അടുത്ത പിസിആർ ടെസ്റ്റും നെഗറ്റീവ് ആയി എന്ന് ഉറപ്പിച്ചതിനുശേഷമാണ്. ഈ രണ്ടു രോഗികളും രണ്ടാമത്തെ പിസിആർ ടെസ്റ്റ് ഇന്ന് നെഗറ്റീവ് ആയി ആശുപത്രി വിടുകയാണ്. 14 ദിവസം കൂടി അവർ വീട്ടിൽ ഐസൊലേഷനിൽ തുടരേണ്ടി വരും.

രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നു കുഞ്ഞ്. വെന്റിലേറ്ററിൽ പ്രവേശിക്കപ്പെട്ടിട്ടുള്ള നിപ്പാ രോഗബാധിതാനായ ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് അത്യപൂർവ്വമാണ്. അങ്ങനെ ഒരു റിപ്പോർട്ട് ഒരു മെഡിക്കൽ ജേർണലുകളിലും പ്രസിദ്ധീകരിച്ചതായി പോലും ഇതുവരെ കണ്ടിട്ടില്ല. മറ്റ് ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന രണ്ട് രോഗികളും സുഖം പ്രാപിച്ചു വരുന്നത് ആയിട്ടാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്.2018 ന് ശേഷം കേരളത്തിന്റെ ആരോഗ്യരംഗത്തുള്ള ഒരു വൻ നേട്ടമാണിത്. തുടക്കത്തിൽ തന്നെ സാധിച്ച രോഗനിര്ണയത്തിന്റെയും കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി സാധിച്ച ഇത്തവണത്തെ രോഗനിയന്ത്രണവും ,ഒത്തൊരുമയുടെയും പ്രതിരോധത്തിന്റെയും നിർണായകമായ ഏടുകൾ ലോക ആരോഗ്യചരിത്രത്തിൽ രചിക്കുകയാണ്.
സാഹചര്യങ്ങളും സാധ്യതകളും ഇപ്പോഴും മുൻപിൽ ഉണ്ട്. രോഗ വ്യാപന രീതികളും ,രോഗപ്രതിരോധത്തിന്റെ കൂടുതൽ തലങ്ങളും ചികിത്സയുടെ മറ്റു മാർഗങ്ങളും തുടർ നിരീക്ഷണത്തിനും പഠനത്തിനും വിധേയമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

എഴുതിയത് : ഡോക്ടർ അനൂപ് കുമാർ എ എസ്