ഷുഗർ 600നു മുകളിൽ ഒരു സ്ത്രീ കാണാൻ വന്നു മരുന്ന് തുടങ്ങി ഒരുമാസത്തിൽ നോർമൽ ആയി ശേഷം അവരുടെ സുഹൃത്തിൻെറ നിർദേശ പ്രകാരം മറ്റൊരു ചികിത്സ ചെയ്തു ഇപ്പൊ അവരുടെ അവസ്ഥ കണ്ണ് നിറച്ചു

EDITOR

ഒറ്റപ്പാലത്തു പ്രാക്ടീസ് ചെയ്യുന്ന കാലത്ത് 600mg% മുകളിൽ sugar കൂടി ആകെ അവശയായ ഒരു സ്ത്രീ എന്നെ കാണാൻ വന്നു. ഇൻസുലിൻ ഉൾപ്പെടെ മരുന്നുകളൊക്കെ തുടങ്ങി ഏതാണ്ട് ഒരു മാസം കൊണ്ടു ഷുഗർ പൂർണ്ണമായും നോർമലായി അവർ ആരോഗ്യം വീണ്ടെടുത്തു. മരുന്നുകളുടെ ഡോസ് ഞാൻ ക്രമേണ കുറച്ച് വരികയായിരുന്നു.. അങ്ങനെയിരിക്കെ പിന്നെ കുറേ കാലം അവരെ കണ്ടില്ല..4-5 മാസം കഴിഞ്ഞപ്പോൾ വീണ്ടും ആദ്യത്തേതിലും മോശമായ അവസ്ഥയിലാണ് അവരെ വീണ്ടും കാണുന്നത്. ഷുഗർ വീണ്ടും 600 ന് മുകളിൽ.എന്തു പറ്റി? മരുന്നുകൾ നിർത്തിയോ? ഞാൻ ചോദിച്ചു.ഷുഗർ നോർമൽ ആയപ്പോൾ വീടിന്റെ അടുത്തുണ്ടായിരുന്ന ഒരാൾ പറഞ്ഞു acupuncture ചികിത്സ ചെയ്താൽ മതി, ഷുഗറിന് ബെസ്റ്റാണ്.. സൈഡ് എഫക്ടസ് ഒന്നുമില്ല. കിഡ്നിയൊന്നും അടിച്ചു പോകില്ല. മറ്റേ മരുന്നുകൾ ആരോഗ്യത്തിനു ഹാനികരമാണ്… അങ്ങനെ പറഞ്ഞു പ്രലോഭിപ്പിച്ചു പാലക്കാടോ മറ്റോ ഉള്ള ഒരു acu ഹോസ്പിറ്റലിൽ അവരെ എത്തിച്ചു.

മരുന്നുകൾ നിർത്തിക്കാതെ വേണേൽ സൂചി കുത്തിയിരുന്നേലും സഹിക്കാമായിരുന്നു. ഒറ്റയടിക്ക് ഇൻസുലിൻ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും നിർത്തിച്ചു. Acu ചികിത്സ തുടങ്ങി. രോഗിക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട ഉപദേശം എന്തായിരുന്നെന്നോ… ഒരിക്കലും ഷുഗർ ചെക്ക് ചെയ്തു നോക്കരുത് എന്ന്..! Acu സൂചി കുത്തിയാൽ മാത്രം മതി.. ഒരിക്കലും ഷുഗർ നോക്കരുത്!!ഒരൽപ്പം ബോധമുള്ള ഒരാൾ ഇത് കേട്ടാൽ അതങ്ങ് പള്ളിയിൽ പറഞ്ഞാൽ മതി എന്ന് പറഞ്ഞു തിരിച്ചു പോരില്ലേ… എന്നാൽ അതിനുള്ള ബോധം അവർക്ക് ഇല്ലാതെ പോയി. ക്രമേണ പഴയ ക്ഷീണവും മൂത്രമൊഴിക്കലും ശരീരം മെലിയലും തിരിച്ചു വന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവർക്ക് മനസ്സിലായി ഷുഗർ കൂടിയിട്ടുണ്ടെന്നു. പരിശോധിച്ച് നോക്കിയപ്പോൾ 600 ന് മുകളിൽ. ഉടൻ തന്നെ acu നെ വിളിച്ചു ചോദിച്ചു.നിങ്ങളോട് ഷുഗർ നോക്കരുതെന്നു പറഞ്ഞിട്ടില്ലേ.. ഷുഗർ കൂടിയാലും കുഴപ്പമില്ല. Acu ചെയ്യുമ്പോൾ പ്രമേഹത്തിന്റെ പ്രശ്നങ്ങൾ നിങ്ങളുടെ ശരീരത്തെ ബാധിക്കില്ല എന്ന് acu ഡോക്ടർ ആശ്വസിപ്പിച്ചെങ്കിലും ഇത്തവണ അത് മനസ്സിലാക്കാനുള്ള വകതിരിവ് അവർ കാണിച്ചു.. സൂചി പരിപാടി മതിയാക്കി വീണ്ടും തിരിച്ചു എന്റെയടുത്തു തന്നെ വന്നു.

സ്വന്തം കുടുംബത്തിലും ഇതുപോലെ ഒരു അനുഭവം ഉണ്ടായി.. ഷുഗർ കൂടി കാലിൽ മുറിവ് വന്നു പഴുത്തു ചീഞ്ഞിട്ടും acu ചികിത്സയിൽ ഉറച്ചു നിന്നു. ഉന്നത വിദ്യാഭ്യാസമുള്ള ആളാണ്! വീട്ടുകാർ ആശുപത്രിയിൽ പോകാൻ ഏറെ നിർബന്ധിച്ചിട്ടും കൂട്ടാക്കിയില്ല.ജേക്കബ് വടക്കൻ, മോഹനൻ തുടങ്ങിയ ഗജ ഫ്രോഡുകളായ വ്യാജന്മാരുടെ മാത്രം കൂടെ കാണാറുണ്ടായിരുന്ന, ഇടയ്ക്ക് ചില പോസ്റ്റുകളിലൂടെയും മറ്റും ഞാൻ തന്നെ നേരിട്ട് ഏറ്റുമുട്ടിയിരുന്ന ഒരു acu ആശാന്റെ അരുമ ശിഷ്യയായിരുന്നു ഡോക്ടർ. രാവിലെ ശിഷ്യയുടെ ചികിത്സ. രാത്രി പ്രസ്തുത ആശാൻ ഫോണിലൂടെ രോഗിയെ വിളിക്കും. ഫോണിലൂടെ പ്രവാചക വൈദ്യമാണ് പ്രാക്ടീസ് ചെയ്യുന്നത്!  എല്ലാം ദൈവം സുഖപ്പെടുത്തും എന്ന മധുര വാക്കുകൾ മണിക്കൂറുകളോളം രോഗിയെ കേൾപ്പിക്കും.മനുഷ്യ മനസ്സിന് ഒരു കുഴപ്പമുണ്ട്.. ചിലപ്പോൾ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ വിസമ്മതിക്കും. ചികിത്സ എടുക്കാൻ പൊതുവെ താല്പര്യമില്ലാത്ത ആളുകൾ അപ്പുറത്ത് മരുന്നില്ലാതെയുള്ള ചികിത്സ എന്ന മോഹന വാഗ്ദാനവും മധുരം പുരട്ടിയ വാക്കുകളും കേൾക്കുമ്പോൾ ബുദ്ധി പണയം വെച്ചു അറിയാതെ അതിലേക്ക് ആകർഷിക്കപ്പെടും.

പല പല രീതികൾ ഒരുമിച്ചു പയറ്റുക എന്നത് തന്നെ ഫ്രോഡുകളുടെ ലക്ഷണമാണ്.. സ്വന്തം അറിവിലും ചികിത്സയിലും അവർക്ക് തന്നെ വിശ്വാസമില്ലാത്തതു കൊണ്ടാണ് മറ്റു പല ചികിത്സാ രീതികളും കടമെടുക്കുന്നത്. Acu plus പ്രവാചക വൈദ്യം.. കൂനിന്മേൽ കുരു!അങ്ങനെ ചികിൽസിച്ചു ചികിൽസിച്ചു അവസാനം കാലിലെ മുറിവിൽ പുഴുവരിച്ചു വീട്ടുകാർക്ക് പോലും മണം സഹിക്കാൻ വയ്യാതായി. ബലം പ്രയോഗിച്ചു ആശുപത്രിയിൽ കൊണ്ടുപോയി. കാൽ പാദം രക്ഷപ്പെടുത്താൻ പറ്റുന്ന സ്ഥിതിയും കടന്നു പോയിരുന്നു. കാൽ പാദത്തിന്റെ മുൻഭാഗം മുറിച്ചു മാറ്റി. ഇപ്പോൾ കൃത്യമായി മോഡേൺ മെഡിസിൻ ചികിത്സയെടുക്കുന്നു. കുടുംബക്കാരും നാട്ടുകാരും കലിപ്പായതോടെ acu dr അവിടന്ന് മുങ്ങി.. ഇപ്പോൾ മറ്റൊരിടത്തു ക്ലിനിക് ഇട്ടു വീണ്ടും നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നു.ഉദ്ദേശിച്ച സമയം പ്രസവം നടക്കാത്തപ്പോൾ സിസേറിയൻ നിർദ്ദേശിച്ച ഡോക്ടർ പറഞ്ഞത് ചെവിക്കൊള്ളാതെ ഏതോ acu പറഞ്ഞതനുസരിച്ച് വീട്ടിൽ പ്രസവിച്ച ഒരു സ്ത്രീയുടെ പോസ്റ്റ് ഈയിടെ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത് കണ്ടു.. പ്രസവം എന്നത് സ്വയം സംഭവിക്കും, ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാലും കുഴപ്പമില്ല.. കാത്തിരിക്കുക മാത്രമേ വേണ്ടൂ എന്നും ന്യൂസിലാന്റിലൊന്നും പ്രസവ തീയതി പറയുക എന്നൊരു പതിവേ ഇല്ലെന്നുമൊക്കെയാണ് പോസ്റ്റിന്റെ ഉള്ളടക്കം.

അതിനൊന്നും എണ്ണമിട്ടു മറുപടി പറയാനുള്ള ക്ഷമയും സമയവുമില്ല. അതിന്റെ ആവശ്യവുമില്ല. ബുദ്ധി ഉപയോഗിക്കാൻ അറിയാവുന്ന ആർക്കും സ്വയം മനസ്സിലാക്കാവുന്നതേയുള്ളൂ. അതിന് എന്റെ വക ചെറിയൊരു കൈ സഹായമാണ് മുകളിൽ വിവരിച്ച കേസുകൾ. ഇക്കാലത്തും ഇത്തരം ഉഡായിപ്പുകൾക്ക് തല വെച്ചു കൊടുക്കുന്നവർ അനുഭവിച്ചു തന്നെ പഠിക്കുകയാണ് നല്ലത്.Acu teams കമന്റ്‌ ബോക്സിൽ പൂണ്ടു വിളയാടാൻ സാധ്യതയുണ്ടെന്നു അറിയാം. ചുട്ട കോഴിയെ പറപ്പിച്ച കഥകളും മോഡേൺ മെഡിസിന്റെ ഭീകരതയും ഫലപ്രാപ്തി ഇല്ലായ്മയും ഉൾപ്പെടെ കുറേ ആയുധങ്ങൾ നിങ്ങളുടെ കലവറയിൽ ഉണ്ടെന്നുമറിയാം. പഴയ ചോരത്തിളപ്പ് ഇപ്പോൾ ഇല്ലാത്തതിനാൽ അതിനൊന്നും മറുപടിയുണ്ടാകില്ല.

എഴുതിയത് : ഡോക്ടർ ജമാൽ