ഒരു ശാസ്ത്രജ്ഞജൻ ദൈവത്തോട് പറഞ്ഞു ഇനി ദൈവത്തിന്റെ ആവശ്യം ഇല്ല മനുഷ്യ ജീവൻ ഉണ്ടാക്കാൻ വരെ തങ്ങൾക്ക് കഴിയും പക്ഷെ ദൈവത്തിന്റെ മറുപിടി ശാസ്ത്രജഞനെ ഞെട്ടിച്ചു

EDITOR

വലിയ പരീക്ഷണങ്ങളും, കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുള്ള പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞൻ, തന്റെ ശാസ്ത്ര ജ്ഞാനത്തിൽ വലിയ അഭിമാനം കൊണ്ടു. അത് അദ്ദേഹത്തെ കുറച്ചു അഹങ്കാരത്തിലേക്കും നയിച്ചു. ഒരിക്കൽ അദ്ദേഹം ദൈവത്തോട് പറഞ്ഞു: ” ദൈവമേ ഞങ്ങൾക്ക് അങ്ങയെകൊണ്ട് ഇനി ആവശ്യമില്ല. ഞങ്ങൾ ശാസ്ത്രജ്ഞന്മാർക്ക് ഇപ്പോൾ എന്തും സൃഷ്ടിക്കുവാൻ കഴിയും.“ ദൈവം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: ”ഓഹോ , അത്രയും കഴിവുണ്ടോ? പറയൂ ബാക്കി കൂടെ കേൾക്കട്ടെ. ശാസ്ത്രജ്ഞൻ: ”ഞങ്ങൾക്കും അങ്ങയെ പോലെ മണ്ണ് ഉപയോഗിച്ച് മനുഷ്യരൂപം ഉണ്ടാക്കി അതിനു ജീവൻ കൊടുത്തു മനുഷ്യനെ ഉണ്ടാക്കാൻ കഴിയും”. വീണ്ടും ദൈവം പുഞ്ചിരിച്ചു പറഞ്ഞു, ”കൊള്ളാമല്ലോ, ഇത് വളരെ രസകരമായ കാര്യം ആണല്ലോ. ഒരു മനുഷ്യനെ ഒന്ന് സൃഷ്ടിച്ച് കാണിക്കുമോ?“ അങ്ങനെ ദൈവവും ശാസ്ത്രജ്ഞനും കൂടി ഒരു നല്ല നിലത്തു എത്തി, എന്നിട്ടു ശാസ്ത്രജ്ഞൻ നിലത്തു നിന്ന് മണ്ണ് ഉപയോഗിച്ച് മനുഷ്യരൂപം ഉണ്ടാക്കാൻ തുടങ്ങി.

അപ്പോൾ ദൈവം ഇടപെട്ടു: ”ഇത് പറ്റില്ല. നിങ്ങൾ സ്വന്തം ആയി ഉണ്ടാക്കിയ മണ്ണ് ഉപയോഗിക്കൂ. ഇത് ഞാൻ സൃഷ്ടിച്ച മണ്ണ് അല്ലെ.”ഇത് കേട്ട ശാസ്ത്രജ്ഞന്റെ തല തനിയെ കുനിഞ്ഞു പോയി.” (ഗൂഗിൾ). ശാസ്ത്രം ഇന്ന് വളരെയേറെ പുരോഗമിച്ചിരിക്കുന്നു. ഗോളാന്തര യാത്രകൾ ചെയ്യുവാൻ പോലും നാം പ്രാപ്തരായിരിക്കുന്നു. എന്നാൽ അതോടൊപ്പം നമ്മുടെ നിസ്സാരത്വം വിസ്മരിക്കാതിരിക്കേണ്ടത് ആവശ്യമാണ്. ജീവനെ സൃഷ്ടിക്കുവാൻ കഴിയുമെന്നു അവകാശപ്പെടുമ്പോൾ തന്നെ അല്പം മണ്ണ് സൃഷ്ടിക്കുവാൻ കഴിയുന്നില്ല. യഥാർത്ഥത്തിൽ ഇതുവരെയുള്ള കണ്ടുപിടുത്തങ്ങൾ എല്ലാം ചില വസ്തുക്കളുടെ രൂപഭേദം വരുത്തി അവ മനുഷ്യർക്ക് പ്രയോജനകരമാക്കി തീർക്കുക മാത്രമായിരുന്നു. എന്നാൽ ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലും ഒന്നിനെ സൃഷ്ടിക്കുവാൻ ഇതുവരെയും ഒരു മനുഷ്യനും കഴിഞ്ഞിട്ടില്ല. പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ സാദ്ധ്യമാക്കുന്നത് അഭിനന്ദനാർഹമാണ്. അത് മുന്നോട്ടു പോകുവാനുള്ള ഊർജ്ജം നൽകുകയും ചെയ്യും. എന്നാൽ അതിന്റെ പേരിൽ അഹങ്കരിക്കുവാൻ ഇടയാകരുത്. അഹങ്കാരം വീഴ്ചക്ക്‌ കാരണമാവുകയെയുള്ളൂ. പ്രത്യേകിച്ച് ഉന്നതാവസ്ഥയിൽ എത്തിയിട്ട് വീഴ്ച സംഭവിച്ചാൽ ആ വീഴ്ച അതിഭയങ്കരമായിരിക്കും. മണ്ണിൽ നിൽക്കുമ്പോൾ ഉള്ള വീഴ്ചയെക്കാൾ എത്ര വലുതാണ് ഉയരത്തിൽ നിന്ന് വീഴുന്നത്! ഉയരം കൂടുംതോറും വീഴ്ചയുടെ ആഘാതവും കൂടും.