2013 അവസാനം. ജീവിതം യാതൊരു ലക്ഷ്യവുമില്ലാതെ പോവുന്നു. അപ്പോഴാണ് വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മാത്രമായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയത് അറിഞ്ഞത്. യാതൊരു പ്രതീക്ഷയുമില്ലാതെ എന്ട്രന്‍സ് എഴുതി. റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ സെലക്ഷന്‍ ഉണ്ട്.അപ്പോഴാണ് പ്രധാന പ്രശ്നം ! ഒന്നാം വര്‍ഷ ഫീസ് ഒരു ലക്ഷം രൂപ അടുത്തു വരും. ആകെ അഞ്ഞൂറ് രൂപ കയ്യിലുള്ള ഞാന്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം എങ്ങനെ ഉണ്ടാക്കാന്‍ ? ബി ടെക്ക് സമ്മാനിച്ച എജ്യുക്കേഷന്‍ ലോണ്‍ ഉള്ളതിനാല്‍ ആ വഴിയും അടഞ്ഞു. അവസാനം ഈ വഴിക്കെങ്കിലും ഇവന്‍ രക്ഷപെടട്ടെ എന്ന് കരുതിയാവണം അമ്മയുടെ സഹോദരി ഫീസിന്‍റെ പകുതി അടയ്ക്കാന്‍ തയാറായി.
( ” സിനിമ എന്ന് കേട്ടപ്പോള്‍ തന്നെ വീട്ടുകാര്‍ അതി ഭീകര സപ്പോര്‍ട്ട് ആയിരുന്നു എന്ന് എടുത്തു പറയേണ്ടല്ലോ ” )അഡ്മിഷന്‍ അടുക്കും തോറും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷ മങ്ങിക്കൊണ്ടിരുന്നു. അപ്പോഴാണ് ഒരു വഴി തെളിഞ്ഞത്. ഹോസ്റല്‍ ഒഴിവാക്കി കിട്ടിയാല്‍ കോഷന്‍ ഡിപ്പോസിറ്റ് ഉം മെസ് ഫീസുമൊക്കെ മാറ്റി നിര്‍ത്തിയാല്‍ ആന്‍റി തരാമെന്നേറ്റ തുകയ്ക്ക് ജോയിന്‍ ചെയ്യാം.
കോളേജില്‍ പോയി ചോദിച്ചു. അട്മിനില്‍ ഉള്ളവര്‍ അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണമില്ല.
അങ്ങനെയിരിക്കുമ്പോള്‍ വീടിനടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ മുഖ്യമന്ത്രി വരുന്നുണ്ട്. മുഖ്യമന്ത്രി ആണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൌണ്‍സില്‍ ചെയര്‍മാന്‍. ഹോസ്ടല്‍ ഫീസ് അടയ്ക്കാന്‍ ഒരു സാവകാശം ലഭിച്ചാല്‍ ജോയിന്‍ ചെയ്യാം. അങ്ങനെ ഒരു നിവേദനം ഒക്കെ എഴുതി അടിയില്‍ ഫോണ് നമ്പര്‍ ഒക്കെ വെച്ച് രാവിലെ തന്നെ ഹെല്‍ത്ത് സെന്ററില്‍ പോയി. അവിടെ ചെന്നപ്പോള്‍ തന്നെ അവിടെ ഒരു ആള്‍ക്കൂട്ടം ഉണ്ട്. എല്ലാവരുടെയും കയ്യില്‍ വെള്ള പേപ്പറും. അവിടെ വെച്ച് വരെ ആള്‍ക്കാര്‍ നിവേദനം എഴുതുന്നുണ്ട് . പ്രായമായ രണ്ടുപേര്‍ക്ക് ഞാന്‍ വരെ എഴുതി കൊടുക്കുന്ന അവസ്ഥ.മീറ്റിംഗ് കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയപ്പോള്‍ ഈച്ച പൊതിയുന്നത് പോലെ ഉമ്മന്‍ചാണ്ടിക്ക് ചുറ്റും ആള്‍ക്കൂട്ടം. പി എ മാര്‍ നിവേദനം എല്ലാം വലിച്ചു വാരി മേടിച്ചു കൊണ്ടുപോയി. അമ്മയുടെ വടിവൊത്ത അക്ഷരത്തില്‍ എഴുതിയ ( ഞാന്‍ എഴുതിയാല്‍ കയ്യക്ഷര ഗുണം കാരണം വായിക്കാന്‍ സാധിക്കുന്നത് കൊണ്ട് അമ്മ തന്നെ എഴുതി തരാമെന്നു പറഞ്ഞു ) ആ നിവേദനം ചതഞ്ഞു ചുളുങ്ങി പോകുന്നത് കണ്ട് അവിടെ നിന്നും തിരിച്ചു പോയി.
രാത്രി ഒരു പതിനൊന്നര ആയി കാണും. ഒരു ഫോണ്‍.
ലൈറ്റ് ഒക്കെയിട്ട് പാതി ഉറക്കത്തില്‍ എഴുനേറ്റു.ഹലോ ഞാന്‍ ഉമ്മന്‍ ചാണ്ടിയാണ്ഏതു ഉമ്മന്‍ ചാണ്ടി ? ”
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സ്വപ്നമാണോ എന്നറിയാന്‍ ഞുള്ളി നോക്കി.വേദനിക്കുന്നുണ്ട് സ്വപ്നമല്ല.
“തന്‍റെ കാര്യം ഞാന്‍ കെ എം എബ്രഹാമിനെ (Additional Chief Secretary – Higher Education) വിളിച്ചു പറഞ്ഞിട്ടുണ്ട് . genuine കേസാണ് . ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട്.contact ചെയ്‌താല്‍ മതി. റോഡ് സൈഡില്‍ വെച്ച് നൂറു കണക്കിന് ആള്‍ക്കാര്‍ കൊടുത്ത ചുളുങ്ങിയ പേപ്പറുകളില്‍ ഒന്നിന് രാത്രി 11 മണിക്ക് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നേരിട്ട് മറുപടി തന്നിരിക്കുന്നു. അന്നാണ് ഉമ്മന്‍ചാണ്ടി എന്ന മനുഷ്യന്‍റെ കടുത്ത ഫാന്‍ ആയി മാറിയത് അടുത്ത ദിവസം കോളേജില്‍ പോയി. അവിടെ പേപ്പര്‍ ഒന്നും കിട്ടിയിട്ടില്ല. ഒരാഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു വന്നപ്പോള്‍ അപ്പോഴും പേപ്പര്‍ ഒന്നും കിട്ടിയിട്ടില്ല. കെ എം എബ്രഹാം ആണെങ്കില്‍ എന്തോ കൊണ്ഫറണ്‍സോ മറ്റോ ആയി കേരളത്തില്‍ പോലുമില്ല. ശുഭം.എല്ലാ ഞായര്‍ആഴ്ചയും രാവിലെ പുതുപ്പള്ളില്‍ പോയാല്‍ ഉമ്മന്‍ചാണ്ടിയെ കാണാം. എന്തൊക്കെയാണെങ്കിലും ഒരു തവണ കൂടി ശ്രമിച്ചു നോക്കാം എന്ന് കരുതി പുതുപ്പള്ളി പോയി. അവിടെയും പതിവ് പോലെ ആള്‍ക്കൂട്ടം. അവസാനം ലൈന്‍ നിന്ന് എന്‍റെ ഊഴമായി. ഫിലിം institute എന്ന് പറയാന്‍ തുടങ്ങിയതും
ടോ തന്‍റെ പ്രശ്നം അപ്പോള്‍ തന്നെ തീരുമാനം ആക്കിയതാണല്ലോ ? ( രണ്ടു ആഴ്ച കഴിഞ്ഞും ഇതൊക്കെ എങ്ങനെ ഒര്തിരിക്കുന്നോ ആവോ !! )സാര്‍ കോളേജില്‍ പോയപ്പോള്‍ അവിടെ പേപ്പര്‍ ഒന്നും കിട്ടിയിട്ടില്ല എന്നാണു പറഞ്ഞത് മുന്നില്‍ നില്‍ക്കെ തന്നെ നിവേദനം എഴുതിയ പേപ്പര്‍ പുറകില്‍ പി എ യ്ക്ക് കൈമാറി. പി എ അപ്പോള്‍ തന്നെ ആരെയോ വിളിച്ചു ഫോണ്‍ സി എം നു കൊടുത്തു. ആരോടോ ഒരു മിനിറ്റ് സംസാരിച്ചു.എല്ലാം ശരിയാക്കിയിട്ടുണ്ട് ” . അടുത്ത ആളുടെ നിവേദനത്തിലേക്ക് ഉമ്മന്‍ചാണ്ടിയുടെ കൈകള്‍ നീണ്ടു.ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ നിയുക്ത ഡയറക്ടര്‍ ന്‍റെ കോള്‍ വന്നു. തിങ്കളാഴ്ച ഓഫീസില്‍ വന്നു കാണാന്‍ പറഞ്ഞു. എല്ലാ പ്രശ്നങ്ങളും തിങ്കളാഴ്ച തന്നെ പരിഹരിക്കപ്പെട്ടു.ശരിക്കും ജീവിതം വഴി മാറിയത് ചുളുങ്ങിയ പേപ്പറില്‍ ജീവിതം കണ്ട മനുഷ്യന്‍റെ ആ ഒരു ഇടപെടല്‍ മൂലമാണ്. എവിടെയോ എങ്ങനെയോ ഒരു പരാജയപ്പെട്ട എന്‍ജിനീയര്‍ ആയി ജീവിക്കേണ്ട ഞാന്‍ ശരിക്കും ” രക്ഷപെട്ടത്” ആ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം മൂലമാണ്. (രക്ഷപെടല്‍ എങ്ങനെയെന്നു മറ്റൊരു പോസ്റ്റില്‍ വിശദമായി എഴുതാം.)
പുതുപ്പള്ളി ഗീവര്‍ഗീസ് പുണ്യാളന്റെ നടയില്‍ ഉമ്മന്‍ചാണ്ടി നില്‍ക്കുന്ന ഒരു ഫോട്ടോ ഉണ്ട്. ജീവിച്ചിരുന്നപ്പോള്‍ മനുഷ്യരുടെ ജീവിതത്തില്‍ ദൈവിക ഇടപെടലുകള്‍ നടത്തിയ ആ മനുഷ്യന്‍ ഇനി ദൈവത്തിനൊപ്പം ആയിരിക്കും
രാത്രി പതിനൊന് മണിക്ക് ഉറങ്ങാന്‍ പോയ ദൈവത്തിന്‍റെ ഡോറില്‍ ഒരാള്‍ തട്ടി വിളിച്ചു. ദൈവം ചോദിച്ചു ” ആരാ ഞാനാ ….പുതിയ അഡ്മിഷന്‍ ആണ്. പേര് ഉമ്മന്‍ ചാണ്ടി ചാണ്ടിച്ചായനു എന്ത് വേണം” ?എന്‍റെ മണ്ഡലത്തില്‍ ദേ ഒരുത്തന്‍ ബൈക്കില്‍ ഹെഡ്ലൈറ്റ് ഇല്ലാതെ പോകുന്നുണ്ട്. പാവത്തിനെ വെട്ടില്‍ കൊണ്ടുപോയി ആക്കണം .ദൈവം :ഡോ ഗീവര്‍ഗീസേ .പുതുപ്പള്ളിയുടെ സ്വകാര്യ അഹങ്കാരമായ ജന നായകന് യാത്രാ മംഗളങ്ങള്‍
എഴുതിയത് : നോബിൾ