റിയാ റോയ് എഴുതുന്നു ഏതാണ്ട് ആറു മാസങ്ങൾക്കു മുമ്പ്,പനി കലശലായി എങ്ങനെയെങ്കിലും വീട്ടിൽ എത്തണമെന്ന ഒറ്റ ചിന്തയിൽ ജനറൽ കമ്പാർട്ട്മെന്റിന് ടിക്കറ്റ് എടുത്ത ഞാൻ ഓടികയറിയതാവട്ടെ സ്ലീപ്പർ കോച്ചിൽ.അന്ന്, എന്റെ കയ്യിൽ ലിക്വിഡ് ക്യാഷ് ആയി 100 രൂപ മാത്രം. 65 രൂപക്കു ജനറൽ കമ്പാർട്ട്മെന്റിന് ടിക്കറ്റ് എടുത്ത്, ബാക്കി 35 രൂപയിൽ 15 രൂപ, ഞാൻ ഇറങ്ങേണ്ട ചങ്ങനാശ്ശേരി സ്റ്റേഷനിൽ നിന്നും വീട്ടിലേക്കുള്ള ബസ് കൂലിയായി കയ്യിൽ ചുരുട്ടി പിടിച്ചുകൊണ്ട് ട്രെയിനിൻ അകത്തുകൂടി ഞാൻ നടന്നു. ലഗേജിന്റെ ഭാരം മൂലം ആദ്യം കണ്ണിൽപെട്ട ഒരു ഒഴിഞ്ഞ സീറ്റിൽ തന്നെ ഇരുന്നു. വർക്കല ആകുമ്പോഴേക്കും ഇറങ്ങി, ജനറൽ കമ്പാർട്ട്മെന്റിൽ കയറാം എന്നാണ് ഞാൻ മനസ്സിൽ തീരുമാനിച്ചത്. അങ്ങനെ മൂക്ക് വലിച്ചും, കണ്ണ് തിരുമ്മിയും, ചുമച്ചുവലഞ്ഞും ഞാൻ ഇരുപുറപ്പിച്ചു.കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും എന്നെപ്പോലെ കമ്പാർട്ട്മെന്റ് തെറ്റിക്കയറിയ ചില മഹാന്മാർ ട്രെയിനിന്റെ മുൻവശത്തേക്ക് നടക്കുന്നത് കണ്ടു. അവരുടെ പിറുപിറുപ്പിൽ നിന്നും TTE വരുന്നുണ്ടെന്നും, ഇനി ഞാൻ ഇവിടെ ഇരുന്നാൽ ശരിയാവില്ല എന്നും സ്വയമേ മനസ്സിലാക്കി,ഞാനും ട്രെയിനിന്റെ മുൻ ഭാഗത്തേക്ക് നടന്നു. ലഗേജും വലിച്ചുകൊണ്ട് ട്രെയിനിന് അകത്തുകൂടി, കുറച്ച് ഏറെ നടന്ന് അവശയായ ഞാൻ.
ഇനിയും, TTE വരുമ്പോൾ എഴുന്നേറ്റു മുമ്പോട്ട് പോകാം എന്ന് വിചാരിച്ചു വീണ്ടും മറ്റൊരു സ്ലീപ്പർ കോച്ചിൽ ആദ്യം കണ്ട സീറ്റിൽ ഇരുന്നു. ഇരുന്ന സീറ്റിന്റെ അടിയിലായി ലഗേജ് വഴിയൊതുക്കി വെച്ചതായി , ഞാൻ എന്നെതന്നെ ബോധ്യപ്പെടുത്തിക്കൊണ്ട്, ഇരുന്ന സീറ്റിൽ നിന്നും ഇടത്തേക്ക് തലതിരിച്ചതും, ഞാൻ ഒന്ന് ഞെട്ടി.കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാർ.പനിയുടെ മൂർച്ചിതയിൽ സ്വപ്നം കാണുന്നതാണോ,എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. ചുമച്ചിടറിയ എന്റേതെന്ന് തോന്നിക്കാത്ത മറ്റൊരു ശബ്ദത്തിൽ ഉമ്മൻചാണ്ടി സാർ അല്ലേ എന്ന് ഞാൻ ഉറക്കെ ചോദിച്ചതും,അതേല്ലോ’ – എന്ന് എനിക്ക് ഉത്തരം തന്നത് ഞങ്ങളുടെ എതിർ സീറ്റിൽ ഇരുന്ന അദ്ദേഹത്തിന്റെ പിഎ ആയിരുന്നു. അദ്ദേഹത്തെ കണ്ട് ഞെട്ടിത്തരിച്ച എന്റെ മുഖത്തുനോക്കി അദ്ദേഹവും പിഎ-യും ചിരിച്ചു കൊണ്ടേയിരുന്നു.
എന്ത് സംസാരിക്കണം, അതോ ഒന്നും സംസാരിക്കാതെ ബഹുമാനപൂർവ്വം ഒതുങ്ങിയിരിക്കണമോ-
യെന്നൊന്നുമറിയാതെ എന്റെ കിളി പോയി.
രാവിലെ മുതൽ രാത്രി വരെ വാർത്തയും,രാഷ്ട്രീയവും മാത്രം കാണുകയും പറയുകയും ചെയ്യുന്ന എന്റെ അപ്പന്റെ കൂടെകൂടി ഞാനും ഏറെ ഇഷ്ടപ്പെട്ടുപോയ ഒരു നല്ല മനുഷ്യൻ.സാർ ആരോഗ്യമൊക്കെ എങ്ങനെ പോകുന്നു’ – ഞാൻ ചോദിച്ചുകുഴപ്പമില്ല മോളെ’ – ഉൾവലിഞ്ഞ ശബ്ദത്തിലാണ് അദ്ദേഹം എനിക്ക് ഉത്തരം നൽകിയത്.സാറിന് വോയിസ് റെസ്റ്റ് ആണോ’- വീണ്ടും ഞാൻഅദ്ദേഹം ഒന്ന് ചിരിച്ചതേയുള്ളൂ.
ശേഷം അദ്ദേഹം എന്റെ പേരും, വീടും, പഠനവുമൊക്കെ തിരക്കി. അതുവരെയുണ്ടായിരുന്ന എന്റെ അവശതയൊക്കെ മറന്നു ഞാൻ ഫുൾ എനർജിയിൽ ആയിരുന്നു. വാതോരാതെ ഞാൻ സംസാരിച്ചു കൊണ്ടേയിരുന്നു.കുടുംബം,രാഷ്ട്രീയം, അദ്ദേഹത്തിന്റെ കലാലയ ജീവിതം,സിനിമ,ആരോഗ്യം, കേരളസമൂഹം,പുരോഗമനം, സാങ്കേതികം,യാത്രകൾ അങ്ങനെ ഓരോ വിഷയത്തിനും ഒടുവിൽ മറ്റൊരു വിഷയത്തിലേക്ക് തുടക്കമിട്ടുകൊണ്ട് ഇടവിടാതെയുള്ള സംസാരങ്ങൾ. ഇതിനിടയിൽ എപ്പോഴൊക്കെയോ ധാരാളം ഫോൺ കോളുകളും അദ്ദേഹം അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നു.
കരുനാഗപ്പള്ളി സ്റ്റേഷൻ എത്തിയപ്പോൾ, എനിക്കും, അദ്ദേഹത്തിന്റെ പിഎ-ക്കും,പിന്നെ അദ്ദേഹത്തിന്റെ ഗാർഡായി നിന്നിരുന്ന പോലീസുകാരനും അദ്ദേഹം മൂന്ന് ചായ വീതവും കൂടെ കപ്പലണ്ടി മിഠായും വാങ്ങി.അദ്ദേഹമാവട്ടെ ഇടയ്ക്കിടെ പിഎ-യുടെ കയ്യിൽ ഇരുന്ന ഫ്ലാസ്കിൽ നിന്നും ചൂടുവെള്ളം മാത്രം ഊറ്റി കുടിച്ചു കൊണ്ടിരുന്നു. അങ്ങനെ നിരവധി തമാശകളും, പഴങ്കഥകളും പറഞ്ഞ്,കപ്പലണ്ടി മിഠായും പങ്കുവെച്ച്, “അടുത്ത ഇലക്ഷനിൽ എനിക്ക് ഒരു സീറ്റ് തരാമോ” എന്നുള്ള എന്റെ ചോദ്യവും കേട്ട് ഞങ്ങൾ നാലങ്കസംഘവും ചിരിച്ചു മണ്ണ്കപ്പിയ ഒരു യാത്ര.അങ്ങനെ രസകരമായി മുന്നോട്ടു പോകുമ്പോഴാണ് എപ്പോൾ വേണമെങ്കിലും കേറി വരാമെന്ന് ഞാൻ പേടിച്ചിരുന്ന, പ്രതീക്ഷിച്ചിരുന്ന കറുത്ത കോട്ടിട്ട എന്റെ ഈ കഥയിലെ വില്ലൻ അപ്പോഴേക്കും ഞങ്ങൾക്ക് അടുത്തെത്തി – TTEവിയർത്ത കൈകളിൽ, ജനറൽ കമ്പാർട്ട്മെന്റിന്റെ ടിക്കറ്റ് TTE-ക്കു മുമ്പിൽ നീട്ടിപിടിച്ചുകൊണ്ട് ഞാനൊന്ന് പരുങ്ങി. TTE എന്നോട് additional charge 100രൂപ ആവശ്യപെട്ടു. എന്റെ കയ്യിൽ ആവട്ടെ 35 രൂപയും. കയ്യിലിരുന്ന 35 രൂപ കിള്ളിപെറുക്കിക്കൊണ്ടിരിക്കുമ്പോഴേക്കും, ഉമ്മൻചാണ്ടി സർ കണ്ണുകൊണ്ട് എന്തോ ഒന്ന് പിഎ-നെ ആംഗ്യം കാണിച്ചു.
അപ്പോഴേക്കുംപിഎ ഒരു നൂറ് രൂപ എടുത്ത് TTE- യുടെ കയ്യിലേക്ക് കൊടുത്തു. ഞാൻ ഉമ്മൻചാണ്ടി സാറിന്റെ മുഖത്തേക്ക് നോക്കി. ‘ഇവിടെ തന്നെ ഇരിക്ക്’ എന്ന് അദ്ദേഹം എന്നെ കൈ കൊണ്ട് കാണിച്ചു. ആ സീറ്റ് എന്റേതായി എഴുതി TTE മറ്റൊരു ടിക്കറ്റ് എന്റെ കയ്യിലേക്ക് തന്നിട്ട് പോയി.അതിനുശേഷം ഇടയ്ക്ക് എപ്പോഴോ ‘നിനക്ക് വീട്ടിലേക്ക് പോകാനുള്ള പൈസ കയ്യിലുണ്ടോ’ എന്ന് അദ്ദേഹം ചോദിച്ചു.ഞാൻ ‘ഉവ്’-ന്ന് മറുപടി പറഞ്ഞു.സത്യമായും എന്റെ കയ്യിൽ വീടുവരെ എത്താനുള്ള പൈസ ഉണ്ടോയെന്നു വീണ്ടും വീണ്ടും അദ്ദേഹം ചോദിച്ചുകൊണ്ടേയിരു ന്നു.തിരുവല്ല കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ കൈപിടിച്ചു എന്റെ തലയ്ക്ക് മുകളിൽ വച്ച് കൊണ്ട് ഞാൻ പറഞ്ഞു ‘എന്നെ അനുഗ്രഹിക്കണം.അങ്ങനെ അനുഗ്രഹിക്കാനും മാത്രമുള്ള യോഗ്യത എനിക്ക് ഇല്ല മോളെ…പക്ഷേ എന്റെ പ്രാർത്ഥനയിൽ ഞാൻ എപ്പോഴും നിന്നെ ഓർക്കും തീർച്ച…’-അദ്ദേഹം പറഞ്ഞു.അദ്ദേഹവും ചങ്ങനാശ്ശേരി സ്റ്റേഷനിൽ തന്നെയാണ് ഇറങ്ങിയത്. അദ്ദേഹത്തെ കാത്ത് ധാരാളം അനുയായികൾ പുറത്ത് നിൽപ്പുണ്ടായിരുന്നു. അവരുടെയൊക്കെ ഇടയിലൂടെ തെന്നിമാറി ഞാൻ ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. കാറിൽ കയറുന്നതിനിടയിൽ അദ്ദേഹം എന്നെ കൈ ഉയർത്തി കാട്ടി.എനിക്ക് അതുമതിയായിരുന്നു.