സർക്കാർ ജോലി കിട്ടിയ ശേഷം ഞാൻ ആകെ മാറി കൈക്കൂലി ഇല്ലാതെ ഒരു പേപ്പറും ശരിയാക്കിയില്ല എന്നെ ഇങ്ങനെ ആക്കിയത് ഇ ഓഫീസിൽ വരുന്നവർ തന്നെ ആയിരുന്നു കാരണം

EDITOR

സർക്കാർ ജോലി കിട്ടിയതിന്റെ മൂന്നാമത്തെ ആഴ്ച്ചയിലാണ് കഴുത്തിലും കയ്യിലും നിറയേ സ്വർണ്ണവുമായി പത്രോസ് പഞ്ചായത്ത് ഓഫീസിലേക്ക് വന്നത്. അയാൾക്ക് പത്രാസ്സ് കാട്ടാനുള്ള മൂന്നാമത്തെ വീടിന്റെ അനുമതി ആയിരുന്നു ആവശ്യം.സമർപ്പിച്ച രേഖകളെല്ലാം വാങ്ങിവെച്ച് പരിശോധിക്കട്ടെയെന്നും മൂന്ന് നാൾ കഴിഞ്ഞിട്ട് വരൂവെന്നും അയാളോട് ഞാൻ പറഞ്ഞു. പത്രോസ് പോയതിന് ശേഷമാണ് പരമ ദരിദ്രനായ കൽപ്പണിക്കാരൻ പരമുവും തന്റെ സ്വപ്ന വീടിനായുള്ള അനുമതിക്ക് വേണ്ടി പഞ്ചായത്തിലേക്ക് വന്നത്. എന്നെ കേട്ടതിന് ശേഷം മൂന്ന് നാൾ കഴിഞ്ഞ് വരാം സാറേയെന്ന് പറഞ്ഞ് അയാളും പോയി. സത്യസന്ധമായി ജോലി ചെയ്യണമെന്ന ആഗ്രഹം ഉള്ളത് കൊണ്ട് രണ്ട് അപേക്ഷകളും യഥാക്രമം ഞാൻ എടുത്ത് വെച്ചു.
വൈകുന്നേരം വീട്ടിലെത്തുമ്പോഴേക്കും ഞാൻ സാറിനെ കാണാൻ വന്നതാണെന്ന് പറയാൻ വേണ്ടി പത്രോസ് ഉമ്മറത്തുണ്ടായിരുന്നു. അയാളുടെ ചുണ്ടോട് മുട്ടി എന്റെ ഭാര്യ കൊടുത്ത ഒരു കപ്പ് കാപ്പിയുമുണ്ട്. എന്താണ് കാര്യമെന്ന് ചോദിച്ച് ഞാനും ഇരുത്തിയിൽ ഇരുന്നു.

‘സാറൊന്ന് എന്നെ സഹായിക്കണംതന്റെ കണ്ണട ഊരിയിട്ട് പള പളാന്ന് തിളങ്ങുന്ന അയാളുടെ ജുബ്ബയുടെ മൂല ചേർത്ത് തുടച്ചുകൊണ്ടാണ് പത്രോസ് അത് പറഞ്ഞത്. ഔദ്യോഗികമാണെങ്കിൽ നാളെ ഓഫീസിലേക്ക് വരൂയെന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു. അയാളും കൂടെ എഴുന്നേറ്റു. എഴുന്നേൽക്കുമ്പോൾ ജുബ്ബയുടെ അരയിൽ നിന്ന് താഴേക്ക് ഇറങ്ങിയ കീശയിലേക്ക് കൈയ്യിട്ട് അയാൾ ഒരു കവർ പുറത്തേക്ക് എടുത്ത് എനിക്ക് നേരെ നീട്ടി.കുറഞ്ഞെങ്കിൽ ചോദിക്കണംപണമാണ് അകത്തെന്ന് മനസിലായപ്പോൾ എന്റെ സത്യത്തിന്റെ തലയൊന്ന് ഉലഞ്ഞു. ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ കതകിന്റെ കട്ട്ലയിൽ ചാരി നിന്ന് എത്തിനോക്കുന്ന ഭാര്യ അകത്തേക്ക് ഉൾവലിഞ്ഞു. അയാൾക്ക് ആഡംബര നികുതി ഒഴിവാക്കണം. അപേക്ഷയിൽ വെച്ച വീടിന്റെ പ്ലാനിലും അനുബന്ധ രേഖകളിലും ക്രമക്കേട് ഉണ്ടെന്ന് അയാൾ തന്നെ സമ്മതിച്ചു.

ഞാനെന്ത് ചെയ്യണമെന്നാണ് പറഞ്ഞുവരുന്നത്…?’ഒന്ന് കണ്ണടച്ചാൽ മതി.ഞാൻ എന്റെ രണ്ട് കണ്ണുകളും അടച്ചു. അടച്ച കാഴ്ച്ച തുറക്കുമ്പോൾ കൈ നിറയേ പണം. ആ പണം കണ്ട എന്റെ കണ്ണുകൾ തലയോട് കൂടി മഞ്ഞിച്ചു. ചുമ്മാതല്ല സർക്കാർ ജീവനക്കാർ കൈക്കൂലി വാങ്ങുന്നതെന്ന് ഓർത്തുകൊണ്ട് എന്റെ ജീവിതത്തിലും ഇത്തിരി പത്രാസ്സ് വന്നു. ഓരോ കാര്യങ്ങൾക്കുമായി പഞ്ചായത്ത് തിണ്ണ കയറി ഇറങ്ങുന്നവരുടെ കീശയിൽ എന്തെങ്കിലും കാരണം പറഞ്ഞ് കൈയ്യിടുന്നത് ഞാൻ പതിവാക്കി. കൈ മലർത്തുന്നവരുടെ ഫയലുകൾ ഒപ്പിടാതെ ഭദ്രമായി ഞാൻ മാറ്റി വെച്ചു. എനിക്കതിൽ ഒരു കുറ്റബോധവും തോന്നിയില്ല. ജനങ്ങൾ തന്നെയാണ് എന്നെ പോലുള്ള ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങാൻ പഠിപ്പിക്കുന്നത്. പാഠം ഉൾക്കൊണ്ടവർ രുചിയോടെ എല്ലാവരുടെ മുന്നിലും കൈനീട്ടുന്നു… അത്ര തന്നെ കാര്യം….
അന്ന് എന്റെ പുതിയ കാറുമായി ഓഫീസിലേക്ക് ആദ്യമായി ഞാൻ വന്ന നാളായിരുന്നു. തിണ്ണയിൽ ചന്തി ഉറക്കാതെ ഇരിക്കുന്ന പരമുവിനെ കണ്ടപ്പോൾ എനിക്ക് കലി വന്നു. മൂവായിരം രൂപ പോലും തികച്ച് എടുക്കാൻ ഇല്ലാത്ത അയാളിപ്പോൾ അങ്ങനെ വീട് പണിയേണ്ട. ചോദിച്ചപ്പോൾ അഞ്ഞൂറെ ഉള്ളൂ സാറേയെന്ന്… ശരിയായ രേഖകളുമായി വന്നവർ തന്നെ കാര്യം ഒരുനാൾ മുമ്പെങ്കിലും നടക്കാൻ വേണ്ടി പതിനായിരങ്ങൾ തരുന്നു. അപ്പോഴാണ് അയാളുടെയൊരു അഞ്ഞൂറ്.

ഒരു കൊല്ലായി സാറെ.ഞാൻ പരമുവിനെ കേട്ട ഭാവം കാണിച്ചില്ല. അയാളുടെ മുഖത്തേക്ക് നോക്കാതെ പുറത്തിരിക്കൂവെന്നും വിളിപ്പിക്കാമെന്നും പറഞ്ഞു. ചായ കുടിക്കാൻ പോകുമ്പോഴും ഊണ് കഴിച്ച് വരുമ്പോഴും ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴും പരമുവിനെ ഞാൻ ശ്രദ്ധിച്ചില്ല. എന്റെ ശ്രദ്ധ മുഴുവൻ വീർപ്പിച്ച കീശയുമായി വരുന്ന മനുഷ്യരിൽ മാത്രമായിരുന്നു.വീട്ടിലെത്തിയ ഞാൻ ഭാര്യയും കുഞ്ഞുങ്ങളുമായി പതിവ് തമാശകളുമായി എന്നത്തേയും പോലെ ആഹ്ലാദിച്ചു. അല്ലെങ്കിലും, സർക്കാർ ജീവനക്കാരൻ ആയതിൽ പിന്നെ ജീവിതം വളരേ സന്തോഷത്തിൽ ആണെന്ന് പറയാതെ വയ്യ…!
പിറ്റേന്ന് ഓഫീസിലേക്ക് എത്തുമ്പോഴേക്കും ബഹളമുണ്ടാക്കാതെ ഒരുകൂട്ടം അവിടെയുണ്ടായിരുന്നു. പോലിസ് വാഹനവും ആംബുലൻസും കൂടി കണ്ടപ്പോൾ കാറിൽ നിന്ന് ഇറങ്ങി ആദ്യം കണ്ട ആളോട് സംഭവമെന്താണെന്ന് ഞാൻ ചോദിച്ചു ആരോ തൂങ്ങിയിട്ടുണ്ട്.ആരായിരിക്കുമെന്ന ആകാംഷയോടെ ഞാൻ അവിടേക്ക് നടന്നു. പഞ്ചായത്ത് ഓഫീസ് എന്ന് എഴുതി തൂക്കിയ ബോർഡിന്റെ കമ്പികളിലാണ് അയാൾ കുരുക്കിട്ടത്. പോലീസുകാരുടെ മേൽനോട്ടത്തിൽ നാട്ടുകാരിൽ ഒരാൾ ബോഡി താഴേക്ക് ഇറക്കി. മുഖത്തേക്ക് നോക്കിയപ്പോൾ നാവ് കടിച്ചുകൊണ്ട് പരമു എന്നെ തുറിച്ച് നോക്കുന്നു. ഭയം കൊണ്ട് ഞാൻ ആ മണ്ണിൽ സ്തംഭിച്ച് നിന്നുപോയി. നിലത്ത്‌ വിരിച്ച പായയിൽ പരമുവിനെ കിടത്തുമ്പോൾ മരിച്ചത് ഞാൻ ആണോയെന്ന് മാത്രമായിരുന്നു എന്റെ സംശയം.

കഥ എഴുതിയത് : ഗുരുജി