കേരളത്തിൽ ഇപ്പോഴത്തെ വസ്ത്രധാരണം പഴയ കാലത്തിലേക്ക് മടങ്ങുകയാണെന്നു തോന്നുന്നു. അന്ന് മാറുമറയ്ക്കാൻ സമരം നടത്തിയെങ്കിൽ ഇന്ന് മാറു തുറക്കാനാണ് സമരം കുറിപ്പ്

EDITOR

വസ്ത്രധാരണവും ലൈം-  ഗിക അതിക്രമങ്ങളും.വസ്ത്ര വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം ഓരോ സംസ്ഥാനത്തിനും അതിന്റെതായ തനിമ വിളിച്ചോതുന്ന വസ്ത്രങ്ങളുണ്ട്.സംസ്ഥാനങ്ങളിൽ തന്നെ പ്രാദേശികമായും മത ജാതി വർഗ്ഗ വ്യത്യാസങ്ങൾ കൊണ്ടും വസ്ത്രങ്ങളിൽ വൈവിധ്യമുണ്ട് പണ്ടുകാലത്ത് നഗ്നത മറയ്ക്കാനാണ് വസ്ത്രങ്ങൾ ധരിക്കുന്നതെങ്കിൽ ഇന്നത് ആഡ്യത്വത്തിന്റെ, പണത്തിന്റെ,പ്രതാപത്തിന്റെ കൂടിയാണ്.വസ്ത്രങ്ങളിൽ കൂടിയാണ് പലരുടെയും ഐഡന്റിറ്റി തെളിഞ്ഞു നിൽക്കുന്നത് പോലും.സെലിബ്രിറ്റികൾ, സിനിമാ മേഖലയിൽ ഉള്ളവരുടെയൊക്കെ വേഷങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും.കേരളത്തിനു തനതായ ഒരു വസ്ത്ര സംസ്‍കാരമുണ്ട്.മുണ്ടും, കൈത്തറി വസ്ത്രങ്ങളും നമ്മുടെ കേരളീയത വിളിച്ചോതുന്ന ഒന്നാണ്.കസവു മുണ്ടും, സെറ്റ് സാരിയും, സെറ്റുമുണ്ടും കേരളത്തിന്റെ ഒരു വികാരം തന്നെയാണെന്ന് പറയാം.

കേരളത്തിന്റെ വസ്ത്രരീതിയിൽ വന്ന മാറ്റം നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും.ഒരുകാലത്തു ഒറ്റമുണ്ടും,ഒറ്റ തോർത്തും ആയിരുന്നു പുരുഷന്റെ വേഷങ്ങൾ, സ്ത്രീകൾക്കും വലിയ വത്യാസം ഇല്ല അവരും മുണ്ടും തോർത്തും ഒക്കെ ആയിരുന്നു.ഏത് ആഢ്യത്തം ഉള്ളവരും ഇല്ലാത്തവരും ഇതു തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഉയർന്ന ജാതിയിലുള്ളവർ അതു കാണിക്കാൻ ചിലപ്പോൾ ഒരു മേൽമുണ്ടും ഉപയോഗിച്ചു എന്ന് വരും.പെണ്ണുങ്ങൾ കച്ച കെട്ടി ഉടുത്തു നടക്കും. താഴെക്കിടയിൽ കഴിയുന്നവർ ഒറ്റമുണ്ട് ആണ് വേഷം അന്ന് പെണ്ണിന് മാറുമറയ്ക്കാൻ അവകാശവും ഇല്ലായിരുന്നു. പിന്നെ ചരിത്ര സമരങ്ങളിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് മുണ്ടും റൗക്കയും നിലവിൽവന്നു. സ്ത്രീകൾ തങ്ങളുടെ അരക്കെട്ട് ഒതുക്കി മുണ്ടുടുത്തു മാറുമറയ്ക്കാൻ റൗക്ക ഉപയോഗിച്ചുതുടങ്ങി.വീണ്ടും പരിഷ്കാരങ്ങൾ വന്നപ്പോൾ മുണ്ട്,ബ്ലൗസ് ജമ്പർ,പാവാട തുടങ്ങി ഓരോന്നും നിലവിൽവന്നു.മുണ്ട് ധരിക്കുമ്പോൾ പൊക്കിൾ കാണുന്നതും, ബ്ലൗസിനു പുറത്തേക്കു മാറിടം തുറിച്ചു നിൽക്കുന്നതോ ഒന്നും ആളുകൾ ശ്രദ്ധിച്ചില്ല.

അന്നൊക്കെ എന്ത് ധരിച്ചാലും ആളുകൾക്കു പ്രശ്നം ഇല്ലായിരുന്നു. സ്ത്രീകൾക്കു അവരുടെ വസ്ത്രരീതിയിൽ ഒരു പ്രശ്നം തോന്നിയില്ല.പീഡനം ഇല്ല എന്നല്ല പക്ഷെ ജന്മി കുടിയാൻ വ്യവസ്ഥയിൽ അടിയാള പെണ്ണുങ്ങൾ പീഡനം സഹിക്കേണ്ടി വന്നു.80കളിൽ കേരളത്തിൽ നിറഞ്ഞു നിന്നത് ദാവണിയും, പാവാടയും, കുപ്പയാവുമൊക്കെ ആയിരുന്നു. പുരുഷന്മാർ മുണ്ടും, ഷർട്ടും ഉപയോഗിച്ചു തുടങ്ങി.ഇന്നും കേരളത്തിൽ ദാവണി ഒരു കാല്പനിക വസ്ത്രമാണ്.കൗമാര സ്വപനങ്ങൾക്കും,പ്രണയങ്ങൾക്കും,പ്രണയ സങ്കൽപ്പങ്ങൾക്കും കാല്പനിക ഭാവം പകരുന്നതിൽ ദാവണിയോളം മറ്റൊരു വസ്ത്രമുണ്ടോ?. പുളിയിലക്കരമുണ്ട് കേരളത്തിലെ വീട്ടമ്മയുടെ മുഖമുദ്രയായി അരങ്ങു വാണു.വസ്ത്രധാരണത്തിൽ വിപ്ലവം തീർത്തതു നൈറ്റിയും, ചുരിദാറും ആണെന്നു പറയാം. ഉപയോഗിക്കാനുള്ള സൗകര്യവും ലാളിത്യവും വീട്ടമ്മമാർ നൈറ്റിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു.ശരീരം മറയുന്ന വസ്ത്രങ്ങൾ എല്ലാവരും ഒരുപോലെ സ്വീകരിച്ചു. ദാവണിയും, പാട്ടുപാവാടയും, സാധാരണ പാവാടയും പതിയെ പിൻവലിഞ്ഞു അതിനു പകരം ചുരിദാർ പല ഭാവങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ചുരിദാർ സുരക്ഷയും ആത്മവിശ്വാസവും നൽകുന്ന വസ്ത്രമായി പരിണമിച്ചു.അതിനോടൊപ്പം തന്നെ

സ്ത്രീകളുടെ വസ്ത്ര ധാരണത്തിൽ കാതലായ ഒരുപാട് മാറ്റങ്ങൾ വന്നു.ആണിനെ യും പെണ്ണിനും വേർ തിരിച്ചറിയാനാകാത്ത വിധം വസ്ത്രം ധരിക്കാൻ തുടങ്ങി. ജീൻസും ടീഷർട്ടും എല്ലാവരും ഉപയോഗിച്ചു തുടങ്ങിയപ്പോൾ പഴയ ആളുകൾ മുറുമുറുപ്പോടെ നോക്കി ഇന്നും അതു തുടരുന്നുണ്ടെങ്കിലും സ്വന്തം സംതൃപ്തി നോക്കി വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പുതുതലമുറ കരുത്താർജ്ജിച്ചു.കേരളത്തിൽ ഇപ്പോഴത്തെ വസ്ത്രധാരണം ഇന്ന് വീണ്ടും പഴയ കാലത്തിലേക്ക് മടങ്ങി പോകുകയാണെന്ന് തോന്നുന്നു. അന്ന് മാറുമറയ്ക്കാൻ സമരം നടത്തിയെങ്കിൽ ഇന്ന് മാറു തുറക്കാനാണ് സമരം. തങ്ങളുടെ ശരീരത്തിൽ ഒളിച്ചുവെക്കാൻ ഒന്നും ഇല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് പെൺകുട്ടികൾ വസ്ത്രത്തിന്റെ അളവ് കുറച്ചു മാറിടം തുറന്നു കാട്ടുന്ന രീതിയില്അല്പവസ്ത്രങ്ങൾ ധരിച്ചു സങ്കോചമില്ലാതെ പുറത്തിറങ്ങി നടക്കുന്നു. ആണിനും പെണ്ണിനും തുല്യതയും, നവോഥാനവും പ്രസംഗികുകയും ചെയ്യുന്നവർ പോലും മുഖം ചുളിക്കുന്നുവെന്നത് മറ്റൊരു സത്യം.

വസ്ത്രം എന്നതു തികച്ചും വ്യക്തിപരമാണ് എന്ത് ധരിക്കണം?എങ്ങനെ ധരിക്കണമെന്ന് ഓരോ വ്യക്തിയുടെയും താൽപര്യത്തിനനുസരിച്ചാണ്.വസ്ത്രധാരണം കൊണ്ട് നമ്മൾ ഓരോരുത്തരെയും വിലയിരുത്താറുണ്ട്. പക്ഷെ തുറന്നു കാട്ടുന്ന വസ്ത്രങ്ങൾ മോശമാണ്, അതുപയോഗിക്കാൻ പാടില്ല എന്നുള്ള വാദഗതികൾ അംഗീകരിക്കാൻ പറ്റുമോ?സ്ത്രീകളുടെ ഇന്നത്തെ വസ്ത്രധാരണമാണ് ലൈംഗിക പീഡനങ്ങൾക്കും,ബലാൽസംഘങ്ങൾക്കുംആധാരമെന്ന ആക്ഷേപങ്ങൾക്കും പരാതികൾക്കും വഴിതെളിച്ചു വെച്ചിട്ടുണ്ട്, അതു നമുക്കു അംഗീകരിച്ചു കൊടുക്കാൻ കഴിയുമോ?ഈയടുത്ത് നടന്ന ഒരുപാട് സംഭവങ്ങളിൽ ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ച് മോശമായ അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതു.ഇത് സത്യമായ ഒരു വാദഗതിയായി എനിക്ക് തോന്നിയിട്ടില്ല.കാരണം കേരളത്തിൽ മാത്രമാണ് ഇങ്ങനെ ഒരു പ്രശ്നം ഉള്ളത്. ഒരുപക്ഷെ കേരളത്തിൽ മാത്രം ജീവിച്ചിരുന്നെങ്കിൽ ഈ അഭിപ്രായം എനിക്കുമുണ്ടായിരുന്നേനെ. പക്ഷെ കേരളത്തിന്റെ പുറത്തും, മറ്റു രാജ്യങ്ങളെയും, വിദേശികളെയും ഒക്കെ കണ്ടും അറിഞ്ഞും അനുഭവമുള്ളതുകൊണ്ട് ഞാനൊരിക്കലും അതിനെ സപ്പോർട്ട് ചെയ്യില്ല.

മലയാളികൾ ഈ കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും പടർന്നു കിടക്കുകയാണ്. നമ്മുടെ കേരളത്തിൽ മാത്രമാണ് തുറിച്ചു നേട്ടങ്ങളും, തോണ്ടലും, പിടിക്കലും,പരസ്യമായ സ്വയംഭോഗമടക്കമുള്ള കലാപരിപാടികളും കാര്യങ്ങളും ഒക്കെ കാണാൻ പറ്റുക.കേരളത്തിന്റെ അതിർത്തി വിട്ടു കഴിഞ്ഞാൽ പിന്നെ ഒരു ഇങ്ങനെ ഒരു കാഴ്ചയില്ല. ആരും ആരെയും നിരീക്ഷിക്കാനോ ഒളിഞ്ഞു നോക്കാനോ പോകുന്നില്ല.
അവിടെ വസ്ത്രങ്ങളിലുള്ള വൈവിധ്യവും,തുറന്നു കാട്ടിയുള്ള വസ്ത്രങ്ങളും, എല്ലാം ധരിച്ച സ്ത്രീകളെയും പുരുഷൻമാരെയും നമുക്ക് കാണാൻ പറ്റും.ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലും ഇങ്ങനെ തുറന്ന വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളെ കാണാൻ കഴിയും. അത്തരം വസ്ത്രങ്ങളിൽ അവർക്ക് ഒരു ലജ്ജയും ഇല്ല. പക്ഷെ കേരളത്തിൽ ഒരു അൽപവസ്ത്രധാരിയെ കണ്ടു കഴിഞ്ഞാൽ തുറിച്ചുനോട്ടമുണ്ട്, മിക്കവാറും എല്ലാ ക്യാമറ കണ്ണുകളും അങ്ങോട്ട് തിരിയും. ശരിക്കും മലയാളികൾക്ക് ലൈംഗികദാരിദ്ര്യം ഉണ്ടെന്നു നമുക്ക് തോന്നും.

ഒരു പെൺകുട്ടി അല്പ വസ്ത്രം ധരിച്ചുകൊണ്ട് ഒരു ഇൻറർവ്യൂ കൊടുത്താൽ ആ വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറൽ ആയി. ആ പെൺകുട്ടിയെ അത്രത്തോളം ക്യാമറാമാൻ പതിപ്പിച്ചു കൊണ്ട് വരുന്നുണ്ട്.അതിനു താഴെ തങ്ങളുടെ ലൈം- ഗിക ദാരിദ്രം വിളിച്ചോതുന്ന കമെന്റുകൾ വാരി വിതറി നിർവൃതി അടയുന്നവർ.പെണ്ണിന്റെ അഴകളവുകളിൽ ചൂണ്ടിയ എത്രയെത്ര പരസ്യങ്ങൾ, എത്രയെത്ര രംഗങ്ങൾ. പെണ്ണിനെ ഏറ്റവും നന്നായി ചൂഷണം ചെയ്യുന്നതും ഇത്തരം മീഡിയകൾ തന്നെയാണ്.
നമുക്കറിയാം പശ്ചാത്യ രാജ്യങ്ങളിലെല്ലാം വസ്ത്രമെന്നത് അവരവരുടെ സൗകര്യം ആണ്. അവിടെയും മലയാളികൾ ഇല്ലെ? അതെന്താ മറ്റു രാജ്യങ്ങളിൽ ഇങ്ങനെയുള്ള കാഴ്ചകൾ നിങ്ങളെ ഉദ്ധരിക്കാത്ത തു?.അവിടെയും പൊതു സ്ഥലങ്ങളിൽ അല്ലെ അവരങ്ങനെ നടക്കുന്നത്?അവിടെയൊക്കെ നിയമങ്ങൾ ശക്തമാണ്. അവിടെ പോയി ഇങ്ങനെ കാണിച്ചാൽ കിട്ടുന്ന ശിക്ഷയെ കുറിച്ച് ബോധവന്മാർ ആണ് അതാണ് കാരണം.

അപ്പൊ ലൈം-  ഗികമായി പീഡിപ്പിക്കപ്പെടുന്നത് വസ്ത്രം ഇല്ലാഞ്ഞിട്ടാണ് എന്നുള്ളത് കേവലം ഒരു രക്ഷപ്പെടൽ മാത്രമല്ലേ? അങ്ങനെ ന്യായീകരിക്കാൻ നമുക്ക് പറ്റുമോ? സ്ത്രീയുടെയും പുരുഷന്റെയും ശരീരഘടനയിൽ പ്രത്യക്ഷത്തിൽ പ്രത്യേകതയുള്ളത് ലിംഗമാണ്.രണ്ടാമത്തെ സ്ത്രീയുടെ മാറിടം ആണ്.പക്ഷെ ഇവിടെ അതിന്റെ ധർമ്മങ്ങൾ നോക്കുക. ഒന്ന് ഒരു പുന സൃഷ്ടിക്കാനുള്ളതാണ്, രണ്ടാമത്തേത് അതു നിലനിർത്താൻ ഉള്ളതും.സ്ത്രീശരീരം എന്താണെന്ന് മനസ്സിലാക്കിയ ഒരാളാണെങ്കിൽ അല്ലെങ്കിൽ എന്റെ അമ്മയ്ക്കും എന്റെ ഭാര്യയ്ക്കും എന്റെ പെങ്ങൾക്കും ഉള്ളതുതന്നെയാണ് അവൾക്കും ഉള്ളത് എന്ന് മനസ്സിലാക്കിയ ഒരാളാണെങ്കിൽ, വെറുമൊരു ഉപഭോഗവസ്തു എന്നതിനപ്പുറം അവളൊരു സ്ത്രീയാണ്, ഒരു പുതു ജീവനെ വഹിക്കേണ്ടവളാണ്, അതിനെ പാലൂട്ടി വളർത്തി വലുതാക്കേണ്ടവളാണ് എന്ന് ചിന്തിച്ചാൽ പുരുഷന് സ്ത്രീയെ പിന്നെ ലൈംഗികതയുടെ കണ്ണിലൂടെ നോക്കാൻ കഴിയുമോ? വസ്ത്രം മാറി ഇരുന്നാലും ആ ശരീരം നിങ്ങൾ ആസ്വദിക്കില്ല

.നിങ്ങളുടെ കണ്ണുകളിൽ അവളൊരു മാംസമാണ്, അവളെ ഭോഗിക്കാൻ മാത്രമുള്ളതാണ് എന്ന് പഠിക്കുന്നത് കൊണ്ടാണ് പ്രശ്നം.വസ്ത്രമൊ, കാഴ്ചയോ അല്ല കാഴ്ച്ചപ്പാടുകൾ ആണ് തിരുത്തപ്പെടേണ്ടത്.ശരിക്കും ഇതൊരു രോഗമല്ലേ? മനോരോഗമല്ലെങ്കിൽ പിന്നെ ഒരു സ്ത്രീയെ കാണുമ്പോഴേക്കും ലിംഗം ഉദ്ധരിക്കുന്നതു, അല്ലെങ്കിൽ അവളുടെ മാറിടത്തിലോ, നിതംബത്തിലോ പിടിക്കാൻ തോന്നുന്നതു എന്തുകൊണ്ടാണ്?
ഇനിയു വസ്ത്രം ആണ് ലൈ  ഗികപീഡനങ്ങൾക്കു കാരണമെങ്കിൽ ചെറിയകുട്ടികൾ, ആൺകുട്ടികൾ, വൃദ്ധകൾ ഇവരൊക്കെ പീഡി–  പ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?പർദ്ദ, ഇട്ടാൽ പോലും തോണ്ടലും, പിടിക്കലും, ലൈംഗിക അതിക്രമം നടക്കുന്നു. അപ്പൊ പ്രശ്നം വസ്ത്രമല്ല നമ്മുടെ മനോഭാവം ആണ്.
എന്തുകൊണ്ട് ഇത്രയധികം ലൈംഗികഅതിക്രമങ്ങൾ ഉണ്ടാകുന്നു. മനശാസ്ത്രപരമായ പ്രശ്നം മാത്രമല്ല. ശക്തമായ നിയമങ്ങളുടെ അഭാവം തന്നെയുണ്ട്. എന്ത് കാണിച്ചാലും ഇതിനു കിട്ടുന്ന ശിക്ഷയുടെ കാഠിന്യം ഇത്രേയുള്ളൂ,അതുപോലെ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപെട്ടു പോകാമെന്നുള്ള ഉറപ്പുമുണ്ട്.ഇതെല്ലാമാണ് ഇവർക്ക് കരുത്ത് പകരുന്നത്.

എഴുതിയത് : സുബി വാസു