പ്രായമായ ആ മനുഷ്യൻ ഡോക്ടറുടെ അടുത്തെത്തി ആളുടെ പേര് ലിസ്റ്റിൽ ഇല്ല ഡോക്ടറിന് ദേഷ്യം വരുമെന്ന് കരുതി പക്ഷെ അദ്ദേഹം ചെയ്തത് അത്ഭുതപ്പെടുത്തി

EDITOR

നമ്മുടെ ചുറ്റും ഒരുപാട് ഡോക്ടറുമാരുണ്ട് , എല്ലാവരും നമുക്കായി സേവന സന്നദ്ധരായി ഇരിക്കുന്നവവർ തന്നെ ആണ് പക്ഷെ അതിൽ നിന്ന് വ്യത്യസ്തർ ആയവരും ഉണ്ടെന്നു പറയാതിരിക്കാൻ കഴിയില്ല.അങ്ങനെ വ്യത്യസ്തനാക്കുന്ന ഒരു സംഭവം ആണ് ഇവിടെ കുറിക്കുന്നത് ,

ഡോക്ടർ ആശിഷ് വിജയരാഘവൻ. Asish Vijayaraghavan തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്നോളജിയിൽ ന്യൂറോളജി വിഭാഗത്തിലെ അസ്സിസ്റ്റന്റ് പ്രൊഫസ്സർ ആണ്. ഇന്ന് എനിക്കുണ്ടായ ഒരു അനുഭവമാണ് ഈ കുറിപ്പിനാധാരം. ശ്രീചിത്രയിലെ ന്യൂറോളജി വിഭാഗം ഒ.പി. ഒ.പി യിലാണെങ്കിൽ നല്ല തിരക്ക്. നിന്ന് തിരിയാൻ സ്ഥലമില്ല സമയവുമില്ല. ഈ സമയത്താണ് പ്രായമായ ഒരു അമ്മാവൻ കൺസൾട്ടേഷന് എത്തുന്നത്. ഡോക്ടർ സ്നേഹത്തോടെ ഇരിക്കാൻ പറയുന്നു, രോഗവിവരങ്ങൾ തിരക്കുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ കമ്പ്യൂട്ടറിൽ ഈ അമ്മാവന്റെ പേര് തിരയുന്നു. ആദ്യന്തം തിരഞ്ഞിട്ടും പേരു കിട്ടുന്നില്ല. ഡോക്ടർ പുഞ്ചിരിച്ച് കൊണ്ട് ചോദിക്കുന്നു – “അമ്മാവാ ! അമ്മാവന്റെ പേര് കാണുന്നില്ലല്ലോ ! പൈസ അടച്ചതിന് ശേഷം ഈ രസീത് റിസപ്ഷണിൽ കാണിച്ചോ ?” “ഇല്ല” എന്ന മറുപടി. ഡോക്ടർ ചുറ്റും നോക്കിയിട്ട് കൂടെ ആരാ വന്നത് എന്ന് ചോദിച്ചു. അമ്മാവൻ പുറത്തേയ്ക്ക് പരപരാ നോക്കുന്നു. എന്നിട്ട് ആരുമില്ല എന്ന് പറയുന്നു. ആ ഡോക്ടർ “അമ്മാവൻ ഇരിക്കൂ ഞാൻ ഇപ്പോ വരാം ” എന്നും പറഞ്ഞ് അമ്മാവന്റെ കയ്യിൽ നിന്നും ആ പണമടച്ച രസീതും വാങ്ങി പുറത്തേയ്ക്ക് പോകുന്നു.

അസിസ്റ്റന്റിനെ കണ്ട് ആ രസീത് ഏൽപ്പിച്ച് റിസപ്ഷനിൽ പോയി വേഗം എന്ററി ചെയ്ത് വരാൻ ആവശ്യപ്പെടുന്നു. വീണ്ടും തിരികെ വന്നു അമ്മാവനോട് സ്നേഹത്തോടെ രോഗവിവരങ്ങൾ തിരക്കുന്നു. അപ്പോഴേയ്ക്കും അസിസ്റ്റന്റ് രജിസ്റ്റർ ചെയ്ത പേപ്പറുമായി എത്തി. ഇതെല്ലാം ഞാൻ ഡോക്ടറുടെ തൊട്ടടുത്ത് തന്നെ ഇരുന്ന് സാകൂതം വീക്ഷിക്കുകയായിരുന്നു. (എന്റെ ഒരു സുഹൃത്തിനോടൊപ്പം ഞാൻ ആശുപത്രിയിൽ എത്തിയതായിരുന്നു.). ഒടുവിൽ ആ അമ്മാവന് മരുന്ന് കുറിപ്പ് കൊടുക്കുമ്പോൾ ഞാൻ അതിന്നടിയിലെ പേര് ശ്രദ്ധിച്ചു – ഡോ. ആശിഷ് വിജയരാഘവൻ. ആ പേര് എന്റെ ഹൃദയത്തിലിടം പിടിച്ചു. പേര് കാണുന്നില്ലല്ലോ പോയി രജിസ്റ്റർ ചെയ്തിട്ട് വരൂ എന്ന മറുപടി പ്രതീക്ഷിച്ചിടത്ത് ആ തിരക്കിനിടയിലും ഡോക്ടർ സ്വയം എണീറ്റ് പോയി അതിനുള്ള ഏർപ്പാട് ചെയ്യുന്ന കണ്ടപ്പോൾ ആ മനുഷ്യനോട് തോന്നിയ വലിയ ആദരം. ബിഗ് സല്യൂട്ട് സർ.