അച്ഛൻ മരിച്ചു മൂന്നാം ദിവസം അമ്മ പറഞ്ഞു നിന്റെ അച്ഛൻ ഇത്ര കാലം പറ്റിക്കുവാരുന്നു ഇത്ര സത്യസന്ധനായ അച്ഛനെ കുറിച്ച് അമ്മ പറയുന്ന കേട്ട് ഞെട്ടി കാരണം തിരക്കി

EDITOR

അച്ഛൻ മരിച്ച് നാലാം ദിവസമാണ് അമ്മയാ കഥ പറഞ്ഞത്.മോനേ നിന്നെ നിന്റെ അച്ഛൻ പറ്റിച്ചതുപോലെ പറ്റിക്കാൻ എനിക്ക് താത്പര്യമില്ല..പറ്റിച്ചെന്നോ… എന്നെയോ..ആക൪ഷ് അമ്മയുടെ കട്ടിലിൽ തള൪ന്നിരുന്നു. അമ്മ എന്തോ പറയാനൊരുങ്ങിയതും അപ്പുറത്തെ ശാലിനിച്ചേച്ചി കയറിവന്നു. അവ൪ തമ്മിൽ അച്ഛന്റെ മരണത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങിയപ്പോൾ ആക൪ഷ് പതിയെ എഴുന്നേറ്റ് സ്വന്തം മുറിയിൽ പോയിക്കിടന്നു.തന്റെ തള൪ച്ച കണ്ടാവണം മിനി ചോദിച്ചു:എന്താ ആക൪ഷ്..?എന്താ ഒരു വല്ലായ്ക..?
ആക൪ഷ് ഒന്നുമില്ല എന്ന് പറഞ്ഞ് തിരിഞ്ഞുകിടന്നു. മകൻ കിടക്കയിലിരുന്ന് മൊബൈലിൽ ഗെയിം കളിക്കുന്നു. അവന്റെ മുടിയിലൂടെ വിരലോടിച്ച് അങ്ങനെ കിടന്നു.ഓ൪മ്മവെച്ചനാൾ മുതൽ കാണുന്നതാണ് അച്ഛന്റെ അദ്ധ്വാനം. അച്ചാച്ചനെ അച്ഛൻ പൊന്നുപോലെയാണ് നോക്കിയത്. അച്ചാച്ചന് വലിയൊരു പെട്ടിയുണ്ടായിരുന്നു. അതിന്റെ താക്കോൽ എവിടെയാണ് വെക്കാറുണ്ടായിരുന്നതെന്ന് ആ൪ക്കുമറിയുമായിരുന്നില്ല. അതിലാണ് അച്ചാച്ചന്റെ മുഴുവൻ സമ്പാദ്യവുമെന്ന് തറവാട്ടിൽ എല്ലാവരും പറഞ്ഞുകേട്ടിട്ടുണ്ട്.

അച്ചാച്ചൻ മരിച്ചപ്പോൾ അച്ഛനാണ് ആ സമ്പാദ്യത്തിന്റെ അവകാശി എന്ന് പറഞ്ഞുവെച്ചിരുന്നു. അച്ഛന്റെ മൂന്ന് സഹോദരിമാ൪ക്കും കൊടുക്കാനുള്ളതൊക്കെ അച്ചാച്ചൻ നേരത്തെ കൊടുത്തിരുന്നു.
ഈ തറവാട് വീടും പത്ത് സെന്റും എന്റെ മൊത്തം സമ്പാദ്യവും എന്റെ ഏകമകനുള്ളതാണെന്ന് എപ്പോഴും അച്ചാച്ചൻ വരുന്നവരോടും പോകുന്നവരോടും പറയുന്നത് കേട്ടാണ് താനും വള൪ന്നത്. പത്തിൽ പഠിക്കുമ്പോഴായിരുന്നു അച്ചാച്ചന്റെ മരണം. അതിനുശേഷം ഈ വീട് വെച്ച് ഇങ്ങോട്ട് മാറി. അച്ഛന്റെ നിക്ഷേപമൊക്കെ ബാങ്കിലേക്ക് മാറ്റി.എന്നിട്ടും അച്ഛന്റെ അദ്ധ്വാനത്തിനുമാത്രം കുറവൊന്നുമുണ്ടായില്ല. നാട്ടിലൊക്കെ എല്ലാവർക്കും അച്ചാച്ചനോടും അച്ഛനോടും നല്ല ബഹുമാനമായിരുന്നു. ചിലരൊക്കെ കടം ചോദിച്ചുവന്ന് തലചൊറിഞ്ഞു നിൽക്കുന്നത് കാണാം. ന്യായമായ ആവശ്യമാണെന്നുകണ്ടാൽ രണ്ടുപേരും ചെറിയ ‌തുകയൊക്കെ കൊടുത്ത് സഹായിക്കാറുണ്ട്. എങ്കിലും നൂറ് ചോദ്യങ്ങൾ ചോദിച്ചുറപ്പിച്ചേ പണം കൊടുക്കൂ.എല്ലാ മാസവും അഞ്ചാം തീയതി അച്ഛൻ ബാങ്കിലേക്ക് പോകും. തിരിച്ചുവരുമ്പോൾ കൈനിറയെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിയിട്ടുണ്ടാകും. അച്ചാച്ചനെപ്പോലെ അച്ഛനും വലിയ പണക്കാരനായതിന്റെ അഭിമാനം തനിക്കും ചെറുപ്പത്തിലുണ്ടായിരുന്നു. അച്ഛനോട് ഒരിക്കൽ ചോദിച്ചിട്ടുണ്ട്:

അച്ഛാ.. അച്ഛനെന്തിനാണ് ഈ വയ്യാത്തകാലത്തും ഇങ്ങനെ അദ്ധ്വാനിക്കുന്നത്..?എനിക്ക് ആരുടെയും പണമെടുത്ത് ചിലവിട്ട് ശീലമില്ലെടാ … നീയും അങ്ങനെ തന്നെ ആയിരിക്കണം.തന്റെ മുടിയിലൂടെ വിരലോടിച്ച് അച്ഛൻ പറയും.അത് കേൾക്കുമ്പോൾ പഠിക്കാനും ജോലി നേടാനും ഒരു പ്രത്യേക ഉന്മേഷമായിരുന്നു. അന്നേ തീരുമാനിച്ചിരുന്നു, വലിയ ഉദ്യോഗം നേടി അച്ഛന്റെ മുന്നിൽ വന്നുനിൽക്കണം. അച്ഛന്റെ കാശൊന്നും തനിക്ക് ആവശ്യമില്ലെന്ന് പറയണം. സ്വന്തം ചിലവിൽ അച്ഛനെ ലോകം മുഴുവൻ കൊണ്ടുപോയി കാണിക്കണം. ഓ൪മ്മവെച്ചനാൾതൊട്ട് അച്ഛൻ സ്വന്തം സന്തോഷത്തിന് പ്രാധാന്യം കൊടുത്ത് കണ്ടിട്ടില്ല. ഇനിയെങ്കിലും വിശ്രമിക്കണം എന്ന് അപേക്ഷിക്കണം.

എല്ലാം താൻ വിചാരിച്ചതുപോലെ നടത്തി. തന്റെ കാര്യത്തിൽ അച്ഛൻ പരിപൂ൪ണ്ണ തൃപ്തനായിരുന്നു. പിന്നെയെന്തിനാണ് അച്ഛൻ തന്നെ പറ്റിച്ചത്.. അതാണ് ആലോചിച്ചിട്ട് മനസ്സിലാവാത്തത്..
ശാലിനിയേച്ചി യാത്ര പറഞ്ഞിറങ്ങുന്ന ശബ്ദം കേട്ടതും ആക൪ഷ് ചാടിയെണീറ്റ് അമ്മയുടെ മുറിയിലേക്ക് നടന്നു.അമ്മേ… എന്നോടെന്തോ പറയുകയായിരുന്നല്ലോ.. എന്താത്..?ആക൪ഷ് ആകാംക്ഷയോടെ ചോദിച്ചു.
പറയാം.. ഞാനൊന്ന് കുളിച്ചിട്ടുവരട്ടെ.അമ്മ വസ്ത്രങ്ങളുമെടുത്ത് കുളിമുറിയിലേക്ക് കയറി. മിനി ചായയുമായി വന്നു. അച്ഛന്റെ മരണവിവരമറിഞ്ഞ് ഓരോരുത്ത൪ പിന്നെയും വരുന്നുണ്ട്. മിനി അവരോടൊക്കെ സംസാരിക്കുന്നുണ്ട്. ആക൪ഷിന് ആരോടും സംസാരിക്കാൻ തോന്നിയില്ല.
അച്ഛന്റെ സുഹൃത്ത് ശരത്തേട്ടൻ വന്ന് കുറേനേരം അടുത്തിരുന്നിട്ട് പോയി. തന്റെ ഇരിപ്പുകണ്ട് ശരത്തേട്ടൻ പറഞ്ഞു:

കിടക്കാതെ പോയല്ലോ.. അതിൽ ആശ്വസിക്കുക.. നീയിങ്ങനെ സങ്കടപ്പെടാതെ.. നീ ടൂറിന് കൊണ്ടുപോയി വരുമ്പോഴൊക്കെ നിന്റെ അച്ഛന്റെ സന്തോഷം കാണണമായിരുന്നു.എന്റെ ആശകളൊക്കെ തീ൪ന്നെടാ എന്ന് എന്നെ‌ കാണുമ്പോഴൊക്കെ പറയുമായിരുന്നു. നീ ഭാഗ്യം ചെയ്ത മോനാ.. അവൻ നിന്നെ മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ട്.അമ്മ കുളിച്ചുവന്നതിനുശേഷം ശരത്തേട്ടൻ യാത്ര പറഞ്ഞിറങ്ങി. അപ്പോഴാണ് മഴ വന്നത്. മിനിയും അമ്മയും മോനും കൂടി മുറ്റത്തിറങ്ങി ആറിയിട്ട തുണികളൊക്കെ ഓടിച്ചെന്ന് എടുത്തുകൊണ്ടുവന്നു.ആ൪ത്തിരമ്പി മഴവന്നതും കരണ്ടങ്ങ് പോയി. ഇരുട്ട് വീണുതുടങ്ങിയിരുന്നു. തണുത്ത കാറ്റടിക്കുന്നു. ആക൪ഷ് എമ൪ജൻസി എടുത്ത് കത്തിച്ച് അമ്മയുടെ അരികിൽ പോയിരുന്നു. അമ്മയും മിനിയും വസ്ത്രങ്ങളൊക്കെ മടക്കിവെക്കുകയാണ്.അമ്മേ… പതിനാറ് കഴിഞ്ഞാൽ അമ്മ തനിച്ചിവിടെ നിൽക്കണ്ട.. ഞങ്ങളുടെ കൂടെ സിറ്റിയിലോട്ട് വരണം.

വരാം മോനേ… അതാ ഞാനും പറയാൻ വന്നത്.എന്താമ്മേ..?നിന്റെ അച്ഛൻ ചെറുപ്പം മുതലേ എന്തോരം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിനക്കറിയാലോ.അച്ചാച്ചൻ മരിച്ചപ്പോൾ എല്ലാവരും കരുതി അച്ചാച്ചന്റെ പെട്ടിയിൽ സമ്പാദ്യമായി നിറയെ സ്വർണ്ണവും പണവും സ്വത്തുവകകളുടെ ആധാരവുമൊക്കെ കാണുമെന്ന്…
അതേ… എല്ലാവർക്കും വലിയ അസൂയയായിരുന്നല്ലോ അച്ഛനോട് പക്ഷേ അതിലൊന്നുമുണ്ടായിരുന്നില്ല തറവാട് വീടും പത്ത് സെന്റ് പുരയിടത്തിന്റെയും ആധാരമല്ലാതെ.. കുറച്ച് പഴയ വസ്ത്രങ്ങളുണ്ടായിരുന്നു. അതൊക്കെ തിരയുന്നതിനിടയിൽ അച്ഛന് അച്ചാച്ചന്റെ ഒരു കത്ത് കിട്ടി.എന്തായിരുന്നു അതിൽ..?
ആക൪ഷ് ജിജ്ഞാസയോടെ ചോദിച്ചു.മിനീ, മോന് ചോറ് കൊടുത്ത് ഉറക്കാൻ നോക്കിയേ.അമ്മ അതും പറഞ്ഞ് അലമാര തുറന്ന് പഴകിപ്പൊടിഞ്ഞ ഒരു കത്തും അച്ഛന്റെ ബാങ്കിലെ പാസ്ബുക്കും എടുത്ത് കൊണ്ടുവന്നു. കത്ത് വായിച്ച ആക൪ഷ് അന്തംവിട്ടുപോയി.എന്റെ പെട്ടിയിൽ ഇല്ലാത്ത സമ്പാദ്യം തിരഞ്ഞ് നീ വിഷമിക്കണ്ട… അതിലൊന്നുമില്ല

പക്ഷേ എന്തൊക്കെയോ ഉണ്ട് എന്ന തോന്നൽ തരുന്ന ആശ്വാസവും ധൈര്യവും മുന്നോട്ട് പോകാനുള്ള പിടിവള്ളിയാണ്. നിന്റെ സമ്പത്ത് അദ്ധ്വാനിക്കാനുള്ള നിന്റെ മനസ്സ് തന്നെയാണ്…
നിന്റെ മകനും നിനക്ക് വേണ്ടുന്നതൊക്കെ‌ വയസ്സാംകാലത്ത് ചെയ്തുതരാൻ ഈയൊരൊറ്റ സൂത്രം മാത്രം പ്രയോഗിച്ചാൽ മതിയാകും.പെട്ടിയിലൊന്നുമില്ല എന്ന് ആരുമറിയാതെ നോക്കേണ്ടത് നിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.. അത് നീ നോക്കിയും കണ്ടും ചിന്തിച്ച് തീരുമാനിച്ചുകൊള്ളുക.. മരിച്ചുകഴിഞ്ഞ എനിക്കിനി മാനാപമാനങ്ങളില്ല.ആക൪ഷ് കത്ത് വായിച്ചതും അമ്മയെ അവിശ്വസനീയമായി നോക്കി.
അമ്മ അപ്പോഴാണ് അച്ഛന്റെ പാസ്ബുക്ക് അവന്റെ കൈകളിൽ വെച്ചുകൊടുത്തത്.അതിൽ നാൽപ്പതിനായിരം രൂപയേ ഉണ്ടായിരുന്നുള്ളൂ.അച്ഛനും വലിയ സമ്പാദ്യമൊന്നുമില്ല മോനേ..
എനിക്ക് അവ൪ രണ്ടുപേരും കാണിച്ച സൂത്രമൊന്നും തുടരാൻ വയ്യ..അമ്മ കണ്ണ് തുടച്ചു.ഞാൻ നിങ്ങളോടൊപ്പം വരുന്നുണ്ട്.എന്റെ കാലശേഷം ഈ വീട് വിറ്റോളൂ.. അതുവരെ അച്ഛന്റെ ഓ൪മ്മയ്ക്ക് ഇതിവിടെ നിന്നോട്ടെ..
അതിനെന്താ.. അമ്മ പോന്നോളൂ..ആക൪ഷ് അമ്മയെ ചേ൪ത്തുപിടിച്ച് അത് പറയുമ്പോൾ അച്ഛനെ ഓ൪ത്തു. ആദ്യശമ്പളം കിട്ടിയത് അച്ഛന് കൊടുക്കാൻ ചെന്നപ്പോൾ അച്ഛൻ പറഞ്ഞു:എനിക്ക് നിന്റെ കാശൊന്നും വേണ്ട.എനിക്ക് ജീവിക്കാൻ എന്റെ അച്ഛൻ സമ്പാദിച്ചത് തന്നെ ധാരാളം.അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ഭാഗ്യലക്ഷ്മി. കെ. സി.