ഒരു ധനാഢ്യൻ ഒരു വലിയ ആടിനെ അറുത്ത് തീയിൽ ചുട്ടെടുത്ത് തന്റെ മകനോട് ഇപ്രകാരം പറഞ്ഞു.മകനെ, നമ്മുടെ സുഹൃത്തുക്കളെയും അയൽക്കാരെയും നമ്മോടൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിക്കൂ നമുക്കെല്ലാവർക്കും ഒന്നിച്ചു കഴിക്കാം മകൻ തെരുവിൽ വന്ന് ഉറക്കെ ഒച്ചവെച്ച് ഇപ്രകാരം വിളിച്ചു നിലവിളിക്കാൻ തുടങ്ങി.ഓടി വരണേ.ഞങ്ങളുടെ വീട് തീ പിടിച്ചിരിക്കുന്നു.വീട്ടിലെ തീ അണയ്ക്കാൻ ഞങ്ങളെ സഹായിക്കൂ.കുറച്ച് നേരത്തിനു ശേഷം,വളരെ കുറച്ച് ആളുകൾ മാത്രം പുറത്തേക്ക് വന്നു, ബാക്കിയുള്ളവരാവട്ടെ സഹായത്തിനായുള്ള നിലവിളി കേൾക്കാത്തതുപോലെ നടിക്കുകയും ചെയ്തു.
സഹായിക്കാനായി ഓടി വന്നവരോട് യഥാർത്ഥ കാര്യം വിശദീകരിച്ചപ്പോൾ അവർക്കു സന്തോഷമായി അവരെല്ലാവരും പാതിരാത്രി വരെ തിന്നും കുടിച്ചും സന്തോഷമായി ചിലവഴിച്ചു.അപ്പോൾ അച്ഛൻ അത്ഭുതത്തോടെ മകൻ്റെ നേരെ തിരിഞ്ഞ് അവനോട് ചോദിച്ചു.ഈ വന്നവരെയാരെയും എനിക്കറിയില്ല, ഇതിനു മുമ്പ് ഞാൻ ഇവരെ കണ്ടിട്ടുമില്ല, നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം എവിടെ?
ആരും വന്നില്ലേ.?
മകൻ പറഞ്ഞു.ഒന്നും ചിന്തിക്കാതെ നമ്മുടെ വീട്ടിൽ കത്തുന്ന തീ അണയ്ക്കാൻ അവരുടെ വീട്ടിൽ നിന്ന് ഓടിവന്നവർ,ഒരത്യാഹിത നേരത്ത് പോലും പ്രതികരിക്കാതെ ഒളിച്ചിരിക്കുന്ന ബന്ധുക്കളെക്കാളും,അയൽക്കാരെക്കാളും സുഹൃത്തുക്കളെക്കാളും നമ്മുടെ സ്നേഹവും ആതിഥ്യവും അർഹിക്കുന്നവരാണ്.ജീവിതത്തിൽ നമ്മൾ കഷ്ടപ്പെടുകയാണെന്ന് അറിഞ്ഞിട്ടും നമ്മളെ സഹായിക്കാതെ പോകുന്നവർ ഒരു ദിവസം നമ്മൾ വിജയിക്കുമ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാൻ എങ്ങനെ അർഹരാകും.?ഗുണപാഠം : ആപത്ഘട്ടങ്ങളിലും വിഷമങ്ങളിലും സഹാനുഭൂതി കാണിക്കാത്ത ബന്ധങ്ങൾ നിരർത്ഥകമാണ്.
മറ്റൊരു ഗുണപാഠ കഥ ഇങ്ങനെ ഒരു കൊച്ചു ഗ്രാമത്തിൽ വൃദ്ധനായ ഒരു ചിത്രകാരനുണ്ടായിരുന്നു. മനോഹരമായ ചിത്രങ്ങൾ വരച്ച്.അവ നല്ല വിലയ്ക്കു വിറ്റ്.. അയാൾ ജീവിച്ചു.ഒരു ദിവസം ആ ഗ്രാമത്തിലെ ഒരു ദരിദ്രൻ അയാളെ സമീപിച്ചു ചോദിച്ചു:നിങ്ങൾ ഈ തൊഴിലിലൂടെ ധാരാളം പണം സമ്പാദിക്കുന്നുണ്ടല്ലോ? എന്നിട്ടും എന്തുകൊണ്ട് നാട്ടിലുള്ള പാവങ്ങളെ സഹായിക്കുന്നില്ല?.. നിങ്ങൾക്ക് ആ ഇറച്ചിവെട്ടുകാരനെ കണ്ടു പഠിച്ചുകൂടേ..? അയാൾ നിങ്ങളുടെയത്ര സമ്പന്നനൊന്നുമല്ല.. എന്നിട്ടും, ദിവസവും കുറെ ദരിദ്രർക്ക് അയാൾ സൗജന്യമായി ഇറച്ചിപ്പൊതി നൽകി വരുന്നു!ചിത്രകാരൻ അതിനു മറുപടിയൊന്നും പറയാതെ വെറുതെ പുഞ്ചിരിച്ചതേയുള്ളൂ.ആ ദരിദ്രൻ കോപത്തോടെ അവിടെനിന്നും എഴുന്നേറ്റുപോയി.
സമ്പന്നനായ ചിത്രകാരൻ അറുപിശുക്കനാണെന്നും ആർക്കും ഒരു സഹായവും ചെയ്യാത്തവനാണെന്നും നാടുനീളെ പറഞ്ഞു പരത്തി.രോഷാകുലരായ നാട്ടുകാർ വൃദ്ധനായ ചിത്രകാരനെ കയ്യേറ്റം ചെയ്യുന്നേടം വരെയെത്തി കാര്യങ്ങൾ അല്പനാളുകൾ കഴിഞ്ഞപ്പോൾ അദ്ദേഹം രോഗം ബാധിച്ചു കിടപ്പിലായി. ആരും ആ വൃദ്ധനെ ശ്രദ്ധിക്കുകയോ സഹായിക്കുകയോ ചെയ്തില്ല! ഒടുവിൽ അദ്ദേഹം മരിച്ചു ദിവസങ്ങൾ അങ്ങനെ കടന്നു പോയി.ഈയിടെയായി ധർമ്മിഷ്ഠനായ കശാപ്പുകാരൻ ആർക്കും സൗജന്യമായി ഇറച്ചിപ്പൊതി കൊടുത്തയക്കാറില്ല അതിൻറെ കാരണമന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു വൃദ്ധനായ ഒരു ചിത്രകാരൻ പണം തന്നിട്ടാണ് ഞാൻ ഗ്രാമത്തിലെ ദരിദ്രർക്ക് ഇറച്ചിപ്പൊതി എത്തിച്ചു കൊണ്ടിരുന്നത്.. അദ്ദേഹം മരിച്ചുപോയി ഗുണപാഠം:ഉള്ളറിയാതെ ഒരാളെയും വിലയിരുത്തരുത്