പ്രസവ ദിവസം ഓരോ മണിക്കൂറും വേദന വരും പോകും വരും പോകും അവസാനം കുഞ്ഞിന്റെ മുടി കണ്ടു എന്ന് മെയിൻ സിസ്റ്റർ പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു മോളേ നീ നന്നായി ശ്രമിക്കണം

EDITOR

Updated on:

ജൂലൈ 29 വൈകീട്ടു നാല് മണിയോടു കൂടിയാണ് മകൾ ജീവിതത്തിലേക്ക് കടന്നു വന്നത്. അങ്ങനെ, ഏതൊരു സ്ത്രീയെപ്പോലെയും മറക്കാനാവാത്ത ഒരു ദിവസമായി ജൂലൈ 29 മാറി. എന്റെ ജീവിതത്തിൽ പലതും അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്. വളരെ അപ്രതീക്ഷിതമായി പെട്ടെന്നൊരു ദിവസം വിവാഹം നിശ്ചയിക്കുന്നു. 3 മാസത്തിനുള്ളിൽ വിവാഹം നടക്കുന്നു. അധികം വൈകാതെ കുഞ്ഞഥിതി എത്തുന്നു. അങ്ങനെ അങ്ങനെ പലതും…എത്ര വേഗം 7 വർഷങ്ങൾ കടന്നു പോയി?  പൊന്നൂട്ടിക്ക് ആറ് വയസായി, അവളെ  സ്കൂളിൽ ചേർത്തു എന്നൊക്ക  ആലോചിക്കുമ്പോൾ അതിലേറെ അത്ഭുതവും.വിവാഹം കഴിഞ്ഞു അധികം വൈകാതെ തന്നെ പ്രെഗ്നന്റ് ആണെന്ന് മനസ്സിലാക്കി.  അന്ന് തൊട്ട് ഒരു നാല് മാസം വളരെയധികം പ്രതിസന്ധികളിൽ കൂടി ആണ് കടന്നു പോയത്. PCOD ആയിരുന്നു. (ആദ്യ സ്കാനിംഗിൽ ഡോക്ടർ മൂന്നു മാസം പൂർണ്ണമായും റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. ഒരു ദിവസം പോലും റസ്റ്റ്‌ എടുക്കാൻ മനസ്സ് അനുവദിച്ചില്ല. അത്കൊണ്ട് തന്നെ എല്ലാ ദിവസവും യൂണിവേഴ്സിറ്റിയിൽ ജോലിക്ക് പോയിരുന്നു. അന്ന് വല്ലാത്തൊരു ധൈര്യം ഉണ്ടായിരുന്നു.ഇന്നതില്ല ആദ്യത്തെ രണ്ട് സ്കാനിങ്ങിലും ‘പ്രതീക്ഷ വേണ്ട’ എന്ന് ഡോക്ടർ പറയുമ്പോൾ സ്വാഭാവികമായും നമുക്ക് ടെൻഷൻ കൂടും.പതിയെ പതിയെ ഉള്ളിലെ ജീവൻ വളർച്ച അറിയിച്ചു തുടങ്ങിയപ്പോൾ ആണ് ജീവിതത്തിന്റെ താളം സാധാരണഗതിയിലേക്ക് വന്നത്.

പിന്നെ അങ്ങോട്ട് ഈ കുഞ്ഞിനെ വേണം എന്നുള്ള വാശിയിൽ ആയിരുന്നു. നാലാം മാസത്തിലെ ഡൗൺ സിൻഡ്രോം പരിശോധന ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞപ്പോൾ വലിയൊരു പ്രതീക്ഷ ആയിരുന്നു. ഓരോ മാസത്തെ പരിശോധനക്കും പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് കൃത്യമായി ഉറപ്പിക്കാൻ ഭർത്താവ് എത്താറുണ്ടായിരുന്നു. അങ്ങനെ അഞ്ചാം മാസം സ്കാനിങ് സമയത്ത് ഡോക്ടർ പറയുന്നു (ഞാൻ ചോദിച്ചപ്പോൾ ആണ് ) ‘മോൾക്ക് പെൺകുട്ടി ആണ് കേട്ടോ’ എന്ന വിശേഷം.അങ്ങനെ വയർ വലുതാകുന്നില്ലെങ്കിലും ഓരോ മാസവും കടന്നു പോയി കൊണ്ടിരുന്നു. സാധാരണ ഒരു മുസ്ലിം കുടുംബത്തിലെ പെൺകുട്ടി ഗർഭിണിയാകുന്നതോടു കൂടി അവളുടെ ശരീരഘടന പൂർണ്ണമായും മാറുകയാണ്. അതിനെ എല്ലാം തെറ്റിച്ചു കൊണ്ട് ഒമ്പതാം മാസമായപ്പോൾ 50ൽ  നിന്നും 55.5 കിലോയിൽ ഞാൻ എത്തി. ആ സമയത്തു ഏറ്റുമാനൂരിൽ റോഡ് പണി നടക്കുകയാണ്. ഉള്ള എല്ലാ കട്ടറുകളും ചാടിച്ചാണ് ബസ്സുകൾ കടന്നു പോകുന്നത്. രാവിലെ 10 നു ബസ്സിൽ കയറിയാൽ 11 കഴിയും ഏറ്റുമാനൂർ കഴിയാൻ…അത്രക്ക് ബ്ലോക്ക്‌ ആണ് അവിടെ. കൂടാതെ ദിവസോം ഒരു 5, 6 കിലോമീറ്റർ നടത്തവും… ഇത്രേം ആകുമ്പോൾ ആകെ  ക്ഷീണം…പിന്നെ ശർദി, മൈഗ്രൈൻ…അതിന്റെയും പ്രയാസങ്ങൾ. പ്രസവത്തിനു 2 ദിവസം മുമ്പ് വരെ ജോലിക്ക് പോയ നമ്മളെ കാണുമ്പോൾ പലർക്കും പുച്ഛം.

എന്ത് കോലം’ ആണെന്ന മട്ടിലുള്ള നോട്ടം നമ്മളെ ബാധിക്കാതായി. അങ്ങനെ, ജൂലൈ 28 ഒരു വ്യാഴാഴ്ച വൈകീട്ടു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാൻ ഡോക്ടർ അവസാന സ്കാനിംഗിൽ പറഞ്ഞു. എല്ലാം സെറ്റാക്കി വൈകിട്ട് ഒരു ആറു മാണിയോട് കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഡെലിവെറിക്ക് അഡ്മിറ്റ് ആകാൻ ആണെന്ന് പറഞ്ഞപ്പോൾ ഹോസ്പിറ്റൽ റിസപ്ഷനിൽ നിന്നുള്ള ആദ്യത്തെ ചോദ്യം ‘ആരാ ഗർഭിണി?’ എന്നായിരുന്നു. മറുപടി ചെറിയ ഒരു ചിരിയിൽ ഒതുക്കി റൂമിലേക്ക് നടക്കുമ്പോൾ കെട്ട്യോൻ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.ചെക്ക് അപ്പിന് നേരെ ലേബർ റൂമിലേക്കാണ് പോയത്. അവിടെ ഒരു സ്ത്രീയുടെ കരച്ചിൽ ഉയർന്നിരുന്നു. ‘ഹൈഡിയുടെ ഫയൽ എവിടെ?’ എന്ന ചോദ്യം കേട്ടു ഞാൻ ആകാംക്ഷയോടെ ലേബർ റൂമിലേക്ക് നോക്കി. ( ഹൈഡി എന്റെ സുഹൃത്താണ്. രണ്ടാമത്തെ ഡെലിവറി ആണ് ) സിസ്റ്ററോട് വിശേഷങ്ങൾ തിരക്കി. ‘ഞാൻ ഒന്നു കണ്ടോട്ടെ’ എന്ന് ചോദിച്ചു. ‘ഡെലിവറി നടക്കുകയാണ്… ഇന്നേ അത് കാണണോ? നാളെ അറിഞ്ഞാൽ പോരെ അതിന്റെ സുഖം? ‘എന്ന്  ചിരിച്ചോണ്ട് സിസ്റ്ററുടെ മറുപടി.  ചെറിയ ഒരു ചമ്മലോടെ ഞാൻ പിന്മാറി.

പിറ്റേന്ന് രാവിലെ 5 മണിക്ക് നേഴ്സ് എത്തി ഒരു ഗുളിക തന്നു. ശേഷം 7:30 നു കുളിച്ചു,  കഴിച്ചു ലേബർ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു. ഞാൻ സമയം ആയപ്പോൾ പതിയെ ലേബർ റൂമിലേക്ക് ചെന്ന് ബെൽ അടിച്ചു. ഒരു സിസ്റ്റർ വന്നു ‘എന്താ കാര്യം’ എന്ന് പറഞ്ഞു. ഞാൻ ചമ്മി കൊണ്ട് ‘ഇന്നാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്…ലേബർ  റൂമിലേക്ക് 7:30 ക്ക് വരാൻ പറഞ്ഞെ’ന്നു മറുപടി കൊടുത്തു. അവർ ആകമാനം നോക്കിട്ട് ‘കുട്ടിക്ക്‌ ആണോ ഡേറ്റ്’ എന്ന് ചോദിച്ചു. ചിരിച്ചോണ്ട് പതിയെ ഞാൻ റൂമിലേക്ക് കയറി. അനിയത്തി രണ്ട് പ്രസവിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ കൃത്യമായി ക്ലാസ്സ്‌ എടുത്തിട്ടുണ്ട് ലേബർ റൂം ഭീകരതയെ കുറിച്ച്… അത്കൊണ്ട് ആകെ ടെൻഷൻ. മനസ്സിൽ എത്ര ടെൻഷൻ ഉണ്ടെങ്കിലും പുറമെ കാണിക്കാൻ പാടില്ലാലോ. മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതെല്ലാം ഒന്നൂടെ  ഉരുവിട്ടു കൊണ്ട് റൗണ്ട്സിനു പോയ എന്റെ ഗൈനെക്കോളജിസ്റ്റിനെ കാത്തു  ലേബർ റൂമിനുള്ളിൽ ഞാൻ ഇരുന്നു.

ഡോക്ടർ എത്തി, പരിശോധിച്ചു. ഒന്നുടെ മരുന്ന് വെച്ചു. ഫ്ലൂയിഡ് കട്ട്‌ ചെയ്തു.പതിയെ നടന്നോളൂ… പെയിൻ വരുമ്പോൾ പറയണം” എന്ന് പറഞ്ഞു. വേണേൽ റൂമിൽ പൊക്കോളാനും അനുമതി നൽകി. അങ്ങനെ വീണ്ടും തിരിച്ചു റൂമിൽ എത്തി. കയ്യിൽ രണ്ട് മൂന്ന് ബുക്കുകൾ കരുതിയിരുന്നു. പതിയെ അതിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്നു. ഇടക്ക് വിശേഷങ്ങൾ തിരക്കി എല്ലാരും വിളിക്കുന്നുണ്ട്, വീട്ടുകാരും കുട്ടികളുമൊക്കെ. അങ്ങനെ മണിക്കൂറുകൾ കടന്നു പോയി. ഒന്നും സംഭവിക്കുന്നില്ല.. ഇടക്ക് മെയിൻ സിസ്റ്റർ വന്നു ഫയൽ നോക്കിട്ട് പറഞ്ഞു. ‘അയ്യോ ! ഇതിത്തിരി പ്രശ്നമുള്ള കേസ് ആണെല്ലോ? അത്കൊണ്ട് ഇവിടെ കിടക്കേണ്ട… ലേബർ റൂമിലേക്ക് പൊക്കോളൂ’ അങ്ങനെ വീണ്ടും ലേബർ റൂമിലേക്ക് എത്തപ്പെട്ടു.

3 കഴിഞ്ഞുള്ള ഓരോ മിനിറ്റുകളും ഓരോ മണിക്കൂറുകൾ ആയി മാറി…വേദന വരും… പോകും… വരും… പോകും. അവസാനം കുഞ്ഞിന്റെ മുടി കണ്ടു എന്ന് മെയിൻ സിസ്റ്റർ പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, ‘മോളേ, നീ നന്നായി ശ്രമിക്കണം… ഞാനും സിസ്റ്ററും കൂടി നിന്നെ സഹായിക്കാൻ പോവുകയാണ്’ എന്ന്. അപ്പോഴും കുലീനത കൈ വിടാതെ ഞാൻ ‘ഓക്കേ’ എന്ന് പറഞ്ഞു. കണ്ണുകളും ശരീരത്തിലെ ഓരോ ഞരമ്പും വേദന കൊണ്ട് തളരുകയാണ്. സിസ്റ്റർ പെട്ടെന്ന് വയറിൽ പുഷ് ചെയ്യുകയും ഡോക്ടർ ഒരു കത്തി കൊണ്ട് താഴം മുറിച്ചു വിടുകയും ഒരുമിച്ചായിരുന്നു. അതോടെ പരിപാടി കഴിഞ്ഞു…പ്രസവം നടന്നു.

അങ്ങനെ അവസാനം 3:45 ആയപ്പോൾ നമ്മുടെ കക്ഷി പുറത്തെത്തി. അവളെ എന്റെ നെഞ്ചോട് ചേർത്തു  കിടത്തിയിട്ടാണ് ഡോക്ടർ തുന്നി കെട്ടിയത്. ഇടക്ക് വേദനിക്കുന്നു. ഡോക്ടർ ചോദിച്ചു… ‘മരപ്പിക്കണോ?’
‘ഇത്രേം വേദനക്കിടയിൽ ഇതൊന്നും ഒരു വേദന അല്ല ഡോക്ടറേ’ എന്ന് ഞാൻ അറിയാതെ പറഞ്ഞു. അങ്ങനെ ഡോക്ടർടേം കുടുംബത്തിന്റേം വിശേഷങ്ങൾ പറഞ്ഞു ഡോക്ടർ സ്റ്റിച്ചിങ് പൂർത്തിയാക്കി. കണ്ണ് തുറന്നു അവളെ കണ്ടപ്പോൾ ഞാനും ഞെട്ടി പോയി. ഇതെന്റെ കുഞ്ഞു തന്നെ ആണോ എന്ന സംശയം. ചൈനക്കാരുടെ മൂക്ക് ഒക്കെ ഉള്ള ഒരു തക്കുടു കുഞ്ഞ്. എന്റെ വയറു കണ്ട് 2 കിലോ എങ്കിലും കണ്ടാൽ മതിയായിരുന്നു എന്ന് പ്രാർത്ഥിച്ചോണ്ട് ഇരുന്നവരെ എല്ലാം ഞെട്ടിച്ചു കൊണ്ട് 3:380 തൂക്കത്തിൽ അവൾ എത്തി. തുന്നി കൊണ്ട് ഇരുന്നപ്പോളും അത് കഴിഞ്ഞപ്പോഴും ഡോക്ടറോട് പറഞ്ഞ ഒരേയൊരു കാര്യം ‘കുഞ്ഞിനെ ആദ്യം ഫൈസലിന്റെ കയ്യിൽ മാത്രമേ കൊടുക്കാവൂ’ എന്നത് ആയിരുന്നു. അതങ്ങനെ തന്നെ അവർ ചെയ്തു. ഫോർസെപ്സ് ഡെലിവറി ആയിരുന്നു കൊണ്ട് ഉണ്ടായപ്പോൾ മുതൽ  കുഞ്ഞിന് ചെറിയ  ശ്വാസം  മുട്ടൽ. അത് കൊണ്ട് പെട്ടെന്ന് തന്നെ NICU വിലേക്ക് മാറ്റി. പതിയെ എന്നെ റൂമിലേക്കും. അങ്ങനെ കേട്ടറിവ് മാത്രം ഉണ്ടായിരുന്ന, ഭീതിയോടെ മാത്രം കണ്ടിരുന്ന അല്ലെങ്കിൽ എല്ലാവരും പറയുന്ന പോലെ മരിച്ചു ജീവിക്കുന്ന പ്രതിഭാസമായ ആദ്യപ്രസവത്തിന്റെ ഓർമ്മ നിലനിർത്തുന്ന ദിവസമായി മാറി 2016 ജൂലൈ 29.

എഴുതിയത് :നിഷ സിദ്ധിഖ്