അപ്പനൊരു ദിവസം ആശൂത്രി പോയിട്ട് വന്നപ്പോ ഒരു കോഴിക്കുഞ്ഞിനേയും കൊണ്ടാണ് വന്നത് ഇതെന്തിനാ?വളർത്താൻ.എങ്കി രണ്ട് മൂന്നെണ്ണം വാങ്ങരുതോ.?എനിയ്ക്ക് കാര്യം പറയാൻ ആണ്.ഒന്ന് മതി.ങേ കോഴിയോട് ആണോ കാര്യം പറയുന്നേ? അപ്പന് ന്താ വട്ടായോ?അതെന്താ എനിയ്ക്ക് കാര്യം പറയാനും ആരേലും വേണ്ടേ?എനിക്ക് ഇപ്പൊ തന്നെ അസുഖം കുറേണ്ട്.പ്രാന്ത് ആയി പോകാതിരിയ്ക്കാൻ വാങ്ങിയതാണ് ഇതിനെ.അതുകൊണ്ട് നീ പേടിക്കേണ്ട ഏതായാലും പ്രാന്തിന് ഉള്ള ഗുളിക വാങ്ങേണ്ടി വരില്ല അപ്പനോട് അങ്ങനെ ചോദിയ്ക്കേണ്ടയിരുന്നില്ല ന്ന് തോന്നി.കൂട്ടിൽ അധികം ഇടാതെ ദിവസവും തീറ്റി കൊടുത്ത് കൂടെ നടന്ന്
അതിനോട് ഓരോന്ന് പറയുന്നത് കേൾക്കാം.ഞാൻ വരുമ്പോ ആ സംസാരം അങ്ങു നിർത്തും.അതിനെയും എടുത്ത് അപ്പുറത്തോട്ട് പോകും.പിന്നെ പിന്നെ എന്റെ വരവിലും അപ്പന്റെ സംസാരം നിൽക്കാതെയായി.അത് വരെ tv മാത്രം കണ്ട് മിണ്ടാതിരുന്ന മനുഷ്യൻ നല്ലൊരു കഥ പറച്ചിലുകാരൻ ആയി മാറി.
ദൂരെയുള്ള ആശുപത്രിയിൽ പോകാനിറങ്ങുമ്പോഅപ്പൻ കോഴിയ്ക്ക് മുന്നിൽ മൂന്നാല് കുഴിയൽ നിരത്തും.പെണ്ണേ ഒന്നില് വെള്ളമുണ്ട്ബാക്കിയിൽ അരിയും ഗോതമ്പുംമൂന്ന് നേരമായി കഴിയ്ക്കണം കേട്ടോ എന്ന് പറയുംഇതിനോട് സമയാ സമയം കഴിയ്ക്കാൻ പറയാൻ അപ്പന് പ്രാന്തുണ്ടോ എന്ന് ചോദ്യം ഞാൻ മനപ്പൂർവം വിഴുങ്ങി.സന്ധ്യയ്‌ക്ക് തിരികെ വരുമ്പോൾ കൊടുത്ത അരി മാത്രം പാത്രത്തിൽ ഇരിപ്പുണ്ട് ആഹാ അപ്പന്റെ കൂടെ അത്താഴം കഴിയ്ക്കാൻ ബാക്കി വെച്ചതാണോ പെണ്ണേ എന്ന അപ്പന്റെ ചോദ്യം കേട്ട് ഞാൻ ചെറുതായി ഞെട്ടും.ഇത് അപ്പനെ കാത്തിരുന്നത് തന്നെയാണോ?ഇന്ന് കുറേ മരുന്ന് ഒക്കെ കുത്തി വെച്ചടീ.ക്ഷീണം ഉണ്ട് …അപ്പന് നേരത്തെ കിടക്കണം എന്ന് പറയുന്നതും കേൾക്കാം പറമ്പിലൊക്കെ അപ്പൻ നടക്കുമ്പോ അത് പുറകെ കാണും.അവിടെ എല്ലാം ചിക്കിചികയുമ്പോ അപ്പൻ അതിനെ ചിലപ്പോ വിലക്കും.ആ മുരുപ്പിന്റെ ഇറമ്പ് ഒന്നും ചികയല്ലേ പെണ്ണേ അപ്പുറത്തെ വാസു ഗുസ്തിയ്ക്ക് വരും.ആ കല്ലില്ലേ അതാണ് നമ്മുടെ അതിര്.
അവിടെ വരെ പോയാൽ മതി വീട്ടിലെ പോങ്ങനെ പോലെ ആണല്ലോ നീയും. നിനക്കും ഇതൊന്നും അറിയില്ലല്ലേ എന്ന് ചോദിയ്ക്കും.കോഴിയുമായി കഥ പറച്ചിൽ കൂടിയപ്പോൾ പറയാൻ പറ്റില്ലാത്ത ഒരു വെപ്രാളം എനിക്കും തുടങ്ങി.പക്ഷെ അപ്പൻ ഒരിയ്ക്കൽ അതിനോട് ഒരു കഥ പറഞ്ഞു അമ്മയെ കെട്ടിയ ദിവസം മുതൽ ഉള്ള കഥ ഒരു നീണ്ട കഥ.ടിയേ.അവളെ ഒരിയ്ക്കലേ തല്ലിയുള്ളൂ.അപ്പോഴത്തെ ദേഷ്യത്തിന്.അന്ന് മുതൽ മാപ്പ് പറഞ്ഞിട്ട് എനിയ്ക്ക് ഇന്നും നോവുന്നടീ ന്ന്.അവള് ഇല്ലാതായ് പോയത് മുതലാടി ഞാൻ മിണ്ടാതെ ആയിപോയത്.നിനക്ക് ഇത് വല്ലോം അറിയോ??കുറെ നേരം ഈ സംസാരം നിലച്ചപ്പോൾ ഞാൻ ഒന്ന് എത്തിനോക്കി ദേ അമ്മ മരിച്ചതിന് ശേഷം അപ്പൻ വീണ്ടും കരയുന്നു.അപ്പോഴാ എനിയ്ക്ക് ശരിയ്ക്കും പൊള്ളിയത് അപ്പൻ നല്ല കഥ പറച്ചിലുകാരൻ ആയിരുന്നു എന്റെ അമ്മയുടെ മുന്നിൽ മാത്രം.അമ്മയ്ക്ക് ശേഷം ഞാനൊരു കേൾവിക്കാരൻ ആയിട്ടില്ലന്ന്
മനസിലാക്കിയ വിറയൽ വന്ന സമയം ഉണ്ടായി.ഞാനും ദേ കഥ പറയാൻ തുടങ്ങി. വേറെ ആരോടുമല്ല ആ കോഴിയോട്.നിനക്ക് എന്തേലും വേണോന്ന് ചോദിയ്ക്കുമ്പോൾ അപ്പൻ പറയും എടിയെ ഇന്നത്തെ ലിസ്റ്റ് ആണെന്ന് മരുന്ന് വാങ്ങാൻ പോകുവാ എന്നു പറയുമ്പോ അപ്പൻ പറയും രണ്ടും ദിവസം കഴിഞ്ഞു മതിയടി എന്നു.എടിയെ നിന്റെ അപ്പനോട് നേരെ ചൊവ്വേ ഗുളിക കഴിയ്ക്കാൻ പറയ് എന്നു ഞാൻ അലറും ഇവനോടും സ്നേഹം പുഴുങ്ങി വെയ്ക്കാതെ പ്രകടിപ്പിയ്ക്കാൻ പറയടി എന്ന മറുപടി കിട്ടും ഇടയ്ക്ക് വീട്ടിൽ എത്തുന്ന ആൾക്കാര് പറയുന്നുണ്ട് എനിയ്ക്കും അപ്പനും വട്ടാണ് എന്ന്.ഞങ്ങൾക്ക് അല്ലെ അറിയൂ കഥ പറയുന്ന അപ്പന് മറുപടി പറയുന്ന മോൻ ആയി ഞങ്ങൾ വളർന്നു എന്നു ഞങ്ങടെ കോഴി പെണ്ണുംഎല്ലാ മനുഷ്യർക്കും ഇങ്ങനെ ഇത്തിരി ഇത്തിരി കഥ പറയാൻ ഉണ്ട്.കേൾക്കാൻ ഒരു ചെവി മതി
എഴുതിയത് : രതീഷ്