എല്ലാവർക്കും അവരുടെ അമ്മമാർ സ്പെഷൽ ആയിരിക്കും എനിക്കും അങ്ങനെ തന്നെ പക്ഷെ ആ ഒരുദിവസം കണ്ട ആ കാഴ്ച എന്റെ തോന്നൽ മാറ്റി മറിച്ചു

EDITOR

എല്ലാവർക്കും അവരുടെ അമ്മമാർ സ്പെഷൽ ആയിരിക്കും എനിക്കും ഞങ്ങളന്ന് ബാംഗ്ലൂരിൽ പഠിക്കുന്ന കാലം, ഒരു ദിവസം ആർജ്ജവ് വന്ന് അവന്റെ അമ്മ മറ്റു അമ്മമാരേക്കാൾ വളരെ സ്പെഷലാണെന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ആദ്യം തോന്നിയത് നീയത് എന്റെമ്മയേ കാണാത്തതു കൊണ്ടാണ് എന്നാണ് എനിക്കു മാത്രമല്ല അപ്പോൾ അവിടെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും അതു തന്നെയായിരിക്കും തോന്നിയിട്ടുണ്ടാവുകയെന്നും എനിക്കുറപ്പായിരുന്നു എന്നാലും ആർജ്ജവ് അങ്ങിനെ പറഞ്ഞപ്പോൾ അതെന്താണെന്നറിയാനുള്ള ഒരാകാംക്ഷ ഞങ്ങളിലുണ്ടായി എന്നതു നേരായിരുന്നു,ആർജ്ജവ് പറഞ്ഞതിൽ നിന്ന്
അവന്റെ അമ്മയേ കുറിച്ച് അറിഞ്ഞ ശേഷം കഴിഞ്ഞ പത്തു വർഷത്തിനിപ്പുറവും ഇന്നും അവന്റെ അമ്മയേ ഞങ്ങൾ നെഞ്ചിൽ കൊണ്ടു നടക്കുന്നു എന്നതാണ് ഒരു വലിയ സത്യം ഞാനവരെ കുറിച്ചു പറയുന്നതിലും നല്ലത് അവർ എന്തായിരുന്നു എന്നത് അവരുടെ പ്രവർത്തിയിലൂടെ തന്നെ പറയുന്നതായിരിക്കും അവർ ഒരു മഹാത്ഭുതമാണ് എന്നല്ല ഞാൻ പറഞ്ഞു വരുന്നത്

മറ്റുള്ളവരെ അപേക്ഷിച്ച് അവർക്കു കാര്യങ്ങളെ കുറച്ചു കൂടി വിശാലമായി കാണാൻ കഴിഞ്ഞിരുന്നു എന്നതു തന്നെയായിരുന്നു അവരുടെ പ്രത്യേകത.മറ്റുള്ളവരിൽ നിന്നു ഒരാളെ വ്യത്യസ്ഥമാക്കുന്ന ഒന്ന്, മറ്റുള്ളവരോടുള്ള അവരുടെ സമീപനരീതിയും,
ഏതു കാര്യത്തിലായാലും അതിനോടുമുള്ള അവരുടെ ചിന്താഗതികളുമാണ് ജീവിതത്തിലെ ഒരോ കാര്യങ്ങളെയും ഏതു തരം പരിഗണന നൽകി പരിപാലിക്കണമെന്നത് ആർജ്ജവിന്റമ്മക്കു വളരെ കൃത്യമായി തന്നെ അറിയാമായിരുന്നു,ഒപ്പം എന്തു പ്രശ്നമായിരുന്നാലും ആർക്കും മുഷിപ്പു തോന്നാത്ത വിധം അതെങ്ങനെ അവരോരോർത്തരോടും അവതരിപ്പിക്കണമെന്നതും ഒരോ കാര്യങ്ങളിലെ തീരുമാനവും മറ്റുള്ളവരേക്കാൾ അവന്റ അമ്മയിൽ വളരെ വ്യത്യസ്ഥവുമായിരുന്നു,അതുപോലെ ആരോടായിരുന്നാലും കാര്യങ്ങൾ തുറന്നു പറയുന്നതിൽ അവന്റെ അമ്മ ഒരിക്കലും മടി കാണിച്ചിരുന്നില്ല,സ്വന്തം ഭർത്താവിനോടു പോലും ഒരു ദിവസം ഭർത്താവിനോടുംനിങ്ങളിലെ കാമുകനെ ആയിരുന്നു എനിക്കിഷ്ടമായിരുന്നതെന്നും

നിങ്ങളിലെ ഭർത്താവ് പലപ്പോഴും വളരെ മോശമാണെന്നും,കഴിഞ്ഞ കുറച്ചു കാലങ്ങളായി നിങ്ങളിലെ കൊള്ളാവുന്ന ഒരേ ഒരു വശം നിങ്ങളിലെ അച്ഛൻ മാത്രമാണെന്നും” അയാളോടു തന്നെ തുറന്നു പറയാൻ അവർ മടിച്ചതേയില്ല,കാര്യങ്ങളെ തുറന്നു പറയുന്നതിൽ വൈകിപ്പിക്കുകയോ,പറയാതെ അതും മനസ്സിലടക്കി പിടിച്ച് കൊണ്ടു നടക്കുവാനോ അവർ ശ്രമിച്ചിരുന്നില്ല,കാരണം എത്ര നീട്ടി കൊണ്ടു പോയാലും പറയേണ്ടത് ഒരേ കാര്യം തന്നെയാണെന്ന് അവർക്കറിയാമായിരുന്നു,അതുപോലൊരു ദിവസം ഭർത്താവിനെ ശാരീരികബന്ധത്തിനു ക്ഷണിച്ചപ്പോൾ ആ സമയം താൽപ്പര്യമില്ലെന്നു പറഞ്ഞു മാറി കിടക്കാൻ ശ്രമിച്ച ഭർത്താവിനോട് അപ്പോൾ തന്നെ അവർ പറഞ്ഞുഇതിനു വേണ്ടി മാത്രം മറ്റൊരാളെ കണ്ടെത്താൻ എനിക്കൊരു പ്രയാസവും ഇല്ലാട്ടോയെന്ന് അവരുടെ ആ വാക്കുകൾ അയാളെ കൊണ്ടെത്തിച്ചത് ചില സമയങ്ങളിൽ സ്വയം അത്തരത്തിലൊരു താൽപ്പര്യം നമ്മളിൽ ഇല്ലെങ്കിൽ കൂടിയും ചില കാര്യങ്ങളെ ഉണ്ടാക്കി പരിഗണിക്കേണ്ടവയാണെന്ന തിരിച്ചറിവിലേക്കായിരുന്നു

സ്ക്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയം ഒരു ദിവസം ആർജ്ജവിനേ നോക്കി അമ്മ പറഞ്ഞു,ഇന്നു രാത്രി നീയാണ് ഞങ്ങൾക്കെല്ലാം അത്താഴം ഒരുക്കുന്നതെന്ന്ഇന്നു മാത്രമല്ല ഇനി മുതൽ രണ്ടാഴ്ച്ചയിലൊരിക്കൽ വീട്ടിൽ അത്താഴം ഒരുക്കുന്നത് നിന്റെ ചുമതലയിൽ പെടുന്നതാണെന്നും സത്യത്തിൽ അവനതു കേട്ട് ഒന്നു ഞെട്ടിയതും അമ്മ പറഞ്ഞു ആദ്യദിനം ആയതു കൊണ്ട് നീ ഇന്ന് എന്തു ഞങ്ങൾക്കു മുന്നിൽ കൊണ്ടു വെച്ചാലും ഞങ്ങളതു ഒരു പരാതിയും കൂടാതെ കഴിക്കും പക്ഷേ ഈയൊരു സൗജന്യം ഇന്നു മാത്രമേ നിനക്കുണ്ടായിരിക്കുകയുള്ളൂ എന്നും പഠനകാലത്ത് ആർജ്ജവ് ഞങ്ങൾക്കുണ്ടാക്കി തന്നിരുന്ന വിഭവസമൃതിയുടെ ഉറവിടം എന്തായിരുന്നെന്ന് അന്നേരമാണ് ഞങ്ങൾക്കു മനസിലായത് പത്താമത്തെ വയസ്സു തൊട്ടു അസുഖമായി കിടക്കുന്ന സമയത്തല്ലാതെ ഒരു ഗ്ലാസ്സ് വെള്ളം പോലും അമ്മ അവനെടുത്തു കൊടുക്കേണ്ടി വന്നിട്ടില്ലാത്രേ,എല്ലാം സ്വയം ചെയ്യാൻ ആ പ്രായം തൊട്ടേ അമ്മയവനെ പ്രാപത്തനാക്കിയിരുന്നു,അതേ ചെറിയപ്രായത്തിൽ തന്നെ അയ്യോ എന്റെ മക്കൾ സ്ക്കൂൾ വിട്ടു വരാറായി അവർക്കു ഭക്ഷണം കൊടുക്കണം “എന്നു പറഞ്ഞു അമ്മയുടെതായ അമ്മയിടങ്ങളിൽ നിന്നൊരിക്കലും അമ്മ ഇറങ്ങി വരാറുമില്ല, വന്നിട്ടുമില്ല

അമ്മ മക്കളോടു തന്നെ പറഞ്ഞിട്ടുണ്ട്,ഒരമ്മ തന്റെ മകനു മെഡിസിനു സീറ്റു കിട്ടിയപ്പോൾ അവനു ഞാനില്ലെങ്കിൽ ശരിയാവില്ലെന്നു പറഞ്ഞു അഞ്ചരവർഷം ഒരു വീട് വാടകക്കെടുത്ത് അവന്റെയൊപ്പം താമസമാക്കിയ തരത്തിലുള്ള ഒരമ്മയേ പോലെ നിങ്ങൾ എന്നിൽ നിന്നൊരിക്കലും പ്രതീക്ഷിക്കണ്ടാന്നും എന്റെ എല്ലാ താൽപ്പര്യങ്ങളെയും പണയപ്പെടുത്തി ഞാനൊരിക്കലും നിങ്ങളെ മാത്രമായി സ്നേഹിക്കില്ലാന്നും.നിങ്ങൾക്കു വേണ്ടി മാറ്റി വെക്കുന്ന സമയം പോലെ തന്നെ എന്റെ ആവശ്യങ്ങൾക്കും ഞാൻ സമയം മാറ്റി വെക്കുമെന്നുംഅവസാന കാലങ്ങളിൽ കുറേ കൂടി നന്നായി ജീവിക്കാമായിരുന്നു എന്നെനിക്കു ഒരിക്കലും നിരാശയായി തോന്നാത്ത വിധം മാത്രമേ ഈ അമ്മ ജീവിക്കുയെന്നും മറ്റുള്ളവരോടുള്ള ബഹുമാനത്തോടൊപ്പം സെൽഫ് റെസ്പെക്റ്റ് ഉള്ള വ്യക്തി കൂടിയായിരുന്നു അവർ.ഒരിക്കൽ തൊട്ടടുത്ത വീട്ടിലെ പയ്യന് ഗൾഫിൽ പോകാൻ പണം തികയാതെ വന്നപ്പോൾ അമ്മ കൈയ്യിലെ ചെറു വിരലിൽ കിടന്നിരുന്ന കാൽപ്പവൻ വരുന്ന സ്വർണ്ണമോതിരം ഊരി നൽകിയതിനെ എന്തിനായിരുന്നു ഇത്ര വലിയ ധാനം എന്നു ചോദിച്ചവരോടു അവർ പറഞ്ഞു എനിക്കതു ലഭിക്കുമ്പോൾ അതിന് മൂവായിരം രൂപയേ വിലയുണ്ടായിരുന്നുള്ളൂയെന്ന്

അതായിരുന്നു അവർ,മറ്റുള്ളവർ അങ്ങിനെ ഒരു സഹായത്തിന്റെ ആവശ്യമുണ്ടോയെന്നു ചിന്തിച്ചയിടത്ത് അവർ അതിൽ കണ്ടത് ഒരു കുടുംബത്തിന്റെ രക്ഷ എന്നതിനോടൊപ്പം ആ പയ്യനിലുള്ള വിശ്വാസവുമായിരുന്നിരിക്കണംഅവർക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു,വീട്ടിൽ ഭിക്ഷ യാചിച്ചു വരുന്നവർക്ക് അവർ ഒരിക്കലും പണം നൽകിയിരുന്നില്ല എന്നതാണ് പകരം അവരോട് കഞ്ഞി വെച്ചു കുടിച്ചോളാൻ പറഞ്ഞു കൊണ്ട് ഒരു ചെറുനാഴി നിറയേ അരി എടുത്തു കൊണ്ടു വന്ന് അതായിരുന്നു യാചകരായ അവരുടെ കൈയ്യിലെ സഞ്ചിയിലേക്കോ പഴയ അലൂമിനിയ പാത്രത്തിലേക്കോ മറ്റോ അവർ ഇട്ടു നൽകിയിരുന്നത് ചിലപ്പോൾ ചിലർ അവരുടെ വീടിന്റെ മുന്നിലെ വഴിവക്കിൽ തന്നെ അടുപ്പു കൂട്ടി വഴിയരികിലെ കരിയില വാരിക്കൂട്ടി കത്തിച്ച് അതേ പാത്രമുപയോഗിച്ച് കഞ്ഞിയുണ്ടാക്കി കുടിക്കാറുണ്ടായിരുന്നെന്നതും ഞങ്ങൾക്ക് രണ്ടു കാര്യങ്ങളെ വളരെ വിശദ്ധമാക്കി തന്നു,ഒന്ന് അരിയുടെ മൂല്യവും,
രണ്ട് വിശപ്പിന്റെ വിലയും ആർജ്ജവിന്റെ അനിയത്തി അജജ്ഞല കൂടെ പഠിച്ചിരുന്ന ഒരു പയ്യനുമായി പ്രണയത്തിലായപ്പോൾ പലരും അതിൽ എതിർപ്പു പ്രകടിപ്പിച്ചപ്പോൾ അവളോടമ്മ പറഞ്ഞു അവനെയും കൂട്ടി വീട്ടിലെക്കു വരാൻ

അവനെയും കൊണ്ടവൾ വീട്ടിൽ വന്നതും എല്ലാവരും കേൾക്കേ ആ പയ്യനെ നോക്കിഅടുത്ത ആഴ്ച്ച ഞങ്ങളൊരു ടൂർ പോകുന്നുണ്ടെന്നും നീയും ഞങ്ങളോടൊപ്പം വരണമെന്നും അമ്മ പറഞ്ഞപ്പോൾ എല്ലാവരും ഒന്നു കൺഫ്യൂഷനിലായി,
അതുവരെയും അങ്ങിനെ ഒരു ടൂറിന്റെ പ്ലാൻ ഇല്ലായിരുന്നതു കൊണ്ട് അമ്മ അവിടെ എന്താണ് ഉദേശിച്ചതെന്ന് ആർക്കും മനസിലായില്ല,എന്നാൽ ഒന്നും കാണാതെ അവർ പറയില്ലെന്നു കണ്ട് അവന്റെ അച്ഛനടക്കം ആരും ഒന്നും പറഞ്ഞില്ല,
ആ ടൂറിനിടയിൽ അജജ്ഞലയോടു അമ്മ പറഞ്ഞു,മിക്കവരും എപ്പോഴും അവർ ഇതുവരെ കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങളിലൂടെ മാത്രമേ ഒരാളെ കാണാൻ ശ്രമിക്കുകയുള്ളൂ,ഇതാണ് അവനും നിനക്കും എന്തു കൊണ്ട് നിങ്ങൾ തമ്മിൽ ഇഷ്ടമായി എന്നു മറ്റുള്ളവർക്കു മുന്നിൽ തെളിയിക്കാനുള്ള അവസരവും അവസാനമായി പരിചിതരാവും വരെ എല്ലാവരും അപരിചിതരാണ് എന്നതു കൂടി അമ്മ പറഞ്ഞതോടെ അവൾക്ക് കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ മനസിലായി,തുടർന്ന് അജജ്ഞല അവന് അച്ഛനും മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാൻ അവസരം ഉണ്ടാക്കി കൊടുത്ത് ആ പ്രശ്നവും പരിഹരിച്ചു

ഒരവസരം നൽകുകയെന്നത് കാര്യങ്ങളെ കൂടുതൽ കാര്യക്ഷമതമാക്കും എന്നവർ വിശ്വസിച്ചിരുന്നു അതു കൊണ്ടു തന്നെ മിക്ക കാര്യങ്ങളിലും ഒരവസരം അവർ എല്ലാവർക്കും നൽകിയിരുന്നു,മറ്റൊരവസരത്തിൽ അയൽപക്കത്തുള്ള ഒരു പെൺകുട്ടി ഭർത്താവുമായി ചേർന്നു പോകാൻ കഴിയാതെ വീട്ടിലേക്കു തിരിച്ചു വന്നപ്പോൾ ഉറ്റവരും ഉടയവരും ചേർന്നവളെ വീണ്ടും അവിടെക്കു തന്നെ മടങ്ങി പോകാൻ നിർബന്ധിച്ചപ്പോൾ അവളെ തിരിച്ചയക്കാൻ അവളുടെ അമ്മക്കും തിരിച്ചു പോകാൻ ആ പെൺകുട്ടിക്കും താൽപ്പര്യമില്ലെന്നു മനസിലാക്കിയ അവന്റെ അമ്മ അവരുടെ ബന്ധുക്കളും അവളുടെ ബന്ധുക്കളും നോക്കി നിൽക്കേ ആ പെൺകുട്ടിയേ അവർക്കു മുന്നിലേക്കു വിളിച്ചു നിർത്തിനിനക്ക് ഇനിയും അയാളോടൊപ്പം ജീവിക്കണോ ? എന്നു ചോദിച്ചതും അവളുടെ ഉത്തരംവേണ്ട ” എന്നായിരുന്നുഅതു കേട്ടതും അമ്മ പറഞ്ഞുകഴിഞ്ഞു ” ഇനി എല്ലാവർക്കും പോകാമെന്ന് അതു കണ്ട് അതെങ്ങനെ ശരിയാവും എന്നു ചോദിച്ച ഒരമ്മാവനോടു അമ്മ പറഞ്ഞു,അവൾ ഒരു ജോലിക്കു പോവാനും ഒറ്റക്കു ജീവിക്കാനും ഒരുക്കമാണെങ്കിൽ ഈ വീട്ടിൽ നിന്നവളെ ഇറക്കി വിട്ടാലും അവൾക്കന്തിയുറങ്ങാൻ എന്റെ വീട്ടിൽ ഒരു മുറി ഒരുക്കുന്നതിൽ എനിക്കൊരു പ്രയാസവുമില്ലെന്ന് അതോടെ എല്ലാവരും ഒന്നൊതുങ്ങി

എല്ലാവരും പോയതും ആ പെൺകുട്ടിയുടെ അമ്മ വന്ന് അവന്റെ അമ്മയേ കെട്ടി പിടിച്ചു,തുടർന്ന് ആ പെൺകുട്ടിയോടും അമ്മ പറഞ്ഞു,നമ്മുടെ ആർജ്ജവം ചോദ്യം ചെയ്യപ്പെടുമ്പോൾ അതിനെ ചെറുത്തു നിൽക്കാൻ മടിക്കരുത്,ശേഷിച്ച ജീവിതത്തിനാവശ്യമായതെല്ലാം എപ്പോഴും നമ്മളിൽ തന്നെയുണ്ടെന്ന കാര്യവും മറക്കരുത് അമ്മയങ്ങിനെയാണ് മറ്റുള്ളവർക്ക് പറയണമെന്നാഗ്രഹമുണ്ടായിട്ടും പറയാൻ സാധിക്കാതെ വരുന്ന കാര്യങ്ങളെ മനസിലാക്കി അമ്മ പറയും അമ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നത് ഇപ്പോൾ ഒരു കാര്യം എന്താണ് എന്നതിനേക്കാൾ നാളെ ആ കാര്യം എന്തായി തീരും എന്നതിലാണ് ഒരിക്കൽ പകൽ വെളിച്ചത്തിൽ അച്ഛനെ ശാരീരികബന്ധത്തിനു വിളിച്ചപ്പോൾ അന്നും അച്ഛനെന്തോ മടി അതു കണ്ടതും അച്ഛനെ നോക്കി രാത്രിയുടെ ഇരുട്ടിൽ ഏറ്റവും വലിയ അത്യാവശ്യങ്ങളിലേക്ക് മാത്രമായി കടന്നു ചെല്ലാൻ എല്ലാവർക്കും പറ്റുംഎന്നാൽ പകൽ വെളിച്ചത്തിന്റെ തീക്ഷണതയിൽ ഏറ്റവും അർപ്പണ ബോധത്തോടെ അനിഷ്ടങ്ങളായി തോന്നുന്നവയേ പോലും ഇഷ്ടങ്ങളായി സ്വീകരിക്കാനുള്ള മനോഭാവം ഉണ്ടായിരിക്കുക എന്നതാണ് ഈ പ്രവൃത്തിയിൽ വാക്കുകളിലെ ഭംഗിയെ മറി കടന്ന് പ്രവൃത്തിയിലെ ഭംഗിയേ ഉദാത്തമാക്കുന്നത്, എന്നു പറഞ്ഞതും അവിടെയും അമ്മയുടെ വാക്കുകൾക്കു മുന്നിൽ അച്ഛനു മറുപടിയില്ലായിരുന്നു,അവർക്കിടയിലുള്ള ഇത്തരം രഹസ്യങ്ങൾ മക്കളായ അവർ എങ്ങിനെ അറിയുന്നു എന്ന ഒരു ചിന്ത സ്വഭാവീകമായും നിങ്ങൾക്കു തോന്നാം

അതിന്റെ ഉത്തരം ഇത്രയേയുള്ളൂ, മക്കളായ അവർ കൂടി അറിഞ്ഞിരിക്കേണ്ടതാണെന്നു അമ്മക്കു തോന്നുന്ന കാര്യങ്ങൾക്കുള്ള മറുപടി അവർക്കു മുന്നിൽ വെച്ചായിരിക്കും അച്ഛനും ലഭിക്കുക മറ്റൊരിക്കൽ ആർജ്ജവിന്റെ മൂത്ത സഹോദരി അമുദക്ക് കാനഡയിൽ പഠിക്കാൻ പോകുന്നതിന് ഒരവസരം വന്നപ്പോൾ അവൾക്കും ഒരു തീരുമാനം കൈക്കൊള്ളാനാവാത്ത സ്ഥിതി വന്നു പോകണമെന്ന അതിയായ ആഗ്രഹവും ഒപ്പം അവിടെ ചെന്നാൽ മറ്റെന്തൊക്കെയായിരിക്കും സംഭവിക്കുകയെന്ന ആധിയും ഭയവും അവളുടെ മനസ്സിനെ രണ്ടു തട്ടിലാക്കി അവസാനം അവളിലെ ഭയം ജയിക്കും എന്നൊരു ഘട്ടം വന്നപ്പോൾ അമ്മ അവളോടു പറഞ്ഞു പാദങ്ങൾ മണ്ണിലൂന്നി നിനക്കൊരിക്കലും ആകാശം തൊടാനാവില്ലെന്ന് ആ ഒറ്റ വാക്കിൽ അമുദക്കു കാര്യം മനസിലായി,അതോടൊപ്പം ഏതൊരവസരത്തേയും അവസാനത്തേതാണെന്നു കരുതി വേണം സമീപിക്കാൻ എന്നും കൂടി അമ്മ പറഞ്ഞതോടെ അവൾ യാത്രക്ക് തയ്യാറായി,അതേ തുടർന്ന് കാനഡയിലേക്കുള്ള യാത്രയിൽ വിമാനം മേഘങ്ങളെ തൊട്ടും തലോടിയും അവക്കിടയിലൂടെ കടന്നു പോകുമ്പോൾ അവൾക്കു മനസിലായി താനിപ്പോൾ ആകാശം തൊടുന്നുണ്ടെന്നും തന്റെ പാദങ്ങൾ മണ്ണിലൂന്നി നിൽക്കുന്നില്ലെന്നും

അമുദയേ കല്യാണം കഴിച്ചു വിടുമ്പോഴും അമ്മ അവളോടു പറഞ്ഞു,ജീവിതത്തിൽ നിനക്കൊരു കൂട്ടും, കരുതലും, കുടുംബവും വേണമെന്നതിനാലാണ് നിന്നെ വിവാഹം ചെയ്ത് അയക്കുന്നത്,അല്ലാതെ കടമയെന്ന നിലയിൽ ഒരു ഭാരമൊഴിവാക്കുകയല്ലായെന്നും നീ മനസ്സിലാക്കുക,നിന്റെ ജീവിതപങ്കാളി എക്കാലവും നിന്നോടൊപ്പം തന്നെ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെങ്കിലും ഒട്ടും ചേർന്നു പോകാൻ സാധിക്കുന്നില്ലെന്നു തോന്നുന്ന പക്ഷം ഈ വീട്ടിലേക്ക് തിരിച്ചു വരാൻ ആരുടെയും സമ്മതമോ അനുവാദമോ നിനക്കാവശ്യമില്ല,നിന്റെ മുറി എന്നും ഇതു പോലെ തന്നെ ഞാൻ സൂക്ഷിക്കും ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയിൽ നിനക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട് അതിനെ എവിടെയും പണയം വെക്കേണ്ടതില്ല മറ്റൊരവസരത്തിൽ അച്ഛനെക്കാൾ അമ്മയവരെ കൂടുതൽ ശകാരിക്കുകയും തിരുത്തുകയും ചെയ്യുന്നുണ്ടെന്നു തോന്നിയതും ഒരു ദിവസം ആർജ്ജവും സഹോദരിമാരുംഅച്ഛൻ ഞങ്ങളെ ഒന്നും പറയാറില്ലല്ലോ അമ്മയാണല്ലോ പലപ്പോഴും ഞങ്ങളെ കൂടുതൽ ചീത്ത പറയുന്നത് അതെന്താണ് എന്ന് ചോദിച്ചതും !
അമ്മ അതിനവരോടൊരു ചോദ്യം ചോദിച്ചു,

ഒരച്ഛനും അമ്മയും തമ്മിൽ ഒരു പ്രധാന വ്യത്യാസം ഉണ്ട് അതെന്താണെന്ന് മക്കൾക്കറിയുമോയെന്ന് ?ഇല്ലെന്നവർ തലയാട്ടിയതും അമ്മ തന്നെ പറഞ്ഞു,അസ്ഥികൾ നുറുങ്ങുന്ന വേദനയോടെയാണ് അമ്മ നിങ്ങളുടെ ജനനം തിരിച്ചറിയുന്നത്,അച്ഛൻ നിങ്ങളെ കണ്ടു കൊണ്ട് പുഞ്ചിരിയോടെയും ആ മറുപടിയിൽ പിന്നെ ചോദ്യങ്ങളുണ്ടായില്ല.ഇളയ മകൾ അജജ്ഞല ബസ്റ്റാന്റിൽ വെച്ച് ഫ്ലാഷ്മൊമ്പ് കളിച്ചതിന്റെ പേരിൽ പലരും അതിനെ കുറ്റപ്പെടുത്തിയപ്പോൾ അമ്മ മാത്രം അവളോടു പറഞ്ഞു,നമ്മുടെ ചില എടുത്തു ചാട്ടങ്ങളും ഭ്രാന്തുകളുമാണ് പലപ്പോഴും നമ്മളെ ഏറെ സന്തോഷിപ്പിക്കുക,കാരണം ആ സമയങ്ങളിലാണ് നമ്മൾ നമ്മളായ നിമിഷങ്ങൾ മറ്റൊരവസരത്തിൽ അമ്മയുടെ ഒരു കൂട്ടുകാരി അമ്മയോടു ചോദിച്ചു,എന്താണ് നമ്മൾ എല്ലാറ്റിനേയും ഭയപ്പെടുന്നതെന്നും ?ശരിക്കും ഈ ഭയമെന്താണെന്നും ?അതിനവർ പറഞ്ഞ മറുപടിനമ്മളെ ഭയപ്പെടുത്തുന്നതെല്ലാം ദൂരക്കാഴ്ച്ചകളാണെന്നും ആ കാഴ്ച്ചയുടെ അടുത്തു ചെല്ലാൻ പോലും നമ്മൾ ധൈര്യം കാണിക്കുന്നില്ല എന്നതാണു സത്യമെന്നും,ഭയം എന്നത് അടുത്തു ചെല്ലും തോറും അണഞ്ഞു കൊണ്ടിരിക്കുന്ന കനൽ മാത്രമാണെന്നും അതു മനസിലാവണമെങ്കിൽ അതിനു നേരെ നടന്നു ചെല്ലെണ്ടിയിരിക്കുന്നു എന്നും

അവരുടെ മറ്റൊരു വലിയ പ്രത്യേകത മാസത്തിൽ ഒരു ദിവസം സ്വന്തം വീട്ടിലുള്ളവരെ തന്നെ അഥിതികളായി കണക്കാക്കുകയും അവർക്കായി വിരുന്നൊരുക്കി അതുവരെയും അലമാരയിൽ അഥിതികൾക്കായി മാത്രം കരുതി വെച്ചിരിക്കുന്ന പാത്രങ്ങളെടുത്ത് അതിൽ ഭക്ഷണം വിളമ്പി വീട്ടിലുള്ളവരെ തീൻമേശയിലേക്കു ക്ഷണിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നതാണ് കോളേജിനും ആർജ്ജവിന്റെ വിവാഹത്തിനും ശേഷം ഒരു ദിവസം അവനെ വിളിച്ചപ്പോഴും അവൻ പറഞ്ഞു രണ്ടാഴ്ച്ച കൂടുമ്പോൾ അവന്റെ ഭാര്യക്കടക്കം ഇപ്പോഴും ഡിന്നർ ഉണ്ടാക്കുന്നതു അവൻ തന്നെയാണെന്ന്,എന്നാൽ അതിനു ശേഷം അവൻ പറഞ്ഞതാണ് എന്നെ കൂടുതൽ സന്തോഷിപ്പിച്ചത് ഇന്ന് ആ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അവർക്കായി ഒരുക്കുന്നത് ഭക്ഷണമല്ലെന്നും അത് അവരോടുള്ള നമ്മുടെ സ്നേഹമാണെന്നും അവൻ തിരിച്ചറിഞ്ഞിരിക്കുന്നു എന്നുമാണവൻ പറഞ്ഞത് സത്യത്തിൽ അവന്റെയമ്മ ഇത്തരം കാര്യങ്ങളിലൂടെ ഏതൊരു സാഹചര്യത്തിലും ഭയമില്ലാതെ ഒറ്റക്കു നിൽക്കാൻ അവരെ പ്രാപ്ത്തരാക്കുക എന്നതിനോടൊപ്പം അതുവഴി ആ കുടുബത്തേയും കൂടി ഒന്നിപ്പിച്ചു നിർത്തുകയായിരുന്നു

ഈ അടുത്ത് ഡൽഹിയിൽ ജോലി ചെയ്യുന്ന അവനെ വിളിച്ചപ്പോൾ അവൻ പറയാ അമ്മ ഇപ്പോഴെ 5G ആണെന്ന് നാട്ടിലുള്ള അമ്മയും അച്ഛനും കൂടി ഫുഡ് കഴിക്കാൻ ഹോട്ടലിലോ,സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിലോ,പെട്രോൾ അടിക്കാൻ പമ്പിലോ,വഴിപാട് ചീട്ടാക്കാൻ അമ്പലത്തിലോ പോയാൽ വരെ അച്ഛനെ കൊണ്ടു ഒരു പൈസ പോലും ചിലവാക്കാൻ സമ്മതിക്കാതെ അപ്പോൾ തന്നെ വാട്സാപ്പിൽ അവിടത്തെ ബില്ലും ഒപ്പം ഗൂഗിൽപേ വഴി നേരിട്ട് പണമയക്കാനുള്ള QR കോഡും എടുത്തയച്ചു കൊടുത്ത് ഒന്നുകിൽ അവനോടോ മകളോടോ അമ്മ പറയും ആ ബില്ല് പെട്ടന്നു തന്നെയങ്ങു അടച്ചേക്ക് ഞങ്ങൾക്കു കാത്തു നിൽക്കാൻ സമയമില്ല വീട്ടിൽ പോയിട്ട് വേറെ അത്യാവശ്യമുണ്ടെന്ന് പത്തു മുപ്പതു വർഷം ഞങ്ങൾ നിങ്ങളെ നോക്കിയില്ലെ ഇനി ഒരു മുപ്പതു വർഷം നിങ്ങൾ മൂന്നാളും കൂടി ഞങ്ങളെ നോക്കെന്ന് അതു കേട്ടതും ഞാനും ഒന്നു ചിരിച്ചു,ചിരിക്കാൻ മാത്രമല്ല ചിന്തിക്കാനുള്ളതും ആ വാക്കുകളിൽ ഉണ്ടായിരുന്നു,

അവന്റമ്മയുടെ പ്രണയം പോലും മനോഹരമായിരുന്നു,ഒരു വർഷത്തോളമായി എല്ലാ ദിവസവും അമ്മയേ കാണാൻ ഒരേ സമയത്തു വന്നു നിൽക്കുകയും എന്നാൽ അത്രയേറെ ഇഷ്ടമുണ്ടായിട്ടും അതൊന്നു തുറന്നുപറയാനുള്ള ധൈര്യമില്ലാതെ മടങ്ങി പോവുകയും ചെയ്യുമായിരുന്ന അച്ഛന്റെ അടുത്തേക്ക് വന്നു കൊണ്ട് ഒരു ദിവസം അമ്മ ചോദിച്ചു,എന്താ പ്രണയമാണോന്ന് ?അന്നേരം വിറച്ചു പോയത് അച്ഛനാണ് അമ്മ പിന്നെയും ചോദിച്ചു,കല്യാണം കഴിക്കാനുള്ള ഇഷ്ടമുണ്ടോ ?അതിനച്ഛൻ തല കുലുക്കുക മാത്രമാണു ചെയ്തത്,അവിടെയും അച്ഛനെ നോക്കി അമ്മ പറഞ്ഞു,നിങ്ങളുടെ താലി എന്റെ കഴുത്തിൽ കയറും വരെ ഞാൻ നിങ്ങളെ മനസ്സിൽ കയറ്റുകയില്ല,അതുവരെയും ആരോ ഒരാൾ മാത്രമായിരിക്കും നിങ്ങളും,എന്നാൽ നിങ്ങൾക്കായി മാറ്റി വെക്കുന്ന ഈയൊരവസരം മറ്റാർക്കും ഞാൻ നൽകുകയില്ലാന്നും അച്ഛന്റെയും അമ്മയുടെയും വീട്ടിൽ ആർക്കും ഈ ബന്ധത്തിനു സമ്മതമില്ലായിരുന്നു,എന്നിട്ടും,എല്ലാ സുഖസൗകര്യങ്ങളും വീടും വിട്ട് ഇറങ്ങി വരാൻ ധൈര്യമുണ്ടോ ?

എന്നമ്മ ചോദിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ മറ്റാരുടെയും വാക്കുകൾക്കു ചെവി കൊടുക്കാതെ അമ്മയുടെ ആ വാക്കുകൾക്കു കാത്തു നിന്നതു പോലെ അച്ഛനും അമ്മയോടൊപ്പം ഇറങ്ങി പുറപ്പെട്ടു,കാരണം അച്ഛനറിയായിരുന്നു അമ്മയെന്നത് ഒരു ജന്മത്തിന്റെ അത്രയും വലിയ സ്വപ്നവും ഈ ഭൂമിയിൽ വെച്ച് അച്ഛനു ലഭിക്കുമായിരുന്ന എറ്റവും അമൂല്യമായ സമ്മാനവുമായിരിക്കുമെന്നത് ജീവിതത്തിൽ ചിലയാളുകൾ അങ്ങിനെയാണ് അവർ മറ്റൊരാൾക്ക് സ്വപ്നങ്ങളെക്കാൾ മനോഹരമായിരിക്കും ഇപ്പോഴും അവന്റെ അമ്മയേ കുറിച്ച് ഒറ്റ വാക്കിൽ പറയാൻ പറഞ്ഞാൽ,എന്റെ ഉത്തരം,നമ്മൾ ആഗ്രഹിക്കുന്ന എല്ലാ തലങ്ങളിലേക്കും ഉയർന്നു ചെല്ലാൻ സാധിക്കുന്നൊരാൾ,അതു  മല്ലെങ്കിൽഹൃദയം കൊണ്ട് പകർപ്പെടുത്തു ഹൃദയത്തിൽ തന്നെ സൂക്ഷിക്കാൻ തോന്നുമാറ് ഒരാൾ ശരിക്കും അതായിരുന്നു അവന്റെ അമ്മ.

എഴുതിയത് : പ്രതീഷ്