റോൾ ചെയ്യാനാണ് പെട്ടെന്ന് തിരിച്ചു തരും ഇങ്ങനെ പറഞ്ഞാണ് പലരും കാശ് കടം വാങ്ങുന്നത് ശേഷം എന്റെ അനുഭവം തന്നെ ആണോ നിങ്ങൾക്കും?

EDITOR

കൊടുത്ത പൈസ തിരിച്ചുകിട്ടാതെ, ചോദിച്ച് ചോദിച്ച് മടുത്തുപോകുന്ന അവസ്ഥയുണ്ടായിട്ടുണ്ടോ? അപരിചിതരൊന്നുമാവില്ല അപ്പുറത്തുണ്ടാവുക, സുഹൃത്തുക്കളോ പരിചയക്കാരോ ബന്ധുക്കളോ ഒക്കെ തന്നെയാവും! നേരിട്ട് മുഖത്ത് നോക്കി പറയാനും ചോദിച്ചുവാങ്ങാനുമുള്ള മനുഷ്യരുടെ മടിയും മാന്യതയും ഉപയോഗപ്പെടുത്തി കടമങ്ങനെ നീട്ടിനീട്ടി കൊണ്ടുപോകുന്നവർ. എടാ, ഒന്ന് റോൾ ചെയ്യാനാണ്. പെട്ടെന്ന് തന്നെ തിരിച്ചു തരും”- എന്ന് പറഞ്ഞിട്ടാവും ചിലർ പൈസ വാങ്ങുക. പക്ഷേ അവരുടെ റോളിങ്ങ് തീരില്ല, പറഞ്ഞ അവധിയൊക്കെ സൗകര്യപൂർവം മറന്നുകളയും. അതുവരെയുണ്ടായിരുന്ന ഫോൺവിളികളും ബന്ധങ്ങളുമൊക്കെ നിൽക്കും. അയക്കുന്ന മെസേജുകളൊന്നും കാണുകയേ ഇല്ല നമ്മൾ കയ്യിൽ കുറേ പൈസയുണ്ടായിട്ടൊന്നുമാവില്ല ഈ കടം കൊടുക്കുന്നത്. അത്യാവശ്യമാണെന്ന് പറഞ്ഞ് ഒരാൾ വിളിക്കുമ്പോൾ, ചോദിക്കുമ്പോൾ, എങ്ങനെയാ കൊടുക്കാതിരിക്കുക എന്ന് കരുതിയിട്ടാണ്.

പറഞ്ഞ അവധിക്കുള്ളിൽ, നമുക്കൊരാവശ്യം വരുമ്പോൾ, അത് തിരിച്ച് കിട്ടുമെന്ന് വിശ്വസിച്ചിട്ടാണ്. പക്ഷേ, അവരാ വിശ്വാസം തകർത്ത് കളയും.നമ്മുടെ ഫോൺ മനപ്പൂർവം അവഗണിക്കുകയാണെന്നറിഞ്ഞ്, പരിചയമില്ലാത്ത നമ്പറിൽ നിന്ന് വിളിച്ചുനോക്കുമ്പോൾ ഫോണെടുക്കും. യാതൊരു ചമ്മലുമില്ലാതെ നുണ പറയും. അടുത്ത അവധി വയ്ക്കും, പിന്നെയും പറ്റിക്കും. മറ്റ് ചിലരോട് കടം വാങ്ങിയ പൈസ തിരിച്ചുചോദിക്കുമ്പോൾ, നമ്മൾ അവരോട് കടം വാങ്ങുന്ന മട്ടാണ്. അത്രയ്ക്ക് മറന്ന പോലെയാവും പ്രതികരണം. “എപ്പോഴാണ് തിരിച്ചു തരിക?” എന്ന് ചോദിച്ചാൽ, “ഉണ്ടാവുമ്പോൾ തരും, അതെപ്പോഴാണെന്നൊന്നും പറയാൻ പറ്റില്ലെന്ന്” പറഞ്ഞൊഴിയുന്നവരുമുണ്ട്. കച്ചവടമെന്നു പറഞ്ഞും ഇടപാടെന്നും പറഞ്ഞ് പൈസ വാങ്ങിപ്പോകുന്നവരിലും ഇങ്ങനെയൊക്കെയുള്ളവരുണ്ട്. “ഇപ്പോഴില്ല, ഉണ്ടെങ്കിൽ തരൂലേ!” എന്ന് എളുപ്പം പറഞ്ഞ് കയ്യൊഴിയുന്നവരോട് നമ്മൾ തിരിച്ചെന്ത് പറയാനാണ്! അതറിഞ്ഞ് തന്നെയാണ് പലരും അങ്ങനെ പറയുന്നതും.

ഒരാളോടെങ്ങെനെയാണ് നിരന്തരം ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുക, എത്ര വട്ടമാണ് വിളിക്കുക, പുറത്തുള്ളവർ അറിഞ്ഞാൽ അവരുടെ അഭിമാനത്തിന് ക്ഷതമേൽക്കില്ലേ എന്നൊക്കെ കരുതിയാണ് കടം കൊടുത്ത മനുഷ്യരിങ്ങനെ വിട്ട് വിട്ട് പോകുന്നത്. ആ മാന്യത പക്ഷേ അപ്പുറത്തുള്ളവർ മുതലെടുത്ത് കൊണ്ടേയിരിക്കുമെന്നതാണ് അനുഭവം കടം വാങ്ങുന്നവരെല്ലാം ഇങ്ങനെയാണെന്നല്ല, കൃത്യമായി തിരിച്ചുതരുന്ന, ഇനിയഥവാ തിരിച്ചുതരാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് അറിയിക്കാനുള്ള മനസ്സ് കാണിക്കുന്നവരുണ്ട്. പരസ്പരമുള്ള വിശ്വാസത്തിനും ബന്ധത്തിനും സാമ്പത്തിക ഇടപാട് മൂലം ഒരു കോട്ടവും തട്ടരുതെന്ന് നിർബന്ധമുള്ള, സുതാര്യതയുള്ള മനുഷ്യർ.ഒരു പരിധിവരെ ആ ട്രാൻസ്പാരൻസി തന്നെ മതിയാവും, വിശ്വാസവും ബന്ധവുമൊക്കെ തകരാതിരിക്കാൻ. വിചാരിച്ച പോലെ പണം സംഘടിപ്പിക്കാൻ പറ്റാത്തതോ അപ്രതീക്ഷിതമായുണ്ടായ നഷ്ടങ്ങളോ ഒക്കെ മനസ്സിലാക്കാവുന്നതാണ്. പക്ഷേ അത് അപ്പുറത്തുള്ള ആളെ അറിയിക്കാനുള്ള മനസ്സെങ്കിലും കാണിക്കണ്ടേ? അറിയിക്കില്ലെന്ന് മാത്രമല്ല, വിളിച്ചാലോ മെസേജ് അയച്ചാലോ എടുക്കുകയോ പ്രതികരിക്കുകയോ പോലുമില്ല

ഉള്ളത് ഉള്ളതുപോലെ പറയില്ല, പകരം പരിധിക്ക് പുറത്താവും, നുണ പറയും, വെറുതെ ഉറപ്പുകൾ കൊടുക്കും തുക എത്ര ചെറുതോ വലുതോ ആവട്ടെ, നിങ്ങളാരോടെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കിൽ, തിരികെ കൊടുക്കാൻ വിട്ടുപോകുകയോ നീണ്ടുപോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ചുരുങ്ങിയത് അവരെ വിളിച്ചൊന്ന് തുറന്ന് സംസാരിക്കാനെങ്കിലും ശ്രമിക്കുക. കാരണം, ഒരിക്കൽ അയാൾ നിങ്ങളെ വിശ്വസിച്ചതാണ്, അത്രയെങ്കിലും അയാൾ തിരിച്ച് അർഹിക്കുന്നുണ്ട്.
നസീൽ വോയ്സി