സാമ്പത്തീക കാര്യങ്ങളിൽ ശരിക്കും ന്യൂ ഇയർ എന്നത് സാമ്പത്തീക വർഷം തുടങ്ങുന്ന ഏപ്രിൽ 1 ആണ്. വ്യക്തിപരമായി, സാമ്പത്തീക കാര്യങ്ങളിൽ പറ്റിക്കപെടുക എന്നത് കലാകാലങ്ങളായി നടക്കുന്ന ഒന്നാണ്. സാമ്പത്തീക തട്ടിപ്പിൽ പോയി വീഴുന്നത് അല്ല, മറിച്ച് പണം കടം കൊടുത്ത് പണി വാങ്ങിക്കുന്നതാണ്. NO എന്ന് പറയേണ്ട സമയത്ത് അത് പറയാത്തത് കൊണ്ട് സംഭവിക്കുന്നതാണ് അത്.കഴിഞ്ഞ വർഷവും അതിന് മുന്നിലെ വർഷവും തീരുമാനിച്ചു, ആർക്കും പണം കടം കൊടുക്കില്ല എന്ന്. പക്ഷെ ആ തീരുമാനം പാളിപ്പോയി. പിന്നെയും കടം കൊടുത്തു, വീണ്ടും പണം നഷ്ടമായി.പണം കടം ചോദിക്കുമ്പോൾ ഉള്ള പോലെയല്ല പണം തിരിച്ചു ചോദിക്കുമ്പോൾ. അതിനേക്കാൾ ഉപരി ചോദിച്ച പണം നമ്മൾ കൊടുത്തില്ല എങ്കിൽ, അഥവാ അൽപ്പം വൈകിയാൽ പ്രാക്കാണ്.കുറച്ചു നാൾ മുമ്പ് നടന്ന ഒരു സംഭവം. രണ്ട് ദിവസമായി ഒട്ടും വയ്യ. ഓഫീസിൽ ഇരുന്നിട്ട് പറ്റുന്നില്ല. ആശുപത്രിയിൽ പോയി, ഡോക്ടർ നിർദേശിച്ചതനുസരിച്ച് ഡ്രിപ് ഇട്ട് ആശുപത്രിയിൽ കിടന്നു. ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊടുത്ത ശേഷം ഓഫീസിലേക്ക് തിരിച്ചു വന്നു.
മരുന്ന് കഴിച്ചിട്ടും ആകെ കിറുങ്ങി ഇരിപ്പാണ്. അപ്പോഴാണ് ഒരു കാൾ വന്നത്, ഒരിക്കലും വിളിക്കാത്ത ആളാണ്, ആവശ്യം കാശാണ്. ഞാൻ ഓക്കേ പറഞ്ഞു.കുറച്ചു കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചു പറഞ്ഞു ടൈഫോയ്ഡ് ആണെന്ന്. തുടർന്ന് മൂന്നാല് ദിവസം ആശുപത്രിയും മരുന്നും ഒക്കെ ആയിരുന്നു. അതിനിടയിൽ ഈ ക്യാഷ് കൊടുക്കാം എന്ന് ഏറ്റത് ഞാൻ മറന്ന് പോയിരുന്നു.പിന്നീട് വാട്സ്ആപ്പ് മെസ്സേജ് നോക്കിയപ്പോൾ അതിൽ നിറയെ ശാപവാക്കുകൾ..! ഞാൻ അവരെ സമാധാനിപ്പിക്കാൻ ഓഫീസിൽ കൊടുക്കാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, മെഡിക്കൽ റെക്കോർഡ്സ്, ഡ്രിപ് ഇട്ട് കിടന്ന ഫോട്ടോ ഉൾപ്പെടെ അയച്ചു കൊടുത്തു..!
പിന്നീട് ഞാൻ ആലോചിച്ചു, എനിക്ക് എന്തിന്റെ ഭ്രാന്ത് ആയിരുന്നു എന്ന്. ആരെയൊക്കെ എന്തൊക്കെ ബോധിപ്പിക്കണം എന്ന്.ചിലർക്ക് പണം ഉടൻ വേണം. നമ്മൾ നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലത്താണോ, യാത്രയിലാണോ, മീറ്റിംഗിൽ ആണോ, തിരക്കാണോ എന്നതൊന്നും അവരുടെ വിഷയമല്ല, ആ സമയത്ത് കിട്ടിയില്ലെങ്കിൽ അവരുടെയും ഭാവം മാറും.
കടം വാങ്ങിച്ച ശേഷം ഫോൺ നമ്പർ മാറ്റി, സോഷ്യൽ മീഡിയയിൽ നമ്മളെ ബ്ലോക്ക് ചെയ്ത് നടക്കുന്നവർ ഉണ്ട്.കൊടുത്ത പണം തിരികെ കിട്ടാൻ നമ്മുടെ ആവശ്യം അവരെ ബോധ്യപ്പെടുത്തേണ്ടി വരുന്ന ഗതികേട് ആണുള്ളത്.പണം തിരികെ ചോദിച്ചാൽ, നിനക്ക് ക്യാഷ് കിട്ടിയിട്ട് ഇപ്പോൾ എന്തിനാണ്? ചുമ്മാ ബാങ്കിൽ കൊണ്ട് ഇടാനല്ലേ എന്നൊക്കെയാണ് മറുചോദ്യം.ബന്ധുജനങ്ങൾ ആണെങ്കിൽ ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് നടത്തിക്കളയും. ‘നിന്റെ അപ്പൻ എത്രയോ തവണ പണം കടം തന്നു, ഒരിക്കൽ പോലും തിരിച്ചു ചോദിച്ചിട്ടില്ല’ എന്ന ലൈൻ.ഒരാൾ ചോദിച്ച ചോദ്യം, നിങ്ങൾക്ക് പാവങ്ങളെ സഹായിച്ചു കൂടെ എന്നാണ്.ചാരിറ്റി ചെയ്യാൻ എത്രയോ മാർഗങ്ങൾ ഉണ്ട്. ചാരിറ്റിയും കടം കൊടുക്കലും രണ്ടും രണ്ടാണ്.പൈസയുടെ കാര്യമാണ്. എല്ലാവർക്കും പണം ഉണ്ടാകണം എന്നില്ല, കടം വാങ്ങിക്കേണ്ടി വരും, ഞാനും ഒത്തിരി കടം വാങ്ങിയിട്ടുണ്ട്. ചിലപ്പോൾ തിരികെ കൊടുക്കാനും താമസം വന്നേക്കാം. പക്ഷെ അങ്ങനെ വരുമ്പോഴും പുലർത്തേണ്ട ചില മാന്യതകൾ ഇല്ലേ?ഇനി ഈ പണം കടം വാങ്ങിക്കുന്നത് എന്തിന് വേണ്ടിയാണ് എന്നത് കൂടി ആലോചിക്കണം.
ചേച്ചിയുടെ 4 വയസുള്ള കുഞ്ഞ് ആക്സിഡന്റ് പറ്റി സീരിയസ് ആയി ആശുപത്രിയിൽ ആണെന്ന് കള്ളം പറഞ്ഞ് 40000 രൂപ വാങ്ങിച്ചിട്ട് ഓൺലൈൻ റമ്മി കളിച്ച അവതാരത്തെ അറിയാം.അവന് 40000 രൂപ കൊടുത്ത സമയത്ത് അക്കൗണ്ടിൽ ബാക്കി 800 രൂപ ആയിരുന്നു. അത് തിരികെ കിട്ടാൻ എത്ര മാസങ്ങൾ എടുത്തു എന്നറിയാമോ, അതും 5000, 3000 തുടങ്ങിയ ചെറിയ ചെറിയ തുകകൾ ആയി.നല്ലൊരു ശതമാനവും പണം കടം ചോദിക്കുന്നത് ആശുപത്രി കേസുമായി ബന്ധപ്പെട്ടാണ്. ഒരു മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ പറഞ്ഞാൽ നമ്മളെ പരിഹസിക്കും. മെഡിക്കൽ ഇൻഷുറൻസ് ഒക്കെ പണക്കാർക്ക് വേണ്ടിയുള്ളതാണ് എന്നാണ് പലരുടെയും ധാരണ. ശരിക്കും സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ് മെഡിക്കൽ ഇൻഷുറൻസ്.അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ഒരുമാസം 1800-2000 രൂപ മാറ്റിവെച്ചാൽ 15 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന മെഡിക്കൽ ഇൻഷുറൻസ് ലഭിക്കും. അതായത് ഒരു ദിവസം കുടുംബത്തിന്റെ ഇൻഷുറൻസിനായി ഏതാണ്ട് 60 രൂപയാണ് വരുന്നത്. അത് കൂടി പറ്റില്ല എന്ന് പറയുന്നവരെ എല്ലാം ബീവറേജിന്റെ മുന്നിലും, വീട്ടിലേക്ക് അനാവശ്യ സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നവരുടെയും ഇടയിൽ കാണാം എന്നത് വേറെകാര്യം.
അവസാനം അസുഖം വന്നു ആശുപത്രിയിൽ ആകുമ്പോൾ നാട് മുഴുവൻ നടന്നു കടം വാങ്ങും. ആ കടം തീർക്കാൻ ബാക്കിയുള്ള ജീവിതം നരകിക്കും.കടം തരുന്നവരിൽ നല്ലൊരു ശതമാനവും കയ്യിൽ പണം കൂടുതൽ ഉള്ളത് കൊണ്ട് തരുന്നതല്ല. തങ്ങളുടെ ആവശ്യം പിന്നീടത്തേക്ക് മാറ്റിവെച്ച് സഹായിക്കുന്നതാണ്. ധൂർത്തും ആർഭാടവും ഒഴിവാക്കി സേവ് ചെയ്ത് വെച്ചിരിക്കുന്ന പണമാകും കടമായി നൽകുക. അവരാണ് പിന്നീട്, കൊടുത്ത പണം തിരിക കിട്ടാൻ യാചിച്ചു നടക്കേണ്ടി വരുന്നത്.കടം വാങ്ങുന്ന പലരുടെയും ജീവിത രീതി ശ്രദ്ധിച്ചാൽ അവർ നമ്മളേക്കാലുമൊക്കെ സുഖ സൗകര്യത്തോടെ ജീവിക്കുന്നവരാകും എന്നതാണ്.കള്ളം പറഞ്ഞുള്ള കടം വാങ്ങിക്കൽ ആണ് കൂടുതൽ വേദനിപ്പിക്കുന്നത്. കടം ചോദിക്കുമ്പോൾ ഇല്ല എന്ന് പറഞ്ഞാൽ അവിടെ കൊണ്ട് തീർന്നു.ചോദിക്കുന്ന അത്ര പണം കടം കൊടുത്തില്ലെങ്കിൽ പിശുക്കൻ, ക്രൂരൻ, കരുണ ഇല്ലാത്തവൻ എന്നൊക്കെ വിളിക്കുമായിരിക്കും, പക്ഷെ കൊടുത്ത പണം തിരികെ കിട്ടാൻ നമ്മുടെ കാര്യങ്ങൾ ബോധിപ്പിക്കേണ്ട അവസ്ഥയും, കടം വാങ്ങിയത് തിരിച്ചു ചോദിച്ചതിന്റെ പേരിൽ നമ്മൾ കുറ്റക്കാരൻ ആകുന്നതും വെച്ചു നോക്കുമ്പോൾ കടം കൊടുക്കില്ല എന്ന തീരുമാനം എടുക്കുന്നതാണ് നല്ലത്.മിനിമം സാമ്പത്തീക അച്ചടക്കം പാലിച്ച് ജീവിക്കാനും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.എന്തായാലും ഉറച്ച നിലപാട് ആണ്. ഇനിയും പറ്റിക്കപ്പെടാൻ വയ്യ.ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന കുറെ ആളുകൾ നമ്മുടെ ഇടയിൽ ഉണ്ടാകും, അവർക്ക് വേണ്ടിയും, പിന്നെ മെഡിക്കൽ ഇൻഷുറൻസിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമിപ്പിക്കാനും വേണ്ടി മാത്രമാണ് ഇത്രയും എഴുതിയത്.
എഴുതിയത് : ജിതിൻ കെ ജേക്കബ്