രമേശ് രാവിലെ ഉണർന്നപ്പോൾ മായയെ കണാഞ്ഞ് അവൻ അടുക്കളയിലേക്ക് ചെന്നു. സാധാരണ രാവിലെ ബെഡ്കോഫിയുമായി തന്നെ വന്ന് വിളിക്കുന്നതാണ് പതിവ്. രമേശ് ചെന്നപ്പോൾ അടുക്കളയിലും മായയെ കണ്ടില്ല. മായേ.. മായേ അവൻ വിളിച്ചിട്ടും മറുപടിയൊന്നും കിട്ടിയില്ല.അവന് ആകെ പേടിയായി. തന്നോട് പറയാതെ മായ ഒരിടത്തേക്കും പോകാറില്ല. അവൻ ഫോണെടുത്ത് വിളിച്ചു. പക്ഷെ ഡൈനിങ് ടേബിളിൽ ഇരുന്ന് ഫോൺ അടിക്കുന്നു. അപ്പോൾ ഫോൺ എടുക്കാതെയാണ് മായ പോയിരിക്കുന്നത്.അടുക്കളയിൽ ഫ്ളാസ്ക്കിൽ ചായയിട്ട് വച്ചിരുന്നു. ബ്രേക്ഫാസ്റ്റും മേശപ്പുറത്ത് അടച്ചുവച്ചിട്ടുണ്ട്. അവൻ ഒരു ഗ്ളാസിൽ ചായ പകർന്ന് സിറ്റൗട്ടിൽ വന്നിരുന്നു. പത്രമെടുത്ത് മറിച്ചു നോക്കി. എന്നാലും മായ ഇതെവിടായിരിക്കും പോയത്. ഇനി വല്ല അമ്പലത്തിലുമാണോ? എങ്കിൽ തന്നെവിളിക്കുമായിരുന്നല്ലോ. ആകെ ഒരു വല്ലായ്മ എന്താണെന്നറിയാതെ. ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് രാവിലെ പ്രത്രേകിച്ച് പണിയൊന്നുമില്ലല്ലോ.
രമേശൻ മായയെ വിവാഹം കഴിച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞു. രമേശൻ ഒരു ബാങ്ക് മാനേജർ ആണ്. അച്ഛനും അമ്മക്കും ഒറ്റ മോൻ. പക്ഷെ അവർ രണ്ടാളും ജീവിച്ചിരുപ്പില്ല. മായക്ക് അമ്മ മാത്രമേയുള്ളു. അവൾ ഒരു സ്കൂൾ ടീച്ചറാണ്. അവർക്ക് ഇതുവരെ മക്കളൊന്നും ആയില്ല. രമേശനാണ് കുഴപ്പം എന്ന് ഡോക്ടർ പറഞ്ഞത്. അതിനുള്ള ചികിൽസയും നടക്കുന്നുണ്ട്.പത്തുമണിയോടെ മായ തിരിച്ചെത്തി.
താനിത് എവിടെ പോയിരുന്നു? എന്നോട് ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നല്ലോ മായെ. ഞാനെത്ര വിഷമിച്ചു എന്നറിയാമോ?ഞാൻ അമ്പലത്തിൽ ഒന്നുപോയതാ രമേശേട്ടാ. ചേട്ടൻ നല്ല ഉറക്കത്തിലായിരുന്നു. ഇന്ന് അവധിയല്ലേ. ഉറങ്ങട്ടേയെന്ന് ഞാൻ വിചാരിച്ചു. അല്ല രമേശേട്ടൻ ചായ കുടിച്ചോ? ഞാൻ ബ്രേക്ഫാസ്റ്റും ഉണ്ടാക്കി വച്ചിരുന്നല്ലോ കഴിച്ചോ?നീ എവിടെപ്പോയെന്നറിയാതെ ഞാൻ വിഷമിച്ചുപോയി. അതുകൊണ്ട് ഒന്നും കഴിക്കാനും തോന്നിയില്ല.
എന്നാൽ വാ നമുക്ക് ഒരുമിച്ച് കഴിക്കാം. എനിക്കും നല്ല വിശപ്പുണ്ട്. അവൾ അപ്പവും മുട്ടക്കറിയും വിളമ്പി. രണ്ടാളും ഒരുമിച്ചിരുന്ന് കഴിച്ചു. ഇന്ന് രമേശേട്ടന് വൈകിട്ട് എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ?ഇന്ന് ഒരു പ്രോഗ്രാമും ഇല്ല. എന്താ തനിക്ക് എവിടെയെങ്കിലും പോകാനുണ്ടോ?അതുപിന്നെ ആലീസ് ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്നിട്ടുണ്ട്. അവളെ ഒന്നുപോയി കാണണം. അവൾക്കുംകൂടി വേണ്ടി പ്രാർത്ഥിക്കാനാണ് ഇന്ന് ഞാൻ അമ്പലത്തിൽ പോയത്. ഒരു ക്രിസ്ത്യാനിയാണെങ്കിലും എൻഞകൂടെ അവൾ അമ്പലങ്ങളിൽ വരാറുണ്ട് വിശ്വാസവുമാണ്. അതുകൊണ്ട് അവളുടെ പേരിൽ ചില വഴിപാടുകൾ ഒക്കെ നടത്താനുണ്ടായിരുന്നു.അതിനെന്താ പോകാമല്ലോ? എപ്പോഴാണെന്ന് പറഞ്ഞാൽ മതി. അങ്ങനെയെങ്കിൽ ഉച്ചക്കുള്ള ഫുഡ് മാത്രം ഉണ്ടാക്കിയാൽമതി. രാത്രി നമുക്ക് പുറത്തുനിന്നും കഴിക്കാം. രമേശ് പറഞ്ഞു.ഇനി ഞാനൊന്ന് കുളിക്കട്ടെ. തന്നെ കാണാത്ത ടെൻഷനിൽ കുളിക്കാനൊന്നും തോന്നിയില്ല.
വൈകുന്നേരം അവർ ആലീസിനെ കാണാൻ അവളുടെ വീട്ടിൽ പോയി. അവളൊരു ക്യാൻസർ പേഷ്യൻറാണ്. കീമോ ചെയ്ത് അവളുടെ നീണ്ട് കറുത്ത മുടി ആകെ കൊഴിഞ്ഞുപോയി. അവളുടെ സൗന്ദര്യവും ഒക്കെ പോയി. അവളെ കണ്ട മായക്ക് നല്ല സങ്കടം വന്നെങ്കിലും അവളുടെ മുന്നിൽ അത് കാണിക്കാതെ വളരെ സ്നേഹത്തോടെ അവളോട് സംസാരിച്ചു. അവളും മായയെകണ്ടപ്പോൾ നല്ല സന്തോഷവതിയായി. അവർ പഴയകാര്യങ്ങൾ ഒരോന്നും പറഞ്ഞിരുന്നു. രമേശ് പതിയെ പുറത്ത് സിറ്റൗട്ടിൽ വന്നിരുന്നു. ആലീസിൻ്റെ ഭർത്താവുമായി സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും ജോലിക്കാരി അവർക്കുള്ള ചായയും പലഹാരവുമായി വന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ചായകുടിച്ചു.മായ ആലീസിന് നല്ല ധൈര്യം കൊടുത്തു. ഒന്നുകൊണ്ടും തളരരുതെന്നും ഇതൊക്കെ താൻ അതിജീവിക്കുമെന്നും അവളോട് പറഞ്ഞു. മായയുടെ വാക്കുകൾ ആലീസിന് നല്ല ആത്മധൈര്യം കൊടുത്തു. എത്രയോപേർ ഈ മാരകരോഗത്തെ സധൈര്യം നേരിടുകയും അതിൽനിന്നും മുക്തിനേടുകയും ചെയ്തിട്ടുണ്ടെന്ന കാര്യവും മായ ആലീസിനെ പറഞ്ഞ് മനസ്സിലാക്കി. അവളുടെ വരവ് ആലീസിന് നല്ല ആത്മവിശ്വാസം നൽകി. ഇനിയും സമയംകിട്ടുമ്പോൾ.വരാമെന്ന് പറഞ്ഞ് അവർ യാത്രയായി.
വരുന്നവഴിക്ക് ഹോട്ടലിൽ കയറി അവർ ഭക്ഷണം കഴിച്ചു വീട്ടിലെത്തി. അന്ന് അവളുടെ സംഭാഷണം ആലീസിനെക്കുറിച്ചായിരുന്നു. തൻ്റെ സഹപാഠിയും സഹപ്രവർത്തകയുമാണ് ആലീസ്. ഒരുദിവസം സ്കൂളിൽവച്ച് അവളുടെ മൂക്കിൽ നിന്നും ചോരവരുന്നതു കണ്ട താൻ അവളെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി ചെക്കപ്പ് നടത്തിയപ്പോഴാണ് അവൾക്ക് ക്യാൻസർ ആണെന്നുള്ള ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. അന്നു മുതൽ താൻ അവൾക്ക് ധൈര്യം കൊടുക്കുമായിരുന്നു.സമയം കിട്ടുമ്പോഴെല്ലാം അവളുടെകൂടെ ചിലവഴിക്കുകയും അവൾക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് ആലീസിന് തൻ്റെ അസുഖത്തിനെ വളരെ ലാഘവത്തോടെ കാണാനും അതിനെ അതിജീവിക്കുവാനുള്ള ധൈര്യം കൈവന്നതും.മാസങ്ങൾ ഓടിമറഞ്ഞു.
ഒരുദിവസം രാവിലെ അലാറം കേട്ട് ഉണർന്ന മായ എഴുന്നേറ്റപ്പോൾ തലകറങി വീണു. രമേശ് വെള്ളം മുഖത്തു തളിച്ചപ്പോൾ അവൾ പതിയെ കണ്ണുതുറന്നു. അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു. അതുകണ്ട രമേശ് അവളെ ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. അവളെ പരിശോധിച്ച ഡോക്ടർ പറഞ്ഞത് ഒരു സന്തോഷവാർത്തയായിരുന്നു.ഇന്നിപ്പോൾ ആലീസ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയെന്ന് വിളിച്ച് പറഞ്ഞിരുന്നു. താമസിയാതെ സ്കൂളിൽ എത്തുമെന്നും അറിയിച്ചു. അതുകേട്ട തനിക്ക് വളരെ സന്തോഷമായി.
അങ്ങനെ ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ആലീസ് അവളെ പിടികൂടിയിരുന്ന ആ വിപത്തിൽനിന്നും മോചിതയായി പഴയതിലും ഉന്മേഷവതിയായി സ്കൂളിലേക്ക് തിരിച്ചെത്തി. എല്ലാവരും ചേർന്ന് അവൾക്ക് നല്ലൊരു സ്വീകരണം തന്നെ നൽകി.
അതുകൂടാടെ മായക്കുമുണ്ടായിരുന്നു ഒരു സന്തോഷവാർത്ത പറയാൻ. അവളൊരു അമ്മയാകാൻ പോകുന്ന ആ വാർത്ത ആലീസിനോട് അവൾ പറഞ്ഞപ്പോൾ സന്തോഷത്തോടെ അവളെ ചേർത്തുപിടിച്ച് ആലീസ് പറഞ്ഞു. നമ്മൾ രണ്ടാളും ഓരോതരത്തിൽ അതിജീവനം നടത്തി തിരിച്ചുവന്നവരാണെന്നും ഇനി ഏതു പ്രതിസന്ധിയും തരണംചെയ്യാൻ സാധിക്കുമെന്നും ആലീസ് പറഞ്ഞപ്പോൾ എല്ലാവരും കൈയ്യടിച്ച് അവരെ അഭിനന്ദിക്കുകയും എല്ലാവർക്കും മധുരംനൽകി അവരുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്തു.
എഴുതിയത് : ശ്രീകല മോഹൻ