അമ്മാവന്റെ വീട്ടിൽ നിന്ന് പഠിക്കണ്ട എന്ന് ഒരു നൂറു തവണ അമ്മയോട് പറഞ്ഞതാണ് കേട്ടില്ല ശേഷം എന്റെ ജീവിതത്തിൽ സംഭവിച്ചത് മറക്കാൻ ആകാത്ത പ്രവർത്തികൾ

EDITOR

അമ്മേ ഞാനിവിടുന്ന് സ്കൂളിൽ പോയിക്കോളാം. എനിക്ക് അമ്മാവന്റെ വീട്ടിൽ നിന്ന് പഠിക്കണ്ട .ഞാൻ കരഞ്ഞു പറഞ്ഞു.മോളെ ഇവിടെന്ന് ഹൈസ്ക്കൂളിൽ പോകാൻ നാലഞ്ച്കിലോമീറ്റർ നടക്കണം. പാലം പണി കഴിഞ്ഞിരുന്നെങ്കിൽ ഒരു കിലോമീറ്റർ നടന്നാ മതിയായിരുന്നു. ദിവസം പത്ത് കിലോമീറ്റർ നടക്കാൻ എന്റെ മോൾക്കാവുമോ? അവരുടെ വീട്ടിലുള്ള സൗകര്യം നമ്മുടെ വീട്ടിലുണ്ടോ ? നിനക്കവിടെ ഒരു പണിയുമുണ്ടാവില്ല. എല്ലാത്തിനും അവിടെ ജോലിക്കാരുണ്ടല്ലോ? പിന്നെ പ്ലസ് റ്റുവിന് പഠിക്കുന്ന വിവേക് നിനക്ക് ട്യൂഷനെടുത്ത് തരും .നീയവിടെ ചെല്ലുന്നത് അമ്മായിയ്ക്കും ഇഷ്ടമാ. അവർക്കൊരു കൂട്ടാവുമെന്നാ അമ്മായി പറഞ്ഞത്. നിന്റെ അമ്മയുടെ സ്ഥാനം തന്നെയല്ലേ അമ്മായിക്കുമുള്ളത്. അമ്മാവന് നിന്നെ ജീവനാ . നീ പലപ്പോഴും അവിടെ പോകണമെന്ന് വാശിപ്പിടിക്കാറുണ്ടല്ലോ പിന്നെന്താ ഇപ്പോ ഒരു മനം മാറ്റം?വല്ലപ്പോഴും പോകുമ്പോൾ അവർക്ക് കാര്യമായിരിക്കും പക്ഷേ മൂന്നുകൊല്ലം അവിടെ നിന്ന് പഠിക്കാൻ ബുദ്ധിമുട്ടായിരിക്കും.

നിനക്കെന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഞങ്ങളെ അറിയിച്ചാൽ മതി ഞങ്ങൾ വന്നു കൂട്ടിക്കൊണ്ടുപോകാം .അതുപോരെ ?മനസ്സില്ലാ മനസ്സോടെയാണ് ഞാൻ അവിടെ പോയത് .വല്ലപ്പോഴും പോകുമ്പോൾ സ്വന്തം മക്കളെക്കാൾ അമ്മായി സ്നേഹിക്കാറുണ്ട് .എന്നാലും മൂന്നുകൊല്ലം അവിടുന്ന് പഠിക്കുന്നത് എനിക്ക് ചിന്തിക്കാൻ കൂടി വയ്യാതായി. കൂട്ടുകാരെ ഉപേക്ഷിച്ച് ഏട്ടനെയും അമ്മയെയും അച്ഛനെയും വിട്ട് ഇരുനൂറ് കിലോമീറ്റർ അകലെയുള്ള അമ്മാവന്റെ വീട്ടിലേക്ക് പോകാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല .എന്നെ അവിടെ കൊണ്ടാക്കാൻ അമ്മയും അച്ഛനും കൂടെ വന്നിരുന്നു.അമ്മാവനും അമ്മായിയും സന്തോഷത്തോടെയാണ് ഞങ്ങളെ എതിരേറ്റത്.രണ്ടുദിവസത്തെ താമസത്തിനു ശേഷം അമ്മയും അച്ഛനും തിരിച്ചുപോയി.അവർ പോയതിനു ശേഷം ഞാൻ ആ വലിയ വീട്ടിൽ ഒറ്റയ്ക്കായി എന്ന് തോന്നിപ്പോയി. അമ്മാവന് രണ്ടു ആൺമക്കളാണുള്ളത്. മൂത്തയാൾ പ്ലസ് റ്റുവിനും ഇളയവൻ നാലിലും .ഞാൻ ചെന്നതിന്റെ നാലാംപക്കം അവിടെയുണ്ടായിരുന്ന ജോലിക്കാരിയെ അമ്മായി പറഞ്ഞുവിട്ടു. എന്നിട്ട് എന്നോട് പറഞ്ഞു,

അവൾ ജോലിയൊന്നും നന്നായി ചെയ്യില്ലെന്നെ, എന്നാലോ എന്നും വൈകിയെ വരു. പോരാത്തതിന് വീട്ടിലെ സാധനങ്ങൾ അടിച്ചു കൊണ്ട് പോകും . ഇത് പറയുന്ന അമ്മായി എന്നും താമസിച്ചാണ് ഓഫിസിൽ പോയിക്കൊണ്ടിരുന്നത് . അമ്മായി പ്രധാന സർവ്വീസ് സംഘടനയുടെ നേതാവായതുകൊണ്ട് വൈകി ഓഫിലെത്തുന്നതെന്നതിനെ ചോദ്യം ചെയ്യാറില്ല. ലെയ്റ്റായിട്ടാണ് ഓഫിസിൽ പോകുന്നതെങ്കിലും തിരച്ചുവരുന്നത് വളരെ വൈകി മാത്രമായിരുന്നു. മീറ്റിങ്ങും ജാഥകളിലും മറ്റ് രാഷ്ടീയ പ്രവർത്തനങ്ങളുമായി വീട്ടിലെത്തുമ്പോൾ പലപ്പോഴും ഏഴ് മണി കഴിഞ്ഞിരിക്കും. ഞാൻ വന്നതോടെ വീട്ടിലെ പല പണികളും എന്റെ ചുമലിലായി.എന്റെ അമ്മയോ അച്ഛനോ എന്നെ കൊണ്ട് ഒരു പണിയും എടുപ്പിക്കാറില്ല. പുസ്തവായനയും കളിയും മറ്റ് നേരമ്പോക്കുകളുമുള്ളപ്പോൾ നേരം പോകുന്നത് അറിയുകയേയില്ലായിരുന്നു. പക്ഷേ അമ്മാവന്റെ വീട്ടിൽ പുസ്തകം മറിച്ചു നോക്കാൻ പോലും സമയം കിട്ടിയിരുന്നില്ല.

അമ്മായി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമെങ്കിലും സ്വന്തം വീട്ടിൽ അത് പ്രാവർത്തികമാക്കിയില്ല. ബിരിയാണിയുണ്ടാക്കിയാൽ നല്ല കഷണങ്ങൾ അവിടെയുളള ആൺകുട്ടികൾക്കാണ് നല്കാറുള്ളത്. ഹോർലിക്സും ബദാമിട്ട പാലും നെയ് ചേർത്ത എത്തപ്പഴവും അവർക്ക് നല്കിയിട്ട് അമ്മായി പറയും “നമ്മൾ പെണ്ണുങ്ങൾ അധികം കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. പ്രത്യേകിച്ചും വലിയ പണിയൊന്നുമെടുക്കാതെ ഇതെല്ലാം കഴിച്ചാൽ പൊണ്ണത്തടിച്ചി കളാകും. ” എന്നിട്ട് ആരും കാണാതെ ഇവയെല്ലാം അവർ അകത്താക്കുകയും ചെയ്യും.
വൈകുന്നേരം സ്കൂൾ വിട്ടുവന്നാൽ ഏട്ടനും അനിയനും കളിക്കാൻ പോകും. എനിക്കവിടെ പരിചയക്കാരില്ലാത്തതിനാലും വീട്ടിലെ പണികൾ ചെയ്ത് തീർക്കാനുള്ളതു കൊണ്ടും ഞാൻ കളിക്കാൻ പോകാറില്ല. അല്ലെങ്കിലും കളികളെല്ലാം ആണുങ്ങളുടെ കുത്തകയല്ലേ ? അവിടെ ഞങ്ങൾ പെണ്ണുങ്ങൾ കാഴ്ച്ചക്കാർ മാത്രമല്ലെ ?കളികഴിഞ്ഞ് ഒരു ആനയെ തിന്നാനുള്ള വിശപ്പുമായിട്ടായിരിക്കും അവരുടെ വരവ്. അവർ പലഹാരങ്ങളും ചായയും വെട്ടി വിഴുങ്ങുന്നത് അത്ഭുതത്തോടെ ഞാൻ നോക്കിനില്ക്കും.

അമ്മാവന് എന്നെ വളരെ ഇഷ്ടമാണ് . സ്വന്തം മകളെ പോലെ യാണ് എന്നോട് പെരുമാറുന്നത് എന്നാലും അമ്മാവന് ഒരു ദുശീലമുണ്ട്. അല്‌പം മദ്യപിക്കും . ചില ദിവസങ്ങളിൽ മാമന്റെ കൂട്ടുക്കാരെയും വീട്ടിലേക്ക് വിളിച്ച് മദ്യം കൊടുത്ത് സൽക്കരിക്കും. ഇങ്ങനെ സൽക്കാരം സ്വീകരിക്കുന്നവരിൽ ഒരാളായിരുന്നു ദാമുവേട്ടൻ. അയാൾ വരുന്നത് വൈകുന്നേരങ്ങളിലാണ്. അപ്പോഴേക്കും ഏട്ടനും അനിയനും കളിക്കാൻ പോയിട്ടുണ്ടാകും. അമ്മായി സ്ഥലത്തില്ലാത്തതിനാൽ ആ സമയമാണ് പാനീയസദസിന് അനുയോജ്യമെന്ന് അമ്മാവനും അറിയാം.
അയാൾ വന്നാൽ സ്നേഹത്തോടെ അകത്തേക്ക് നോക്കി വിളിക്കും
” മോളെ രണ്ട് ഗ്ലാസും കുറച്ച് വെള്ളവും ഡൈനിംഗ് റൂമിലേക്ക് കൊണ്ടുവരാമോ ?”
വെള്ളവുമായി എത്തുമ്പോൾ എന്റെ ദേഹത്ത് സ്പർശിക്കാൻ അയാൾ മനപ്പൂർവം ശ്രമിക്കുമായിരുന്നു. ഒരു ദിവസം രണ്ട് മൂന്നെണ്ണം വീശി മാമൻ ഓഫായപ്പോൾ അയാൾ എന്നെ അയാളുടെ മടിയിലിരുത്താൻ ഒരു ശ്രമം നടത്തി. പക്ഷേ ഞാൻ കുതറി മാറി.ആ സംഭവത്തിന്റെ പിറ്റെ ദിവസം ഞാൻ മാമനോട് അന്നുണ്ടായ സംഭവം പറഞ്ഞു. മാമന് വലിയ കുറ്റബോധം തോന്നി. മാമൻ ഈ കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് എന്നെ ചട്ടംകെട്ടി.അതിനുശേഷവും മാമൻ പലരേയും കള്ളുകുടിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.

പക്ഷേ ദാമുവേട്ടനെ മാത്രം ക്ഷണിച്ചിരുന്നില്ല എന്നാലും ഇത്തരം ആളുകൾ വീട്ടിൽ വന്നാൽ ഞാൻ എന്റെ റൂമിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല.പെൺകുട്ടികൾ ഋതുമതിയാവുന്നതിനെ കുറിച്ച് അമ്മയോ അമ്മായിയോ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. ഭാഗ്യത്തിന് എന്റെ രണ്ട് കൂട്ടുക്കാരികളായ ശ്യാമയും അനിതയും പെണ്ണായി പിറന്നതിന്റെ നോവുകൾ അനുഭവിച്ചുതുടങ്ങിയ വരായിരുന്നു .അല്ലായിരുന്നെങ്കിൽ ഞാൻ സ്കൂളിലെ പരിഹാസ കഥാപാത്രമായി മാറിയേനെ . ഇന്റർവെൽ ബെൽ അടിച്ചപ്പോഴാണ് എനിക്ക് വയറു വേദനയും നനവും തോന്നിയത് . ഞാനീകാര്യം ശ്യാമ യോട് പറഞ്ഞു. അവളും അനിതയുo എന്നെ മുന്നിലും പുറകിലുമായി ബാത്ത്റൂമിലേക്ക് കൊണ്ടു പോയി. അവിടെ എന്നെയിരു ത്തിയതിന് ശേഷം അനിത ,ജെയ്നി ടീച്ചറോട് കാര്യം പറഞ്ഞു. പാഡ് കൈയിൽ തന്നിട്ട് ടീച്ചർ ഒന്നും പേടിക്കാനില്ലെന്നും ആ ദിവസങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്നു . ക്രമേണ ഞാൻ ടീച്ചറെ എന്റെ അമ്മയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ തുടങ്ങി. അതുവരെ എനിക്ക് ഏറ്റവും വെറുപ്പുള്ള വിഷയമായിരുന്നു ഫിസിക്സ് .പക്ഷേ ടീച്ചറെടുക്കുന്ന ആ വിഷയം എന്റെ ഏറ്റവും ഇഷ്ടവിഷയമായി മാറി. ഞാനും ടീച്ചറും ഒരുമിച്ചായിരുന്നു സ്കൂളിലേക്ക് പോയിരുന്നത്. ഒന്നിച്ച് നടക്കുമ്പോൾ അമ്മയെ പോലെ എന്റെ കാര്യങ്ങൾ തിരക്കും. സത്യത്തിൽ എനിക്ക് ഹൃദയം തുറക്കാൻ ഒരാളെ കൂടെ കിട്ടിയെന്ന് പറയുന്നതാണ് ശരി.

മാമന്റെ മൂത്തമകനാണ് വിവേക്. അവനായിരുന്നു അക്കാലത്തെ എന്റെ ട്യൂഷൻ ടീച്ചർ. അവൻ നന്നായി പഠിപ്പിക്കുമെങ്കിലും ഞാനൊരു ചെറിയ തെറ്റുവരുത്തിയാലും അവൻ എന്റെ തുടയിൽ നുള്ളി നോവിക്കുമായിരുന്നു. പലപ്പോഴും ആ മുറിവുകൾ പഴുത്ത് വൃണമായാലും ഞാനത് ആരെയും കാണിക്കാറില്ല. എനിക്ക് സുഖമില്ലാത്ത ദിവസങ്ങളിലും എന്നെ ഏട്ടൻ വെറുതെ വിടില്ല. ഏട്ടൻ എന്നെ ഉപദ്രവിച്ചു വെന്ന് പറഞ്ഞാലും അമ്മായി പറയും ” നന്നായി പോയി അമ്മായിക്ക് അവരുടെ മക്കളെ കുറിച്ച് മോശമായി പറയുന്നത് ഇഷ്ടമല്ലായിരുന്നു. അമ്മ എല്ലാ രണ്ട് ദിവസം കൂടുമ്പോഴും അമ്മായിയെയോ മാമനെയോ ഫോൺ വിളിക്കും . പക്ഷേ അവർ അടുത്തു നിൽക്കുന്നത് കൊണ്ട് ഞാൻ ആ വീട്ടിൽ അനുഭവിക്കുന്ന വിവേചനത്തെ പറ്റി പറയാൻ കഴിഞ്ഞിരുന്നില്ല. ഓണത്തിനും ക്രിസ്തുമസിനും അമ്മയും അച്ഛനും ഏട്ടനും അമ്മാവന്റെ വീട്ടിലേക്ക് വന്നതു കൊണ്ട് എനിക്ക് അമ്മയുമായി അധികം സംസാരിക്കാനും കഴിഞ്ഞില്ല. അങ്ങനെ എട്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞതും ഞാൻ വീട്ടിലേക്ക് പോയി.ഞാനൊറ്റക്ക് വീട്ടിലേക്ക് വരുന്നത് കണ്ട് അമ്മയും അച്ഛനും അത്ഭുതത്തോടെ ചോദിച്ചു

മോള് തനിച്ചാണോ ഇത്രയും ദൂരം വന്നത്? പിന്നെ നിയെന്താ വരുന്ന കാര്യം ഞങ്ങളെ വിളിച്ചു പറയാതിരുന്നെ ?എന്നെയാ വീട്ടിൽ തനിച്ചാക്കിയല്ലേ നിങ്ങൾ പോയത് ? എന്നെങ്കിലും എന്നോട് തനിച്ച് നിങ്ങൾ സംസാരിച്ചോ? എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നിങ്ങൾ ചോദിച്ചിട്ടുണ്ടോ ? എനിക്ക് ആവശ്യത്തിന് കാശ് തന്നിരുന്നോ ? ഞാനെപ്പോഴും അവരോട് ഓരോ ആവശ്യങ്ങൾക്കായി ഇരക്കണമെന്നാണോ നിങ്ങൾ വിചാരിച്ചത് ?ഞാൻ പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു
ഇനി ഞാനവിടെ നിന്ന് പഠിക്കില്ല. ഇനിയും നിങ്ങൾ എന്നെ അവിടെ പഠിപ്പിക്കാൻ വിട്ടാൽ ഞാൻ ആത്മഹത്യ ചെയ്യും കേട്ടോ .ഇതുകേട്ട് അവർ വിറച്ചു പോയി. അകത്തേക്ക് അമ്മയെ കൂട്ടിക്കൊണ്ട് പോയി ഞാനെന്റെ കാല് കാണിച്ചു കൊടുത്തു. പഴുത്ത വ്യണങ്ങൾ കണ്ട് അമ്മ തേങ്ങി . എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അമ്മ പറഞ്ഞു,മോളിനി എവിടേക്കും പോകണ്ട. എന്റെ കുട്ടി ഇത്രനാളും ഒരോന്ന് അനുഭവിക്കുകയായിരുന്നെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല . മോള് ഞങ്ങളോട് ക്ഷമിക്ക് ഒരിക്കൽ കൂടി ഞാൻ സ്വന്തം വീട്ടിലെ സുഖവും സുരക്ഷ അനുഭവിക്കാൻ തുടങ്ങി. വീട് ചെറുതാണെങ്കിലും സൗകര്യങ്ങൾ കുറവാണെങ്കിലും സ്നേഹിക്കാൻ അച്ഛനും അമ്മയുമുണ്ടെങ്കിൽ അവിടമാണ് സ്വർഗ്ഗം. സ്നേഹംതൊടുകറിയാകുമ്പോൾ ഭക്ഷണങ്ങൾക്ക് രുചിയും മണവുമേറും

എഴുതിയത് : സജി മാനന്തവാടി