ഭാര്യയ്ക്ക് സർപ്രൈസ് കൊടുക്കാൻ ഗൾഫിൽ നിന്ന് നാട്ടിലേക്ക് ശേഷം രാത്രി വീട്ടിൽ എത്തിയപ്പോ എനിക്ക് ആണ് സർപ്രൈസ് കിട്ടിയത് കുറിപ്പ്

  0
  4436

  ഭാര്യക്കൊരു സർപ്രൈസ്.പ്രവാസിയായ ഭർത്താവ് ഭാര്യക്ക് സർപ്രൈസ് കൊടുക്കുന്ന റീൽ കണ്ടപ്പോ തൊട്ടുള്ള ആഗ്രഹമായിരുന്നു ഭാര്യക്കൊരു സർപ്രൈസ് കൊടുക്കണമെന്ന്.അപ്രതീക്ഷിതമായി കാണുന്ന ഭർത്താവിനെ വിടർന്ന കണ്ണുകളോടെ നോക്കി നിൽക്കുന്നതും സ്നേഹ ചുംബനങ്ങളാൽ മൂടുന്നതുമൊക്കെ ഓർത്തപ്പോൾ തന്നെ വല്ലാത്തൊരു രോമാഞ്ചം തോന്നിപ്പോയി.അങ്ങനെ ആ ദിവസമെത്തി ചേർന്നു.മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ചങ്ക് എയർപോർട്ടിൽ പിക് ചെയ്യാനെത്തി.ഭാര്യ പ്രസവത്തിനായി അവളുടെ വീട്ടിലേക്ക് പോയത് കാരണം അവന്റെ വീട്ടിൽ അവൻ തനിച്ചായിരുന്നു.അത്‌ ഉപകാരമായി.റോഡിലധികം തിരക്കൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും വേഗത്തിൽ അവന്റെ വീടെത്തി.സാധനങ്ങളൊക്കെ ഹാളിൽ കൊണ്ട് വെച്ചു.മാറി ഉടുക്കാനായി അവൻ തന്ന മുണ്ടും ടീ ഷർട്ടും ഉണ്ടാരുന്നു.ടീഷർട്ട് കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ എന്റടുത്തൂന്ന് പൊക്കിയതാണ്.

  അതെനിക്ക് തന്നെ ഇടാൻ തന്നേക്കുന്നു കള്ള സുവറ്.അവന്റെ വീട്ടിലെ ജനാലയിക്കൂടി നോക്കിയാൽ എന്റെ വീട് കാണാം.അവൾക്ക് സർപ്രൈസ് കൊടുക്കുന്നതോർത്തപ്പോ വീണ്ടും ഉള്ളൊന്ന് തുടിച്ചു.അവളെ ഒരു നോക്ക് കാണാൻ പറ്റുമോ എന്നറിയാൻ ജനാല തുറന്ന് വെറുതെ വീട്ടിലേക്കൊന്ന് നോക്കി.കുറച്ചു നേരം നോക്കി നിന്നിട്ടും കാണാത്ത നിരാശയോടെ ജനാല വാതിൽ അടക്കാൻ നോക്കുമ്പോഴാണ് ആ കാഴ്ച്ച കാണുന്നത്.ഒരു ബക്കറ്റ് നിറയെ തുണികളുമായി പുറത്തേക്ക് വരുന്ന പ്രിയതമ.എന്തൊരു അഴകാണവൾക്ക്.ലാവണ്ടർ സോപ്പിന്റെ പരസ്യത്തിൽ കാണുന്ന സുന്ദരിയെ പോലെ തോന്നിച്ചു.അല്ലേലും ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയല്പക്കത്തെ ജനാലയിൽ കൂടി നോക്കണം എന്ന് പണ്ടുള്ളവർ പറയുന്നത് വെറുതെയല്ല.ഇനി പിടിച്ചു നിൽക്കാൻ വയ്യ.വേഗം അവനോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടന്നു.പിറകു വശത്തൂടെ ചെന്ന് അവളുടെ കണ്ണ് പൊത്തിയാലോ.

  കണ്ണ് തുറക്കുമ്പോ അവൾ ഞെട്ടലോടെ എന്നെ നോക്കുന്ന ആ രംഗം.ഹൗ വല്ലാത്തൊരു ഫീലായിരിക്കും.നേരെ അടുക്കള ഭാഗത്തേക്ക് തന്നെ നടന്നു.തുണികളോരോന്നായി അയയിലേക്ക് വിരിച്ചിടുകയാണവൾ.ശബ്ദമുണ്ടാക്കാതെ പിറകിലൂടെ ചെന്ന് കടന്ന് പിടിക്കാൻ ശ്രമിച്ചതുംഅയയിലേക്കിടാൻ എടുത്ത തുണികളിൽ ഒരെണ്ണമെടുത്ത് അവളൊന്ന് തിരിഞ്ഞതുംതുണി എന്റെ മുഖത്തേക്കിട്ട് അടി വയറ്റിന് നോക്കി കാലുയർത്തി ചവുട്ടിയതും നിമിഷങ്ങൾ കൊണ്ടായിരുന്നു.അതും പോരാഞ്ഞ് ആ പൂതന ചവുട്ടിന്റെ ആഘാതത്തിൽ തറയിലേക്ക് വീണ് പോയ എന്റെ നെഞ്ചത്തോട്ട് ചവുട്ടി കള്ളൻ കള്ളൻ എന്ന് അലറി വിളിക്കുകയും ചെയ്തു.ലാവണ്ടർ സുന്ദരിക്കപ്പോൾ ഡോമക്സിന്റെ പരസ്യത്തിൽ കാണിക്കുന്ന കീടാണുവിന്റെ രൂപമാണെന്ന് തോന്നിപ്പോയി.ഇവളാരാ ആട് തോമയോ തുണി ചുറ്റി അടിക്കാൻ.ഒരു കണക്കിന് ഇത് ഞാനാടി നിന്റെ കെട്യോൻ എന്നും പറഞ്ഞോണ്ട് തുണി മാറ്റിയപ്പോഴാണ് അവളെന്നെ അന്തം വിട്ട് നോക്കി തലയിൽ കൈവെച്ചു പോയത്.

  ഉണ്ടായ കാര്യങ്ങൾ മുഴുവനും പറഞ്ഞപ്പോൾ അവള് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു.റെസിഡന്റ് അസോസിയേഷൻ വക സ്ത്രീകൾക്കായി ഹ്രിസ്വകാല കരാട്ടെ കോഴ്സ് ഉണ്ടായിരുന്നത് മുമ്പേപ്പോഴോ ഫോൺ ചെയുമ്പോ അവള് പറഞ്ഞതാണ്.സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീടുകളിൽ മോഷ്ടാക്കളോ അപരിചിതരായ ആരെങ്കിലുമൊവരുമ്പോ ഒരു ധൈര്യത്തിന് വേണ്ടി പഠിച്ചു വെക്കുന്നത് നല്ലതാണെന്ന് എനിക്കും തോന്നിയിരുന്നു.പക്ഷേ അതെനിക്കിട്ട് തന്നെ പ്രയോഗിക്കുമെന്ന് സ്വപ്നത്തിൽ പോലും നിരീച്ചില്ല.എന്തായാലും കളരിപ്പയറ്റ് പഠിപ്പിക്കാഞ്ഞത് നന്നായി.അല്ലെങ്കിൽ ചക്ക വെട്ടിയിടുന്ന പോലെ അരിഞ്ഞിട്ടേനെ.
  ചവുട്ട് കൊണ്ടത് കേന്ദ്ര ബിന്ദുവിൽ തന്നെ ആയത് കാരണം ഒന്ന് രണ്ട് മാസത്തേക്ക് അധ്വാനമുള്ള ജോലിയൊന്നും പാടില്ലെന്ന് വൈദ്യരുടെ കർശന നിർദ്ദേശവും കൂടി ആയതോടെ മൊട്ടയടിച്ചവന്റെ തലയിൽ കല്ല് മഴ പെയ്ത പോലായി.
  വല്ലാത്തൊരു സർപ്രൈസന്നേ.റീൽസിലൊക്കെ കാണുന്നത് അനുകരിക്കാൻ നിന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.

  എഴുതിയത് : ഷാ