കാലിൽ ആടി വരുന്ന അച്ഛനെ കണ്ടതും സകല പ്രതീക്ഷകളും തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തിയത് പോലെ തോന്നി.
പിന്നെ അവിടെ നടന്നത് ഞാൻ സ്വപ്നത്തിൽ പോലും കണാത്ത കാര്യങ്ങൾ ആയിരുന്നു. മീൻകറിക്ക് എരിവില്ലെന്ന് പറഞ്ഞു അമ്മയെ ചിരവ തടിക്ക് പെരക്ക് ചുറ്റും ഓടിച്ചിടുക വാതിൽ അടച്ചു ഉറങ്ങാൻ കിടന്ന ഞങ്ങളുടെ വാതിൽ ചവിട്ടി ശബ്ദം ഉണ്ടാക്കി അസഭ്യം പറയുക എന്ന് വേണ്ട സകല കലാപരിപാടികളും അവിടെ കുറച്ചു ദിവസം കൊണ്ട് അരങ്ങേറി. ഭർത്താവിന്റെ നിസ്സഹായ അവസ്ഥ എനിക്ക് വളരെ സങ്കടം ഉണ്ടാക്കി, രാവന്തിയോളം പണിയെടുത്തു ആ മനുഷ്യൻ കയറി വന്നിട്ട് സ്വസ്ഥമായി ഒന്ന് ഉറങ്ങാൻ പോലും കഴിയുന്നില്ല.മനസ്സിലെ വിഷമങ്ങൾ ഒന്നും അമ്മയെ അറിയിച്ചില്ല ആ പാവത്തിനെ എന്തിന് വിഷമിപ്പിക്കണം അല്ലെ?
അന്ന് രാത്രി ഏറെ വൈകിയാണ് അച്ഛന്റെ നാലുകാലിൽ ഉള്ള വരവ് അതുവരെ ചിരിച്ചു സന്തോഷിച്ചു നിന്ന അമ്മ ഇടി കൊള്ളാൻ തയ്യാറായി നിക്കുന്നത് പോലെ തോന്നി. സ്നേഹത്തോടെ അച്ഛനുള്ള ചോറെടുത്ത് വയ്ക്കുന്നത് കണ്ടാൽ ഇതുവരെ തല്ല് കിട്ടിയത് ഈ അമ്മക്ക് തന്നെ ആണോയെന്ന് സംശയം തോന്നും. മീൻ കറിക്ക് എരിവില്ലെന്ന് പറഞ്ഞു ചോറും കലത്തിൽ മണ്ണുവാരി ഇടുന്നത് കണ്ടപ്പോൾ അമ്മ പറഞ്ഞു തന്ന നല്ല മരുമകൾ പോസ്റ്റ് എല്ലാം ഞാൻ മറന്നു കാരണം പട്ടിണി കിടന്ന ഉറക്കമില്ലാത്ത രാത്രികൾ ഇന്നും ഉണ്ട് മനസ്സിൽ മായാതെ.
കലത്തിൽ മണ്ണും വാരിയിട്ട് കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്ന അച്ഛന്റെ അടുത്തേക്ക് ഞാൻ ചെന്നു ഒറ്റക്ക് ആയിരുന്നില്ല അടുക്കളപ്പുറത്ത് അമ്മ അരി പൊടിച്ചിട്ട് മാറ്റി വച്ച ഉലക്കയും കൊണ്ടാണ് ചെന്നത്.മരിയാതയ്ക്കാണെങ്കിൽ അങ്ങനെ അല്ലാതെ ദിവസവും ഇങ്ങനെ മോന്തിയേച്ചും വന്നിട്ട് ബാക്കിയുള്ളോരുടെ മെക്കട്ട് കേറാൻ ആണ് ഭാവമെങ്കിൽ നിങ്ങള് പറ്റുപിടിച്ചു കിടന്ന് ഉറങ്ങണ നേരത്ത് ഈ ഒലക്കക്ക് നിങ്ങടെ കാല് രണ്ടും തല്ലിയൊടിക്കും ഞാൻ. ദേ ഇത് പറയുന്നത് നിങ്ങടെ മരുമകൾ ആണ് മരുമക്കൾ ഇടഞ്ഞാൽ അറിയാലോ അച്ഛൻ ടീവി യൊക്കെ കാണുന്നതല്ലേ സൂക്ഷിച്ചാൽ ദുഖിക്കേണ്ട അച്ഛൻ അമ്മയെയും ഏട്ടനേയും മാറി മാറി നോക്കി രണ്ടാളും എനിക്ക് സപ്പോർട്ട് ആയി നിന്നതോടെ അച്ഛൻ കുടിച്ചതൊക്ക ആവിയായി പോയെന്നു തോന്നി. ഭർത്താവും അമ്മായിയമ്മയും കുന്തം വിഴുങ്ങിയത് പോലെ നിക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.
പിറ്റേ ദിവസം വൈകുന്നേരം അച്ഛന്റെ വരവും പ്രതീക്ഷിച്ചു ഞാൻ ഉമ്മറത്തു തന്നെ നിന്നു പതിവിലും നേരത്തെ എത്തിയ അച്ഛനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഞാൻ ആ കുടുംബത്തിൽ വന്നു കയറിയിട്ട് അന്നാണ് ആ മനുഷ്യനെ രണ്ടുകാലിൽ ഉറച്ചു നിന്ന് കണ്ടത്. കയ്യിലിരുന്ന പൊതി എനിക്ക് നേരെ നീട്ടിയപ്പോ അമ്മയുടെ കണ്ണും ആ പൊതിയിലെ ഉണ്ടംപൊരിയും ഒരുപോലെ തോന്നി. പിന്നീടെന്നും നീട്ടിപ്പിടിച്ച ആ പൊതിയുമായി വൈകുന്നേരം കയറി വരുന്ന അച്ഛനെ നോക്കി ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ ആ ഉമ്മറത്തു നിൽക്കുമായിരുന്നു. ചെറുപ്പത്തിൽ നഷ്ട്ടപെട്ട ആ അച്ഛന്റെ സ്നേഹം ഈ അച്ഛനിൽ നിന്നും ഞാൻ ഒരുപാട് അനുഭവിച്ചു. ഇന്ന് ഞാൻ ഒത്തിരി സന്തുഷ്ടയാണ്. ഇ വനിതാ ദിനത്തിൽ ഇത്രയെങ്കിലും വേണ്ടേ ?
എഴുതിയത് : സ്വാതി രവി