സ്കൂൾ വിട്ട് വന്ന മകൾ എവിടുന്നോ മൂന്നു മുട്ടായി കൊണ്ട് വന്നു ബാത്‌റൂമിൽ പോലും ആ മുട്ടായി കൊണ്ട് പോകുന്ന കണ്ടു ദേഷ്യം വന്നു ശേഷം ഞാൻ മനസിലാക്കിയത് കണ്ണ് നിറച്ചു

EDITOR

ജോലി കഴിഞ്ഞ് വന്ന് കുളിയും കഴിഞ്ഞ് ഒരു കട്ടനുമായി ഇരിക്കുമ്പോഴാണ് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൾ കൈയിൽ മൂന്ന് മിഠായിയുമായി എൻ്റെ മടിയിൽ വന്നിരുന്നത്. ആ മിഠായികൾ എന്നെ കാണിച്ചുകൊണ്ട് അവൾ പറഞ്ഞു. ദാണ്ടാ. അച്ഛാ, കൂട്ടുകാരി തന്ന മിഠായി. ഇന്ന് അവളുടെ ബർത്ത് ഡേ യായിരുന്നു. പണ്ടേ മിഠായി കൊതിയുള്ള ഞാൻ അവളോട് ഒരു മിഠായി അച്ഛന് തരുമോ എന്ന് ചോദിച്ചു.
ഒന്ന് പോ അച്ഛാ ഞാൻ തരില്ല. ആകെപ്പാടെ മൂന്ന് മിഠായിയെ ഉള്ളു. അത് മൂന്നും എനിക്കുള്ളതാ. എനിക്ക് കൊതി പിടിച്ച് നിർത്താൻ കഴിഞ്ഞില്ല ഞാൻ ഒന്നുകൂടെ ചോദിച്ചു അച്ഛന് ഒരെണ്ണം താ… മോളെ . അവൾക്ക് ദേഷ്യം വന്നു.

അച്ഛാ തരില്ലായെന്ന് പറഞ്ഞില്ലേ പിന്നെ എന്തിന് പിന്നെയും പിന്നെയും ചോദിക്കുന്നത്. ഞാൻ പറഞ്ഞു പിന്നെ വച്ച് കൊതി കാണിക്കാതെ കഴിക്ക്. ഞാൻ ഇന്ന് ഒരെണ്ണമേ കഴിക്കുന്നുള്ളൂ. ബാക്കി രണ്ടെണ്ണം നാളെ കഴിച്ചോളാമെന്നും ഇനി ഇരുന്നാൽ ശരിയാവില്ലെന്നും പറഞ്ഞ് അവൾ എൻ്റെ മടിയിൽ നിന്നും ഇറങ്ങിപ്പോയി. പിന്നെ ഞാൻ അവളെ കാണുന്നത് അരമണിക്കൂർ കഴിഞ്ഞ് ബാത്ത്റൂമിൽ നിന്ന് ഇറങ്ങിവരുന്നതാണ്. ശരീരമാകെ തുടച്ച് ഡ്രസും മാറി പഠിക്കാൻ ഇരുന്നവൾ എന്തോ മറന്നെന്ന ഭാവത്തിൽ പെട്ടെന്ന് എഴുന്നേറ്റ് അയ്യോ… എൻ്റെ മിഠായി ഞാൻ ബാത്ത്റൂമിൽ വച്ച് മറന്നുവെന്നും പറഞ്ഞ് ബാത്ത്റൂമിലേക്ക് കയറിപ്പോയി.ഞാൻ നോക്കിയപ്പോൾ കണ്ടത് ബാത്ത്റൂമിൽ ക്ലോസെറ്റിൻ്റെ അടുത്തിരിക്കുന്ന ആ മൂന്ന് മിഠായിയും എടുത്തുകൊണ്ടു വരുന്ന അവളെയായിരുന്നു.

ഇത് കണ്ടതും എനിക്ക് ദേഷ്യം അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല. ഞാൻ ദേഷ്യത്തോടെ ആരെങ്കിലും കഴിക്കുന്ന ആഹാരം ബാത്ത്റൂമിൽ കൊണ്ടുവയ്ക്കുമോടീ എന്ന് ചോദിച്ച് ആ മിഠായി പിടിച്ച് വാങ്ങിച്ച് ജനാലവഴി ദൂരേക്ക് എറിഞ്ഞു.എന്നിട്ടും എന്നിലെ ദേഷ്യം തീർന്നില്ല. ഞാൻ വീണ്ടും വീണ്ടും അവളെ ഒരുപാട് വഴക്ക് പറഞ്ഞു. സാധാരണ ഞാൻ ചെറുതായിട്ടെ ങ്കിലും വഴക്കുപറഞ്ഞാൽ പോലും കരയുന്ന അവൾ സങ്കടം അടക്കിപ്പിടിച്ചിരിക്കുന്നതാണ് കണ്ടത്. അവളുടെ ആ ഇരിപ്പിലുണ്ടായിരുന്നു. ആ മിഠായികൾ അവൾക്ക് എത്രത്തോളം പ്രീയപ്പെട്ടതായിരുന്നുവെന്ന്. അന്ന് വൈകുനേരം ക്ഷേത്രത്തിൽ പോയിട്ട് വന്നപ്പോൾ മൂന്ന് മിഠായികൾക്ക് പകരം അവൾക്ക് കൈ നിറയെ മിഠായികളുമായിട്ടാണ് വീട്ടിലേക്ക് ഞാൻ വന്നത്. ഞാൻ വന്നപ്പോൾ അവൾ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇത്രയും മിഠായികൾ കാണുമ്പോൾ അവൾ സന്തോഷിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി.

ഞാൻ വച്ചു നീട്ടിയ മിഠായി കൊണ്ടുപോ എന്നും പറഞ്ഞ് അവൾ നിരസിച്ചു. ഞാൻ എത്ര നിർബന്ധിച്ച് കൊടുത്തിട്ടും അവൾ വേണ്ടാ… വേണ്ടാ… എന്നുപറഞ്ഞ് കൈ തട്ടി മാറ്റുന്നതല്ലാതെ അവൾ വാങ്ങാൻ കൂട്ടാക്കിയില്ല.ഒടുവിൽ കുസൃതി കാണിച്ചും എടുത്ത് തോളിലിട്ട് താലോലിച്ചും കഥ പറഞ്ഞു കൊടുത്തതിനുശേഷമാണ് ആ മിഠായികൾ അവൾ വാങ്ങിയത്.എന്നത്തേയും പോലെ അതിൽ നാലിലൊരു ഭാഗം എല്ലാവർക്കുമായിട്ട് വീതിച്ചു കൊടുത്തതിനു ശേഷം ബാക്കി അവളും എടുത്തു, അതിൽ ഒരു മിഠായി എനിക്കും കിട്ടി.കുറച്ചുനേരം കഴിഞ്ഞ് എൻ്റെ മടിയിൽ വന്നിരുന്ന് അവൾ എന്നോട് ചോദിച്ചു. അച്ഛാ ഞാൻ തന്ന മിഠായി കഴിച്ചോ? കഴിച്ചു മോളേ എന്താ ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാൻ കാര്യം പറയാൻ നിർബന്ധിച്ചു.

ഒരു കുസൃതിച്ചിരിയോടെ അവൾ പറഞ്ഞു അച്ഛൻ ആ മിഠായി കഴിച്ചില്ലായെങ്കിൽ അതുകൂടി എനിക്ക് തരുമോ എന്ന് ചോദിക്കാനാ. അവളുടെ ആ ചോദ്യം ഒരേ സമയം എന്നിൽ ചിരിയും സങ്കടവും ഉണർത്തി. ഞാൻ ചിന്തിച്ചു എങ്ങനെ മിഠായിക്ക് കൊതിയില്ലാതിരിക്കും. എൻ്റെയല്ലേ മോള്. ഞാൻ സ്നേഹത്തോടെ അവളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. മോളേ കഴിക്കുന്ന ആഹാര സാധനങ്ങൾ ഒരിക്കലും ബാത്ത്റൂമിൽ കൊണ്ടുവയ്ക്കാൻ പാടില്ല . അവിടെ കീടാണുക്കൾ ഉണ്ട്. അത് കഴിച്ചുകഴിഞ്ഞാൽ പിന്നെ പലവിധ അസുഖങ്ങൾ വന്നുപിടിക്കും. ഇത് കേട്ടതും ഇതൊന്നും എനിക്ക് അറിയില്ലല്ലോ അച്ഛാ എന്നും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു. എൻ്റെയും കണ്ണുകൾ നിറഞ്ഞൊഴുകി.

ഞാൻ വഴക്കുപറഞ്ഞപ്പോൾ അടക്കിവച്ചിരുന്ന സങ്കടങ്ങളെല്ലാം ഒരുമിച്ച് അവളിൽ നിന്ന് പൊട്ടിച്ചിതറുന്നുണ്ടായിരുന്നു. അവൾ ഇത്രയും സമയം ഈ സങ്കടം എങ്ങനെ അടക്കിപ്പിടിച്ചിരുന്നു എന്ന് അറിയില്ല. പിന്നെ കുറച്ചുകഴിഞ്ഞ് മിഠായിയും കഴിച്ചുകഴിച്ച് ജനാലിന്റെ വശത്ത് നിന്ന് ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞ മിഠായിയിൽത്തന്നെ നോക്കി സങ്കടപ്പെട്ടുകൊണ്ട് നിൽക്കുന്ന അവളെ കണ്ടു.
ഞാൻ അവളുടെ അടുത്ത് പോയി ചോദിച്ചു എന്താ. അവൾ പറഞ്ഞു കൂട്ടുകാരി എനിക്കുമാത്രമാണ് മൂന്ന് മിഠായി തന്നത്. ബാക്കിയുള്ളവർക്കെല്ലാം ഓരോന്നാണ് കൊടുത്തത്. അവളുടെ കണ്ണുകൾ നിറയുന്നു. ണ്ടായിരുന്നു. ശരിയാ ഇന്നു ഞാൻ വാങ്ങിച്ചുകൊടുത്ത മിഠായി ഇന്നത്തെ ദിവസം അവളുടെ കൂട്ടുകാരി കൊടുത്ത മിഠായിക്ക് പകരമാവില്ലല്ലോ..

എഴുതിയത് : രാജേഷ് വടക്കോട്