എന്റെ ഭാര്യയുണ്ടാക്കുന്ന ഭക്ഷണ൦ സ്വാദ് ഉണ്ടാവാറില്ല നിങ്ങൾ അഡ്ജസ്റ്റ് ചെയ്യണം കൂട്ടുകാരെ വീട്ടിലേക്കു ക്ഷണിച്ച ശേഷം ഭർത്താവ് പറഞ്ഞത് ആണ് ശേഷം ഞാൻ ചെയ്തത് പുള്ളി ജീവിതത്തിൽ മറക്കില്ല

  0
  21248

  എന്റെ വിവാഹം കഴിഞ്ഞിട്ട് വർഷം നാലായി .ഇതിനിടയിൽ ഞാൻ പഠിച്ച ഒരു ശീലം അല്ല ദുശീലം ഭാര്യയെ കുറ്റം പറയുക എന്നതാണ്.ഭാര്യ പ്രതികരിക്കാത്തത് കൊണ്ട് ഞാൻ അതിന് ആവശ്യമായ വെള്ളവും വളവും നൽകി.അതങ്ങ് പന്തലിച്ച് വൻ മരമായി മാറി. ചോറ് വെന്തധികമായി , സാമ്പാറിന് പരിപ്പിടാൻ മറന്നുപോയി , കായ് വറുത്തത് കനച്ചുപോയി ,പായസത്തിന് മധുരം കുറഞ്ഞുപോയി , ഉപ്പേരിയിലെ വെണ്ടയ്ക്കയുടെ നീളം കൂടി പോയി.ഷർട്ട് തേച്ചിട്ടും ചുളിവുകൾ മാറിയിട്ടില്ല. ചില മുറിയിലെ മാറാലകൾ അവിടെ തന്നെയുണ്ട് . മുറ്റത്തെ പുല്ല് പറിച്ച് കളഞ്ഞിട്ടില്ല. നീയാ തെക്കെലെ ഷീലയെ കണ്ട് പഠിക്ക് . അവളുടെ കറികൾക്കെന്താ സ്വാദ് !ഇത്യാദി കുറ്റങ്ങൾ ആദ്യം ഭാര്യയുടെ ചെവിയിലും പിന്നീട് ബന്ധുമിത്രാദികളുടെ ചെവികളിലും അവൾ കേൾക്കെ വിളമ്പാൻ തുടങ്ങി . എന്നാൽ ഇത്തരം പണികളിൽ ഒരു ചെറുവിരൽ പോലും അനക്കാൻ ഞാൻ തയ്യാറായില്ല .അല്ലെങ്കിലും കുറ്റം പറയുക എന്നത് എന്നതിനേക്കാൾ സുഖമുള്ള മറ്റൊരു ജോലിയുണ്ടോ ? അകത്തേക്ക് എന്തെങ്കിലും വാരിവലിച്ച് അകത്താക്കുന്നതും വായ് തുറന്ന് രണ്ടു കുറ്റം പറയുന്നതും ഒരുപോലെ രസം പകരുന്നവയാണ്.

  അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ എൻ്റെ അഞ്ചെട്ട് കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ചു. അവർ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് ഞാൻ പതിവ് കലാപരിപാടിക്ക് തുടക്കമിട്ടു എന്നോടൊന്നും തോന്നല്ലേ , എന്റെ ഭാര്യയുണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് വലിയ സ്വാദ് ഉണ്ടാവാറില്ല ,നിങ്ങളൊന്ന് അഡ്ജസ്റ്റ് ചെയ്യണം .പക്ഷേ അവരെല്ലാവരും ആർത്തിയോടെ, സ്വാദോടെ കഴിക്കുന്നത് കണ്ടപ്പോൾ എനിക്കും ഒരു സംശയം ഞാനും ഒന്ന് രണ്ട് കറിയെടുത്ത് സ്വാദ് നോക്കി. എല്ലാം ഒന്നിനൊന്നു മെച്ചം ഭക്ഷണം കഴിഞ്ഞപ്പോൾ കൂട്ടുകാർ ഒരേ സ്വരത്തിൽ പറഞ്ഞു .നിനക്ക് കിട്ടിയിരിക്കുന്നത് ഒരു പാചക റാണിയെ ആണല്ലോ എന്നിട്ടാണോ നീ അവരെ കുറ്റം പറയുന്നത് ? ”
  ഞാൻ അപകടം മണത്തു.കൂട്ടുകാർ പോയതും എന്റെ ശ്രീമതി ഒരു നീണ്ട ലിസ്റ്റുമായിട്ടാണ് വന്നത് അതിൽ വലിയൊരു തുക എഴുതിയിരിക്കുന്നു. ചോദ്യം ചിഹ്നം പോലെ ഞാൻ അവളെ നോക്കി നിന്നപ്പോൾ അവൾ പല്ലിറുമി പറഞ്ഞു തുടങ്ങി.ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിട്ട് ഇപ്പോൾ 48 മാസം കഴിഞ്ഞിരിക്കുന്നു. അതിൽ രണ്ടുമാസം ഒരുപക്ഷേ ഇവിടുത്തെ പണികൾ ഞാൻ എടുത്തിട്ടുണ്ടാവില്ല

  ബാക്കി എല്ലാ ദിവസവും ക്ലോക്ക് വർക്കുപോലെ രാവിലെ 5 മണി മുതൽ രാത്രി 8 മണി വരെ ഇവിടെ പണിയെടുക്കുകയാണ്. സാധാരണ ഈ പണി ഞാൻ പുറത്തെവിടെയെങ്കിലും ചെയ്താൽ ഏകദേശം ഒരു ദിവസം എനിക്ക് ആയിരം രൂപ കിട്ടും. ഞാനെതായാലും അത്രയും തുക ചോദിക്കുന്നില്ല പകരം ദിവസം 300 രൂപ വെച്ച് തന്നാൽ മതി. പാചകം ,വസ്ത്രം അലക്കൽ, തേക്കൽ, മുറ്റമടിക്കൽ, നിലം തുടക്കൽ ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പണികൾ ചെയ്യുന്നുണ്ട് .എന്നിട്ടും കുറ്റം മാത്രം ബാക്കി . ഇത് പറഞ്ഞു ഉറഞ്ഞ് തുള്ളി അവൾ അകത്തേക്ക് പോയി. ഞാൻ ശരിക്കും ഞെട്ടി. പോയത് വല്ല കടുംകൈ ചെയ്യാനാണെങ്കിൽ ഞാൻ പത്തിരുപത് കൊല്ലം ജയിലിൽ പോയി ഗോതമ്പ് ഗോതമ്പുണ്ട തിന്നേണ്ടി വരും. ഞാനും അവളുടെ പുറകെ വച്ച് പിടിച്ചു. ആ സമയത്ത് അവളൊരു ബക്കറ്റ് നിറയെ സാധനങ്ങളുമായി പുറത്തേക്ക് വന്നു.ബക്കറ്റിനുള്ളിലേക്ക് ഞാനൊന്ന് കണ്ണോടിച്ചു .

  പാത്രം തേച്ച് കഴുകുന്ന സ്ക്രബർ , മുറ്റമടിക്കാനുള്ള ചൂല് ,പച്ചക്കറി അരിയുന്ന കത്തികൾ, നിലം തുടയ്ക്കുന്ന മോപ്പ് ഇത്യാദി സാധനങ്ങളായിരുന്നു അതിനുള്ളിൽ .അവളുടെ കയ്യിലിരുന്ന ഗ്ലാസ് ലൈറ്റർ എന്റെ കൈയിൽ തന്നിട്ട് അവൾ പറഞ്ഞു
  ഞാൻ വി ആർ എസ് എടുക്കുന്നു .എനിക്ക് തരാനുള്ള കാശ് ഉടൻ തരണം. ഇല്ലെങ്കിൽ ഗാർഹിക പീഡനത്തിന് നിങ്ങൾക്കെതിരെ കേസ് കൊടുക്കും.പിന്നെ നിങ്ങളെന്താ പറഞ്ഞത് തെക്കേലെ ഷീലയെ കണ്ടുപഠിക്കണമെന്നോ? ഇന്നലെ ഞാനവിടെ പോയിരുന്നു.അവൾ കറിയുണ്ടാക്കുന്നത് കടെന്ന് വാങ്ങുന്ന കറിപ്പൊടി കൊണ്ടാ . ആർട്ടിഫിഷ്യലായ സാധങ്ങൾ ചേർത്താൽ രുചി കൂടും പക്ഷെ തടി കേടാകും. അതിനു പുറമേ നന്നായിട്ട് വെളിച്ചെണ്ണെ നെയ്യും കോരിയൊഴിക്കും . ഞാനങ്ങനെയാണോ കടെന്ന് മല്ലിം മുളകും വാങ്ങി കഴുകിയുണക്കി മില്ലിൽ കൊണ്ടുപോയി പൊടിച്ച് വായു കയറാതെ ടിന്നിലടച്ച് സൂക്ഷിച്ചാ ഞാൻ കറിയുണ്ടാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ ?

  ഞാൻ നിങ്ങളുടെ ആരോഗ്യം മാത്രമല്ല ഈ വീടിന്റെ സാമ്പത്തികാരോഗ്യം കൂടി നോക്കുന്നുണ്ട്. ഞങ്ങൾ ഭാര്യമാർ വിചാരിച്ചാൽ കുടുംബം കുളം തോണ്ടാൻ വല്യ പാടൊന്നുമില്ല.പിന്നെ തെക്കെലെ ഷീലയെ അത്രക്ക് പിടിച്ചാ അവിടെ പോയി പൊറുത്തോ. എന്നെ കെട്ടിക്കോന്ന് പറഞ്ഞ് ഞാൻ നിങ്ങളെ പുറകെ നടന്നോ ? പെണ്ണ്കാണാൻ വന്നപ്പോ ഞാൻ പറഞ്ഞതല്ലേ എനിക്ക് പാചകം ചെയ്യാൻ അറിയില്ലെന്ന് . അന്ന് ആരെയെങ്കിലും മതിയായിരുന്നു അല്ലേ ? കുറെ കാലമായി ഞാൻ സഹിക്കുന്നു. നിങ്ങൾ ഇന്ന് നന്നാവും നാളെ നന്നാവും എന്ന് വിചാരിച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. എനിക്ക് മതിയായി. ഇനി അടുക്കള പണി നിങ്ങൾ ചെയ്യ് . എന്നിട്ട് ഞാൻ കുറ്റം പറയാം.അവൾ കത്തികയറി . തുടക്കത്തിൽ കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വന്നുതുടങ്ങി.

  ആ ഭാവം പതുക്കെമാറി അവൾ നാഗവല്ലിയായി , അതും മാറി മഹിഷാസുരമർദ്ദിനിയായപ്പോൾ എനിക്ക് മനസ്സിലായി കാര്യങ്ങൾ കൈവിട്ടു പോകുമെന്ന്. പെട്ടെന്നാണ് മുത്തച്ഛൻ പറഞ്ഞത് ഓർമ്മ വന്നത് ” ആപതി കിം കരണീയം സ്മരണീയം ചരണയുഗളമംബായ. ” ആപത്തുവരുമ്പോൾ എന്താണ് ചെയ്യേണ്ടത് ? അംബയുടെ പാദങ്ങളെ ഓർക്കുക. ഒട്ടും താമസിക്കാതെ സാഷ്ടാഗം വീണ് മാപ്പപേക്ഷിച്ചു.എഴുന്നേൽക്കു വത്സാ , നിന്നിൽ ഞാൻ സംപ്രീതനായിരിക്കുന്നു എന്ന് പറയുമെന്നാണ് ഞാൻ വിചാരിച്ചത് . പക്ഷെ അതുണ്ടായില്ല എന്നാലും ഗ്യാസ് ലൈറ്ററുമായി വീട്ടിനകത്തേക്ക് അവൾ പോയത് തെല്ലൊരു ആശ്വാസത്തോടെ ഞാൻ നോക്കി നിന്നു .അല്ലെങ്കിലും സൗജന്യമായി വീട്ടുപണികൾ ചെയ്യാനും പുരുഷന് തോന്നുമ്പോൾ ഇണ ചേരാനും മാത്രമായ യന്ത്രമാണോ ഭാര്യ?

  എഴുതിയത് : സജി മാനന്തവാടി