നിൻ്റെ ഈ ദേഷ്യവും എടുത്ത് ചാട്ടവുമൊക്കെ ഇനിയെങ്കിലും ഒന്ന് കുറക്കണം.രുഗ്ണിമിണിയമ്മ അത് പറഞ്ഞിട്ട് വിവേകിനെ ഒന്ന് നോക്കി.ദേവൂനേ കണ്ടാലേ അറിയാം അതൊരു പാവം കുട്ടിയാണെന്ന്.നിൻ്റെ ഈ ചൂടൻ സ്വഭാവമൊന്നും ആ കുട്ടിയോട് കാണിച്ചേക്കല്ലേ നിശ്ചയം മാത്രേ കഴിഞ്ഞിട്ടുള്ളൂ അത് മറക്കണ്ട എന്ന് പറഞ്ഞ് ചായയുമായ് വരുമ്പോഴേക്കും ഹെൽമെറ്റും എടുത്തോണ്ട് വിവേക് പുറപ്പെട്ടിരുന്നു.അച്ഛൻ്റെ മരണത്തിന് ശേഷമാണ് വിവേകിൻ്റെ സ്വഭാവത്തിന് മാറ്റം വന്ന് തുടങ്ങിയത്.ചെറുപ്പത്തിലെ സൗമ്യ സ്വഭാവമായിരുന്നു അവൻ്റേത്.ഒറ്റ മകനായതോണ്ടാവാം അച്ഛൻ ലാളിച്ച് വളർത്തിയ പൊന്നോമന ആയിരുന്നു വിവേക്.അറ്റാക്കിൻ്റെ രൂപത്തിൽ പെട്ടെന്നൊരു ദിവസം അച്ഛൻ നഷ്ട്ടപ്പെട്ടത് വിവേകിന് വലിയൊരു ഷോക്കായിരുന്നു.പിന്നീടവൻ ആരോടും മിണ്ടാതായ് എന്തിനും ഏതിനും വഴക്കാളിയായ് വീടിനകത്തും പുറത്തും.വിവേകിനോടൊപ്പം പുറത്ത് പോകാൻ അമ്മയായ രുഗ്മിണിക്ക് തന്നെ ഭയമായിരുന്നു.ആരെങ്കിലും തന്നെ ഒന്ന് തുറിച്ച് നോക്കിയാൽ അവരോട് തട്ടിക്കയറാനും കയ്യേറ്റം ചെയ്യാനും ഒരു മടിയുമില്ലായിരുന്നു അവന്.
മുന്നേ വന്ന വിവാഹ ആലോചനകൾ മുടങ്ങി പോകാൻ വേറേ കാരണം ഒന്നും വേണ്ടല്ലോ.അതായിരുന്നു രുഗ്മിണിയുടെ ആശങ്കയ്ക്ക് കാരണം.ഒരിക്കൽ ചെക്കപ്പിന് പോയപ്പോഴാണ് രുഗ്മിണി നേഴ്സായ ദേവൂനേ പരിചയപ്പെട്ടത്.കിലുകിലാന്നുള്ള സംസാരം മാത്രേ ഉള്ളൂ രുഗ്മിണിക്ക് നന്നേ ബോധിച്ചു. വീട്ടുവിശേഷങ്ങളൊക്കെ ചോദിക്കുന്നതിനിടയിൽ ആലോചനകൾ നടക്കുന്നു എന്നറിഞ്ഞ രുഗ്മിണി അധികം വൈകിക്കാതെ ദേവൂൻ്റെ വീട്ട് കാരുമായ് ബന്ധപ്പെട്ടു.പിന്നീട് കാര്യങ്ങളൊക്കെ വേഗത്തിലായിരുന്നു. നിശ്ചയം കഴിഞ്ഞെങ്കിലും കല്ല്യാണത്തിന് ഇനിയും മൂന്ന് മാസം കൂടിയുണ്ട്.അതിനുള്ളിൽ വിവേകിനെ എങ്ങിനെയെങ്കിലും മാറ്റി എടുക്കാനുള്ള ശ്രമത്തിലായിരുന്നു രുഗ്മിണി.
ഓഫിസിൽ നിന്ന് ഇറങ്ങാറായപ്പോൾ വിവേകിൻ്റെ മൊബൈൽ ശബ്ദിച്ചു.ദേവൂൻ്റെ കോളായിരുന്നു.ഇന്നെനിക്ക് നൈറ്റ് ഡ്യൂട്ടിയാണ് വൈകിട്ട് കാണാൻ പറ്റോ?വീട്ടീന്ന് നേരത്തേ ഇറങ്ങാം.പിന്നെന്താ ഞാനെത്തിയേക്കാം.ചിരിയോടെ വിവേക് ഫോൺ കട്ട് ചെയ്തു.വിവേക് ചെല്ലുമ്പോൾ ഹോസ്പിറ്റലിൽ നിന്നും കുറച്ച് ദൂരത്തുള്ള പാർക്കിൽ ദേവു വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.ഒത്തിരി നേരമായോ വന്നിട്ട്..?ഇല്ല എത്തിയതേയുള്ളു.ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട്. വിവേകും ദേവൂം കൂടി പാർക്കിനകത്ത് തന്നെയുള്ള കോഫി ഷോപ്പിലേക്ക് കയറി.വിരുന്നിന് ശേഷമുള്ള ആദ്യ മീറ്റിംഗായിരുന്നു. ഫോൺ വിളികൾ ഉണ്ടായിരുന്നെങ്കിലും അത്ര ഡീപ്പായിരുന്നില്ല അവർ തമ്മിൽ.കോഫിക്ക് ശേഷം പാർക്കിലൂടെ പരസ്പരം പരിചയപ്പെടുത്തി കൊണ്ടവർ പാർക്കിലൂടെ നടന്ന് അറ്റത്തുള്ള സിമൻ്റ് ബെഞ്ചിൽ ചെന്നിരുന്നു.വാ തോരാതേ സംസാരിക്കുന്ന ദേവൂൻ്റെ മുഖത്ത് നോക്കി ഇരിക്കുമ്പോൾ വിവേകിന് വല്ലാത്ത സന്തോഷം തോന്നി. സമയം പോകുന്നതേ അറിയുന്നില്ലായിരുന്നു ഇരുവരും.
നേരം ഇരുട്ടി തുടങ്ങി,അതിനിടേ മൂന്ന് ചെറുപ്പക്കാർ അവരുടെ അടുത്തേക്ക് വന്നു. അവരുടെ സംസാരവും രീതികളും കണ്ടപ്പഴേ വിവേകിന് പന്തികേട് തോന്നി.മദ്യപാനികളുടെ വിഹാരകേന്ദ്രമായിരുന്നു അതെന്ന് വിവേകിന് മനസ്സിലായി.മദ്യത്തിൽ ആറാടിയിരുന്ന അവരുടെ ചേഷ്കൾ ദേവൂൻ്റെ മുഖത്ത് ഭീതി ഉളവാക്കി.വാവിവേക് നമ്മുക്ക് പോകാം അവൻ്റെ കൈയിൽ പിടിച്ച് ദേവൂ എഴുന്നേൽപിച്ചു നടന്ന് നീങ്ങുമ്പോൾ പിന്നിൽ നിന്നൊരുത്തൻ വിളിച്ച് പറയുന്നുണ്ടായിരുന്നു ഞങ്ങളും കൂടി ഷെയറ് തരാടേ നല്ല ആറ്റൻ മുതലാണെല്ലോന്ന്!വിവേകിൻ്റെ മുഖം വലിഞ്ഞ് മുറുകിയെങ്കിലും, എല്ലാം കടിച്ചമർത്തി അവർ നടന്ന് നീങ്ങി.
രാത്രി പതിനൊന്ന് മണി കഴിഞ്ഞ് കാണും വിവേക് മയങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ ഫോണിൻ്റെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്.
ഹലോ വിവേക് പതിഞ്ഞ ശബ്ദത്തിൽ ദേവു വിളിച്ചു.നമ്മളിന്ന് കണ്ട ആ ചെക്കന്മാര് മൂന്നും ഹോസ്പിറ്റലിൽ വന്നിട്ടുണ്ട്.ങേ.വിവേകിൻ്റെ ഉള്ളിൽ നിന്നൊരാന്തൽ.നമ്മളെ അവിടെ വെച്ച് ആക്ഷേപിച്ചപ്പോൾ എനിക്കെന്തോരം വിഷമം ആയെന്നറിയോ? അതല്ല സങ്കടം വിവേക് തിരിച്ചൊന്നും അവരോട് ചോദിച്ച് പോലുമില്ല.അതല്ല ദേവൂ. പറഞ്ഞ് തുടങ്ങിയപ്പോഴേ അവൾ ഇടയ്ക്ക് കയറി.സാരോല്ല… വിവേക് ഒരു പാവോയതോണ്ടാണെന്ന് എനിക്കറിയാം. എന്തായാലും ദൈവം അവർക്കുള്ള ശിക്ഷ കൊടുത്തിട്ടുണ്ട്.മുഖത്തും ശരീരത്തുമൊക്കെ ചോര പൊടിഞ്ഞിട്ടുണ്ട്.ഒരുത്തൻ്റെ പല്ല് പോയിട്ടുണ്ട്, വേറൊരുത്തൻ്റെ മൂക്കിൻ്റെ പാലവും.മറ്റൊരുത്തൻ ഞൊണ്ടി ഞൊണ്ടിയാ വന്നത്. ചിരിച്ചോണ്ടായിരുന്നു ദേവു അതെല്ലാം പറഞ്ഞത്.അതൊന്നുമല്ല രസം, പോലീസ് ഇൻ്റിമേഷന് വന്നപ്പോൾ എത്ര പേര് ചേർന്നാണ് തല്ലിയതെന്ന് ചോദിച്ചപ്പോൾ ഒരാളേ ഉണ്ടായിരുന്നുള്ളൂന്ന്.മുഖം മൂടി വെച്ചിരുന്നത് കൊണ്ട് ആരാണെന്ന് അറിയാനും പറ്റിയില്ലാത്രേ!എന്തായാലും അതിശയം തന്നെ ദേവൂ പറഞ്ഞ് നിർത്തി.ഫോൺ കട്ട് ചെയ്ത് ടേബിളിൽ വെച്ചിട്ട് വിവേക് കട്ടിലിനടിയിലേക്ക് നോക്കി. കൈ നീട്ടി അവിടെ കിടന്നിരുന്ന മുഖം മൂടി ഒന്നൂടി അറ്റത്തേക്ക് തള്ളി നീക്കി.
എഴുതിയത് :ആര്യ