ശ്രീ സിന്റോ അഗസ്റ്റിൻ എഴുതുന്നു പുതിയ വീട് പണിയാൻ പോകുന്ന സാധാരണക്കാർക്കും ( അത്യാവശ്യം സാമ്പത്തികം ഉള്ളവർക്ക് അല്ല )വായിക്കാൻ അല്പം സമയം കൂടുതൽ ഉള്ളവർക്കും വേണ്ടിയുള്ള ഒരു കാര്യം ആണിത്.
സ്വപ്നഭവങ്ങളുടെ നിർമ്മാണ മേഖല വിജയിക്കുന്നവരുടെ മാത്രം അല്ല കുറച്ചുഒക്കെ പരാജയപ്പെടുന്നവരുടെ കൂടിയും ആണ്. വിജയിക്കുന്നവർ സന്ദോഷത്തോടെയും ആഹ്ലാതത്തോടെയും മറ്റുള്ളവരോട് പറയുമ്പോൾ,അത് പങ്കുവെക്കുമ്പോൾ,പരാജയപ്പെടുന്നവർ ആരോടും പറയാൻ സാധിക്കാതെ ഉള്ളിൽ സങ്കടത്തോടെ പുറത്തു കാണിക്കാതെ ജീവിക്കുന്നു.കുറച്ചുനാൾ മുൻപ് ഞാൻ വലിയ ലോൺ എടുത്തും കടം വാങ്ങിയും അല്ലാതെയുമുള്ള ആർഭാടമായ വീടുകളുടെ നിർമ്മാണം കുറച്ചു സാധാരണക്കാരുടെ ജീവിതത്തെ എങ്ങിനെയൊക്കെ ബാധിക്കുന്നു എന്ന് ഒരു പോസ്റ്റ് എഴുതിയിരുന്നു.എന്നേ ആതിശയിപ്പിച്ചുകൊണ്ട് നൂറുകണക്കിന് ആളുകൾ ആണ് മെസൻജറിൽ വന്നു ഇത് ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് ഞങ്ങളുടെ ഇപ്പോൾ ഉള്ള ജീവിതം ആണ് എന്ന് പറഞ്ഞത്.ഇവരിൽ ഒരുപാട് പേരോട് ഇതിനെക്കുറിച്ചു വിശദമായി സംസാരിക്കുകയും അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
എല്ലാവരോടും ഞാൻ അവർക്ക് പറ്റിയ അബദ്ധങ്ങൾ ഒരു പോസ്റ്റ് ആയി എഴുതി ഇടാൻപറഞ്ഞപ്പോൾ, ആർക്കും താല്പര്യം ഇല്ലായിരുന്നു. കാരണം ചോദിച്ചപ്പോൾ എല്ലാവരും പറഞ്ഞത്, നാട്ടുകാർ അറിയും ബന്തുക്കൾ അറിയും, കൂട്ടുകാർ അറിയും എന്നൊക്കെയാണ്. മിക്കവരും വളരെ സങ്കടത്തോടെ ആണ് ഇതൊക്കെ പറഞ്ഞുകൊണ്ടിരുന്നത്.ഇതിൽ ഏറ്റവും കൂടുതൽ ആളുകൾഎങ്ങിനെയാണ് തെറ്റായ ചിന്തകളിലൂടെയും അനാവശ്യം ആയ കാര്യങ്ങളിലൂടെയും അബദ്ധങ്ങളിലൂടെയും വലിയ വീടുകൾ പണിതു കടക്കെണിയിൽ അകപ്പെട്ടു ജീവിതം നശിച്ചു പോയത് എന്ന് പറഞ്ഞ കാര്യങ്ങളിൽ ചിലത് ഞാൻ നിങ്ങൾക്ക് വേണ്ടി ഇവിടെ പറയുന്നു.
(1) വീട് ജീവിതത്തിൽ ഒന്നേ ഉള്ളൂ ഒരിക്കലേ ഉള്ളൂ എന്ന തെറ്റായ ചിന്താഗതി. അതുകൊണ്ട് ഇത് ഏറ്റവും വലുതും ആർഭാടവും ആക്കണം എന്ന് കരുതുന്നത്.
നമുക്ക് കഴിവും ആഗ്രഹവും ഭാഗ്യവും ഉണ്ട് എങ്കിൽ എത്ര വീടുകൾ വേണമെങ്കിലും ഉണ്ടാക്കാനും വാങ്ങാനും മാറാനും സാധിക്കും.
എന്നാൽ ജീവിതം ഒന്നേ ഉള്ളൂ, പിന്നെ ഒരിക്കലും കിട്ടാത്തത് ഈ ഇപ്പോൾ ഉള്ള മനോഹരം ആയ ജീവിതം മാത്രം ആണ്. ഈ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് വീട്.അതുകൊണ്ട് ജീവിക്കാൻ വേണ്ടി വീടുണ്ടാക്കുക അല്ലാതെ വീടുണ്ടാക്കാൻ വേണ്ടി മാത്രം ജീവിതം ജീവിച്ചു തീർക്കാതിരിക്കുക. എല്ലാം കഴിഞ്ഞു സ്വസ്ഥമായി ജീവിക്കാം എന്ന് കരുതുമ്പോഴേക്കും മൂക്കിൽ പല്ല് മുളക്കുകയും ഒരുപക്ഷെ മക്കൾക്ക് പോലും വേണ്ടാതായിട്ടുണ്ടാകും. അതുകൊണ്ട് ആവശ്യത്തിനുള്ള വലുപ്പത്തിൽ സൗകര്യങ്ങളിൽ ഇപ്പോൾ ചെയ്തിട്ട് പിന്നീട് ആവശ്യം ഉള്ളപ്പോൾ വേണമെങ്കിൽ വലുതാക്കാൻ പറ്റുന്ന രീതിയിൽ പണിയുക.
(2) വലിയ വീടുള്ളവർക്കേ സമൂഹത്തിൽ നിലയും വിലയും ഉള്ളൂ എന്നുള്ള തെറ്റായ ചിന്ത.നമ്മുടെ സ്വഭാവവും മറ്റുള്ളവരോടുള്ള പെരുമാറ്റവും ചെയ്യുന്ന ജോലിയിൽ ഉള്ള ആത്മാർത്ഥതയും ജീവിതരീതികളും ആണ് സമൂഹത്തിൽ നിലയും വിലയും ഉണ്ടാക്കുന്നത്. അല്ലാതെ വലിയ വീടുകൾ അല്ല.
(3) വലിയ വീടുകൾ ഇല്ലെങ്കിൽ രണ്ടു നില വീട് ഉണ്ടെങ്കിൽ മാത്രമേ പെണ്ണ് കിട്ടൂ എന്നുള്ള മക്കളുടെയും, വലിയ വീടുകളിലേക്കെ മകളെ കെട്ടിച്ചുകൊടുക്കുകയുള്ളൂ എന്നുള്ള മാതാപിതാക്കളുടെയും തെറ്റായ ചിന്താഗെതി.
കൊട്ടാരം പോലുള്ള വീടുകളിൽ ദാരിദ്രത്തിൽ ജീവിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് അത്യാവശ്യം സൗകര്യങ്ങൾ ഉള്ള വൃത്തിയായിട്ടുള്ള ചെറിയ വീടുകളിൽ രാജാവിനെപ്പോലെ അല്ലെങ്കിൽ രാജ്ഞിയെപ്പോലെ ജീവിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം.(4) പലിശ അല്പം കൂടിയാലും എത്ര കൂടുതൽ ലോൺ കിട്ടും എവിടെ കിട്ടും എന്ന് നോക്കുന്നത്.എത്ര കൂടുതൽ ലോൺ കിട്ടും എന്ന് നോക്കാതെ എത്ര കുറവ് ലോണിൽ പണി തീർക്കാൻ സാധിക്കും എന്നാണ് ചിന്തിക്കേണ്ടത്.
(5) പത്തോ ഇരുപതോ വർഷം പുറംരാജ്യത്ത് ജോലി ചെയ്തിട്ട് ഒരു വലിയ വീട് വെച്ചില്ലെങ്കിൽ നാണക്കേട് അല്ലേ എന്നുള്ള തോന്നൽ.നമുക്ക് ആവശ്യം ഉള്ളത് പണിയുക എന്നിട്ട് അതിൽ ഒരു ഗൾഫുകാരനെ പോലെ അന്തസ്സായി അടിച്ചു പൊളിച്ചു ജീവിക്കുക.
(6) ചുറ്റും ഉള്ള വീടുകൾ വലുതാണ് അതുകൊണ്ട് നമുക്കും വലുത് വേണം എന്ന തെറ്റായ ചിന്ത.ചുറ്റും ഉള്ളവരുടെയും നമ്മുടെയും സാമ്പത്തികം ഒരുപാട് വെത്യാസം ഉണ്ടാകും വരുമാനവും.(7) അത്യാവശ്യം സൗകര്യങ്ങൾ ഉള്ള വീട് ഉണ്ടായിട്ടും, വെറുതെ ഒരു തോന്നൽ ഒന്നുകൂടി വലുതാക്കി മോഡി പിടിപ്പിച്ചാലോ എന്ന്. അറിയാതെയെങ്ങാനും വീട്ടിൽ പറഞ്ഞു പോയാൽ പിന്നെ ഇത് ഹൈഡ്രജൻ നിറച്ച ബെലൂൺ കുട്ടിയുടെ കയ്യിൽ നിന്നും പോയപോലെയാണ്.ക്യാഷും പോകും കരച്ചിലും കേൾക്കേണ്ടിവരും.തിരിച്ചു കിട്ടുകയും ഇല്ല.( തമാശ പോലെ ഒരാൾ പറഞ്ഞത് ഞാൻ ഓർക്കുന്നു. ഇതിനെല്ലാം മുൻകൈ എടുത്തതും അതിനു വേണ്ടി കുറച്ചു സ്വർണ്ണം കൊടുത്തതും ഭാര്യ ആണ്, എന്നാൽ എല്ലാം കഴിഞ്ഞപ്പോൾ വീട് പണിതത് എന്റെ സ്വർണ്ണം കൊണ്ടാണ് എന്ന് ഉള്ള ക്രെഡിറ്റ് ഭാര്യക്കും അതിന്റെ നാലിരട്ടി കടവും പിടിപ്പ്കേടും കഴിവില്ലായ്മയും ഒക്കെ ഭർത്താവിനും കിട്ടി 😃😃)
(😎 കുട്ടികൾക്ക് വേണ്ടി എന്ന് പറഞ്ഞു ഇപ്പോഴേ ആവശ്യത്തിൽ കൂടുതൽ മുറികൾ പണിതിടുന്നത്.
ഇപ്പോൾ സാധാരണയായി കുട്ടികളുടെ എണ്ണം വളരെ കുറവാണു. അതിൽ തന്നെ ഒരു പ്രായം കഴിഞ്ഞാൽ മിക്കവരും ഉപരിപഠനത്തിന് അല്ലെങ്കിൽ ജോലിക്ക് വേണ്ടി പുറത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അവർ തിരിച്ചു വരുമ്പോൾ പിന്നെ പുതിയ വീടിനെക്കുറിച്ചായിരിക്കും ചിന്ദിക്കുക അല്ലാതെ പഴയ വീട് ഉപയോഗിക്കാൻ സാധ്യത വളരെ കുറവ് ആയിരിക്കും.(9) എലവേഷന് വേണ്ടി വീട് പണിയുന്നത്.
ഇങ്ങിനെ പണിയുമ്പോൾ പ്ലോട്ടിനു അനുസരിച്ചു ചിലപ്പോൾ ഒരുപാട് sft വ്യത്യാസം വരും. പ്രത്യേകിച്ചു ദിക്കുകളും ദിശകളും കൂടുതൽ നോക്കുന്നവർക്ക്.
മുൻപ് ഒരു പ്ലാൻ വരച്ചു അതിന് വേണ്ട എലവേഷൻ പിന്നീട് വരപ്പിക്കുകയാണ് ചെയ്തിരുന്നത്, എന്നാൽ ഇപ്പോൾ എലവേഷൻ അങ്ങോട്ട് കൊടുത്ത് അതിനനുസരിച്ചു ആണ് ആളുകൾ പ്ലാൻ വരപ്പിക്കുന്നത്.(10) നമ്മുടെ കാലാവസ്ഥക്ക് ഒരിക്കലും ചേരാത്ത ഡിസൈൻ വീടിന് കൊടുത്തുകൊണ്ട് വീടുകൾ പണിയുന്നത്.
ഇങ്ങിനെ ചെയ്യുമ്പോൾ, ഒന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ ഭാരിച്ച മെയിന്റനൻസ് ചിലവുകൾ കൂടെകൂടെ വന്നുകൊണ്ടിരിക്കും
ഇടിവെട്ട് ഏറ്റവനെ പിന്നെയും പാമ്പ് കടിച്ചു എന്ന് പറയുന്നപോലെ പിന്നെയും ബാധ്യതകൾ വന്നുകൊണ്ടിരിക്കും.
(11) ഇപ്പോൾ കയ്യോടെ ചെയ്തില്ല എങ്കിൽ പിന്നെ ചെയ്യില്ല എന്ന് പറഞ്ഞു ചെയ്യുന്ന കുറച്ചു അനാവശ്യ കാര്യങ്ങൾ.നമുക്ക് ആവശ്യം ഉള്ളതാണ് എങ്കിൽ എത്ര ബുദ്ധിമുട്ട് ഉണ്ടായാലും നമ്മൾ പിന്നീട് ചെയ്യും. പിന്നീട് ചെയ്യാത്തത് നമുക്ക് ആവശ്യം ഇല്ലാത്ത കാര്യങ്ങൾ തന്നെയായിരിക്കും.(12) ഒരിക്കലും ഉപയോഗിക്കാത്ത മുറികൾ.
സ്ഥലംങ്ങൾഎന്നെങ്കിലും ആരെങ്കിലും വരുമെന്ന് കരുതി വെറുതെ പണിതിടുന്ന നാലാമത്തെയും അഞ്ചാമത്തെയും മുറികൾ. ഒരു 90% വീടുകളിലും നാലാമത്തെയും അഞ്ചാമത്തെയും ബെഡ് റൂമുകൾ ഉപയോഗിക്കാറില്ല.ഇതിൽ മുകളിൽ വരുന്ന വലിയ ലിവിങ്ങും ബാൽക്കണിയും വരുന്നുണ്ട്.(13) അനാവശ്യമായിട്ടുള്ള ട്രെൻഡ് അനുകരിക്കുന്നത്.( ഷോ കിച്ചൻ, കോർട്ട്യാർഡുകൾ, ഡ്രസിങ് ഏരിയകൾ, patio, ചുമ്മാഓപ്പൺ ടെറസിൽ കൊടുക്കുന്ന ഗ്ലാസ് പെർഗോളകൾ ഇതൊക്കെ ഇതിൽ പെടുന്നുണ്ട്)(14)ഏറ്റവും പേരുള്ള ബ്രാൻഡ് സാധനങ്ങളും വില വളരെ കൂടിയതുമായ സാധനങ്ങൾ മാത്രമേ നല്ലതുള്ളൂ എന്നുള്ള ചിന്ത.ഞങ്ങളുടെ വീട്ടിലെ ഒരു ബ്രാൻഡ് വാഷ് ബെയ്‌സിന്റെ ക്യാഷ് കൊണ്ടാണ് ബാക്കിയുള്ള 5 വാഷ് ബേയ്സെൻ വാങ്ങിയത്. എല്ലാം ഒരുപോലെ തന്നെ 5 വർഷം ആയി ഉപയോഗിക്കുന്നു. ഇതിന്റെ പലിശ മതി 10 വർഷം കഴിയുമ്പോൾ വേറെ പുതിയത് വാങ്ങാൻ.എന്ത് സാധനം ആയാലും ഒറിജിനൽ, ഡ്യൂപ്ലിക്കേറ്റ് ഇത് തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രെധാനം.
(15) ഭാര്യക്കും ഭർത്താവിനും ജോലിയും വരുമാനവും ഉള്ളപ്പോൾ വീട് പണി തുടങ്ങും. എന്നിട്ട് ഏതെങ്കിലും സാഹചര്യത്തിൽ ഒരാളുടെ വരുമാനം നിന്നുപോകുന്നത്.ഒരാളുടെ വരുമാനം ലോൺ അടക്കാനും ഒരാളുടെ വരുമാനം ജീവിക്കാനും എന്ന് കരുതും. പക്ഷേ ചിലപ്പോൾ എല്ലാം കൂടി അവസാനം ഒരാളുടെ വരുമാനത്തിൽ വരും.ഇതിന് ഏറ്റവും നല്ല ഉദാഹരണം, ഞങ്ങൾ സ്ഥലം വാങ്ങി വീട് പണി തുടങ്ങുമ്പോൾ രണ്ടുപേർക്കും ജോലിയും വരുമാനവും ഉണ്ടായിരുന്നു. വീട് പണി 70% ആയപ്പോൾ മുതൽ ഒരാൾക്ക് ജോലിക്ക് പോകാൻ പറ്റാതായി. അതുകൊണ്ട് ഇപ്പോൾ ചില മാസങ്ങളിൽ സകലമാന നക്ഷത്രങ്ങളും കണ്ട്, ഇക്ഷ, ഇണ്ണ ഒക്കെ വരക്കേണ്ടി വരുന്നുണ്ട് (16) സോഷ്യൽ മീഡിയകളിൽ ഫോട്ടോയും വീഡിയോയും ഇടുമ്പോഴും താമസത്തിന് ആളുകൾ വരുമ്പോൾ കാണുമ്പോൾ ഭംഗി കിട്ടാനും വേണ്ടി ഒരു ചെറിയ കാര്യം പോലും വിടാതെ എല്ലാ പണികളും തീർത്തു കയറാൻ ശ്രെമിക്കുന്നത്.അത്യാവശ്യം ഇല്ലാത്ത കാര്യങ്ങൾ പിന്നീട് ചെയ്താൽ, കൂടുതൽ ബാധ്യതകൾ ഒരുമിച്ചു വരാതിരിക്കാനും,എല്ലാത്തിനും ആവശ്യത്തിന് സമയം കിട്ടുകയും നല്ല മെറ്റീരിയൽ ഉപയോഗിച്ച് പിന്നീട് ചെയ്തെടുക്കാനും അത് ആവശ്യം ഉണ്ടോ എന്ന് നോക്കാനും എവിടെയാണ് കൂടുതൽ സൗകര്യം എന്ന് ഒക്കെ നോക്കി ചെയ്യാനും സാധിക്കും.മാത്രമല്ല ഇടക്ക് ഇടക്ക് വീടുകളിൽ ഒരു പുതിയ കാര്യം വരുമ്പോൾ ഒരു പുതുമയും വെത്യാസവും വീടിനുള്ളിലും പുറത്തും ഉണ്ടാകുന്നു.
(17) ഒരുമിച്ചു താമസിച്ചുകൊണ്ടിരുന്നവർ പുതിയ വീട് പണിതു ഒറ്റക്ക് താമസം ആക്കുമ്പോൾ പിന്നീട് വരുന്ന ചിലവ് ഇരട്ടി ആയിരിക്കും. ഇത് മുൻകൂട്ടി കണ്ട് ലോൺ എടുക്കാത്തത്.( ഇത് നേരെ തിരിച്ചും വരുന്ന കുറച്ചു പേർ ഉണ്ട് )
ഓരോ ദിവസവും ചിലവ് കൂടിക്കൊണ്ടിരിക്കുന്നു എന്നാൽ വരുമാനം ചിലപ്പോൾ ഒരേ പോലെ തന്നെ ആയിരിക്കും.ഇനിയും ഉണ്ട് എന്നാൽ തല്ക്കാലം നിർത്തുന്നു. അല്ലെങ്കിൽ ഒരുപാട് നീണ്ടുപോകും.ഇവിടെ പറഞ്ഞ കാര്യങ്ങൾ ചെയ്യരുത് എന്ന് ഞാൻ ഒരിക്കലും പറയില്ല.കാരണം ഒരിക്കലും നിങ്ങൾ വിചാരിക്കുന്ന നല്ലൊരു വീട് കിട്ടിയെന്ന് വരില്ല.പകരം ചില തെറ്റായ ചിന്തകൾ മാറ്റുകയും ബാക്കിയുള്ളതിൽ കുറച്ചു നിയന്ത്രണം വരുത്താൻ ശ്രമിക്കുകയും ചെയ്യുക.ഇത് ആർക്കെങ്കിലും ഉപകാരപ്പെടും എന്ന് തോന്നിയാൽ പ്രോത്സാഹിപ്പിക്കുക. യോജിപ്പ് ഉണ്ടെങ്കിലും വിയോജിപ്പ് ഉണ്ടെങ്കിലും എന്തെങ്കിലും തിരുത്താനോ കൂട്ടി ചേർക്കനോ ഉണ്ടെങ്കിലും അത് കമെന്റിൽ രേഖപ്പെടുത്തുക.കഴിയുമെങ്കിൽ ആർക്കെങ്കിലും ഇതുപോലെ അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ തുറന്നു പറയുക. അത് മറ്റുള്ളവർക്ക് കൂടി പ്രെചോദനം ഉണ്ടാകും.എഴുത്തു അല്പം നീണ്ടുപോയതിൽ ക്ഷെമിക്കുക എല്ലാവർക്കും നല്ലത് വരട്ടെ.