പല പ്രാവശ്യമായി ഒരു സ്ത്രീയുടെ കോൾ മോഹനേട്ടന് ഫോൺ കൊടുക്കാൻ ഒടുവിൽ അവർ പറഞ്ഞത് ഞെട്ടിച്ചു നിറവയറുമായി അവർ കെട്ടി തൂങ്ങുമെന്നു ശേഷം

EDITOR

അന്ന് പുലർച്ചക്കാണ് ഒരു ഫോൺ കാൾ വന്നത്. ഉണർന്നിട്ടും കണ്ണുതുറക്കാൻ ഞാൻ കൂട്ടാക്കിയില്ല. രണ്ടാമതും ഫോൺ ശബ്ദിക്കാൻ തുടങ്ങിയപ്പോൾ കിടക്കയിൽ നിന്ന് മേശയിലേക്ക് കൈ നീട്ടി തപ്പി ഞാൻ ഫോണെടുത്തു.മോഹനേട്ടന് ഫോൺ കൊടുക്കുമോയെന്ന് ചോദിച്ച് കൊണ്ടൊരു സ്ത്രീയുടെ വളരേ താഴ്ന്നയൊരു ശബ്ദമായിരുന്നുവത്. സോറി, റോങ്ങ്‌ നമ്പറെന്ന് കുഴഞ്ഞ് പറഞ്ഞുകൊണ്ട് ഞാൻ ഫോൺ കട്ട്‌ ചെയ്തു. പിന്നെ ഞാനുണർന്നത് പതിവ് നേരത്തെ അലറാം കേട്ടാണ്.
പ്രാഥമിക കാര്യങ്ങളൊക്കെ ചെയ്ത് ജോലിക്ക് പോകാനായി ഒരുങ്ങിയപ്പോഴേക്കും ഫോൺ വീണ്ടും ശബ്‌ദിച്ചു. മോഹനേട്ടനോട്‌ സംസാരിക്കണമെന്ന ആവശ്യവുമായി അതേ സ്ത്രീ തന്നെയായിരുന്നു അപ്പോഴും വിളിച്ചത്. ശരിക്കും പുലർച്ചെ വന്ന ഫോൺ കാളിന്റെ കാര്യം വരെ ഞാനപ്പോഴാണ് ഓർക്കുന്നത്.പൊന്ന് സഹോദരീ.., ഇത് നിങ്ങളുടെ മോഹനേട്ടന്റെ നമ്പറല്ലായെന്ന് ഞാൻ പറഞ്ഞപ്പോൾ ദേ കിടക്കുന്നു എന്നാൽ പിന്നെ മോഹനേട്ടന്റെ നമ്പർ തരൂയെന്ന അടുത്ത ചോദ്യം.

എന്റെയൊക്കെയൊരു ഗതികേടേ.തരാൻ സൗകര്യമില്ലെന്ന് പറഞ്ഞ് ഞാൻ ജോലി സ്ഥലത്തേക്കിറങ്ങി.പതിവിലും കൂടുതൽ തീറ്റയുടെ ഓർഡർ ഉണ്ടായിരുന്ന ദിവസമായിരുന്നുവത്. കണക്കും നോക്കി ചരക്ക് കയറ്റി അയക്കുമ്പോൾ വീണ്ടുമാ സ്ത്രീയെന്നെ വിളിച്ചു. ഫോണെടുക്കാത്തത് കൊണ്ട് തുരുതുരാന്ന് വിളിച്ചു. ഒടുവിൽ കടയിലെ കൗണ്ടറിൽ ഇരിക്കുന്ന ശാലിനിയോട് ഫോണെടുത്ത് കാര്യം പറയാൻ ഞാൻ പറഞ്ഞു.കാലി തീറ്റ കമ്പനിയിൽ ജോലി ചെയ്യുന്ന രമേശനെന്ന എന്റെ നമ്പറാണിതെന്ന് അവളാ സ്ത്രീയോട് വെടിപ്പായി പറഞ്ഞിട്ടും രണ്ടുപേരുടേയും സംസാരം നിന്നില്ല. ഇരുപത് മിനുട്ടോളം അവർ തമ്മിൽ സംസാരിച്ചു. ഒടുവിൽ ഫോൺ വെക്കുമ്പോൾ ശാലിനിയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച്ച രമേശേട്ടന്റെ ഫോണിൽ നിന്ന് ആരെങ്കിലും ആരോടെങ്കിലും സംസാരിച്ചിരുന്നിരുന്നോയെന്ന് അവളെന്നോട് ചോദിച്ചു. ആ ചോദ്യമെന്നെ കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്നയൊരു സ്കൂട്ടറപകടത്തിലേക്ക് കൊണ്ടുപോയി.

അന്ന് റോഡരികിൽ കൂട്ടിയിട്ട ജില്ലിക്കല്ലുകളിലേക്ക് ചോര തെറിപ്പിച്ച് കിടന്നയൊരു മനുഷ്യനെ ആശുപത്രിയിലേക്ക് എത്തിച്ചതെനിക്ക് ഓർമ്മ വന്നു.അപകടത്തിൽ പെട്ട അയാളന്ന് ആശുപത്രിയിലേക്കുള്ള യാത്രയിൽ ആർക്കോയെന്റെ ഫോണിൽ നിന്ന് വിളിച്ചിരുന്നു. തീർച്ചയായിട്ടും അയാളെ അന്വേഷിച്ചിട്ടായിരിക്കുമാ സ്ത്രീ നിർത്താതെ വിളിക്കുന്നതെന്ന് ഞാനൂഹിച്ചു. ഇന്നും കൂടി മോഹനേട്ടനെ കണ്ടില്ലെങ്കിൽ നിറവയറുമായി താൻ കെട്ടി തൂങ്ങി ചാകുമെന്നാ സ്ത്രീ ശാലിനിയോട് പറഞ്ഞുവെത്രെ.ജോലി ശാലിനിയെ ഏൽപ്പിച്ച് ഞാൻ മെഡിക്കൽ കോളേജിലേക്ക് പോയി. പോകുന്ന വഴികളിലെല്ലാം മോഹനനെന്ന ആൾക്കെന്ത് സംഭവിച്ചുവെന്ന ആധിയായിരുന്നു എനിക്ക്. രണ്ടുപേരേയും വ്യക്തിപരമായി ഞാനറിയില്ലെങ്കിലും ഇന്ന് അവർക്കിടയിലുള്ളയെന്റെ പ്രാധാന്യം വളരേ വലുതാണ്.അപരിചിതരായ രണ്ടുപേരുടെ ജീവിതങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികളായി ചിലപ്പോഴൊക്കെ ചില മനുഷ്യർ മാറാറുണ്ട്. മുന്നോട്ട് പോകണമെന്ന ആഗ്രഹവുമായി നമ്മളെത്ര വഴികൾ വെട്ടി തെളിച്ചാലും ചില അപരിചിതരുടെ ജീവിതത്തിലേക്ക് കൂടി തൊടാൻ പാകം പുതുപാതകൾ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടും.

ആ വഴികളിലും കൂടെ സഞ്ചരിക്കുമ്പോൾ മാത്രമേ മനുഷ്യനെന്ന ജാതിനാമ വിശേഷണം ദൈവത്തോളം മഹത്വമാകുന്നുള്ളൂ.ആശുപത്രിയിൽ നിന്ന് അയാളുടെ വിവരമന്വേഷിച്ചപ്പോൾ അയാളെ വാർഡിലേക്കിന്ന് മാറ്റിയതേയുള്ളൂവെന്ന് അറിയാൻ കഴിഞ്ഞു. ഞാൻ ചെല്ലുമ്പോൾ അധികമൊന്നും സംസാരിക്കാൻ പറ്റാത്ത വിധം അയാളുടെ മുഖം നീര് വന്ന് വീർത്തിരുന്നു. എന്നെ കണ്ടിട്ടും തിരിച്ചറിയാൻ അയാൾക്ക് പറ്റിയില്ല. ഇത്രയും ഗുരുതരമായ പരിക്കാണ് അയാൾക്ക് സംഭവിച്ചതെന്ന് അന്ന് ഞാൻ കരുതിയതേയില്ല.മോഹനായെന്ന് വിളിച്ച് ഞാനടുത്തിരുന്നപ്പോൾ അയാളേതോയൊരു സ്വപ്നത്തിലാണെന്ന പോലെയെന്നെ നോക്കി കണ്ണുകൾ മിഴിച്ചു. ആ സ്ത്രീയുടെ നമ്പറിലേക്ക് വിളിച്ച് ഞാനയാൾക്ക് ഫോൺ കൊടുത്തപ്പോൾ എന്നെ തിരിച്ചറിഞ്ഞത് പോലെ അയാളെന്റെ കയ്യിൽ തൊട്ടു. വളരെ പതുക്കെ അയാൾ ഫോണിൽ സംസാരിച്ച് തുടങ്ങിയപ്പോൾ ഞാനവിടെ നിന്നെഴുന്നേറ്റ് പുറത്തേക്ക് പോയി.എന്താണ് പറയേണ്ടതെന്നറിയില്ല. അരിഞ്ഞിട്ട രണ്ട് പനിനീർ കമ്പുകൾ കൂട്ടിക്കെട്ടി നട്ട നാൾ തന്നെയത് മൊട്ടിട്ട ആത്മ സംതൃപ്തിയായിരുന്നു എനിക്കന്ന്

എഴുതിയത് : ശ്രീജിത് ഇരവിൽ