സ്വത്തു ഭാഗം വെക്കാൻ പോയപ്പോൾ അത്രമേൽ സ്നേഹമുള്ള മക്കൾ തമ്മിൽ അടിക്കുന്നത് കണ്ട അച്ഛൻ അമ്പരന്നു പോയി ശേഷം മക്കളോട് ചെയ്തത്

EDITOR

ഒരിക്കൽ ഒരു വീട്ടിൽ പിതൃസ്വത്ത് സംബന്ധമായി മൂന്ന് സഹോദരന്മാർ തമ്മിൽ കലഹം ഉണ്ടായി. ഒരു ദിവസം അവരുടെ പിതാവ് അവരെ മൂന്നു പേരെയും കൂട്ടി ഒരു വിനോദയാത്രയ്ക്ക് പുറപ്പെട്ടു. വളരെ ദൂരം സഞ്ചരിച്ച് അവർ ഒരു വനപ്രദേശത്ത് എത്തി. അവിടെ ആളൊഴിഞ്ഞ ഒരു വീട് തുറന്ന് പിതാവ് മക്കളുമായി അതിൽ പ്രവേശിച്ചു. അതിൽ കുറച്ച് പ്രാവുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിതാവ് പറഞ്ഞു: ഇതായിരുന്നു എന്റെ വീട്. നിങ്ങൾ മൂവരും ജനിച്ചത് ഈ വീട്ടിലാണ്. ഞാനും എന്റെ അനുജനും തമ്മിൽ ഈ വീടിനും സ്ഥലത്തിനും വേണ്ടി വഴക്കുണ്ടായി. അവസാനം ഞാൻ ജയിച്ചു. അനുജൻ ദൂരെ എവിടേക്കോ യാത്രയായി. അവനെക്കുറിച്ച് ഇന്നെനിക്ക് യാതൊരു അറിവും ഇല്ല. പ്രത്യേക കാരണങ്ങളാൽ ഞാനും, ഈ വീടും സ്ഥലവും വിട്ട് ഇപ്പോൾ നാം പാർക്കുന്നിടത്തേക്ക് പോകേണ്ടിവന്നു. അന്ന് ഈ വീടും സ്ഥലവും അനുജന് വിട്ടു കൊടുത്തിരുന്നെങ്കിൽ ഇന്ന് അവനെങ്കിലും കൂടെ ഉണ്ടാകുമായിരുന്നു. അദ്ദേഹം തുടർന്നു പറഞ്ഞു: “മക്കളെ, ഈ ഭൂമിയിൽ ഏറ്റവും വിലയുള്ളത്, ബന്ധങ്ങളാണ്.

നിങ്ങൾ മൂന്നുപേരും തമ്മിൽ കലഹിച്ച് ആരെങ്കിലും കൂടുതൽ നേട്ടമുണ്ടാക്കിയാൽ, അതൊരു നേട്ടമായിരിക്കയില്ല എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. സഹോദരനു വേണ്ടി നിങ്ങൾക്ക് അവകാശപ്പെട്ടത് വിട്ടുകൊടുക്കുവാൻ സന്നദ്ധമാകുന്നതാണ് യഥാർത്ഥ നേട്ടം. അപ്രകാരമുള്ള ഒരു ഉന്നത മനസ്സിന്റെ ഉടമയാകുവാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. അതാണ് ജീവിതത്തിന്റെ മഹത്വം. ഈ ലോകത്തിലെ എല്ലാ നേട്ടങ്ങളെക്കാളും നിങ്ങൾ തമ്മിലുള്ള സഹോദര്യ ബന്ധമാണ് ഏറ്റവും വിലപ്പെട്ടത്. അപ്പോഴാണ് ഈ ഭൂമിയിലെ ജീവിതം അനുഗ്രഹകരമാകുന്നത്,ഇത് എന്റെ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ച പാഠമാണ്.” ഇങ്ങനെയുള്ള കലഹങ്ങൾ ഒരിക്കൽ ഒരു വീട്ടിൽ മാത്രമല്ലല്ലോ ഉണ്ടായതായിട്ടുള്ളത്. അനവധി ഭവനങ്ങളിൽ ഇപ്രകാരമുള്ള കലഹങ്ങൾ സംഭവിച്ചിട്ടുണ്ടല്ലോ. ഇന്ന് അനേകരുടെയും ശ്രദ്ധ ഭൗതിക നേട്ടങ്ങളിലാണല്ലോ. അത് വലിയ നേട്ടം എന്നു കരുതുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ വിലയുള്ളതേത്, വില ഇല്ലാത്തതേത്, എന്ന് തിരിച്ചറിയുവാൻ കഴിയേണ്ടതാണ്. ആത്യന്തികമായി വിലയുള്ളതിന് പ്രാധാന്യം നൽകുവാൻ കഴിയുന്നതാണ് യഥാർത്ഥ നേട്ടം.

എല്ലാം സ്വന്തം അനുഭവത്തിലൂടെ മാത്രമേ പഠിക്കൂ എന്ന് ശഠിക്കരുത്. അപ്പോഴേക്കും സമയം കടന്നു പോയിരിക്കും. മറ്റുള്ളവരുടെ അനുഭവങ്ങളും നമുക്ക് പാഠം ആയിരിക്കണം. കണ്ണുതുറന്ന് ചുറ്റുപാടുകളെ കാണണം. അവയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം. അങ്ങനെയുള്ളവർക്ക് മാത്രമേ ജീവിതത്തിൽ വിജയം വരിക്കുവാൻ കഴിയുള്ളൂ. വിലയുള്ളതെന്ന് നാം കരുതുന്ന പലതും യഥാർത്ഥത്തിൽ ചവറല്ലേ? അതേസമയം യഥാർത്ഥ വിലയുള്ളതിനെ അഗണ്യമായി തള്ളിക്കളയുകയും ചെയ്യുന്നു. ബന്ധങ്ങൾ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുന്നവരാകാതെ നേട്ടങ്ങളെ ബന്ധങ്ങളുടെ നിലനിൽപ്പിനും ശക്തീകരണത്തിനുമായി വിനിയോഗിക്കാൻ കഴിയട്ടെ. അതിനാവശ്യമായ ദൈവകൃപക്കായി പ്രാർത്ഥിക്കാം