സ്വന്തം അമ്മയെ നോക്കാൻ വയ്യാത്ത ആ 6 മക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു ഒടുവിൽ ഒരാൾ നോക്കാമെന്നു ഏറ്റു പക്ഷെ മകന്റെ ഡിമാന്റുകൾ ആണ് ഞെട്ടിച്ചത്

EDITOR

സ്റ്റേഷനിലെ പരാതികളുടെ ട്രെൻഡ് മാറി വരികയാണ്. കുറച്ചു നാളുകളായി മാതാപിതാക്കളെ സംരക്ഷിക്കാൻ മടി കാണിക്കുന്ന മക്കളാണ് പ്രതിക്കൂട്ടിൽ.ഒരുപാട് പരാതികൾ വന്നു പരിഹരിക്കപ്പെട്ടു പോകുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം കിട്ടിയ പരാതിയിലെ ആവലാതിക്കാരിയായ എൺപത്തിയഞ്ചു വയസുള്ള ഒരമ്മയുടെ വാക്കുകൾ മനസ്സിൽ നിന്നും വിട്ടു മാറുന്നില്ല.പരാതി നൽകിയത് മകളാണ്. സഹോദരന്മാർ അമ്മയെ നോക്കുന്നില്ല. തന്റെ ഭർത്താവ് അസുഖബാധിതനാണ്. രണ്ടുപേരെയും ഒരുമിച്ചു നോക്കാൻ പറ്റുന്നില്ല. എന്തെങ്കിലും ചെയ്തു തരണം. മക്കളെ എല്ലാവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.ഒരുപാട് ദൂരെ താമസിക്കുന്നവരും ഉണ്ടായിരുന്നതിനാൽ എല്ലാവരും എത്തിച്ചേരുവാൻ വേണ്ടി അടുത്ത ദിവസം 12.00 മണിയാണ് പറഞ്ഞിരുന്നത്.അമ്മയ്ക്ക് പ്രായം കൂടുതലായതിനാൽ കൊണ്ട് വരണ്ട എന്ന് തന്നെയാണ് പറഞ്ഞിരുന്നത്.ഏതാണ്ട് 10.30 മണിയോടുകൂടി സ്റ്റേഷന് മുൻപിൽ ഒരു ഓട്ടോ വന്നു നിന്നു. പരാതിക്കാരിയായ മകളുടെ കൂടെ അമ്മയും എത്തിയിട്ടുണ്ട്.

സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ വളർത്തമ്മയുടെ പേര്. എൺപത്തിയഞ്ചു വയസ്സ് കഴിഞ്ഞിട്ടും നല്ല ചൈതന്യമുള്ള മുഖം. എന്തോ ഒരു പ്രഭാവലയം അവർക്ക് ചുറ്റും ഉള്ളത് പോലൊരു തോന്നൽ. പോലീസുകാരുടെ കുശലാന്വേഷണങ്ങൾക്ക് മോണ കാട്ടിയുള്ള ചിരി. ചിരിയിലും ഇടയ്ക്കിടയ്ക്ക് കണ്ണ് നിറയുന്നത് കാണാം. എന്തോ നൊമ്പരം അടക്കിപ്പിടിച്ചത് പോലെ.ആറു മക്കളാണ് അമ്മയ്ക്ക്.4 ആണും 2 പെണ്ണും. ഭർത്താവ് ഒരുപാട് നാളുകൾക്ക് മുൻപ് മരണപ്പെട്ടു. മക്കളെ വളരെ കഷ്ടപ്പെട്ട് തന്നെ വളർത്തി.മാതൃ വൃക്ഷത്തിൽ നിന്നും അടർന്നു മാറി പല സ്ഥലങ്ങളിലായി വളർന്നു പൊന്തിയ പുത്രവൃക്ഷങ്ങളിൽ പൂക്കളായി, കായ്ക ളായി, അതിൽ പക്ഷികൾ ചേക്കേറാനും തുടങ്ങി. വീട്ടിൽ ഒറ്റക്കായ അമ്മ മക്കളുടെ വീട്ടിലേക്ക് പോകാതെ സ്വന്തം വീട്ടിൽ തന്നെ നിന്നു. നല്ലവരായ അയൽക്കാർ ഭക്ഷണം നൽകി, പകൽ ഒരു അകന്ന ബന്ധുവിന്റെ വീട്ടിലും രാത്രി സ്വന്തം വീട്ടിലുമായി കാലം കടന്നു പോയി. അമ്മയ്ക്ക് പ്രായമാകുന്തോറും സഹായം നൽകിയിരുന്നു വീട്ടുകാർ ഭയപ്പെട്ടു തുടങ്ങി. ”എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ സമാധാനം പറയേണ്ടി വരുമല്ലോ ഈശ്വരാ ”.അങ്ങനെ അവർ മക്കളെ അറിയിച്ചതിൻപ്രകാരം ഇളയ മകന്റെ വീട്ടിൽ അമ്മയെത്തി. പിന്നെ ആശുപത്രിയായി, മരുന്നായി ഡോക്ടറായി ബാധ്യതയായി

ഒടുവിൽ അവിടെ നിന്നും അടുത്ത മകന്റെ വീട്ടിലേക്ക്.അവിടെയും കുറച്ചു നാൾ.പക്ഷെ അത് അവന്റെ ഭാര്യവീടായതിനാൽ അവിടെയും പരിമിതികൾ.വീണ്ടും ജില്ല വിട്ട് അടുത്ത മകന്റെയടുത്തേക്ക്.ആ വീട്ടിൽ രണ്ടു മുറിയെ ഉള്ളൂ. എല്ലാവർക്കും കൂടി താമസിക്കാൻ പറ്റില്ല.അമ്മ ഭാരമാകാൻ തുടങ്ങി.സഹോദരനും സഹോദരിയുമായുള്ള ചർച്ചയ്ക്കൊടുവിൽ കഥാനായിക അങ്ങനെ മകളെ കെട്ടിച്ചയച്ച വീട്ടിലെത്തി. കുറച്ചു നാൾ അങ്ങനെ പോയിക്കിട്ടി. ഇതിനിടയിൽ വീണ്ടും വീണ്ടും ആശുപത്രി, മരുന്ന്, ഡോക്ടർ.പട്ടിക നീളുന്നു.അവസാനം പരാതിയായി സ്റ്റേഷനിലും വന്നെത്തി.മക്കളെല്ലാം സമയത്ത് സ്റ്റേഷനിൽ ഹാജരായി.എല്ലാവരോടും കാര്യങ്ങൾ അന്വേഷിച്ചു. ആരും അമ്മയെ ഏറ്റെടുക്കുവാൻ തയ്യാറായില്ല ഒടുവിൽ സ്റ്റേഷനിൽ നിന്നുള്ള തീരുമാനം ഞങ്ങൾ അറിയിച്ചു.അമ്മയെ സർക്കാർ ഏറ്റെടുക്കും, മക്കൾക്കെതിരെ സീനിയർ സിറ്റിസൺസ് ആക്ട് പ്രകാരം കേസും എടുക്കും, അമ്മ മക്കൾക്ക് എഴുതി തന്നത് തിരിച്ചും എടുക്കും

ചർച്ച പൂർവാധികം ശക്തിയായി.അമ്മയെ ആരെങ്കിലും ഒരാൾ നോക്കുക, ബാക്കിയുള്ളവർ മാസാമാസം അമ്മയുടെ ചെലവിനുള്ള കാശ് കൊടുക്കുക.സ്റ്റേഷനിൽ നിന്നും മറ്റൊരു നിർദേശം ഞങ്ങളും വെച്ചു.പക്ഷെ അമ്മയെ ആരു നോക്കും എന്നുള്ളതായി അടുത്ത ചർച്ച.ഒടുവിൽ ഒരു മകൻ മുന്നോട്ടു വന്നു.പക്ഷെ അയാൾ ഒരു നിർദേശം വെച്ചു.ഞാൻ അമ്മയെ നോക്കിക്കൊള്ളാം പക്ഷെ അമ്മയുടെ പേരിലുള്ള വീടും പുരയിടവും എനിക്ക് എഴുതിത്തരണം സഹോദരങ്ങൾക്കും സമ്മതം, പതുക്കെ അമ്മയുടെ അടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു. ഞങ്ങളെയെല്ലാം സ്ഥബ്ദരാക്കിക്കൊണ്ട് കൈ കൂപ്പി പൊട്ടിക്കരഞ്ഞു കൊണ്ട് ആ അമ്മ പറഞ്ഞതിങ്ങനെ എന്റെ പൊന്നു സാറന്മാരെ മക്കളുടെ അടുത്ത് നിന്ന് മതിയും കൊതിയും കെട്ടു. എന്റെ മുതലിന്റെ പകുതി വിറ്റിട്ട് ആ കാശ് എന്നെ നോക്കാമെന്നേൽക്കുന്ന ഏതെങ്കിലും സ്ഥാപനത്തിന് ഞാൻ കൊടുത്തോളാം. ബാക്കിയുള്ളത് പിച്ചിപ്പെറുക്കി എല്ലാ മക്കൾക്കും കൂടി പങ്കിട്ടു കൊടുക്കാം. അവരെടുത്തോട്ടെ.ഇല്ലെങ്കിൽ എനിക്ക് ഇനിയും നിങ്ങളുടെ അടുത്ത് വരേണ്ടി വരും .പക്ഷെ കേസൊന്നും വേണ്ട സാറന്മാരെ

കുറച്ചു നേരത്തേക്ക് ആർക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഞങ്ങൾ പരസ്പരം നോക്കി സങ്കടപ്പെട്ടു. മക്കളുടെ തിരുമുഖങ്ങൾ കുനിഞ്ഞിരുന്നു.ഒടുവിൽ അമ്മയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് അന്ത്യശാസനം നൽകി മക്കളെ പറഞ്ഞയച്ചിട്ട് പെണ്മകളോടൊപ്പം ആ അമ്മയെ യാത്രയാക്കി റോഡിലേക്ക് കണ്ണും ന ട്ടിരുന്നപ്പോൾ പെട്ടെന്ന് മേശപ്പുറത്തിരുന്ന ഫോൺ ചിലച്ചു . പരിചയമില്ലാത്ത നമ്പർ.അടുത്ത പരാതിക്കാർ ആരെങ്കിലുമായിരിക്കും എന്ന് വിചാരിച്ചു ഫോൺ എടുത്തു.അവർ ആ അമ്മയെ നോക്കില്ല സാറേ,.
ഒരമ്മയെ മരിക്കും വരെ പൊന്നുപോലെ നോക്കിയവനാ ഞാൻ. ഇങ്ങു തന്നേക്ക് ഞാൻ നോക്കിക്കൊള്ളാം വാക്കുകൾ കേട്ട് ആരാണെന്ന് ചോദിച്ചു. ഈ ചർച്ചകൾക്കൊക്കെ സാക്ഷിയായി സ്റ്റേഷനിൽ വന്നിരുന്ന ഒരാൾ.നന്ദി സുഹൃത്തേ താങ്കളുടെ നല്ല മനസ്സിന്.ഫോൺ കട്ട് ചെയ്തതിന് ശേഷം അമ്മയെ കുറിച്ച് ആരോ എഴുതിയ വരികൾ ഓർത്തുപോയി.മക്കളായ് നാലുപേരുണ്ടെങ്കിലും അമ്മ ഏകയാണെകായാണീ ഊഴിയിൽ.അച്ഛൻ മറഞ്ഞൊരു കാലം മുതൽക്കമ്മ ഭാരമായ് തീർന്നുവോ നാലുപേർക്കും.നാലൂഴി മണ്ണും പകുതിത്തെടുത്തു മക്കൾ നാലുവഴിക്കായ് പിരിഞ്ഞുപോയി.വാൽക്കഷ്ണം എല്ലാം കഴിഞ്ഞപ്പോൾ ഓഫിസർ “ഇതാണവസ്ഥ. നമ്മുടെയൊക്കെ ഗതി എന്താകുമോ എന്തോ?സാറേ ഒന്നും നോക്കണ്ട, പെൻഷൻറെ കുറച്ചു ഭാഗം മാറ്റി വെക്കുക.എല്ലാം മക്കൾക്കായി കൊടുക്കാതിരിക്കുക. ആർക്കും ഭാരമാകാതെ ആരെയും ശല്യപ്പെടുത്താതെ മാറി സ്വസ്ഥമായി ജീവിക്കുക.

എഴുതിയത് : നിസാർ ഹമീദ്