മുംബൈ പോയപ്പോ മലയാളിയുടെ കാഞ്ഞ ബുദ്ധി അത്ഭുതപ്പെടുത്തി വിശ്വാസം ഇല്ലാത്ത ആളുകളുടെ ചുമരിൽ പോലും ദൈവത്തിന്റെ ചിത്രം കാരണം

EDITOR

മലയാളിയുടെ കാഞ്ഞബുദ്ധിയും ഫ്ളാറ്റിലെ ദൈവങ്ങളുടെ ചിത്രവും.കുറച്ചു വർഷങ്ങൾക്കുമുൻപ് ബോംബെയിൽ പോയപ്പോഴാണ് അതുകണ്ടത്.. മലയാളി സുഹൃത്തുക്കളുടെ ഫ്‌ളാറ്റുകളുടെ സ്‌റ്റെയർകേസിന്റെ വശത്തെ ചുവർ നിറയെ ദൈവങ്ങളുടെ ചിത്രങ്ങൾ ഇതിന്റെ കാരണം അന്വേഷിച്ചപ്പോളാണ് രഹസ്യം പുറത്തുവന്നത് ഫ്‌ളാറ്റുകളിൽ സാധനങ്ങൾ സപ്ലൈ ചെയ്യാൻവരുന്ന ബോംബേവാലകൾ കോണി നിറയെ മുറുക്കിത്തുപ്പും. ദൈവങ്ങളെ അവിടെ പോസ്റ്റുചെയ്തതിനു ശേഷം ഒരാളും തുപ്പാറില്ല. മലയാളിയുടെ കാഞ്ഞ ബുദ്ധി
അതുപോട്ടെ നമ്മുടെ വിഷയം വാസ്തുവാണ്.. അടുക്കളയുടെ സ്ഥാനം ഏതാണ്..? വടക്കുകിഴക്ക്‌ എന്നുപറയാൻ വരട്ടെ. വാസ്തു ഗ്രന്ഥങ്ങളിൽ എല്ലാം തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ ആണ് അടുക്കളയ്ക്ക് പ്രഥമ സ്ഥാനം പറയുന്നത്.
കേരളം വിട്ടാൽ വടക്കുകിഴക്കേ മൂലയിൽ അടുക്കള കാണുന്നത് വിരളമാണ്.

വടക്കുകിഴക്കേ മൂലയിൽ അടുക്കള നിർമ്മിച്ച വീട്, പെൻഷൻപറ്റി പിരിഞ്ഞുപോരാൻ കാലത്ത് വിൽക്കാൻ പെട്ടപാട്, ബാബാ ആറ്റോമിക് റിയാക്ടറിലെ മലയാളി ആയ ഒരു ശാസ്ത്രജ്ഞൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ കാരണം വേറൊന്നുമല്ല.
ഇന്ത്യൻ വാസ്തുവിദ്യയിലെ ഗ്രന്ഥ രചനകളിൽ നമ്മൾ മലയാളികൾക്ക് കാര്യമായ റോളൊന്നുമില്ല. മയമതം, മാനസാരം, ബൃഹദ്‌സംഹിത ഒക്കെ രചിച്ചത് വടക്കേ ഇന്ത്യക്കാരാണ്. പതിനാലാം നൂറ്റാണ്ടിലോ മറ്റോ ശ്രീ തിരുമംഗലത്തു നീലകണ്ഠൻ മൂസത് രചിച്ച ‘മനുഷ്യാലയ ചന്ദ്രിക’ രംഗപ്രവേശം ചെയ്യുന്നവരെ നമ്മളും ഉത്തരേന്ത്യൻ വാസ്തുവാണ് പിന്തുടർന്നു പോന്നത്.എന്നുപറയാൻ ചേട്ടൻ പത്താം നൂറ്റാണ്ടു മുതൽ ഇങ്ങോട്ടു ജീവിച്ചിരിക്കുകയാണോ..?അതിനു പത്താം നൂറ്റാണ്ടു മുതൽ ജീവിക്കേണ്ട കാര്യമില്ല. ചുറ്റും നോക്കിയാൽ മതി. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് തെക്കുകിഴക്കേ മൂലയിലാണ്.

കാരണം ക്ഷേത്രങ്ങളിൽ നൂറ്റാണ്ടുകളുടെ നിർമ്മാണശൈലി അതുപോലെ പരിരക്ഷിക്കപ്പെടുന്നു. പുനരുത്ഥാരണം എന്നതിലപ്പുറം പുനർനിർമ്മാണം നടക്കുന്നില്ല.കേരളത്തിൽ വടക്കുകിഴക്കേ മൂലയിൽ കിണർ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനാലാകാം പിൽക്കാലത്തു അടുക്കള ഈ മൂലയിലേക്ക് വന്നത്. കാരണം വാസ്തുവിദ്യ കാലത്തിനും ദേശത്തിനും വ്യവസ്ഥിതിക്കും അനുസരിച്ചു മാറാം.ഇനി. കന്നിമൂല.അതായത് തെക്കുപടിഞ്ഞാറെ മൂല. ഈ മൂലയിൽ അടുക്കള വരരുതെന്ന് വാസ്തുവിൽ കർശ്ശനമായി പറയുന്നു. കാരണം തെക്കുപടിഞ്ഞാറ് ദിശയിൽനിന്നുള്ള ഒരു ഊർജ്ജപ്രവാഹം നമ്മുടെ നാട്ടിലുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴമേഘങ്ങളെ നമ്മുടെ നാട്ടിലെത്തിക്കുന്നതു ഇതേ പ്രവാഹമാണ്. ചുരുക്കത്തിൽ തെക്കുപടിഞ്ഞാറെ മൂലയിൽ അടുക്കള നിർമ്മിച്ചാൽ ഒരു അഗ്നിബാധ ഉണ്ടായാൽ വടക്കുകിഴക്കോട്ടു ഒഴുകുന്ന കാറ്റുകാരണം തീപടരാൻ സാധ്യതയുണ്ട് എന്നർഥം.ഇനി, മനുഷ്യന്റെ വീടിന്റെ പ്ലാനും പ്ലിന്ത് ഏരിയയും നോക്കി അവനെ ശിക്ഷിക്കലല്ല ദൈവത്തിന്റെ പണി. അതിനു മുൻസിപ്പൽ എൻജിനീയറും പഞ്ചായത്തു സെക്രട്ടറിയും ഒക്കെയുണ്ട്. വ്യവസ്ഥാപിത നിയമങ്ങൾ ഇല്ലാതിരുന്ന കാലത്ത് പല ചട്ടങ്ങളും സുഗമമാക്കാൻ ദൈവങ്ങളെ കൂട്ടുപിടിച്ചിരുന്നു..ഇക്കാലത്തുമുണ്ട്.. അതിലൊന്നാണ് ബോംബെയിൽ ഞാൻ കണ്ട സ്റ്റെയർകേസിലെ ദൈവങ്ങളും.
സുരേഷ് മഠത്തിൽ വളപ്പിൽ( പ്രമുഖ ആർക്കിടെക്ട് ആണ് സുരേഷ്.)