നിങ്ങളുടെ മൊബൈൽ കണക്ഷൻ 4G യിൽ നിന്നും 5G യിലേക്ക് അപ്ഗ്രേഡ് ചെയ്യണോ ?ഈ ചോദ്യം കേൾക്കുമ്പോൾ നിങ്ങൾക്കും ഒന്ന് പരീക്ഷിച്ചുനോക്കാൻ തോന്നുന്നില്ലേ ?എന്നാൽ ഇതൊടൊപ്പമുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യൂ അല്ലെങ്കിൽ ആപ്പ് ഡൌൺലോഡ് ചെയ്യുക.അതുതന്നെയാണ് സൈബർക്രിമിനലുകളും ലക്ഷ്യം വെക്കുന്നത്. നഷ്ടപെടുന്നത് പണം മാത്രമല്ല, നിങ്ങളുടെ വിലപ്പെട്ട വിവരങ്ങളുമാകാം.
സൈബർ കള്ളൻമാരുടെ ഏറ്റവും പുതിയ പ്രവർത്തനരീതി:നിങ്ങളുടെ മൊബൈൽ കണക്ഷൻ 4G യിൽ നിന്നും 5G യിലേക്ക് അപ് ഗ്രേഡ് ചെയ്യാമെന്ന വാഗ്ദാനവുമായാണ് സൈബർ ക്രിമിനലുകൾ നിങ്ങളുടെ മൊബൈലിലേക്ക് ലിങ്ക് അയക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഒരു മാൽവെയറായി പ്രവർത്തിക്കുന്ന ലിങ്കിലൂടെ നിങ്ങളുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിട്ടുള്ള ബാങ്ക് എക്കൌണ്ട്, വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ തുടങ്ങിയ സ്വകാര്യവും സുരക്ഷിതവുമായ എല്ലാ വിവരങ്ങളും സൈബർ ക്രിമിനലുകളിലേക്ക് ഷെയർ ചെയ്യപ്പെട്ടേക്കാം.
ഇതുപയോഗിച്ച് നിങ്ങളെ അപമാനിക്കുക മാത്രമല്ല, ഭീഷണിപ്പെടുത്തി, പണം ആവശ്യപ്പെടുകയും ചെയ്യും. ചില അവസരങ്ങളിൽ നിങ്ങളുടെ മൊബൈൽ നമ്പർ കരസ്ഥമാക്കി, ടെലികോം കമ്പനിയിൽ നിന്ന് എന്ന വ്യാജേന അവർ നിങ്ങളെ വിളിക്കുകയും വിവരങ്ങൾ ചോർത്തിയെടുക്കുകയും ചെയ്തേക്കാം.തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗം നൽകുന്ന മുന്നറിയിപ്പ്.5G യിലേക്ക് അപ്ഗ്രേഡ് ചെയ്യാം എന്ന വാഗ്ദാനവുമായി വരുന്ന സന്ദേശങ്ങളോടും, ഫോൺ കോളുകളോടും വളരെ സൂക്ഷിച്ചു മാത്രം പ്രതികരിക്കുക. കഴിയുമെങ്കിൽ നിങ്ങളുടെ ടെലികോം ഓപ്പറേറ്ററുടെ അംഗീകൃത ഔട്ട്ലെറ്റുകളിൽ നേരിട്ടുചെന്ന് സേവനം ആവശ്യപ്പെടുക. അനാവശ്യ ലിങ്കുകളിൽ ക്ളിക്ക് ചെയ്യരുത്. വിശ്വാസയോഗ്യമായ ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുക.നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ,
സി.വി.വി, ഓ.ടി.പി., ബാങ്ക് എക്കൌണ്ട് തുടങ്ങിയവ ഒരു അവസരത്തിലും ആരുമായും പങ്കിടരുത്.അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ മൊബൈൽ ഫോണിൽ വിദൂര നിയന്ത്രണ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതുവഴി നിങ്ങളുടെ ഫോണിന്റെ സമ്പൂർണ നിയന്ത്രണം സൈബർ കള്ളൻമാരിലേക്ക് എത്തിച്ചേർന്നേക്കാം.എളുപത്തിൽ കണ്ടുപിടിക്കാവുന്നതും, കള്ളൻമാർക്ക് ഊഹിച്ചെടുക്കാവുന്നതുമായ പാസ് വേഡുകൾ മാറ്റുക. Two factor authentication ലൂടെ നിങ്ങളുടെ എക്കൌണ്ടുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുക.രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം പ്രവർത്തനരീതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സൈബർ ക്രിമിനലുകളുടെ ചതികളിൽ വീഴാതെ സുരക്ഷിതരായിരിക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
കടപ്പാട് : തൃശ്ശൂർ സിറ്റി പോലീസ്