ചില യുവാക്കളുടെ അപ്രതീക്ഷിത വേർപാടിന്റെ പിന്നാമ്പുറങ്ങൾ തേടിപ്പോകുമ്പോൾ നടുങ്ങിപ്പോകും കാരണം അത് സ്വയംഹത്യയോ അപകടമോ ആയിരിക്കാം

EDITOR

ചില യുവാക്കളുടെ അപ്രതീക്ഷിത മര- ണങ്ങളുടെ പിന്നാമ്പുറങ്ങൾ തേടിപ്പോകുമ്പോൾ നമ്മൾ നടുങ്ങിപ്പോകും. സ്വയംഹത്യയോ അപകടമോ ആയിരിക്കാം . ആകസ്മികമായ വേർപാടിൽ തീരാ ദുഖത്തിലായിരിക്കും കുടുംബം. എന്താണ് സംഭവിച്ചതെന്ന് അറിയാത്തവരായിരിക്കും അധിക പേരും. എന്നാൽ ആ മര- ണങ്ങൾക്ക് പിന്നിൽ വില്ലനായി നിൽക്കുന്നത് ലഹരിയായിരിക്കും. നമ്മുടെ ചെറുപ്പങ്ങൾ എത്രയോ ഇന്ന് ലഹരിക്ക് അടിമകളാണ്. അവരറിയാതെ ലഹരി ജീവൻ അപഹരിക്കുകയാണ്. വീട്ടുകാരോ കൂട്ടുകാരോ ഇതൊന്നും ഒരുപക്ഷേ അറിയുന്നുണ്ടാകില്ല. ലഹരി പതുക്കെ പതുക്കെ ചെറുപ്പങ്ങളെ അടിമകളാക്കുകയാണ്. സ്‌കൂളുകളിൽ പോലും ലഹരിയുടെ സാന്നിധ്യം ഇന്ന് ഏറെയാണ്. സാമ്പത്തിക നേട്ടങ്ങൾക്കായി ചില സംഘങ്ങൾ നമ്മുടെ യുവതയെ കുരുതി കൊടുക്കുകയാണ്. നാളെയുടെ ഭാവി വാഗ്ദാനങ്ങളെ മുളയിലേ നുള്ളുകയാണ്. എല്ലാം എരിഞ്ഞൊടുങ്ങുമ്പോൾ മാത്രമാണ് പ്രിയപ്പെട്ടവർ പോലും അറിയുന്നത്.

ചില സംഭവങ്ങൾ ഏറെ ദയനീയമാണ്. കണ്ട് നിൽക്കാൻ പോലും കഴിയില്ല. ഏറെ പ്രതീക്ഷകളോടെ വളർത്തി വലുതാക്കിയ മക്കളുടെ ജീവിതം ദുരന്തമായി പോകുമ്പോൾ ആർക്കാണ് സഹിക്കാൻ കഴിയുക.പൂച്ചക്ക് ആര് മണികെട്ടും’ എന്നതാണ് വലിയ വിഷയം. സമൂഹത്തിന് പ്രതിബദ്ധത, ഉത്തരവാദിത്വം എന്നത് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു എന്നത് ഇത്തരം സംഗതികൾക്ക് ഏറെ വളം നൽകുന്നുണ്ട്. മറ്റുള്ളവരുടെ മക്കൾ എന്തെങ്കിലും ചെയ്‌താൽ നമ്മളെന്തിന് ഇടപെടണം എന്ന കണ്ണടക്കലാണ് ഇത്തരം വിപത്തുകളെ വ്യാപിപ്പിച്ചത്. ഇത് നാളെ നമ്മുടെ വീട്ടിലും സംഭവിക്കും എന്നത് ഓർക്കാതെ പോകുന്നൂ. ഇത്തരം ലഹരി ഉപയോഗങ്ങൾക്കെതിനെ സമൂഹം ഉത്തരവാദിത്വത്തോടെ ഇനിയെങ്കിലും മുന്നോട്ട് വന്നില്ലെങ്കിൽ നമ്മൾ വലിയ വില നൽകേണ്ടി വരും. രക്ഷിതാക്കൾ, അധ്യാപകർ, സ്‌കൂൾ അധികൃതർ, നിയമപാലകർ…തുടങ്ങിയവർ ഈ വിപത്തിനെതിരിൽ മുന്നണിപ്പോരാളികളാകേണ്ടിയിരിക്കുന്നു. ഈ പോരാട്ടത്തിൽ ആർക്കൊക്കെ പങ്കാളികളാകാം അവരെയൊക്കെ ചേർത്ത് പിടിച്ച് മുന്നോട്ട് പോകണം.

സമൂഹത്തിനെ ബാധിച്ച കാൻസറാണ് ഇത്. ഒരാൾ ലഹരി ഉപയോഗം തുടങ്ങി അതിന് അടിമപ്പെടുമ്പോൾ മാത്രമാണ് എടുത്തവർ പോലും അറിയുന്നത്. അപ്പോഴേക്കും ഈ വ്യക്‌തി സമൂഹത്തിന് വരുത്തിവെക്കുന്ന പരിക്ക് വളരേ ആഴത്തിലായിരിക്കും. ഇത് തെറ്റാണ്, കുറ്റമാണ് എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും സമൂഹത്തിൽ ഈ പ്രവണത ദിനംപ്രതി വർധിച്ചു വരുന്നത് എന്ത് കൊണ്ടാണ്. നമ്മളിൽ ഓരോരുത്തരും ഒന്ന് കണ്ണടക്കുന്ന നേരംകൊണ്ടാണ് ഈ വിപത്ത് സമൂഹത്തെ കാർന്നു തിന്നുന്നത്. നമ്മൾ കാണുന്ന നിരവധി സെലിബ്രിറ്റികൾ അറിഞ്ഞോ അറിയാതെയോ ഈ വിപത്തിനെ പരോക്ഷമായെങ്കിലും വളം നൽകുന്നുണ്ട്. ചുരുങ്ങിയ സമയത്തെ നേട്ടത്തിന് വേണ്ടിയായിരിക്കും അവർ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത്. എന്നാൽ അത് സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങൾ ഏറെയാണ്. ഈ മഹാവിപത്തിനെതിരിൽ നമ്മളെന്ത് ചെറുവിരലിനക്കി എന്നതായിരിക്കണം ഈ പോരാട്ടത്തിൽ നമ്മുടെ ഓരോരുത്തരുടെയും ഊർജ്ജം. എങ്കിലേ ഒരു നല്ല നാളെയേ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയൂ.

എഴുതിയത് : അഷറഫ് താമരശ്ശേരി