ഭാര്യ പോയ ശേഷം മറ്റൊരു വിവാഹം കഴിക്കാതെ ഇരുന്നത് മകളെ ആലോചിച്ചാണ് പക്ഷെ അവളുടെ കല്യാണ ദിവസം നടന്നത് സഹിക്കുന്നതിൽ അപ്പുറം

EDITOR

ഓഡിറ്റോറിയം നിറയെ വധൂവരൻമാരുടെ ബന്ധുക്കളും നാട്ടുകാരും വന്ന് സന്നിഹിതരായിരുന്നു.നാരായണൻ എല്ലാവരെയും സ്വീകരിച്ചും കുശലം പറഞ്ഞും ഓടിനടന്നു .മുഹൂർത്തത്തിന് സമയമായി. നാരായണന്റെ മകൾ ആതിരയുടെ കഴുത്തിൽ സന്ദീപ് താലി ചാർത്തി. സദ്യ വട്ടവും ഫോട്ടോ പിടുത്തവും കഴിഞ്ഞ് അതിഥികൾ ഓരോരുത്തരായി പിരിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.രണ്ടും മൂന്നും വട്ടം ഭക്ഷണം വാങ്ങി കഴിച്ചവർ സദ്യയെ കുറിച്ച് കുറ്റവും പറഞ്ഞും, ചിലർ പല്ലിനിടയിൽ കുത്തിയും , നടന്നകന്നു.വധൂവരൻമാർക്ക് പോകേണ്ടുന്ന സമയമായി. അലങ്കരിച്ച കാറിൽ കയറുന്നതിനു മുമ്പ് ആതിര അഭിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.
ചേച്ചിയെ ചേർത്തുപിടിച്ചു കൊണ്ട് അഭിയും സങ്കടപ്പെട്ടു. അവൾ വന്ന് അച്ചന്റെ കാൽ തൊട്ട് വണങ്ങി. അത്രയും നേരം സന്തോഷത്തിലായിരുന്ന നാരായണന്റെ മനസ് പൊടിഞ്ഞു.. തേങ്ങിക്കൊണ്ട് എഴുന്നേറ്റ ആതിര അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു.നാരായണന്റെ ഉള്ളിൽ ഒരു കടലിരിമ്പുകയായിരുന്നു , അതയാൾ മറച്ചുപിടിക്കാൻ നന്നേ പാടുപെട്ടുകൊണ്ട് മകളെ ചേർത്തണച്ചു.

സ്വ :ഗൃഹത്തിൽ നിന്നും മറ്റൊരിടത്തേക്ക് പറിച്ചുനടപ്പെടുന്ന വിവാഹിതരാവുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന മനസങ്കർഷം ആതിരയും അനുഭവിച്ചറിയുകയായിരുന്നു. നാരായണൻ വാത്സല്യത്തോടെ മകളുടെ ശിരസ്സിൽ തലോടി, നെറ്റിയിൽ ഒരു ചുംബനവും നൽകി അലങ്കരിച്ച കാറിലേക്ക് കയറ്റി. വധൂ വരന്മാരും കൂട്ടരും പുറപ്പെട്ടു.ചുരക്കം ചില ബന്ധുക്കളും , സുഹൃത്തുക്കളും ഒഴികെ മറ്റെല്ലാവരും മടങ്ങിക്കഴിഞ്ഞിഞ്ഞിരുന്നു.ഓഡിറ്റോറിയത്തിന്റെ ഇടപാടുകൾ തീർത്ത് നാരായണനും മറ്റും വീട്ടിലേക്ക് തിരിക്കുമ്പോൾ അയാളുടെ ഉണ്ണിൽ എന്തോ നഷ്ടമായതിന്റെ വിഷമം വല്ലാതെ അനുഭവപ്പെട്ടു.അഭിയുടെ ജനനത്തോടെ ഭാര്യയെ നഷ്ടമായ നാരായണൻ മക്കളെ ആ കുറവ് അറിയിക്കാതെയാണ് വളർത്തിയത്. ഭാര്യ വീട്ടുകാരും , സുഹൃത്തുക്കളും മറ്റൊരു വിവാഹം കഴിക്കാൻ അയാളെ ഏറെ നിർ ബന്ധിച്ചുവെങ്കിലും അയാൾ അതിനു മുതിർന്നില്ല , മറ്റൊരു പെണ്ണ് തന്റെ ജീവിതത്തിലേക്ക് കടന്നു വന്നാൽ തന്റെ മക്കളെ അവൾ സ്നേഹിക്കുമോ, തന്റെ മക്കൾക്ക് അവളെ സ്നേഹിക്കാനാവുമോ, അങ്ങിനെയൊക്കെയുള്ള ആകുലതകൾ അയാളെ പുനർ വിവാഹ ചിന്തയിൽ നിന്നും അകറ്റി, ചിലരുടെ അനുഭവങ്ങളും അദ്ദേഹം കേട്ടറിഞ്ഞിരുന്നു… അവർക്ക് അച്ഛനും അമ്മയും എല്ലാം നാരായണൻ തന്നെ ആയിരുന്നു. അമ്മയില്ലാത്ത കുറവ് അറിയിക്കാതെയാണ് അവരെ വളർത്തിയതും.

രാത്രിയായതും നാരായണന്റെ മനസ് അസ്വസ്ഥമാകാൻ തുടങ്ങി. ആതിരയെ കാണാൻ അയാളുടെ മനസ് അതിയായി വെമ്പൽ കൊണ്ടു . ഉറക്കം കിട്ടാതെ അദ്ദേഹം തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഓർമ്മകൾ ഒന്നൊന്നായി അയാളുടെ മനസിലൂടെ കടന്നുപോയി. കുഞ്ഞായിരുന്നപ്പോൾ മോളുടെ മോണ കാട്ടിയുള്ള ചിരിയും. തന്റെ നെഞ്ചിൽ താരാട്ട് കേട്ട് ഉറങ്ങിയതും , അമ്മയെ നഷ്ടമായ ശേഷം ആ കുറവ് അറിയിക്കാതെ വളർത്തിയതും , മക്കളുടെ ഓരോ വളർച്ചയുടെ കാലഘട്ടവും അദ്ദേഹത്തിന്റെ മനസിലൂടെ കടന്നുപോയി.ഇനി മുതൽ എന്റെ മോൾ മറ്റൊരു വീട്ടിലെ അംഗമാണ്. അവളിലെ തന്റെ കരുതൽ ഇന്നു മുതൽ നഷ്ടമായിരിക്കുന്നു. ഇതുവരെ മക്കളെ പിരിഞ്ഞ് ഒരു ദിവസം പോലും കഴിഞ്ഞിട്ടില്ലാത്ത നാരായണൻ വല്ലാതെ അസ്വസ്ഥനായി . ആതിരയെ ഓർമ്മ വരുമ്പോഴെല്ലാം മനസിൽ കനമുള്ള എന്തോ എടുത്തു വച്ചതു പോലെ . അത് ഏറിയേറി വരുന്നു.നാളെ രാവിലെ തന്നെ മകളെ കാണാൻ പുറപ്പെടാം എന്ന് മനസിനെ സമാധാനിപ്പിച്ച് കൊണ്ട് അദ്ദേഹം കിടന്നു. വെളുപ്പാൻ കാലത്ത് എപ്പഴോ അദ്ദേഹത്തെ നിദ്രാദേവി അനുഗ്രഹിച്ചു.പുറമേ പരുക്കരാണെങ്കിലും , ചിലപ്പോൾ ഉണ്ണാതേയും, നല്ല ഡ്രസ്സുകൾ ധരിക്കാതേയും, , കണ്ണി പൊട്ടിയ ചെരിപ്പും ധരിച്ച്, തന്റെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി , ചെറിയ ചെറിയ അസുഖങ്ങൾക്ക് നേരെ കണ്ണടച്ച് ,ആരും അറിയാതെ ആരേയും അറിയിക്കാതെ നീറിപ്പുകയുന്ന മനസ്സുമായി തന്റെ കുടുംബത്തിന്റെ സന്തോഷത്തിൽ നിർവൃതി കണ്ടെത്തുന്ന ഒരു മനസ്സുണ്ട് ഓരോ അച്ഛന്മാരിലും .

എഴുതിയത് : വിനോദ്