ആർത്തവം ഒരു സ്വാഭാവിക പ്രക്രിയ അതിന് അവധികൊടുത്ത് സ്ത്രീകളെ കരിവാരിത്തേയ്ക്കരുത് എന്ന് ഒരു ഐറ്റം കണ്ടു അധ്യാപിക ആയ എനിക്ക് പറയാൻ ഉള്ളത്

EDITOR

ആർത്തവ അവധിയെ കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ് ഇ വിഷയത്തിൽ ലിഖിത ദാസും ഡോക്ടർ ഷിംന അസീസും എഴുതിയ പോസ്റ്റുകൾ ശ്രദ്ധേയം ആണ് പോസ്റ്റുകളുടെ പൂർണ്ണ രൂപം ഇങ്ങനെ കുസാറ്റ് വിദ്യാർത്ഥികൾക്ക് ആർത്തവ അവധി ” എന്ന് കേട്ടപാതി കേൾക്കാത്തപാതി രണ്ടു വിഭാഗക്കാർ തലപൊക്കിയിട്ടുണ്ട്.1. ആർത്തവം ഒരു സ്വാഭാവിക പ്രക്രിയയാണ്.അതിന് അവധികൊടുത്ത് സ്ത്രീകളെ കരിവാരിത്തേയ്ക്കരുത് എന്ന് ഒരു ഐറ്റം2. സ്ത്രീകൾക്ക് മാത്രം പോര മാനസിക-ശാരീരിക ബുദ്ധിമുട്ടുള്ള ആൺകുട്ടികളെയും ലീവിന്റെ പരിഗണനയിൽ കൊണ്ട് വരണം.. ന്ന് ഇപ്പൊ നിലവിളിയ്ക്കുന്ന, നിന്റെ മഞ്ചാടിമണിദിവസങ്ങൾ എനിയ്ക്ക് തരൂ..ന്ന് മുൻപ് നിലവിളിച്ചിരുന്ന മറ്റേ ഐറ്റം ചേട്ടന്മാർ.ഇനി മേൽപ്പറഞ്ഞ രണ്ട് ഐറ്റം ടീംസിന്റെയും ശ്രദ്ധയ്ക്ക്:ആർത്തവം ഒരു സ്വാഭാവിക ജൈവിക പ്രക്രിയയാണ്. പക്ഷെ അതിനെ തൽക്കാലം നോർമലൈസ് ചെയ്യാൻ ഉദ്ദേശമില്ല. ആർത്തവത്തിന്റെ ഒന്നാം ദിവസം മുതൽ ഛർദിയും തലകറക്കവും വയറുവേദനയും കൊണ്ട് ബെഞ്ചിൽ നിരങ്ങുന്ന കുട്ടികളെ കാണുന്ന അധ്യാപികയാണ് ഞാൻ. എല്ലാ മാസവും രണ്ടും മൂന്നും ദിവസം അവധിയെടുക്കുന്നതു കൊണ്ട് അറ്റൻഡൻസിൽ കാര്യമായ കുറവ് വരുന്ന വിദ്യാർത്ഥിനികൾ ക്ലാസിലുണ്ട്. അത് അവരുടെ പരീക്ഷയെയും ഇന്റേർണൽ മാർക്കിനെയും ബാധിക്കും എന്നതുകൊണ്ട് തന്നെ രക്ഷിതാക്കളെ വിളിച്ച് കുട്ടികളെ നിർബന്ധമായും ഡോക്ടറെ കാണിക്കണമെന്ന് കണിശമായി പറയാറുമുണ്ട്.

ആർത്തവദിവസം രണ്ടിൽ കൂടുതൽ മണിക്കൂർ ക്ലാസെട്ക്കാൻ കഴിയാത്ത ഒരുത്തിയെന്ന നിലയ്ക്ക് 7 മണിക്കൂർ ഇഴഞ്ഞും വലിഞ്ഞും തീർക്കുന്ന മുഴുവൻ കുട്ടികളോടും അനുതാപത്തോടെയെ പ്രതികരിച്ചിട്ടുള്ളൂ. അറ്റൻഡൻസിന്റെ ആകുലതയില്ലാതെ, തുടയുരഞ്ഞുപൊട്ടി കാലകത്തിപ്പിടിച്ച് നടക്കാതെ, നശിച്ച ദിവസമെന്ന് ശപിക്കാതെ, കൂട്ടുകാരെ തന്റെ മൂഡ് സ്വിങ്സിന്റെ ഇരകളാക്കാതെ, ലീക്കാവുന്നതിനു മുൻപ് പാഡ്/ മെൻസ്ട്രുവൽ കപ്പ് മാറ്റണോ അതോ നേരത്തെ വീട്ടിലെത്തണൊ എന്നൊന്നും ബേജാറാവാതെ വേണമെന്ന് തോന്നുന്നെങ്കിൽ ഒരു ലീവെട്ത്ത് ഒന്നിനെയും പേടിക്കാതെ സമാധാനത്തോടെ ഒന്നുറങ്ങാൻ അവർക്ക് സാധിക്കുന്നെങ്കിൽ ഈ പരിഷ്ക്കരണത്തോട് ഞാൻ ഐക്യപ്പെടുന്നു.രണ്ടാമത്തെ ടീമിനോടാണ്.നിങ്ങളീപ്പറയുന്ന മഞ്ചാടിക്കുരുവും മണിയും തൊലിയുമൊന്നുമല്ല ആർത്തവം. ചില്ലറപ്പാടൊന്നുമല്ല ഓരോമാസവും ഒന്ന് കടന്നുകിട്ടാൻ. പരസ്യത്തിൽ കാണിക്കണപോലെ സ്റ്റേഫ്രീ വച്ചാൽ മണിക്കൂറുകളോളം ഡാൻസ് കളിക്കാനും സ്പോർട്സിനുമൊന്നും പീരിയഡ്സ് ദിവസം മിക്ക കുട്ടികൾക്കും കഴിയാറില്ല. ഒന്ന് നേരാംവണ്ണം ശ്വാസം വിടാൻ പോലും കഴിയാതെ ചുരുണ്ടുകൂടി ചൂടുവെള്ളവും പുളിവെള്ളവും മെഫ്താലും കൊണ്ട് ദിവസങ്ങൾ നീക്കുന്നവരാണ് മിക്കവരും. ആരെങ്കിലും ഒന്ന് മിണ്ടിയാൽ പോലും ചെരവനാക്കുകൊണ്ട് തലയ്ക്കടിയ്ക്കാൻ പോലും തോന്നുന്നത്ര മോശം കണ്ടീഷൻ.

അതിനിടയ്ക്ക് പുരുഷന്റെ മാനസികാരോഗ്യത്തിനുള്ള അവധിയപേക്ഷാ രോദനം കൂടി കേൾപ്പിക്കല്ലേ. പരിഗണിക്കാൻ വേണ്ടിയല്ല ഈ രോദനം എന്ന് നിങ്ങൾക്കും നമുക്കുമറിയാം. സ്ത്രീകൾക്ക് കിട്ടുന്ന ഏതൊരു പരിരക്ഷയെക്കുറിച്ച് കേൾക്കുമ്പഴുമുള്ള അടിമുടിച്ചൊറിച്ചിലാണത്. സാരമില്ല. മാറിക്കോളും.ഇനി രണ്ടുടീമിനോടുമായി പറയട്ടെ.7 ദിവസം തീണ്ടാരികുളിച്ച് കുടുമ്മത്തിരിക്കാനുള്ള നിയമമല്ല കൊണ്ട് വന്നിട്ടുള്ളത്. ലീവിനെക്കുറിച്ചൊ അതിന്റെ നൂലാമാലകളെക്കുറിച്ചൊ ആലോചിക്കാതെ ആവശ്യമെങ്കിൽ ലീവെടുക്കാൻ വിദ്യാർത്ഥിനികൾക്ക് കിട്ടുന്ന നിയമപരിരക്ഷയാണ്. അത് സ്ത്രീകളുടെ ശക്തിയെ അപമാനിക്കാനൊ, പുരുഷന്മാരെ കരിവാരിത്തേയ്ക്കാനൊ അല്ല.നിങ്ങളു ബേജാറാവാതെ കുസാറ്റിലെ അധ്യാപകരും പെൺപിള്ളാരും അത് വേണ്ടപോലെ നടത്തിക്കോളും.അവരുഷാറാണ്.

എഴുതിയത് : ലിഖിത ദാസ്

ആർത്തവകാലം പലർക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്‌. ദേഷ്യവും സങ്കടവും ഒരു പരിധി വിട്ട്‌ വന്ന്‌ കയറും. ആർത്തവം തുടങ്ങുന്നതിന്‌ ഒരാഴ്‌ച മുൻപ്‌ സ്‌റ്റാർട്ട്‌ ചെയ്‌ത്‍ പിരീഡ്‌സ്‌ തുടങ്ങി ഏതാണ്ട്‌ രണ്ട്‌ ദിവസമാകും വരെയൊക്കെ ഇത്‌ തന്നെ സ്‌ഥിതി. വയറുവേദനയും ബ്രസ്‌റ്റ്‌ വേദനയും പുറമെ. ഈ ദിവസങ്ങളിൽ ശരീരവേദന സഹിക്കവയ്യാതെ ബെഡിൽ കിടന്ന്‌ ഉരുളുന്നവരെയും തല കറങ്ങി വീഴുന്നവരെയും ഛർദ്ദിയും വയറിളക്കവും പ്രശ്‌നം സൃഷ്‌ടിക്കുന്നവരെയുമൊക്കെ അറിയാം. വല്ലാത്ത സഹനമാണ്‌ കുറച്ച്‌ ദിവസത്തേക്കെങ്കിലും ഇവർക്കുണ്ടാവുന്നത്‌. ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട്‌ വരുന്ന ക്ഷീണവും പുകിലും വേറെയും.ആ ദിവസങ്ങളിൽ പഠനത്തിനും ജോലിക്കുമൊക്കെ പോകേണ്ടി വരുന്നത്‌ വല്ലാത്തൊരു കടമ്പയാണ്. ഒരേയിരിപ്പും വാഷ്‌റൂമിൽ സൗകര്യങ്ങൾ ഇല്ലാത്തതും മുതൽ ഭക്ഷണവിരക്‌തിയും ആരോടും മിണ്ടാൻ തോന്നാത്തതും വേദനകളും വിഷമവുമെല്ലാം ഒരു ചിരിയിലൊതുക്കേണ്ടി വരും. ചില്ലറ നയിപ്പല്ല സംഗതി.

ഇതൊന്നും നേരിട്ട്‌ അറിയുകയോ ഇത്‌ വരെ ആരോടും ചർച്ച ചെയ്യുകയോ ചെയ്‌തിട്ടില്ലാത്ത, അതല്ലെങ്കിൽ കണ്ടില്ലെന്ന്‌ നടിക്കുന്ന ഒരു കൂട്ടം പുരുഷകേസരികൾ കുസാറ്റ്‌ നൽകാൻ തീരുമാനിച്ച ആർത്തവാവധിയുടെ വാർത്തയുടെ കീഴിൽ കിടന്ന്‌ മെഴുകുന്നത്‌ കണ്ടു.ജെൻഡർ ഇക്വിറ്റി എന്നത്‌ വൈവിധ്യങ്ങളെ ചേർത്ത്‌ നിർത്തൽ കൂടിയാണ്‌. ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾ ജൈവപരമായ പ്രത്യേകതകൾ കൊണ്ട്‌ സ്‌ത്രീയാണ്‌ അനുഭവിക്കുന്നത്‌. ഇവിടെ അതിന്‌ തക്ക കരുതൽ നൽകേണ്ടതുമവൾക്കാണ്‌. ആ ദിവസങ്ങൾ വിശ്രമിക്കാനായി ലഭിച്ചാൽ കൂടുതൽ പ്രൊഡക്‌റ്റിവിറ്റിയോടെ വരും ദിവസങ്ങളെ നേരിടാൻ അവൾക്ക് സാധിക്കും. സ്‌ത്രീകൾക്ക്‌ മാത്രമല്ല, ട്രാൻസ്‌ജെൻഡർ വ്യക്‌തികളിൽ ആർത്തവമുള്ളവർക്കും ഈ അവധി ബാധകമാവണം.ആർത്തവാവധി സ്വാഗതാർഹമായ തീരുമാനമാണ്‌. കൂടുതൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇത് കടന്ന് വരട്ടെ.

എഴുതിയത് : ഷിംന അസീസ്