രാംചന്ദും പ്രേംചന്ദും അയൽവാസികളായിരുന്നു. രാംചന്ദ് ഒരു പാവപ്പെട്ട കർഷകനും പ്രേംചന്ദ് ഒരു വലിയ ഭൂവുടമയായിരുന്നു. രാംചന്ദ് ദരിദ്രനെങ്കിലും വളരെ ശാന്തനും സന്തോഷവാനും ആയിരുന്നു. രാത്രിയിൽ വീടിന്റെ വാതിലുകളും ജനലുകളും അടച്ചിടാൻ അവൻ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. എല്ലാ രാത്രികളിലും അവന് സമാധാനപൂർവ്വം ഗാഢമായി ഉറങ്ങുവാൻ കഴിഞ്ഞിരുന്നു. പ്രേംചന്ദ് എപ്പോഴും വളരെ ടെൻഷനിലായിരുന്നു. രാത്രിയിൽ വീടിന്റെ വാതിലുകളും ജനലുകളും അടയ്ക്കാതെ ഉറങ്ങാൻ കിടക്കുമായിരുന്നില്ല. അവന് തീരെ ഉറക്കമില്ലായിരുന്നു. ആരെങ്കിലും തന്റെ സേഫുകൾ കുത്തിത്തുറന്ന് പണം അപഹരിച്ചേക്കുമെന്ന് അവൻ എപ്പോഴും ഭയപ്പെട്ടിരുന്നു. ശാന്തനായ രാംചന്ദിനോട് അയാൾക്ക് അസൂയ തോന്നി.ഒരു ദിവസം, പ്രേംചന്ദ് രാംചന്ദിനെ വിളിച്ച് ഒരു പെട്ടി നിറയെ പണം നൽകിയിട്ട് പറഞ്ഞു: “എന്റെ പ്രിയ സുഹൃത്തേ നോക്കൂ. എനിക്ക് ധാരാളം സമ്പത്തുണ്ട്. നിങ്ങൾ ഒരു ദരിദ്രനും. അതിനാൽ, ഈ പണം എടുത്ത് സമൃദ്ധമായി ജീവിക്കുകരാംചന്ദിന് വലിയ സന്തോഷം തോന്നി. ആ ദിവസം മുഴുവൻ അവൻ സന്തോഷവാനായിരുന്നു. രാത്രി വന്നു.
രാംചന്ദ് പതിവുപോലെ ഉറങ്ങാൻ കിടന്നു. പക്ഷേ, അന്ന് അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അയാൾ പോയി വാതിലുകളും ജനലുകളും അടച്ചു. അപ്പോഴും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അയാൾ പണപ്പെട്ടിയിലേക്ക് നോക്കാൻ തുടങ്ങി. രാത്രി മുഴുവൻ അവൻ അസ്വസ്ഥനായിരുന്നു. അടുത്ത ദിവസം പ്രഭാതത്തിൽ തന്നെ രാംചന്ദ് പണപ്പെട്ടിയുമായി പ്രേംചന്ദിന്റെ അടുത്തേക്ക് പോയി. അവൻ പെട്ടി പ്രേംചന്ദിന് കൊടുത്തിട്ട് പറഞ്ഞു: “പ്രിയ സുഹൃത്തേ, ഞാൻ പാവമാണ്. പക്ഷേ, നിങ്ങളുടെ പണം എന്നിൽ നിന്ന് സമാധാനം അപഹരിച്ചു. ദയവായി എന്നോട് ക്ഷമിച്ച് നിങ്ങളുടെ പണം തിരികെ എടുക്കുക”. പണം വളരെ നല്ലതാണ്, അതില്ലാതെ ഇന്ന് ജീവിക്കുവാൻ ആകുമോ? എന്നാൽ അതിന്റെ ഉപയോഗത്തിൽ നാം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പണം സൂക്ഷിച്ചു വയ്ക്കുവാൻ ഉള്ളതല്ല, ആവശ്യങ്ങൾക്കുവേണ്ടി ചിലവഴിക്കുവാനുള്ളതാണ്. അത് ആരുടെ ആവശ്യം എന്നില്ല, ആരാണോ ആവശ്യത്തിലിരിക്കുന്നത് അവരുടെ ആവശ്യത്തിന്. നാം നട്ടുവളർത്തിയ റോസാച്ചെടിയിലെ പുഷ്പത്തിന്റെ സൗരഭ്യം നമുക്കു മാത്രമേ ആകാവൂ എന്ന് ശഠിക്കരുത്. അതുപോലെ നമ്മുടെ കൈവശമുള്ള പണം നമുക്കുവേണ്ടി മാത്രമേ ആകാവൂ എന്നും ശഠിക്കരുത്. എവിടെയെല്ലാം ആരെല്ലാം ആവശ്യത്തിലിരിക്കുന്നുവോ അവിടെയെല്ലാം വിനിയോഗിക്കാനുള്ളതാണ് പണം.
ഒരാവശ്യവും ഇല്ലാതെ ഉപയോഗമില്ലാതെ പണം സൂക്ഷിച്ച് വയ്ക്കുന്നതെന്തിനാണ്? അങ്ങനെ ചെയ്യുമ്പോഴാണ് സമാധാനവും ഉറക്കവും നഷ്ടപ്പെടുന്നത്. പണത്തിന്റെ അഭാവത്താൽ ആവശ്യങ്ങൾ നിറവേറ്റുവാൻ കഴിയാതെ വിഷമിക്കുന്ന എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അപ്പോൾ ഒരു ഉപയോഗവുമില്ലാതെ നാം അത് സൂക്ഷിച്ചുവയ്ക്കുക. അതൊരു ഭ്രാന്തല്ലേ? ആ ഭ്രാന്തിന്റെ ഫലമാണ് സമാധാനം ഉറക്കവും ഇല്ലാതെ വരുന്നത്. ആകയാൽ ദൈവം നൽകിയിട്ടുള്ള അനുഗ്രഹങ്ങൾ സമ്പത്തും മറ്റ് കഴിവുകളും ദരിദ്രരുടെയും ആലംബഹീനരുടെയും നന്മയ്ക്കായി വിനിയോഗിക്കാൻ നമുക്ക് സജ്ജമാകാം. അപ്പോൾ ഈ ഭൂമി തന്നെ ഒരു സ്വർഗ്ഗം ആവില്ലേ? ഇത് പ്രായോഗികമാണോ എന്ന് ചോദിച്ചേക്കാം. നമ്മുടെ മനോഭാവത്തിന് മാറ്റം വന്നാൽ പ്രായോഗികമാകും. ‘ എന്റെ കൈവശമുള്ളത് എനിക്ക് വേണ്ടി മാത്രം എന്ന് ചിന്തിക്കാതെ മറ്റുള്ളവരുടെ നന്മയ്ക്കായി വിനിയോഗിക്കാൻ കൃപ തരണമേ ദൈവമേ’ എന്ന് പ്രാർത്ഥിക്കാം. “കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു