വിവാഹം പോലെ തന്നെ ആഘോഷിക്കേണ്ടതാണ് വിവാഹമോചനവും പലരും അത് ഒളിച്ചു വെക്കും കഴിഞ്ഞ ദിവസം ഡിവോഴ്സ് ആയ എന്റെ രണ്ടു സുഹൃത്തുക്കൾ ചെയ്തത് അഭിനന്ദനം അർഹിക്കുന്നു

EDITOR

നിഷാ രത്‌നമ്മ എഴുതുന്നു വിവാഹം പോലെ തന്നെ ആഘോഷിക്കപ്പെടേണ്ട ഒന്നാണ് വിവാഹ മോചനവും.വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉള്ളത്രയോ അതിൽ കൂടുതലോ പ്രതീക്ഷകളോടും സ്വപ്നങ്ങളോടും കൂടിയായിരിക്കും ഓരോരുത്തരും തിരിച്ച് ഇറങ്ങുന്നതും.വിവാഹ ജീവിതത്തിലും മോചനത്തിലും ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവുമാകുമ്പോൾ എന്തിന് വിവാഹമോചന വാർത്തകൾ ഇനിയും ഒളിപ്പിച്ച് വെയ്ക്കുന്നു എന്ന് മനസ്സിലാകുന്നില്ല.ഈ ആഴ്ച വിവാഹമോചിതരായ എൻ്റെ രണ്ട് സുഹൃത്തുക്കൾ ആ വാർത്ത അതീവ സന്തോഷത്തോടെ സോഷ്യൽ മീഡിയയയിൽ പങ്കുവെയ്ക്കുകയും ഒരു പാട് ആളുകൾ അവരെ അഭിനന്ദിക്കുകയും ചെയ്യുന്നത് കണ്ടു. ഇത്തരം വാർത്തകൾ ഒളിപ്പിച്ച് വയ്ക്കുന്നവർക്കിടയിൽ ഇവരുടെ തുറന്ന് പറച്ചിലുകൾ ഒരു പോസിറ്റീവ് ചെയ്ഞ്ചായി തോന്നുന്നു.

വിവാഹമോചന വാർത്തകൾ സാധാരണമായെങ്കിലും ഇന്നും കുടുംബത്തേയും സമൂഹത്തേയും പേടിച്ച് നരകിച്ച് ജീവിക്കുന്ന മനുഷ്യരോട് എല്ലാം അറിഞ്ഞിട്ടും “എങ്ങനെയെങ്കിലും പിടിച്ച് നിൽക്കാൻ” ഉപദേശിക്കുന്നവർ അത് ആര് തന്നെയായാലും നമ്മുടെ നൻമ ആഗ്രഹിക്കുന്നവർ അല്ല, ജീവിതത്തിൽ നിന്നും ആദ്യം മുറിച്ച് മാറ്റേണ്ടത് അവരെയാണ്.നമുക്ക് വേദനിച്ചാൽ മാതാപിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും നമ്മുടത്ര വേദനിക്കില്ല എന്ന് തിരിച്ചറിയാൻ വൈകരുത്. ചുറ്റുമുള്ളവരുടെ സ്വാർത്ഥത മനസ്സിലാക്കാതെ പോയാൽ നമുക്ക് നഷ്ടപ്പെടുന്നത് സ്വന്തം ജീവിതമായിരിക്കും.അത്, നമ്മുടെ മാത്രം നഷ്ടം.സമ്പാദ്യമോ സാമ്പത്തിക സ്വാതന്ത്ര്യമോ വീട്ടുകാരുടെ സഹായമോ ഇല്ലാത്തവർക്ക് ഒന്നേന്ന് തുടങ്ങേണ്ടി വരും. നമ്മുടെ നാട്ടിലെ ഭൂരിപക്ഷം സ്ത്രീകൾക്കും ജോലി ഉള്ളവർക്ക് പോലും സമ്പാദ്യമോ സ്വന്തം പേരിൽ സ്വത്തുക്കളോ ഉണ്ടാവില്ല. അത്തരക്കാർ സ്വന്തം കാലിൽ നിൽക്കാനാവും വരെ കുഞ്ഞുങ്ങളെ സുരക്ഷിതമായ ഒരിടത്തിൽ നിർത്തുക.മുന്നിലെ വഴി അതികഠിനമാണ്.

സ്വന്തം വിശപ്പ് താങ്ങാനാവും, പക്ഷേ വിശന്ന് കരയുന്ന കുഞ്ഞ് കൂടെയുണ്ടെങ്കിൽ നമ്മൾ തിരികെ നടന്നേക്കാം. കുഞ്ഞുങ്ങളുടെ ഭാവിയെ കരുതി നരക വാതിലിൽ വീണ്ടും മുട്ടിയേക്കാം.കടുത്ത അഭിമാനികൾ മക്കളേയും കൂട്ടി ആത്മഹത്യ ചെയ്തേക്കാം.പകരം, സുരക്ഷിതത്വത്തിലിരിക്കുന്ന കുഞ്ഞ് നമ്മളെ കൂടുതൽ കരുത്തയാക്കുക മാത്രമല്ല ജീവിക്കാനുള്ള പ്രതീക്ഷയും ഊർജവും നൽകും.തോൽവികളുടെ അടിത്തട്ടിൽ നിൽക്കുമ്പോൾ കിട്ടുന്ന ആദ്യ വിജയമാണ് വിവാഹമോചനം പൊരുതാനുറച്ചാൽ ഒരു ഉയിർത്തെഴുന്നേൽപ്പ് ഉറപ്പ്.എല്ലാ കൊടുങ്കാറ്റിനും പേമാരിക്കും അപ്പുറം തെളിച്ചമുള്ള ഒരു പുലരിയുണ്ടാവും. ആഘോഷിക്കപ്പെടേണ്ട ഒരു പുലരി, അതാണ് വിവാഹമോചനം.