നട്ടുച്ച നേരം.സൂര്യൻ ഉച്ചിയിൽ നിന്ന് കത്തിജ്വലിക്കുന്നതു പോലുള്ള തീവ്രതയാണ് വെയിലിന്.ഉച്ചവെയിലിൻ്റെ ചൂടിനേക്കാൾ ചുട്ടുപൊള്ളുന്ന മനസ്സുമായി ഉമ്മറക്കോലായിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയാണ് ദാമോദരൻ മാഷ്.ഇന്നേക്ക് മൂന്നു ദിവസമായി ഈ വീട് മരണവീട് പോലെ നിശ്ശബ്ദമായിട്ട്. അത്ര തന്നെ ദിവസങ്ങളായി ഭാര്യയ്ക്കും മക്കൾക്കും മുന്നിൽ താനൊരു കുറ്റവാളിയെപ്പോലെ തലകുനിച്ചു നിൽക്കാൻ തുടങ്ങിയിട്ടും.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല തൻ്റെ അശ്രദ്ധ മൂലമുള്ള വെറുമൊരു അബദ്ധമായി മാത്രം കാണാവുന്ന തെറ്റല്ലല്ലോ ഉണ്ടായിരിക്കുന്നത്.ഇതിന് മുൻപ് ഇത്തരം ശ്രദ്ധക്കുറവ് വരുത്തി തീർത്ത അപകടങ്ങളൊക്കെ ക്ഷമിച്ച് കൂടെ നിന്നിട്ടെയുള്ളൂ തൻ്റെ കുടുംബം,ഇത് പക്ഷേ.മകൻ്റെ കല്യാണം കഴിഞ്ഞ് അവർ രണ്ടുപേരും അവൻ്റെ ജോലിസ്ഥലമായ ബാംഗ്ലൂരിലേക്ക് തിരിച്ചു പോകുമ്പോ വീട്ടിലെ അലമാരയിൽ വെച്ച് പോയ മരുമകളുടെ സ്വർണ്ണാഭരണങ്ങൾ തങ്ങളുടെ ഉറക്കം കെടുത്തിയപ്പോൾ ഭാര്യ പറഞ്ഞിട്ടാണ് അന്ന് ലോക്കറിൽ വെക്കാൻ ബാങ്കിലേക്ക് പോയത്. സാമാന്യം നല്ല തിരക്കുണ്ടായിരുന്നതുകൊണ്ട് തൻ്റെ ഊഴം കാത്ത് അവിടെയിരിക്കുമ്പോ പഴയൊരു ശിഷ്യനെ കണ്ട് കുറച്ചു നേരം സംസാരിക്കുകയും ചെയ്തിരുന്നു.
അതിനിടയിൽ , അച്ഛനെ സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്ന് പറഞ്ഞ് വേണു മാഷിൻ്റെ മകൻ്റെ ഫോൺ വന്നു.അവനോട് വർത്തമാനം പറയാൻ എണീറ്റ് നടന്നപ്പോ ആഭരണങ്ങളടങ്ങിയ കവർ സീറ്റിൽ വെച്ചത് ഓർമ്മയുണ്ട്.തൻ്റെ ടോക്കൺ വരാൻ സമയമുണ്ടെന്ന കണക്കുകൂട്ടലിൽ അടുത്തുള്ള ആശുപത്രിയിലേക്ക് നടക്കുമ്പോൾ ആഭരണപ്പൊതിയുടെ കാര്യം പാടെ മറന്നുപോയി.വീട്ടിൽ തിരിച്ചെത്തിയ ശേഷം ഭാര്യ ചോദിക്കുമ്പോഴാണ് പറ്റിയ അബദ്ധം ഓർമ്മ വന്നത്.ഉടനെ അവളെയും കൂട്ടി ബാങ്കിൽ പോയെങ്കിലും ആഭരണപ്പൊതി അവിടെങ്ങും കാണാനായില്ല.ജീവനക്കാരോട് അന്വേഷിച്ചപ്പോൾ അവരും കൈ മലർത്തി കാണിച്ചു.തിരക്കുള്ള ബാങ്കിൽ വന്നുപോകുന്നവരെ വീക്ഷിക്കാൻ അവർക്കെവിടെയാ സമയം.മാനേജരെ കണ്ട് അഭ്യർത്ഥിച്ച പ്രകാരം സി സി ടി വി ക്യാമറ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താനായില്ല.എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച തങ്ങളെ പോലീസിൽ പരാതി നൽകാൻ ഉപദേശിച്ച് പറഞ്ഞയക്കുകയാണ് ബാങ്ക് ജീവനക്കാർ ചെയ്തത്.എന്തായാലും രണ്ട് ദിവസം കാത്തിരുന്നശേഷം മതി പരാതിപ്പെടുന്നത് എന്ന തൻ്റെ തീരുമാനത്തിൻ്റെ പേരിൽ ഭാര്യയും മക്കളും മുഖം കറുപ്പിച്ച് നിൽപ്പാണ്.ഏതായാലും ഇന്ന് പോലീസ് സ്റ്റേഷനിൽ പോവണമെന്ന് മാഷ് തീരുമാനിച്ചു.
ഇതിപ്പോ കുറച്ചായി തനിക്കീ ജാഗ്രതക്കുറവ് തുടങ്ങീട്ട്.എന്തെങ്കിലുമൊരു കാര്യത്തിന് പുറപ്പെട്ടശേഷം മറ്റെന്തെങ്കിലും കാര്യം അതിനിടയിൽ കേറി വന്നാൽ ആദ്യം ചെയ്യാനിരുന്നത് പാടേ മറന്നു പോവുന്നു.മാഷിന് അന്നാദ്യമായി തൻ്റെയീ മറവിയിൽ ആശങ്ക തോന്നി.ഒരു ഡോക്ടറുടെ ഉപദേശം തേടുക തന്നെ വേണമെന്ന് അയാൾ ആത്മഗതം ചെയ്തു.അല്പമൊന്ന് കിടക്കാമെന്ന് നിനച്ച് അകത്തേക്ക് നടക്കുമ്പോഴേക്കും, മുറ്റത്ത് വിരിച്ച ചരൽ മണ്ണിൽ ഒരു മോട്ടോർ ബൈക്കിൻ്റെ ചക്രമുരയുന്ന ശബ്ദം കേട്ടു മാഷ് തിരിഞ്ഞു നിന്നു.ദാമോദരൻ മാഷിൻ്റെ വീടല്ലെ? ഒരു കൊറിയർ ഉണ്ടായിരുന്നു” – ബൈക്കിൽ വന്നിറങ്ങിയ ചെറുപ്പക്കാരൻ ഹെൽമെറ്റ് ഊരിക്കൊണ്ട് പറഞ്ഞു.”അതേ” എന്ന് മറുപടി കൊടുത്തു സാധനം കൈപ്പറ്റുമ്പോൾ ആ ബോക്സിനകത്ത് എന്തായിരിക്കുമെന്ന ആകാംക്ഷയായിരുന്നു മാഷിന്.ബോക്സ് തുറന്നപ്പോൾ ആദ്യം കയ്യിൽ കിട്ടിയത് നാലായി മടക്കിയ ഒരു കടലാസായിരുന്നു.അതിനടിയിൽ ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ച കവർ തുറന്നപ്പോൾ മാഷിൻ്റെ നെഞ്ചിൽ ആശ്വാസത്തിൻ്റെ കുളിർക്കാറ്റ് വീശി.കഴിഞ്ഞ മൂന്നു ദിവസമായി അനുഭവിക്കുന്ന സമ്മർദ്ദത്തിന് ഒരു അവസാനമുണ്ടായല്ലോ. ബാങ്കിൽ വെച്ച് നഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങൾ എങ്ങനെ തന്നെത്തേടി വീട്ടിലെത്തിയെന്ന ചോദ്യത്തിന് ഉത്തരം തേടിയെന്നോണം മാഷ് കടലാസ് തുറന്നു വായിച്ചു.അതിലിങ്ങനെ എഴുതിയിരുന്നു.
പ്രിയപ്പെട്ട മാഷിന്,ഞാൻ രാജേഷാണ്,മൂന്ന് ദിവസം മുന്നേ ബാങ്കിൽ വെച്ച് കണ്ടത് ഓർക്കുന്നുണ്ടാവുമല്ലോ.അന്ന് നമ്മൾ കണ്ടപ്പോൾ മാഷിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ് അല്ലാ ഒന്നിലധികം തെറ്റുകൾ ഞാൻ ചെയ്തു.പഠിപ്പിച്ച അധ്യാപകനോട് എൻ്റെ ജോലിയേക്കുറിച്ച് കളവ് പറഞ്ഞുവെന്നതാണ് ആദ്യത്തെ തെറ്റ്.ഒരു കള്ളനായ ഞാൻ അതു മറച്ചു വെച്ച് വല്യ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മാഷ് പറഞ്ഞ വാക്കുകൾ ഇപ്പോഴും എൻ്റെ ചെവികളിൽ വന്നലയ്ക്കുന്നു –“ഒരു അധ്യാപകൻ്റെ ജീവിതം സാർത്ഥകമാവുന്നത് നന്മയുള്ള,ജീവിത വിജയം നേടിയ ശിഷ്യഗണത്തെ സമൂഹത്തിന് നൽകാൻ കഴിയുമ്പോഴാണ്.അതേ സമയം ,തിന്മയുടെ മാർഗ്ഗം സ്വീകരിക്കുന്ന ശിഷ്യരിലൂടെ,സമൂഹത്തിന് മുന്നിൽ തോറ്റു പോകുന്നതും അതേ അധ്യാപകർ തന്നെയാണ്സത്യത്തിൽ ആ വാക്കുകൾ കേട്ടപ്പോൾ എൻ്റെയുള്ളിൽ നേരിൻ്റെ വെളിച്ചം തെളിയുന്നതുപോലെയാണ് തോന്നിയത്.എന്നാൽ സംസാരത്തിനിടയിൽ ഒരു കാൾ വന്നു മാഷ് പുറത്തേക്ക് നടന്നു നീങ്ങിയല്ലോ.പോവുമ്പോൾ കസേരയിൽ മറന്നു വച്ച പൊതിക്കെട്ടിനരികിൽ മാഷേയും കാത്ത് കുറേനേരം ഞാനിരുന്നു.
ഒടുവിൽ മാഷ് വരുന്നില്ലെന്ന് കണ്ടപ്പോൾ, ഉള്ളിലുള്ള സഹജമായ കുറ്റവാസന വീണ്ടുമെന്നെ പ്രലോഭിപ്പിച്ചപ്പോൾ ക്യാമറക്കണ്ണുകളെ കബളിപ്പിച്ച് ആ പൊതിക്കെട്ട് ബാഗിനുള്ളിൽ ഒളിപ്പിച്ചശേഷം ഞാൻ അവിടെനിന്നുമിറങ്ങി നടന്നു.പിന്നീട് നടന്നത് എൻ്റെ ജീവിതത്തിൽ ഇതിന് മുൻപ് ഒരിക്കലുമുണ്ടായിട്ടില്ലാത്ത അനുഭവമായിരുന്നു.മോഷ്ടിച്ച മുതൽ വിൽക്കാനോ കയ്യിൽ സൂക്ഷിക്കാനോ കഴിയാതെ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി ഞാൻ.മാഷോട് ചെയ്ത തെറ്റിൻ്റെ ആഴം എൻ്റെ ഉറക്കം കളയുകയാണ്.ഇപ്പൊ ജീവിക്കുന്ന ചതിയുടെ ലോകത്ത് തുടരണോ അതോ മാഷ് പറഞ്ഞ നന്മ നിറഞ്ഞ ലോകത്തിൻ്റെ ഭാഗമാവണോ എന്നു കഴിഞ്ഞ മൂന്ന് രാത്രികൾ ഉറക്കമില്ലാതെ ചിന്തിച്ച് ഒടുവിൽ സത്യത്തിനൊപ്പം നിൽക്കാനും ആഭരണപ്പൊതി മാഷെ തിരിച്ചേൽപ്പിക്കാനുമുള്ള തീരുമാനമെടുത്തു. നേരിട്ട് വന്ന് ആ കാലിൽ വീണ് മാപ്പ് പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും മാഷിനെ അഭിമുഖീകരിക്കാനുള്ള മന:പ്രയാസം കൊണ്ടാണ് ഇങ്ങനെയൊരു കത്തുസഹിതം കൊറിയർ ചെയ്യാമെന്ന് കരുതിയത്.. മാഷ് എന്നോട് പൊറുക്കണം.ഇനിയൊരിക്കലും മോഷണത്തിലേക്ക് തിരിയില്ലെന്ന ഉറപ്പ് തരുന്നു.’ കള്ളൻ്റെ മക്കൾ ‘ എന്ന ലേബലിൽ നിന്നും എൻ്റെ കുട്ടികളെ രക്ഷിക്കാൻ കാരണമായ മാഷിനെ എന്നും നന്ദിയോടെ ഞാൻ ഓർമ്മിക്കും.സ്നേഹത്തോടെ,രാജേഷ്.പശ്ചാത്താപത്താൽ പാപക്കറ കഴുകിക്കളഞ്ഞ ശിഷ്യൻ്റെ മാറ്റത്തിന് താനൊരു കാരണമായെന്ന ആത്മസംതൃപ്തിയോടെ കത്ത് ചുരുട്ടിക്കളഞ്ഞ് ദാമോദരൻ മാഷ് അകത്തേക്ക് നടന്നു.
എഴുതിയത് : ദിവ്യ ശ്രീകുമാർ