രണ്ടൊ മൂന്നൊ മാസത്തിനുള്ളിലെ ഒരു വെള്ളിയാഴ്ച്ച ദിവസമായിരിക്കും തോളിലൊരു വലിയ ബാഗുമായി പെങ്ങളും കുട്ടികളും വീട്ടിൽ വന്ന് കയറുക. പെങ്ങളുടെയും കുട്ടികളുടെയും വരവ് ഉമ്മാക്ക് വെള്ളിയാഴ്ച്ചക്കൊപ്പം വലിയ പെരുന്നാൾ കൂടെ വന്ന സന്തോഷമാണെങ്കിൽ എനിക്ക് അന്ന് ദുഖ വെള്ളിയായിരിക്കും.കാരണം അവർ വന്നാൽ ഒരുക്കലും, ഒതുക്കലും, അടിക്കലും, തുടക്കലും, അലക്കലുമെല്ലാമായി, ഭാര്യയുടെ പണികൾ ഇരട്ടിക്കും അതിന്റേയെല്ലാം അമർഷം ആരും കാണാതെ വാക്കിലൂടെയും നോക്കിലൂടെയും എന്നിൽ തീർത്തായിരിക്കും അവൾ ആശ്വാസം കണ്ടെത്തുക.ഞായറാഴ്ച്ച വൈകീട്ടോടെ പെങ്ങളും കുട്ടികളും തിരിച്ച് പോകുമ്പോൾ അവൾ കൊണ്ട് വന്ന ഒരു ബാഗിന്റെ ഒപ്പം കെട്ടുകളുടെ എണ്ണം കൂടും
അതിനനുസരിച്ച് ഭാര്യ നിധി പോലെ സൂക്ഷിച്ച നാളികേരത്തിന്റെ എണ്ണം കുറയും, മക്കളെ പോലും തൊടീക്കാതെ മൂക്കാൻ നിർത്തിയ മാങ്ങകൾ അപ്രത്യക്ഷമാകും, വളപ്പിലെ ചക്ക, കായകുല എന്നിവക്കൊപ്പം അടുക്കളയിലെ ഉപ്പിലിട്ടതും അച്ചാർ കുപ്പികളും കാലിയാകും.എന്തിനേറെ അടക്കും ചിട്ടയോടേയും കൂടി ഭാര്യ കൊണ്ട് നടന്ന വീടിന്റെ അവസ്ഥ പൂരം കഴിഞ്ഞ പൂര പറമ്പ് പോലേയാകും. അവസാനമായി പെങ്ങൾ വന്ന് കയറിയ ഒരു വെള്ളിയാഴ്ച്ച ഉച്ച ഭക്ഷണത്തിനു ശേഷം ഉമ്മ പറഞ്ഞു, മോനെ ഉപ്പാടെ ഈ സ്ഥലത്തീന്ന് അവൾക്കുള്ള ഓഹരി കൊടുക്കണ്ടെ?ഓഹരിയൊ? ഇനിയെന്ത് ഓഹരി? അവൾക്കുള്ളതെല്ലാം കെട്ടിച്ചയച്ചപ്പൊ തന്നെ പണവും പൊന്നുമായിട്ട് ഉപ്പ കൊടുത്തതല്ലെ,
ഉപ്പ ഉള്ള കാലത്ത് പിന്നെം പല തവണ അവളെ സഹായിച്ചിട്ടില്ലെ ,വീട് പണിക്കായിട്ട്, അളിയന്റെ ബിസിനസിനായിട്ട്, അവസാനം നഷ്ടം വന്നപ്പൊ ഗൾഫിലേക്ക് പോകാനായിട്ടെല്ലാം,ഓരു കുപ്പി കുഴമ്പും കുറച്ച് ഫ്രൂട്സുമായി അവൾ വന്നിരുന്നത് വളപ്പിലേയും വീട്ടിലേയും സാധനങ്ങൾ കൊണ്ട് പോകാനായിട്ട് മാത്രമല്ല വീട് തന്നെ കൊണ്ട് പോകാനായിരുന്നു എന്ന് ഉമ്മാക്ക് ഇപ്പൊ മനസ്സിലായില്ലെ?നീ ഒന്ന് പതുക്കെ പറയ് മോനെ. അവൾ കേൾക്കും അവൾ ഒന്നും പറയുകയൊ ആവശ്യപ്പെടുകയൊ ചെയ്തിട്ടില്ല. ഞാൻ എന്റെ ഇഷ്ടത്തിനു പറഞ്ഞതാ എന്നും പറഞ്ഞ് തലയും താഴ്ത്തി നിസ്സഹയായി ഉമ്മ എന്റെ അരികിൽ നിന്നും നടന്ന് നീങ്ങി.കുറച്ച് കഴിഞ്ഞപ്പോൾ പെങ്ങൾ അരികിൽ വന്നു പറഞ്ഞു ഡാ ഇത്ത പോകുവാ ട്ടാ,
ഇന്ന് വന്ന് ഇന്ന് തന്നെ പോകുന്നൊ? സാധാരണ ഇത്ത വന്നാൽ ഞായറാഴ്ച്ചയല്ലെ പോകാറുള്ളു?അതെ പക്ഷെ മക്കൾ വാശിപിടിക്കുന്നു പോകാനായിട്ട്, അവർക്ക് പരൂഷയുണ്ടെത്രെ പഠിക്കണം പോലും, പെങ്ങളുടെ മുഖത്തെ വിളറി മങ്ങിയ ചിരി പറയുന്നുണ്ടായിരുന്നു ഇത്ത പറയുന്നത് കളവാണെന്നും, എന്റെ പരുഷമായ സംസാര ശൈലി ഇത്തായുടെ അഭിമാനത്തിനേൽപ്പിച്ച ക്ഷതമാണ് കുട്ടികൾക്ക് പെട്ടെന്ന് വന്ന ഒരു പരീക്ഷയും അവളുടെ കണ്ണുകളിൽ ഉരുണ്ട് കൂടിയ കാർമ്മേഘവും ഈ തിരക്കിട്ടുള്ള തിരിച്ച് പോക്കുമെന്ന്.അന്നാദ്യമായി പെങ്ങളും കുട്ടികളും കൊണ്ട് വന്ന ആ ഒറ്റ ബാഗുമായി വീടിന്റെ പടിയിറങ്ങി, എന്നും ഇത്താനേയും മക്കളെയും യാത്രയയക്കാൻ അവശതകൾ മറന്ന് ഗേറ്റ് വരെ കൂട്ട് വന്നിരുന്ന ഉമ്മയുടെ പടിഞ്ഞാറെ മുറിയിലിരുന്നുള്ള തേങ്ങൽ ഓട്ടോറിക്ഷയുടെ ശബ്ദത്തിൽ മാഞ്ഞു പോയി.
മാസങ്ങൾ കഴിഞ്ഞു, റോണ നാടാകെ മഹാമാരി വിതച്ചു, യാത്രാ സ്വാതന്ത്ര്യങ്ങൾ ഇല്ലാതായി, പലരേയും പോലെ ജോലിയും വരുമാനവും നഷ്ടമായി ഞാൻ വീട്ടിലിരുപ്പായി, ഇടയിൽ വില്ലനെ പോലെ വീട്ടിലേക്ക് കടന്ന് വന്ന കൊറോണ, ഭാര്യയുടെ അസുഖവും ഓപ്പറേഷനും, സാമ്പത്തികമായും മാനസികമായും തകർന്ന് നാളെ എന്ത് എന്ന ചോദ്യവുമായി ഞാൻ എന്നിലേക്ക് തന്നെ ചുരുങ്ങിയ നാളുകളിൽ പെങ്ങൾ വീണ്ടും വന്നുപതിവുപോലെ ആദ്യം ഉമ്മയുടെ റൂമിലേക്ക്, അവിടെ നിന്നും രണ്ട് പേരുടെയും പരാതിയും പരിഭവങ്ങളും കരച്ചിലും കേൾക്കാമായിരുന്നു. അതിനിടയില് ഭാര്യ വന്ന് പറഞ്ഞു ദെ പൂങ്കണ്ണീരുമായി നിങ്ങളുടെ പെങ്ങൾ വന്നിട്ടുണ്ട്, ഉണ്ടാക്കാനും ഒരുക്കാനും ഒന്നുമില്ല ഇവിടെ, ഇനി കടം വാങ്ങി കൊണ്ട് വന്നാൽ തന്നെ ഒരുക്കാനും സത്കരിക്കാനും എന്നെ കൊണ്ടാവില്ല പറഞ്ഞേക്കാം മുന്നറീപ്പ് തന്ന് അവൾ പോയി.
ഇതെന്ത് കോലമാഡാ? നിനക്ക് കുളിയും നനയും ഒന്നുമില്ലെ?അധികാരത്തോടെ അതിലേറെ വാത്സല്യത്തോടെ അരികിലെത്തി മുടിയിഴകളിൽ വിരലോടിച്ച ഇത്തയോട് ഭംഗി വാക്കെന്നോണം ഞാൻ ചോദിച്ചു. ആ ഇത്തയൊ ഇത്ത എപ്പൊ വന്നു?ദെ വന്ന് കയറി ഉമ്മാനെ കണ്ട് നിന്റെ അരികിൽ വന്നു. കുറെ നാളായി ഇത്ത വരണം എന്ന് കരുതുന്നു, പക്ഷെ ലോക്ക്ഡൗണും നിയമങ്ങളും നിയന്ത്രണങ്ങളുമൊക്കെ അല്ലായിരുന്നൊ, ഒരു വണ്ടിക്കാരനും വിളിച്ചിട്ട് വരാൻ കൂട്ടാക്കിയിരുന്നില്ല. ഇന്ന് നിന്റെ അളിയന്റെ പെങ്ങളുടെ മോൻ വീട്ടിൽ വന്നപ്പൊ അവന്റെ മോട്ടോർ സൈക്കിളിൽ വന്നതാ. നിനക്കറിയാലൊ ഇത്താക്ക് അതിലിരിക്കാൻ പേടിയാണെന്ന്,
വാ തോരാതെ സംസാരിച്ച് ഇത്ത.മൗനത്തെ കൂട്ട് പിടിച്ച് ഞാനും.സംസാരത്തിനിടയിൽ തോളിൽ നിന്നും ബാഗെടുത്ത് തുറന്ന് ഒരുകടലാസ് പൊതിയെടുത്ത് എന്റെ കയ്യിൽ പിടിപ്പിച്ചു.ചോദ്യ ചിഹ്നത്തോടെ ഇത്താനെ നോക്കി പൊതി തുറന്നപ്പോൾ നാലു വളകൾ,ഇതെന്താ ഇത്? ഞാൻ ആശ്ചര്യത്തോടെ ഇത്താനെ നോക്കി ചോദിച്ചു.അത് ഒന്നുമില്ല. എനിക്ക് ഉപ്പ തന്നതാ നീ വിൽക്കുകയൊ പണയം വക്കുകയൊ ചെയ്തൊ,പിന്നെ പേഴ്സ് തുറന്ന് മുഷിഞ്ഞ് ചുരുട്ടിയ കുറെ നോട്ടുകൾ എന്നെ ബലമായി ഏൽപ്പിച്ചിട്ട് പറഞ്ഞു ഇതൊക്കെ ഇത്താടെ സമ്പാദ്യമാ. അളിയൻ പറഞ്ഞിട്ടുണ്ട് ബേങ്കിൽ നിന്ന് പൈസയെടുത്ത് നിന്നെ സഹായിക്കാൻ ഇത്ത സാവാധാനം പോലെ ഒരു ദിവസം വരാട്ടാ നീ വീട്ടിൽ തന്നെ ഇങ്ങനെ ചുരുണ്ട് കൂടിയിരിക്കാതെ പുറത്തൊക്കെ ഒന്നിറങ്ങ്. ആ മുടിയും താടിയുമെല്ലാം ഒന്ന് വെട്ടിയൊതുക്ക്,
മുറിയിലേക്ക് കടന്ന് വന്ന ഭാര്യയെ നോക്കി ഇത്ത
പറഞ്ഞു, ഇവൻ പണ്ടെ ഇങ്ങനേയാ ഒരു കുഞ്ഞി കാര്യം മതി പിണങ്ങാനും ടെൻഷനാകാനും ഇത്ര മുത്തനായിട്ടും അവന്റെ സ്വഭാവത്തിനു ഒരു മാറ്റവുമില്ല.ഡാ ഇത്ത പോകുവാ മക്കൾ അവിടെ തനിച്ചാ എന്നെ അവിടെ ആക്കിയിട്ട് വേണം ഇവനു പോകാൻ. യാത്ര പറഞ്ഞ് കണ്ണു തുടച്ച് ഇത്ത വേഗം മുറിവിട്ടിറങ്ങിമുറ്റത്തെ സംസാരങ്ങൾക്കിടയിൽ മോട്ടോർ സൈക്കിൾ സ്റ്റാർട്ട് ചെയ്ത ശബ്ദം കേട്ടു, പതിയെ പതിയെ അത് അകന്ന് പോകുന്നതിന്റേയും,മുറ്റത്ത് നിന്ന് അകത്തേക്ക് വരുന്നതിനിടയിൽ ഉമ്മ ഭാര്യയോട് പറയുന്നുണ്ടായിരുന്നു, കുഞ്ഞിലെ അവളിങ്ങനേയാ ഇവനൊരു സങ്കടം വന്നാൽ ഓൾക്കത് സഹിക്കാനാവില്ല.എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി,പരുഷമായ വാക്കുകളാൽ ഇത്തായുടെ മനസ്സ് വിഷമിപ്പിച്ച് ഇറക്കി വിട്ട ആ പകലിനേയോർത്ത് എന്റെ മിഴിനീര് പെയ്ത് കൊണ്ടേയിരുന്നു
എഴുതിയത് :Musthafa Ummer